'നനയും കുളിയും' ഇല്ലെങ്കിലും 'എന്തോ ഒന്ന്' പുരപ്പുറത്ത് ഇടാറില്ലേ, അതാണോ കേരളീയം?

'നനയും കുളിയും' ഇല്ലെങ്കിലും 'എന്തോ ഒന്ന്' പുരപ്പുറത്ത് ഇടാറില്ലേ, അതാണോ കേരളീയം?
കാലത്തിന്റെ അടയാളങ്ങളാണ്. വര്‍ത്തമാന പത്രങ്ങള്‍ കേരളപ്പിറവി ദിനത്തിലെ ഈ പത്രനിരൂപണം നമ്മുടെ നാടിന്റെ നേര്‍വായനയാകുന്നു.

ഒരു കേരളപ്പിറവി ദിനം കൂടി കടന്നുപോയി. എന്നാല്‍ അന്ന് മലയാളത്തിലെ മുഖ്യധാരാപത്രങ്ങളില്‍ നമ്പര്‍വണ്‍ ആയ ഒരു മാധ്യമം കണ്ടപ്പോള്‍ സങ്കടം തോന്നി. കാരണം, അച്ചടിമാധ്യമങ്ങള്‍ അതിജീവനത്തിനായി സ്വീകരിക്കുന്ന അനിവാര്യമായ മാറ്റങ്ങള്‍ എത്ര പരിതാപകരമാണെന്ന ചിന്ത നമ്മെ വേദനിപ്പിക്കുന്നു.

അന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് സര്‍ക്കാര്‍ പരസ്യമാണ്. കേരളമെന്ന പേരു കേട്ടാല്‍ ചോര തിളയ്ക്കണമെന്ന കവിവചനത്തിന്റെ കസവുടുപ്പിച്ച് കേരളം കൈവരിച്ച 62 നേട്ടങ്ങളും 8 ബഹുമതികളും അക്കമിട്ട് നിരത്തിയ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ഫുള്‍ സൈസ് ചിത്രമുണ്ട്, നല്ല കാര്യം. കേരളീയത്തിന്റെ ലോഗോയ്ക്ക് മുകളിലായി പുരോഗതിയുടെ പുളുവടി കേള്‍ക്കാന്‍ ഒരു ക്യു ആര്‍ കോഡും നല്‍കിയിട്ടുണ്ട്. അന്നത്തെ പത്രത്തിന്റെ ഇടതുവശത്തെ രണ്ടാം പേജിലാണ് പ്രധാന വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളത്. വീണ്ടും മൂന്നാം പേജില്‍ ഇരട്ടി സ്വര്‍ണ്ണം വാങ്ങാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന ഫുള്‍ പേജ് പരസ്യമുണ്ട്. ചാനലുകളെ കടത്തിവെട്ടി പിടിച്ചുനില്‍ക്കാനുള്ള അച്ചടി മാധ്യമങ്ങളുടെ പെടാപ്പാടിന് മധ്യേ ഇതെല്ലാം അവഗണിക്കാ മെന്നു മലയാളി സമാധാനിക്കുന്നു.

നേരെഴുത്തുകളും വിലാപഗീതങ്ങളും

ഇതേ പത്രത്തിന്റെ ഉള്‍പേജുകളില്‍ ചില നേരെഴുത്തുകള്‍ ലേഖനങ്ങളായും മുഖപ്രസംഗമായും നല്‍കിയിട്ടുണ്ട്. യുവ എഴുത്തുകാരായ വി ജെ ജെയിംസും ഫ്രാന്‍സിസ് നൊറോണയും വിനോയ് തോമസും സ്വന്തം ദേശങ്ങളെക്കുറിച്ചുള്ള അവരുടെ വിലാപഗീതങ്ങളാണ് കുറിച്ചിട്ടുള്ളത്. ഇതിനെല്ലാം തൊടുകുറിയായി മുഖപ്രസംഗമുണ്ട്. ആ വരികളിലുമുണ്ട് മലയാളികളുടെ ആത്മപരിശോധനയ്ക്കുള്ള ആഹ്വാനം. ഏഴാം പേജിലാകട്ടെ റോഡപകടങ്ങളില്‍ കേരളം ദേശീയ തലത്തില്‍ കൈവരിച്ച മൂന്നാം സ്ഥാനത്തെപ്പറ്റി ചാട്ടുളി പോലെ ഒരു വാര്‍ത്തയുണ്ട്. റോഡിലെ മനുഷ്യക്കുരുതിയുടെ മുഖ്യകാരണം അമിതവേഗമാണെന്നും 2022-ല്‍ അമിതവേഗം മൂലം 2228 പേര്‍ മരിച്ചെന്നും 28296 പേര്‍ക്ക് പരിക്കേറ്റുവെന്നുമുള്ള കണക്കും ഇതേ വാര്‍ത്തയിലുണ്ട്.

സംസ്‌കാരത്തിന്റെ വിത്തുകള്‍ വിറ്റുണ്ണുന്നവര്‍

അക്ഷരകേരളം എന്നൊരു ചെറു ലേഖനം ഒമ്പതാം പേജിലുണ്ട്. കേരളീയതയുടെ കാല്‍പ്പാടുകള്‍ മലയാള കവിതകളില്‍ അന്വേഷിച്ചതിന്റെ വരികളിവിടെ വായിക്കാം: ഇതില്‍ രണ്ട് കവിതകള്‍ ശ്രദ്ധിക്കാം: ഒന്ന് പി കുഞ്ഞിരാമന്‍ നായരുടേതാണ്. അദ്ദേഹം ചോദിക്കുന്നത് ''സംസ്‌കാരത്തിന്‍ വിത്തുകള്‍ വിറ്റുണ്ണാമോ മലയാളി?'' എന്നാണ്. കവി സച്ചിദാനന്ദന്റെ വരികളിലും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ പറ്റിയുള്ള നിലവിളിയുണ്ട്: ''പൂവട്ടി ചിതല്‍ തിന്നു, മേടകളായി വയല്‍, ജീവശാസ്ത്രത്തിന്‍ മേശ-ത്തൂശിയിലോണത്തുമ്പി, വാമന സ്തുതിയായി മാറിയെന്നോണപ്പാട്ട്, പാതാളത്തിലെ രാഷ്ട്രഭാഷയായ് മലയാളം!''

നല്ല ചൂരല്‍ പ്രയോഗം തന്നെ വേണം

ഇനി മുഖപ്രസംഗപ്പുറത്തിലേക്ക് മടങ്ങാം. വി ജെ ജെയിംസിന്റെ ലേഖനം കുട്ടനാടിനെക്കുറിച്ച് കൂടുതല്‍ ദുരിതങ്ങള്‍ പറയാതെയുള്ള അടക്കിപ്പിടിച്ച തേങ്ങലാണ്. എന്നാല്‍ കുട്ടനാടിന്റെ ഇപ്പോഴത്തെ അവസ്ഥ ജെയിംസ് എഴുതി വച്ചതിനേക്കാള്‍ ദുഃഖപൂരിതമാണെന്ന് ആര്‍ക്കാണറിയാത്തത്? കഴിഞ്ഞദിവസം ചാനലില്‍ 63 പാടശേഖരങ്ങളുടെ സംഘടനാ ഭാരവാഹിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഏറെ സങ്കടം തോന്നി. വൈദ്യുതി ഉപയോഗിച്ചുള്ള പമ്പിങ്ങിന് സബ്‌സിഡി കുറെ വര്‍ഷങ്ങളായി പാടശേഖര സമിതികള്‍ക്ക് നല്‍കുന്നില്ലെന്ന് ആ കര്‍ഷകന്‍ പരാതിപ്പെട്ടു. കര്‍ഷകര്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നല്‍കിവന്ന വൈദ്യുതി സബ്‌സിഡി കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുകയാണ് (ഞായറാഴ്ച വീടുകള്‍ ക്കുള്ള സബ്‌സിഡി തുടരുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്). അതിനു പകരം ഐ ടി വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി സബ്‌സിഡി തുടരുമത്രെ. വൈദ്യുതി നിരക്കില്‍ ജനത്തിന് ഇരുട്ടടിയും ഇരട്ടിയടിയുമെല്ലാം നല്‍കിക്കൊണ്ടുള്ള റെഗുലേറ്ററി കമ്മീഷന്റെ പത്രക്കുറിപ്പ് തയ്യാറാക്കിയവനെ പിടിച്ചുനിര്‍ത്തി പൃഷ്ഠത്തിന്മേല്‍ ചൂരല്‍ പ്രയോഗം നടത്തുകയോ അതല്ലെങ്കില്‍ ഇരുമ്പുകമ്പി പഴുപ്പിച്ച് വയ്ക്കുകയോ വേണ്ടിവരും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ വര്‍ധനയില്ലെന്നാണ് ആ വാര്‍ത്തയുടെ പ്രഖ്യാതമായ തലവാചകം.

കുട്ടനാട്ടില്‍ സങ്കടപ്പെയ്ത്ത്

കുട്ടനാട്ടില്‍ കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണിപ്പോള്‍. ഉള്ളതെല്ലാം വിറ്റുപെറുക്കി കുട്ടനാട്ടില്‍ വീട് വച്ചവര്‍ അതെല്ലാം ഉപേക്ഷിച്ചും കിട്ടുന്ന നക്കാപ്പിച്ച വിലയ്ക്ക് വിറ്റും പട്ടണപ്രദേശങ്ങളില്‍ വീട് വാടകയ്‌ക്കെടുത്ത് മാറുകയാണിപ്പോള്‍, വരുമാനമില്ലാതെ വാടകയ്ക്ക് കഴിയേണ്ടി വന്ന ചിലരെല്ലാം ആത്മഹത്യ ചെയ്തു കഴിഞ്ഞു. എപ്പോള്‍ വെള്ളം കയറുമെന്നോ. എപ്പോള്‍ വെള്ളമിറങ്ങുമെന്നോ അറിയാത്തതുകൊണ്ട് കുട്ടനാട്ടുകാര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. എന്നാല്‍ കര്‍ഷകരില്‍ നിന്ന് ചുളുവിലയ്ക്ക് വീടും പറമ്പും വാങ്ങിയെടുക്കാന്‍ റിസോര്‍ട്ട് മാഫിയകളുണ്ടെന്ന പരാതിയുയരുന്നുണ്ട്. എപ്പോഴും മുങ്ങി കുളിക്കാന്‍ കഴിഞ്ഞിരുന്ന കായലും പുഴയുമെല്ലാം മലിനമാണിപ്പോള്‍, കുട്ടനാട്ടിലെ മത്സ്യസമ്പത്തിനുപോലും കാര്യമായ ശോഷണമുണ്ടായിട്ടുണ്ട്. ജെയിംസിന്റെ ലേഖന ത്തില്‍ കുട്ടനാട്ടിലുള്ള ടൂറിസമാഫിയകളെക്കുറിച്ച് പരാമര്‍ശമൊ ന്നുമില്ല. കായലിലെ തുരുത്തുകള്‍ കൊടിനാട്ടി സ്വന്തമാക്കുന്ന 'പാര്‍ട്ടി മുതലാളി'മാരെക്കുറിച്ച് അദ്ദേഹം മിണ്ടടക്കം പാലിക്കുന്നു. 20 വര്‍ഷം കൊണ്ട് 7000 ഏക്കര്‍ കായലാണ് നികത്തപ്പെട്ടത്. കുട്ടനാട് വികസന പദ്ധതിക്കായി 1840 കോടി രൂപയുടെ 'പാക്കേജ്' നടപ്പാക്കാതെ പോയതില്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ഡോ. എം എസ് സ്വാമിനാഥനു ണ്ടായിരുന്ന ഉള്ളുരുക്കത്തെക്കുറിച്ച് വാര്‍ത്തകളില്‍ വായിച്ചിരുന്നു. അദ്ദേഹം ഒരു സെമിനാറില്‍ പ്രയോഗിച്ച 'കാലാവസ്ഥ അഭയാര്‍ത്ഥികള്‍' എന്ന പദത്തിനു താഴെ ഇപ്പോള്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടനാട്ടുകാരുമുണ്ട്.

നന്ദിഹീനതയുടെ മുള്‍ച്ചെടികള്‍

ഫ്രാന്‍സിസ് നൊറോണയുടേ താണ് മറ്റൊരു ലേഖനം. തീരദേശത്തിനൊരു സംസ്‌കാരമുണ്ട്. പ്രളയം വന്നപ്പോള്‍ നാം അതനുഭവിച്ചറിഞ്ഞതാണ്. ബോട്ടില്‍ നിന്നിറങ്ങാന്‍ സ്വന്തം പുറം കാണിച്ചുകൊടുത്ത മത്സ്യത്തൊഴിലാളികളെ മഹാബലിയുടെ ചിന്താ വീഥിയിലാണ് നാം പരിചയപ്പെട്ടത്. എന്നാല്‍, പ്രളയത്തിന് അവര്‍ നല്‍കിയ ആടുജീവിതശൈലിയുടെ പുറത്ത് ഭരണകക്ഷി നന്ദിയില്ലായ്മയുടെ മുള്‍ച്ചെടികള്‍ നടുകയാണ് ചെയ്തത്. ഒറ്റയ്ക്കും കൂട്ടായുമുള്ള 'വള്ളവും വലയും' എല്ലാം പാര്‍ട്ടി വക സംഘയാനങ്ങളിലേക്ക് ചുരുങ്ങി, 'സഹകരണം' പാര്‍ട്ടി രീതിയിലായപ്പോള്‍ അതെല്ലാം പള്ളിയില്‍ പണ്ടുമുതലേയുള്ള മരണഫണ്ടുകളോ മരണസംഘങ്ങളോ ആയി മാറി മത്സ്യത്തൊഴിലാളികള്‍ക്കു മുന്നില്‍. പാര്‍ട്ടികള്‍ ഊറ്റിയെടുത്ത നിക്ഷേപമില്ലാതെ തുരുമ്പെടുത്തു കിടക്കുന്ന സഹകരണ സംഘങ്ങള്‍ ഇന്ന് പൂട്ടിക്കിടക്കുന്നു. രോഗചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് എന്തു സംഭവിച്ചുവെന്നു പോലും തീരദേശ ജനതയ്ക്കറിയില്ല. കേരളം തീരദേശ ശോഷണത്തില്‍ മൂന്നാമതാണെന്നൊരു കണക്കുണ്ട്. മറ്റൊരു പഠനത്തില്‍ കേരളത്തിന്റെ 63 ശതമാനം തീരദേശവും കടലാക്രമണ സാധ്യതയുള്ളതായി പറയുന്നു. കടലാക്രമണം തടയാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2021 ല്‍ ഒരു ഒമ്പതംഗ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. എന്തായോ എന്തോ! മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങളെ ഇത്രത്തോളം ലാഘവത്തോടെ ഭരണവര്‍ഗം കാണുന്നതെന്ത്? തിരുവനന്തപുരം മുതലപ്പൊഴിയില്‍ എത്ര ജീവിതങ്ങളാണ് പൊലിഞ്ഞത്? മുതലപ്പൊഴിക്കായി പ്രഖ്യാപിച്ച 185 കോടി രൂപയുടെ പദ്ധതി എന്തായി? പുനര്‍ഗേഹം പദ്ധതി മൂലം ഉള്ള കിടപ്പാടം പോലും നഷ്ടമായവരുടെ കഥയാണ് ഏറെ ദയനീയം. ഒരാള്‍ മരിച്ചാല്‍ വീട്ടുമുറ്റത്ത് ഒരു താല്‍ക്കാലിക പന്തല്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഗതികേടിലാണ് തീരദേശവാസികളെന്ന് നൊറോണ പറയുന്നുണ്ട്. അവഗണനയുടെയും ഭരണകൂട ധാര്‍ഷ്ട്യങ്ങളുടെയും നിലയില്ലാത്ത ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട തീരദേശവാസികളെ ഏത് രാഷ്ട്രീയക്കാരാണ് രക്ഷിക്കുക?

മലയോരത്തെ മഹാദുരിതങ്ങള്‍

വിനോയ് തോമസിന്റെ ലേഖനം മലയോര ജനതയെക്കുറിച്ചാണ്. മലയോരങ്ങളിലെ ക്വാറികളുടെ വീടുകളില്‍ നിന്നുള്ള അകലം 50 മീറ്ററായി കുറച്ച സര്‍ക്കാരാണിത്. റബറിന്റെ തോലുരിഞ്ഞ് തിന്നുക, തെങ്ങിലെ മച്ചിങ്ങ പോലും പറിച്ച് കടിച്ച് ചവച്ചെറിയുക, മുറ്റത്തുള്ള കാന്താരി മുളകുകള്‍ വരെ തിന്നു തീര്‍ക്കുക, വാഴയും കപ്പയും നെല്ലുമെല്ലാം കുത്തിമറിക്കുകയും പിഴുതെറിയുകയും ചെയ്യുക തുടങ്ങിയ കലാപരിപാടികളിലാണ് വന്യമൃഗങ്ങള്‍ മുഴുകുന്നത്. ദേശീയപക്ഷിയായ മയില്‍ പോലുമുണ്ട് പ്രതിപ്പട്ടികയില്‍. റിസര്‍വ്വേ ചെയ്ത് കൃഷിഭൂമി വനഭൂമിയാക്കുന്ന വിദ്യയിലൂടെ കര്‍ഷകരെ വട്ടം കറക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍... കര്‍ഷകന്‍ നടുവിന് കൈത്താങ്ങ് കൊടുത്ത് കരഞ്ഞു കൂവുന്നുണ്ട്. ആര് കാണാന്‍? ആര് കേള്‍ക്കാന്‍?

കേരളപ്പിറവി ലേഖനങ്ങളില്‍ സര്‍ക്കാര്‍ വിമര്‍ശനം ആ മാധ്യമം പൊതുശൈലിയിലാക്കിയെങ്കിലും, അച്ചടി മാധ്യമങ്ങള്‍ ഇത്രയേറെ കുനിയേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഒരു ഭരണകൂടം, യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിക്കുമ്പോള്‍, പരസ്യ വരുമാനം മാത്രം കണക്കിലെടുക്കുന്ന 'മാധ്യമ നടത്തിപ്പ്' അത്ര മാന്യമാണെന്ന് പറയാനാവില്ല. വീടുകളുടെ പൂമുഖത്തു തന്നെ പരസ്യക്കാര്‍ക്ക് 'പായ്' വിരിച്ചു കൊടുക്കേണ്ടി വരാം. എന്നാല്‍ ഉള്‍ പ്പേജുകളില്‍ ഏതെങ്കിലുമൊന്ന് പൂജാമുറി പോലെ ജനനന്മയെ ലാക്കാക്കി മാറ്റി വയ്ക്കുന്നതല്ലേ ശരിയായ പത്രപ്രവര്‍ത്തനം? 'നക്കാപ്പിച്ച വരിസംഖ്യ' വായനക്കാരുടെ എണ്ണത്തിന്റെ മേനി പറയാന്‍ വേണ്ടി മാത്രം എന്നാണ് ന്യായം. പത്രമിറക്കാന്‍ പണം വേണം. അതിനായി ചില 'ധാരണ' കളെ മുന്‍നിര്‍ത്തി മാത്രമേ ഭരണകക്ഷിക്കാര്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാനാവൂ എന്ന് അച്ചടി മാധ്യമങ്ങള്‍ ചിന്തിക്കുന്നുണ്ടാകണം.

അഴിമതി നടത്താത്ത ഉദ്യോഗസ്ഥരെ വരെ കേരളീയം നടത്തിപ്പിലൂടെ കൈക്കൂലിക്കാരാക്കാന്‍ കഴിവുള്ള പി ആര്‍ പരിപാടിയുടെ പ്രായോജകര്‍ എന്തായാലും ജനമല്ല. മറ്റാരൊക്കെയോ ആണ്.

ഏതായാലും ഇതേ പത്രത്തിന്റെ 9-ാം പേജില്‍ 'കടം തീര്‍ക്കാന്‍ വളയ്ക്കല്‍' എന്നൊരു കുറിപ്പുണ്ട്. കേരളത്തിന് ഇപ്പോള്‍ 3 ലക്ഷം കോടിയിലേറെ കടമുണ്ട്. കടം വാങ്ങിയത് തിരികെ കിട്ടും വരെ ഒരുവട്ടം വരച്ച് അതില്‍ കടം വാങ്ങിയവനെ നിര്‍ത്തുമായിരുന്നുവെന്ന് ഈ ചരിത്രശകലത്തിലുണ്ട്. 'വളയ്ക്കല്‍' എന്നു പേരുള്ള ഈ കടം ഈടാക്കല്‍ രീതിയില്‍ ഭാവിയില്‍ നാം പെട്ടുപോയേക്കാം. ഈ ഊരാക്കുടുക്കില്‍ നിന്ന് ഊരാന്‍ എന്താണ് പോംവഴി? എത്തുംപിടിയുമില്ലാതെ കടമെടുത്തിട്ടും കൊട്ടുംകുരവയുമായി 'കേരളീയം' ആഘോഷിക്കുന്നവര്‍ക്ക് ഒരു വേവലാതിയുമില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org