
കൃഷിവകുപ്പിന്റെ പുതിയ മുദ്രാവാക്യം കേട്ടില്ലേ? പഞ്ചായത്തുകള്‍ തോറും ''ഞങ്ങളും കൃഷിയിലേക്ക്'' എന്ന സൊയമ്പന്‍ ഡയലോഗുമായി ഇവന്റുകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ് പിണറായി രണ്ടാം സര്‍ക്കാര്‍. കൃഷി ചെയ്ത് മുടിഞ്ഞ്, കുത്തുപാളയെടുത്തു നില്‍ക്കുന്ന ഇപ്പോഴുള്ള കൃഷിക്കാരെക്കുറിച്ച് കമാന്നൊരക്ഷരം പറയാതെ ഇത്തരം ആഘോഷ കോലാഹലങ്ങള്‍ നടത്തുന്നത് ഒരു തരത്തില്‍ ക്രൂരതയാണ്.
എല്ലാ ദിവസവും പത്രങ്ങളില്‍ ജപ്തിനോട്ടീസുകളാണ്. കൃഷിക്കാരും വിദ്യാഭ്യാസ വായ്പയെടുത്തവരുമാണ് ഏറെയും കടക്കെണിയിലായവര്‍. കടാശ്വാസ പദ്ധതിയെന്ന സര്‍ക്കാരിന്റെ വക പരിപാടികളെല്ലാം കടലാസിലുണ്ട്. പക്ഷെ, കാര്യത്തോടടുക്കുമ്പോള്‍, പലിശയും കൂട്ടുപലിശയുമെല്ലാം ചേര്‍ത്ത് ബാങ്കുകള്‍ നോട്ടീസയയ്ക്കുന്നത് വന്‍ തുകയ്ക്കാണ്. ജപ്തി ചെയ്ത് വില്‍ക്കുന്നതിന്റെ 7.5 ശതമാനം കമ്മീഷനും (ഇക്കാര്യത്തില്‍ പുനരാലോചനയുണ്ടത്രെ) സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നുണ്ട്.
കാര്‍ഷിക മേഖല മൊത്തത്തില്‍ ചെന്നു പെട്ടിരിക്കുന്നത് കടങ്ങളുടെ നിലയില്ലാക്കയങ്ങളിലാണ്. ആര്‍.ബി.ഐ.യുടെ നിയമമനുസരിച്ചാണത്രെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് പലിശ കുറയ്ക്കാനോ കാലാവധി നീട്ടിക്കൊടുക്കാനോ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ബാങ്കുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരെയും കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ഒരു നടപടിക്കും കൃഷിവകുപ്പോ സര്‍ക്കാരോ മുതിര്‍ന്നിട്ടില്ല. കൃഷി ചെയ്തതിന്റെ പേരിലാണ് കൂടുതല്‍ കര്‍ഷകരും കടക്കെണിയില്‍ പെട്ടിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍, ''വരൂ, കൃഷി ചെയ്യൂ കടക്കാരനായി മാറൂ!'' എന്ന മുദ്രാവാക്യമല്ലേ കൂടുതല്‍ നല്ലതെന്ന് പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
വേനല്‍മഴയിലൂടെയും ഒലിച്ചെത്തിയ നഷ്ടം
വേനല്‍മഴയിലൂടെ 308 കോടി രൂപയുടെ കൃഷിനാശമാണ് സം സ്ഥാനത്തുണ്ടായത്. കൂടുതല്‍ പ്രദേശത്തെ കൃഷി നശിച്ചത് മലപ്പുറത്താണെങ്കിലും (13191.99 ഹെക്ടര്‍) കൂടുതല്‍ വിളനഷ്ടമുണ്ടായത് ആലപ്പുഴ ജില്ലയിലാണ്. ജില്ലയില്‍ 16519 കര്‍ഷകരുടെ കൃഷി നശിച്ചു. നഷ്ടം 13,654.38 ലക്ഷം രൂപ. നഷ്ടക്കണക്കില്‍ കോട്ടയം ജില്ല രണ്ടാം സ്ഥാനത്തുണ്ട്, 5909.99 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. നെല്‍ കൃഷി ചെയ്തവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. ദുരിതത്തിലായത് 21,332 നെല്‍കര്‍ഷകര്‍. നശിച്ചുപോയത് 14543.96 ഹെക്ടറിലെ നെല്ലും. ചക്രവാതച്ചുഴി ഇരച്ചെത്തിയതുമൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് ഏതു തരത്തില്‍ ആശ്വാസം നല്കുമെന്ന് കൃഷിമന്ത്രിയോ സര്‍ക്കാരോ ഇതുവരെ മിണ്ടിയിട്ടില്ല. എന്നിട്ടാണ്, 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പബ്ലിക് റിലേഷന്‍സുകാര്‍ കുറിച്ചുകൊടുത്ത പിച്ചാത്തിപരുവത്തിലുള്ള പരസ്യവാചകവുമായി പഞ്ചായത്തുകള്‍ തോറും ഈ 'കൊലാപരിപാടി' സംഘടിപ്പിക്കുന്നത്!
കേരകര്‍ഷകന്റെ ഗതി ലോകത്താര്‍ക്കും വരല്ലേ?
കേരളത്തിലെ കൃഷിവകുപ്പിന്റെ ഭാഗ്യചിഹ്നം അണ്ണാനെയാക്കി മാറ്റിയതിന്റെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് കേരകര്‍ഷകന്റെ ദുരിതപര്‍വ്വം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വിഷയം പച്ചത്തേങ്ങയുടെ സംഭരണമാണ്. പൊതുവിപണിയില്‍ പച്ചത്തേങ്ങയ്ക്ക് വില കുറയുമ്പോള്‍ കേരഫെഡ് രക്ഷയ്‌ക്കെത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി കിലോഗ്രാമിന് 32 രൂപ എന്ന നിരക്കില്‍ താങ്ങുവിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് വരുന്നതിനു മുമ്പ് കിലോയ്ക്ക് 48 രൂപ വരെയെത്തിയ പച്ചത്തേങ്ങയുടെ വില ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ കിലോയ്ക്ക് 33 രൂപയായി. എന്നാല്‍ ഒരാഴ്ച മുമ്പ് 29 രൂപയായി പച്ചത്തേങ്ങയുടെ വില തലകുത്തിവീണു. പച്ചത്തേങ്ങ എങ്ങനെയെല്ലാം സംഭരിക്കാതിരിക്കാം എന്ന് ചിന്തിച്ച് തലപുകയ്ക്കുന്ന സര്‍ക്കാരിന് പിടിവള്ളിയായി ഒരു കേന്ദ്ര നിര്‍ദ്ദേശം വന്നു. വെളിച്ചെണ്ണ ഉല്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ താങ്ങ്‌വില നല്കി തേങ്ങയോ കൊപ്രയോ വാങ്ങരുതെന്നായിരുന്നു ഈ ഇണ്ടാസ്. കേരഫെഡിന് ആകെ അഞ്ച് സം ഭരണ കേന്ദ്രങ്ങളേയുള്ളൂ. തിരുവനന്തപുരം ആനയറ, കരുനാഗപ്പള്ളി ഫാക്ടറി, തൃശൂരിലെ കേരഫെഡ് സെയില്‍സ് ഡിപ്പോ, കോഴിക്കോട് നടുവണ്ണൂര്‍ മന്ദഗാവ് കോക്കനട്ട് കോംപ്ലക്‌സ്, മലപ്പുറത്തെ എരമംഗലം സൊസൈറ്റി എന്നിവയാണവ. കേരളത്തിലെ കേര കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം തിരുത്തി വാങ്ങാനും, കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതായിരുന്നു. ഇപ്പോള്‍ വേനല്‍മഴയെ പേടിച്ച് തേങ്ങ പൊതിച്ച് കൊപ്രയാക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നില്ല. പകരം, പച്ചത്തേങ്ങ സംഭരിക്കണേ എന്ന് സര്‍ക്കാരിനോട് ചിരട്ടയെടുത്ത് യാചിക്കുകയാണ് കേരകര്‍ഷകര്‍.
ഏലംകൃഷിക്കാരുടെ കണ്ണീരും തോരുന്നില്ല
റബ്ബര്‍ കഴിഞ്ഞാല്‍ എന്തെങ്കിലും 'വരവ് കാ' തടയുന്നതാണ് ഏലംകൃഷി. 2000 ജനുവരി 11 ന് ഏലം കിലോയ്ക്ക് 5057 രൂപയ്ക്ക് ലേലം ചെയ്തിരുന്നു. വില കുറഞ്ഞുകുറഞ്ഞ് 3827 രൂപ വരെയെത്തി. ഇപ്പോള്‍ ഏലത്തിന് പരമാവധി വില കിലോഗ്രാമിന് 1256 രൂപയാണ്. മൊത്തത്തിലുള്ള കണക്ക് നോക്കിയാല്‍ 1 കിലോ ഏലത്തിന് കര്‍ഷകന് കിട്ടുന്ന ശരാശരി വില 772 രൂപയാണ്!
എല്ലാ കാര്‍ഷികോല്പന്നങ്ങള്‍ക്കും വില കുത്തനെ കുറയുമ്പോള്‍, കര്‍ഷകരുടെ കണ്ണ് തള്ളിപ്പോകുന്ന വിധത്തിലാണ് വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വിലയേറുന്നത്. കേരളത്തില്‍ അധികവും മിശ്രിത വളങ്ങളാണ്. ഫോളിയാര്‍ വളങ്ങളുടെ ഗണത്തിലാണ് ഇത് പെടുക. 19:19:19 എന്ന കൂട്ടുവളത്തിന്റെ 25 കിലോ ഗ്രാം ചാക്കിന് 2500 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ വില 6200 രൂപ. 2750 രൂപയായിരുന്ന മള്‍ട്ടി കെയ്ക്ക് ഇപ്പോള്‍ 4500 രൂപയായി. എം.എ.പി.ക്ക് 2800 രൂപയില്‍ നിന്ന് 5400 രൂപയായി. പൊട്ടാഷിന്റെ വില 1000-ല്‍ നിന്ന് 1700 രൂപയായി. ഡി.എ.പി.യുടെ വില 1350 രൂപയും ഫാക്ടം ഫോസിന് 1500 രൂപയുമാണ് ഇപ്പോഴത്തെ വില. കീടനാശിനികളുടെ വിലയും 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നു കഴിഞ്ഞു. കൂലിച്ചെലവിലും, കൊയ്ത്തു യന്ത്രങ്ങളുടെ നിരക്കിലുമെല്ലാം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കര്‍ഷകന്‍ വിളവിറക്കുന്നതും വിളവെടുക്കുന്നതും 'പണം കായ്ക്കുന്ന മര'ത്തില്‍ നിന്നാണെന്ന് ധരിച്ചുവച്ചിരിക്കുന്നവരാണോ വളവും കീടനാശിനിയുമെല്ലാം നിര്‍മ്മിക്കുന്നവര്‍? അറിയില്ല; അത്രതന്നെ.
കടാശ്വാസമോ, അതൊരു കോമഡി പരിപാടിയല്ലേ?
കര്‍ഷകരെ സമാശ്വസിപ്പിക്കാനായി കാര്‍ഷിക കടാശ്വാസകമ്മീഷന്‍ എന്നൊരു പരിപാടിയുണ്ട്. ഇതുവരെ ഒരുപാട് നിയമ നൂലാമാലകള്‍ കടന്ന് 77.4 കോടി രൂപ കടാശ്വാസമായി നല്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് ഇപ്പോഴും ധനമന്ത്രാലയത്തിന്റെ ഫയല്‍ക്കൂമ്പാരങ്ങളില്‍ പെട്ടു കിടക്കുകയാണ്. 16569 പരാതികളില്‍ കേട്ട് തീര്‍പ്പ് കല്പിച്ച ഈ തുകയില്‍ നയാപൈസ പോലും സര്‍ക്കാര്‍ ഇതുവരെ നല്കിയിട്ടില്ല. ഈ ആശ്വാസധനം കര്‍ഷകനു കിട്ടാന്‍ ആദ്യം ആ തുക സഹകരണ സംഘങ്ങള്‍ക്കു നല്കണം. 1,21,892 പരാതികളാണ് ഇതുവരെ കമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
പച്ചത്തേങ്ങ സംഭരിക്കാന്‍ ആഴ്ചയില്‍ മൂന്നു ദിവസമാണ് കര്‍ഷകര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കര്‍ഷകനാണെന്നതിനുള്ള കൃഷിയാപ്പീസറുടെ കത്ത്, നി കുതിയടച്ചതിന്റെ ഏറ്റവും പുതിയ ചീട്ട് എന്നീ സ്ഥാവര ജംഗമസാധനങ്ങളുമായി വേണം കര്‍ഷകന്‍ പച്ചത്തേങ്ങയുമായി സംഭരണ കേന്ദ്രത്തില്‍ ഹാജരാകേണ്ടത്. എന്തൊരു ക്രൂര വിനോദമല്ലേ? കര്‍ഷകര്‍ക്ക് ഏകതിരിച്ചറിയല്‍ കാര്‍ഡ് വരുമ്പോള്‍, ഇതൊന്നും വേണ്ടി വരില്ലെന്നു കൃഷിമന്ത്രി പറയുന്നുണ്ട്. മന്ത്രിയുടെ നാവ് പൊന്നാകട്ടെ. അങ്ങനെയായാല്‍ കര്‍ഷകര്‍ക്ക് ചില കാര്യങ്ങളിലൊക്കെ ആശ്വാസം കിട്ടുമല്ലോ, അല്ലേ? അല്ലല്ലല്ലേ എന്ന സുരാജ് വെഞ്ഞാറമൂടിന്റെ തമാശ ഡയലോഗ് ഇവിടെ പറയുന്നില്ല. ചങ്ക് കത്തുന്നവന്റെ അടുത്താണോ ചീഞ്ഞ കോമഡിയെന്നു വായനക്കാര്‍ ചോദിച്ചേക്കും.