ഒരു ഇതിഹാസപുരുഷന്‍റെ തനിനിറം തെളിയുന്നു

ഒരു ഇതിഹാസപുരുഷന്‍റെ തനിനിറം തെളിയുന്നു

ജര്‍മന്‍ജനത മഹത്തരമായ വംശമാണെന്നും അവര്‍ ലോകം ഭരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നുവെന്നും ഹിറ്റ്ലര്‍ ജര്‍മന്‍കാരെ പറഞ്ഞു പഠിപ്പിച്ചു. അതിനു തടസ്സമായി നില്ക്കുന്ന യഹൂദരാദിവംശങ്ങളെ ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഒരു ശത്രു ഉണ്ടാകുമ്പോഴാണല്ലോ പോരാട്ടവീര്യം വര്‍ദ്ധിക്കുന്നത്. ആ നുണകളെല്ലാം സത്യമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഗീബല്‍സിന്‍റെ നേതൃത്വത്തില്‍ വമ്പിച്ച പ്രചാരണപരിപാടിയാണ് അവര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.

ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കണമെന്ന സ്വപ്നം സഫലീകരിക്കാന്‍ സംഘപരിവാര്‍ നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി സമാനമായ പ്രചാരണകോലാഹലമാണു നടത്തിയത്. മോദിയെ ഇതിഹാസനായകനായാണ് അവതരിപ്പിച്ചത്. അദ്ദേഹം അഴിമതി ഉന്മൂലനം ചെയ്തു ഭാരതത്തെ ലോകത്തിലെ വന്‍ശക്തിയാക്കും. അതിനു ഹിന്ദുവിന്‍റെ പോരാട്ടവീര്യം ഉത്തേജിപ്പിക്കണം. അതിന് ആഭ്യന്തരശത്രു ആവശ്യമാകുന്നു. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണു ശത്രുക്കള്‍. ദളിതരും ആദിവാസികളും ഒരു ഭാരമാണ്. പക്ഷേ, അവരെ ഹിന്ദുസമൂഹത്തിന്‍റെ അഭ്യുന്നതിക്കുവേണ്ടി കൂടെ നിര്‍ത്താം. വര്‍ണവ്യവസ്ഥിതിയില്‍ ശൂദ്രന്മാരെ വേണമല്ലോ. ഈ പ്രചാരണപരിപാടിക്കു സംഘപരിവാറിനു വിഭവദാരിദ്ര്യമൊരിക്കലുമില്ല. അവര്‍ പല മാധ്യമങ്ങളെയും വിലയ്ക്കെടുത്തു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രാചാരണത്തിനായി ഒരു സൈബര്‍ സൈന്യത്തെത്തന്നെ തയ്യാറാക്കി. നരേന്ദ്രമോദിയുടെ വചനങ്ങള്‍ അവര്‍ സൂക്തങ്ങളാക്കി.

അദ്ദേഹത്തിന്‍റെ ഭരണനടപടികളെ, അവ വിഡ്ഢിത്തരങ്ങളാണെങ്കില്‍പ്പോലും പാടിപ്പുകഴ്ത്തി. വിദേശരാഷ്ട്രസന്ദര്‍ശനങ്ങള്‍ നിഷ്പ്രയോജനകരമാണെങ്കിലും ഭൂമിയെ ഇളക്കിമറിക്കുന്ന സംഭവങ്ങളാക്കി അവതരിപ്പിച്ചു. മുന്‍ സര്‍ക്കാരുകള്‍ പ്രത്യേകിച്ചു കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നു പലവുരു ആവര്‍ത്തിച്ചു. പ്രാചീന സുവര്‍ണകാലത്തിനുശേഷം ഇപ്പോഴാണു ഭാരതം എന്തെങ്കിലും നേട്ടം കൈവരിക്കുന്നത്. അമ്പതു കൊല്ലത്തേയ്ക്കാണു ബിജെപിയെ ഭരണമേല്പിച്ചിരിക്കുന്നതെന്നു നേതാവ് തട്ടിവിട്ടു.

പരിവാറിന്‍റെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ കുറച്ചൊക്കെ വിജയിച്ചുവെന്നു സമ്മതിക്കണം. തന്ത്രങ്ങളോ കുതന്ത്രങ്ങളോ പയറ്റി അവര്‍ പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്തു. 2019-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പിന്നെ അധികാരം വിട്ടൊഴിയേണ്ടതില്ല എന്നാണു കണക്കുകൂട്ടല്‍. പക്ഷേ, മോദിയെന്ന ഇതിഹാസപുരുഷന്‍റെ ചുറ്റും നെയ്തെടുക്കുന്ന ചമയങ്ങള്‍ ചിലതെല്ലാം അഴിഞ്ഞുവീഴുകയും തനിനിറം പുറത്താകുകയും ചെയ്യുന്ന അപകടമുണ്ട്.

മോദിയെന്ന വികസനപുരുഷന്‍റെ ഏറ്റവും വലിയ തുറുപ്പുചീട്ട് സാമ്പത്തികവികസനമാണ്. സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തുമെന്നായിരുന്നു പ്രചാരണം. മദ്ധ്യവര്‍ഗത്തിന്‍റെ വികസനസ്വപ്നങ്ങളെ താലോലിച്ചുകൊണ്ടാണു മോദി അധികാരത്തിലേറിയത്. എന്നാല്‍ സംഭവിച്ചത് എന്താണ്? ഭരണത്തിലേറുമ്പോള്‍ 7.9 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5.7 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതു പുതിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു കണക്കുകൂട്ടുമ്പോഴാണ്. പഴയ തോതനുസരിച്ചാണെങ്കില്‍ വളര്‍ച്ചാനിരക്ക് ഇതിലും കുറയും. ഇതിന്‍റെ പ്രതിഫലനം ഏറ്റവുമധികം ഉണ്ടാകുന്നത് തൊഴില്‍ മേഖലയിലാണ്. കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദിഭരണത്തിനു കഴിഞ്ഞിട്ടില്ല. ഓരോ കൊല്ലവും ഒരു കോടി തൊഴിലവസരങ്ങള്‍ എന്നായിരുന്നു വാഗ്ദാനം. അതു പാഴ്വാക്കായി.

സാമ്പത്തികവളര്‍ച്ചയുടെ പ്രധാന കാരണം 1000, 500 രൂപാ നോട്ടുകള്‍ റദ്ദാക്കലാണ്. അതു സമാനതകളില്ലാത്ത ദുരന്തമാണെന്നു വ്യക്തമായിക്കഴിഞ്ഞു. ഈ ഭ്രാന്തന്‍ നടപടി ജിഡിപി വളര്‍ച്ച രണ്ടു ശതമാനം കണ്ടു കുറയ്ക്കുമെന്നു മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ആ പ്രവചനം അച്ചട്ടായി. കള്ളപ്പണം ഇല്ലാതാക്കുകയെന്നതായിരുന്നു നോട്ടു റദ്ദാക്കലിന്‍റെ പ്രഖ്യാപിതലക്ഷ്യം. മൂന്നു, നാലു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കിലേക്കു തിരിച്ചുവരില്ല, അതു സര്‍ക്കാരിനു നേട്ടമാകുമെന്നു കണക്കുകൂട്ടി. 20 ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ല എന്നു വിചാരിച്ചിടത്തു 99 ശതമാനവും തിരിച്ചെത്തി. വ്യക്തികള്‍ അറിയാതെ കൈവശം വച്ചതും വിദേശത്തുള്ളതുമായ നോട്ടുകള്‍ കൂട്ടുകയാണെങ്കില്‍ 100 ശതമാനത്തിലധികമാകും. കള്ളപ്പണത്തിന്‍റെ ഒരു ചെറിയ അംശംപോലും പിടിക്കാന്‍ കഴിഞ്ഞില്ല എന്നര്‍ത്ഥം.

ഭീകരവാദം കുറയ്ക്കാന്‍ റദ്ദാക്കല്‍ നടപടി സഹായിക്കുമെന്നായിരുന്നു വേറൊരു അവകാശവാദം. ജമ്മുകാശ്മീരിലും മറ്റും ഭീകരാക്രമണങ്ങള്‍ കൂടിയിട്ടേയുള്ളൂ. കാശ്മീരിലെ സ്ഥിതി ഒന്നിനൊന്നു വഷളാകുകയാണ്. പാക്കിസ്ഥാന്‍റെ മുമ്പില്‍ ശക്തി കാണിച്ചാല്‍ ഭീകരവാദം കുറയുമെന്നായിരുന്നു സംഘപരിവാറിന്‍റെ വാദം. പാക്കിസ്ഥാനും ചൈനയുമായി സംഘര്‍ഷം വര്‍ദ്ധിച്ചതല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. യുപിഎ ഭരണത്തിലെ പത്തു വര്‍ഷംകൊണ്ടു മരിച്ചവരുടെ രണ്ടര ഇരട്ടി സുരക്ഷാഭടന്മാരാണ് ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചിട്ടുള്ളത്.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും സ്ഥിതി വഷളാകുകയാണ്. ബിജെപി ഭരിക്കുന്ന യുപിയില്‍ നൂറു കണക്കിനു കുട്ടികളാണു മരിച്ചുവീഴുന്നത്. കുട്ടികളുടെ ആരോഗ്യം മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെണ് അവിടത്തെ മുഖ്യമന്ത്രി പറയുന്നത്. അഴിമതിയും പണം കൊടുത്തുള്ള ജനപ്രതിനിധികളുടെ കാലുമാറ്റവും മുറയ്ക്കു നടക്കുന്നുണ്ട്. വമ്പിച്ച പ്രചാരണ കോലാഹലങ്ങളില്‍ അതെല്ലാം മുങ്ങിപ്പോകുകയാണ്. പ്രതിപക്ഷം ശക്തി പ്രാപിക്കുകയും വസ്തുതകളെ നിഷ്പക്ഷമായി സമീപിക്കുന്ന മാധ്യമങ്ങള്‍ സക്രിയമാകുകയും ചെയ്യുകയാണെങ്കില്‍ മോദിയെന്ന ഇതിഹാസപുരുഷന്‍റെ കളിമണ്‍ ശരീരം പുറത്തു കാണാന്‍ കഴിയുമെന്നുറപ്പാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org