കേരളസമൂഹത്തെ ബാധിച്ചിരിക്കുന്ന അര്‍ബുദങ്ങള്‍

കേരളസമൂഹത്തെ ബാധിച്ചിരിക്കുന്ന അര്‍ബുദങ്ങള്‍
Published on

മനുഷ്യശരീരത്തില്‍ കോടിക്കണക്കിനു കോശങ്ങളുണ്ട്. അവ വിവിധ ശരീരകലകളില്‍ പ്രവര്‍ത്തിക്കുന്നു. കോശങ്ങള്‍ ജനിക്കുകയും പ്രവര്‍ത്തിച്ചതിനുശേഷം മരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ താളം തെറ്റാതെ തുടരുമ്പോള്‍ ശരീരത്തിനു സന്തുലനമുണ്ട്. ഈ സന്തുലനം തെറ്റി എവിടെയെങ്കിലും കോശങ്ങള്‍ ക്രമാതീതമായി പെരുകുമ്പോള്‍ അത് അര്‍ബുദമാകുന്നു. അര്‍ബുദം മാരകമായ രോഗമത്രേ.

സമൂഹശരീരത്തിന്‍റെ സ്ഥിതിയും ഇങ്ങനെയാണ്. സമൂഹത്തിന്‍റെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിനു നിരവധി സംഘടനകളും സംവിധാനങ്ങളുമുണ്ട്. സമൂഹത്തിന്‍റെ കാലാകാലങ്ങളിലുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ് അവ രൂപം കൊള്ളുന്നത്. ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ അവ അപ്രത്യക്ഷമാകും; പുതിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയവയുണ്ടാകും. കാലഹരണപ്പെട്ടിട്ടും വിട്ടൊഴിയാതെ നിലനില്ക്കുന്നതും വളരാന്‍ ശ്രമിക്കുന്നതും കാന്‍സര്‍ ബാധയാണ്.

കേരളസമൂഹത്തെ മാരകമായി ബാധിച്ചിരിക്കുന്ന രണ്ടുമൂന്ന് അര്‍ബുദങ്ങളുണ്ട്. ഏറ്റവും ഗുരുതരമായ അര്‍ബുദബാധ കാമ്പസ് രാഷ്ട്രീയമാണ്. കോളജ് കാമ്പസുകളില്‍ കുട്ടികളെ പഠിക്കാന്‍ അനുവദിക്കാതെ നിരന്തരം സമരവും കത്തിക്കുത്തും കലാപവും നടത്തുന്ന രാഷ്ട്രീയസംഘടനകളുടെ പേക്കൂത്തിനെയാണു കാമ്പസ് രാഷ്ട്രീയമെന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്‍റെ നിലവാരമിടിക്കുന്ന ഈ രാഷ്ട്രീയ കലാപപരിപാടി അവസാനിപ്പിക്കാന്‍ ഇവിടത്തെ രാ ഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറല്ല.

കോളജുകളില്‍ രാഷ്ട്രീയം പാടില്ലെന്നു കോടതികള്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ കലാലയങ്ങളില്‍ വരുന്നതു പഠിക്കാനാണെന്നും പഠനവുമായി ബന്ധമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ കാമ്പസുകളില്‍ അനുവദിക്കാനാവില്ലെന്നും ഈയിടെ ഹൈക്കോടതി വീണ്ടും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയുണ്ടായി.എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കന്മാരും കോണ്‍ഗ്രസ്സ് നേതാക്കന്മാരും രാഷ്ട്രീയമില്ലെങ്കില്‍ കാമ്പസുകള്‍ നശിച്ചു നാറാണക്കല്ലു പറിക്കുമെന്ന വാദത്തില്‍ ഉറച്ചുനില്ക്കുകയാണ്.

ഇപ്പറയുന്ന നേതാക്കന്മാരെല്ലാവരും കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് ഉയര്‍ന്നുവന്നതെന്നതു വസ്തുതയാണ്. അതുകൊണ്ട് ഒരു പാവ്ലോവിയന്‍ പ്രതികരണംപോലെ അവര്‍ അതിനെ ന്യായീകരിക്കുന്നു. അതിനപ്പുറം അതിനു യുക്തിസഹമായ വാദങ്ങള്‍ നിരത്താന്‍ അവര്‍ക്കുണ്ടെന്നു തോന്നുന്നില്ല. കോടതിവിധികള്‍ക്കെതിരെ ചാടി പ്രതികരിക്കുന്ന ഒരാള്‍ ഏ.കെ. ആന്‍റണിയാണ്. കാമ്പസ് രാഷ്ട്രീയമില്ലെങ്കില്‍ ചെറുപ്പക്കാരുടെയിടയില്‍ അരാഷ്ട്രീയവാദം ഉടലെടുക്കുമത്രേ. എന്താണ് ഈ അരാഷ്ട്രീയവാദമെന്നു വ്യക്തമല്ല. വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റും ബിജെപിയും പറഞ്ഞു തമ്മിലടിക്കാത്തതാണോ അരാഷ്ട്രീയവാദം?

രാഷ്ട്രസമൂഹത്തെ സംബന്ധിക്കുന്നതാണു രാഷ്ട്രീയം. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയപ്രശ്നങ്ങള്‍ പഠിക്കണം. സമകാലീന പ്രശ്നങ്ങള്‍ക്കു സൃഷ്ടിപരമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും വരണ്ട ഭൂമിയില്‍ അപ്രത്യക്ഷമാകാത്ത തെളിനീര്‍ ചിന്തകളാണു കാമ്പസുകളില്‍ ഉറപൊട്ടേണ്ടത്. അവ പുതിയ ആശയങ്ങളുടെ വിളനിലമാകണം. അവിടെ ചെറുപ്പക്കാരുടെ ചിന്ത പ്രോജ്ജ്വലമാകണം. ഏതെങ്കിലും നേതാവിന്‍റെ പെട്ടി ചുമന്നാലേ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുപോകാന്‍ പറ്റൂ എന്ന സ്ഥിതിയുണ്ടാകരുത്. ജനതയുടെ വികാസത്തിനു സഹായകമായ ആശയങ്ങളും ചിന്താപദ്ധതിയും മുന്നോട്ടുവയ്ക്കുന്നവരാകണം രാഷ്ട്രസമൂഹത്തെ നയിക്കേണ്ടത്.

പണ്ടു കാമ്പസുകളില്‍ പുരോഗമനപരമായ ചിന്തകളും കര്‍മ്മപരിപാടികളും കുറച്ചൊക്കെ ഉണ്ടായിരുന്നിരിക്കാം. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് ഒരു പരിധിവരെ ഫലമുണ്ടായിട്ടുമുണ്ട്. ഇന്നു സാമൂഹ്യപരിതോവസ്ഥ പാടെ മാറി. പഠനത്തില്‍ താത്പര്യമില്ലാത്ത കുറേ വിദ്യാര്‍ത്ഥികള്‍ ചില സങ്കുചിത താത്പര്യങ്ങള്‍ക്കുവേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് ഇന്നു കാമ്പസ് രാഷ്ട്രീയം. കാമ്പസ് രാഷ്ട്രീയമില്ലെങ്കില്‍ വര്‍ഗീയത വളരുമെന്നാണ് ഒരു വാദം. ഇതിന് എന്താണടിസ്ഥാനം? രാഷ്ട്രീയമുണ്ടായിട്ടും വര്‍ഗീയത വളര്‍ന്നില്ലേ? എസ്എഫ്ഐക്കാരും കെഎസ് യുക്കാരും വിദ്യാര്‍ത്ഥി പരിഷത്തും തമ്മിലടിക്കുന്നിടങ്ങളില്‍ വര്‍ഗീയതയില്ലേ? തമ്മിലടിയേ വാര്‍ത്ത സൃഷ്ടിക്കുന്നുള്ളൂ. മറ്റെല്ലാം അവിടങ്ങളില്‍ നടക്കുന്നുണ്ട്; പ്രത്യേകിച്ച്, മദ്യപാനവും മയക്കുമരുന്നടിയും. ഇത്തരം തിന്മകള്‍ക്കെതിരെ ഏതെങ്കിലും വിദ്യാര്‍ത്ഥിസംഘടന നിലപാടെടുത്തിട്ടുണ്ടോ? അവയെ ചെറുക്കാന്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ?

ഏ.കെ. ആന്‍റണിയും ഉമ്മന്‍ചാണ്ടിയും രാഷ്ട്രീയം കളിച്ച 1960-കളിലല്ല കേരളമിപ്പോള്‍. ഇതു പുതിയ തലമുറയാണ്, സൈബര്‍ ലോകത്തു വ്യാപരിക്കുന്ന പുതിയ തലമുറ. തങ്ങളുടെ ലോകം സൃഷ്ടിക്കാന്‍ അവരെ അനുവദിക്കുകയാണു വേണ്ടത്. പുതുതലമുറയ്ക്കു പ്രശ്നങ്ങള്‍ ധാരാളമുണ്ട്. അവയ്ക്കു പുതിയ പരിഹാരങ്ങളുണ്ടാകണം. തമ്മിലടിക്കുന്ന, ഹിംസാത്മകമായ കാമ്പസ് രാഷ്ട്രീയം അവയ്ക്ക് ഒരു പരിഹാരമല്ല തന്നെ. അതുകൊണ്ട്, കാമ്പസുകളെ റിക്രൂ ട്ടിങ്ങ് സെന്‍ററുകളായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉപേക്ഷിക്കണം.

കാമ്പസ് രാഷ്ട്രീയം പോലെയുള്ള രണ്ട് അര്‍ബുദങ്ങളെപ്പറ്റി പരാമര്‍ശിക്കുക മാത്രം ചെയ്യാം. ഒന്നു ഹര്‍ത്താലാണ്. ഇതിനെതിരെയും ഹൈക്കോടതി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ആദ്യം ബന്ദായിരുന്നു; ബന്ദ് കോടതി നിരോധിച്ചപ്പോള്‍ ഹര്‍ത്താലായി, ബന്ദിന് സമാനമായ ഹര്‍ത്താല്‍. മനുഷ്യാവകാശങ്ങളെ നഗ്നമായി ലംഘിക്കുന്ന ഹര്‍ത്താല്‍ ഒരു അര്‍ബുദമാണ്. മെയ്യനങ്ങാതെ രാഷ്ട്രീയം കളിക്കുന്നവരുടെ രോഗാതുരമായ സമരപരിപാടിയാണത്. സമൂഹത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ ഈ അര്‍ബുദം മുറിച്ചുമാറ്റേണ്ടത് അത്യാവശ്യമാകുന്നു. മൂന്നാമത്തെ അര്‍ബുദം നോക്കുകൂലിയാണ്. പണിയെടുക്കാതെ പണം പിടുങ്ങുന്ന ഒരു സാമൂഹ്യവിരുദ്ധപരിപാടി. രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായിതിനെ തള്ളിപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, തുടര്‍ന്നുകൊണ്ടുപോകാന്‍ മൗനാനുവാദം നല്കുന്നില്ലേയെന്നു സംശയിക്കണം. കാന്‍സര്‍ വളര്‍ച്ച തുടങ്ങിയാല്‍ നിയന്ത്രിക്കാന്‍ പ്രയാസമാണെന്നതിനു നല്ല ഉദാഹരണമാണു നോക്കുകൂലി.

കേരളസമൂഹം കാലത്തിന് അനുസരിച്ചു വളരുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്യണമെങ്കില്‍ തടയേണ്ട അര്‍ബുദബാധകളാണു മേല്പറഞ്ഞ മൂന്നും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org