
സുഖലാലസരായ നമ്മുടെ ഭരണാ ധികാരികള്‍ ഈ ദയനീയ കാഴ്ചകള്‍ കണ്ടിട്ടും എങ്ങനെ വയറു നിറച്ച് വെട്ടി വിഴുങ്ങി കിടന്നുറങ്ങുന്നു? കോടികള്‍ കിലുങ്ങുന്ന അവരുടെ സ്വപ്‌നങ്ങളില്‍ പട്ടിണിക്കോലങ്ങള്‍ക്ക് മുഖം കാണിക്കാന്‍ എങ്ങനെ കഴിയുമല്ലേ?
ആന്റണി ചടയംമുറി
കൃഷി പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം നയപരിപാടികള്‍ ആണെന്നോ രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് 'വണ്‍ ടു ത്രീ' എന്ന രീതിയിലുള്ള മണിയാശാന്‍ ശൈലിയില്‍ പിണറായി ഭരണകൂടം നടപ്പാക്കിയത്! എന്നിട്ടും സ്വന്തം പാടത്തുനിന്ന് സപ്ലൈകോ അയച്ച ലോറികളില്‍ കയറ്റിവിട്ട നെല്ലിന്റെ കാശ് ഇനിയും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല ചിങ്ങം പിറന്നാലും ആ കുടിശ്ശിക തുക നോക്കിയിരിക്കേണ്ടെന്ന സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളില്‍ ഉണ്ട് താനും.
എന്തായാലും ഏത് രംഗത്തായാലും പണം പിരിച്ച് പെട്ടിയില്‍ ഇടുന്നവരെ അത്ര സുഖത്തോടെയല്ല പൊതുവേ ജനം കാണുന്നത്. തിയറ്ററിലെ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കുന്നവനെയായാലും ഹോട്ടലില്‍ ഊണിനു മുമ്പ് കാശ് വാങ്ങി ചീട്ട് കീറുന്നവനെയായാലും നീരസത്തോടെയാണ് പൊതുജനം കാണാറുള്ളത്. ഒരര്‍ത്ഥത്തില്‍ സിനിമാടിക്കറ്റ് കീറിത്തരുന്നവനും ഊണിന് ചീട്ട് നല്‍കുന്നവനും വെറും തൊഴിലാളികളായിരിക്കാം; ചിലപ്പോള്‍ മുതലാളിമാരും ഈ വേഷത്തില്‍ വരാമെന്നു മാത്രമേയുള്ളൂ.
സര്‍ക്കാര്‍ അടയ്‌ക്കേണ്ട 'കര'വും ജനത്തിന്റെ പുറത്ത് ?
സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിതി മറിച്ചാണ്. സര്‍ക്കാരിനു കിട്ടാനുള്ളത് വാങ്ങിയെടുക്കാന്‍ ജപ്തി പോലുള്ള നടപടികള്‍ കണ്ണില്‍ ചോരയില്ലാതെ നടപ്പാക്കുന്നത് റവന്യൂ റിക്കവറി സെക്ഷനിലെ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഏറെ മനസുഖം ലഭിക്കുന്ന ആക്ഷനാണ്. എന്നാല്‍, സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കായി അടയ്‌ക്കേണ്ട കാര്യങ്ങളൊന്നും ഇപ്പോള്‍ അടയ്ക്കാറേയില്ല. അത് വെള്ളക്കരമായാലും വൈദ്യുതി ചാര്‍ജായാലും മാറ്റമില്ല. ഒടുവില്‍ വകുപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ നിരക്ക് കൂട്ടി അതെല്ലാം ജനം വഹിക്കട്ടെ എന്ന് തീരുമാനിക്കും. വെള്ളക്കരം തന്നെ ഉദാഹരണം. മൂവായിരത്തോളം കോടി രൂപയാണ് സര്‍ക്കാര്‍ ജലവിഭവവകുപ്പിന് അടയ്ക്കാനുള്ളത്. പക്ഷേ, സര്‍ക്കാര്‍ അടയ്ക്കില്ല. അതൊരു അടിയന്തര ഫയലായി ധനവകുപ്പ് പരിഗണിക്കാറുമില്ല. അതുകൊണ്ട് ഗാര്‍ഹിക കണക്ഷനുകള്‍ക്ക് ജനം മൂന്നും നാലും ഇരട്ടിയായിട്ടാണ് വെള്ളക്കരം അടയ്‌ക്കേണ്ടി വന്നത്. വെള്ളമായാലും കറന്റായായാലും അതാത് വകുപ്പുകള്‍ക്ക് തെറ്റുപറ്റിയതായി പ്രാഥമികമായി കണ്ടെത്തിയാല്‍ പോലും 'ആദ്യം ആ തുക അടയ്ക്ക്, പിന്നീട് പരിശോധന' എന്ന് ഇതേ വകുപ്പുകളിലെ ഉന്നതങ്ങളിലെ കശ്മലന്മാര്‍ പറയുമ്പോള്‍ കേള്‍ക്കുന്നവന് പറഞ്ഞവനെ വലിച്ചു കീറി ചുവരില്‍ ഒട്ടിക്കാന്‍ തോന്നും. പക്ഷെ, ഒന്നും മിണ്ടാതെ 'മണപ്പുറത്തോ മൊത്തമൂറ്റിലോ' പോയി സ്വര്‍ണ്ണം പണയം വച്ചായാലും ജനം കാശടയ്ക്കുന്നു. വെള്ളക്കര വര്‍ധന ജനങ്ങളെ എങ്ങനെ 'വെള്ളത്തിലാക്കി' എന്ന പ്രാദേശികമായ കണക്കെടുപ്പിനു പോലും മുഖ്യധാരാ പാര്‍ട്ടികള്‍ മുതിരാറില്ല.
കര്‍ഷകന് ഓണത്തിന് കണ്ണീര്‍പ്പൂക്കളം?
കര്‍ക്കിടകത്തില്‍ തന്നെ കര്‍ഷകര്‍ക്ക് പണി കിട്ടാന്‍ പോകുന്ന ദുര്‍വാര്‍ത്തക്കെതിരെ എത്ര രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതികരിക്കുമാവോ? ഒരുവിധത്തിലാണ് സി പി ഐ ക്കാരനായ മന്ത്രി കര്‍ഷകരുടെ നെല്‍വിലക്കുടിശ്ശിക തീര്‍ക്കാന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തെ കൊണ്ട് സമ്മതിപ്പിച്ചത്. ആദ്യമെല്ലാം ധനവകുപ്പ് ഈ ഫയല്‍ കണ്ടതായി നടിച്ചില്ല. ഒടുവില്‍ കൃഷി വകുപ്പ് മന്ത്രി ഒച്ചപ്പാട് ഉണ്ടാക്കിയപ്പോഴാണ് ധനമന്ത്രി അനങ്ങിയതത്രെ. എന്നാല്‍ കണ്‍സോര്‍ഷ്യവുമായുള്ള ധാരണാ പത്രം 2023 ജൂലൈ 14 ന് ഒപ്പുവയ്ക്കാനിരിക്കെ ബാങ്കുകള്‍ കാലു മാറി. 2023 മെയ് 15 മുതല്‍ നെല്ല് സംഭരണ രസീത് (പി ആര്‍ എസ്) നല്‍കിയ കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും കുടിശ്ശിക നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള ധാരണാപത്രമാണ് അവസാന നിമിഷം ഒപ്പിടാതെ ഇപ്പോള്‍ അലസി പോയിട്ടുള്ളത്. എസ് ബി ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിങ്ങനെ മൂന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ധാരണാപത്രം ഒപ്പിടാതെ പിന്മാറിയിട്ടുള്ളത്. സി പി എം നിയന്ത്രണത്തിലുള്ള കേരളാബാങ്ക് സപ്ലൈകോക്ക് വായ്പ നല്‍കുന്ന ബാങ്കുകളില്‍ ഉള്‍പ്പെട്ടിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പും കേരളാബാങ്കും തമ്മില്‍ പരസ്യമായി തന്നെ ഏറ്റുമുട്ടലുണ്ടായി. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതില്‍ കാലതാമസമുണ്ടായതാണ് കേരളാബാങ്കിനെ ചൊടിപ്പിച്ചത്. ഈ പിണക്കം ഇപ്പോഴും മാറിയിട്ടില്ല.
ഇന്നത്തെ പത്രങ്ങളില്‍ കര്‍ഷകരുടെ നെല്‍വിലയുടെ കുടിശ്ശിക ഉടനെ ലഭിക്കുവാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ സപ്ലൈകോയോടുള്ള ധനവകുപ്പിന്റെ സമീപനമാണത്രെ കാരണം. നെല്ലിന്റെ താങ്ങുവിലയായി സംസ്ഥാന സര്‍ക്കാര്‍ വിഹിത ത്തിന്റെ കുടിശ്ശിക 1100 കോടിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോക്ക് ചില്ലിക്കാശ് നല്‍കിയിട്ടില്ല.
വരവ് 'ക' ഉണ്ട് ഹേ, ചെലവ് 'ക' ഇല്ല ഹേ!
സംസ്ഥാന ധനവകുപ്പില്‍ ചില കാര്യങ്ങള്‍ മെല്ലെപ്പോക്കിലാണ്. കേന്ദ്രം നല്‍കുന്ന പണത്തി ന്റെ കണക്ക് കൃത്യമായി കേരളം നല്‍കാത്തത് പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. ഒരു നിര്‍ദിഷ്ടകാര്യത്തിന് അനുവദിച്ച തുക അതേ കാര്യത്തിനല്ലാതെ വിനിയോഗിക്കാന്‍ ധനവകുപ്പിന് യാതൊരു നാണവുമില്ല. ഉദാഹരണമായി 2023 ഏപ്രില്‍ 29 ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നോക്കൂ: 2021-22 വര്‍ഷത്തേക്കുള്ള ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് കേന്ദ്രം 62.8 കോടി രൂപ 2022 മാര്‍ച്ചില്‍ കേരളത്തിന് നല്‍കിയിരുന്നു എന്നാല്‍ ഈ തുക എങ്ങനെ ചെലവഴിച്ചുവെന്നതിന്റെ രേഖ കേന്ദ്രത്തിന് കേരളം നല്‍കാതെ പോയി. അതുകൊണ്ടെന്താ? ഇതേ ഇനത്തില്‍ ലഭിക്കാനുള്ള 66 കോടി രൂപ കേന്ദ്രം ഇനിയും നല്‍കിയിട്ടില്ലെന്നാണ് വാര്‍ത്തകള്‍.
ജനങ്ങള്‍ക്ക് ലഭിക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ വൈകിപ്പോവുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ ഒഴിവാക്കേണ്ടതല്ലേ? കുതിരവട്ടം പപ്പു ഒരു സിനിമയില്‍ പറയുന്നതുപോലെ 'തുറക്കൂല്ലെടാ പട്ടി' എന്ന ക്ഷുദ്രഭാവത്തിലാണോ ധനവകുപ്പ് ജനങ്ങളോട് പെരുമാറേണ്ടത്? സര്‍ക്കാരിന്റെ മുന്‍ഗണനാമേഖലയില്‍ ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മന്ദഗതിയിലാണ്. 2.49 ലക്ഷം കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച വകയില്‍ കുടിശ്ശി കയായിട്ടുള്ളത് 2070.68 കോടി രൂപയാണ്. ഇതില്‍ 740 കോടി കര്‍ഷകര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഇനിയും കര്‍ഷകര്‍ക്ക് കിട്ടാനു ള്ളത് 550 കോടി രൂപ!
പാവങ്ങള്‍ എപ്പോഴും ക്യൂവിലാണ്!
പത്രങ്ങളിലെ വാര്‍ത്തകള്‍ നോക്കിയാല്‍ ഈ നയവ്യതിയാനം അറിയാം. ഓരോ സാമ്പത്തിക പ്രതിസന്ധിക്കു മുന്നോടിയായും ചര്‍ച്ചകളില്‍ നിറയുന്നത് ജോലിക്കാരുടെ ശമ്പളം, പെന്‍ഷനുകള്‍, ഓണം അഡ്വാന്‍സ് എന്നിവയെല്ലാം മുടങ്ങിയേക്കാം എന്ന ആശങ്കകളാണ്. 8 മാസവും 6 മാസവും മുടങ്ങിപ്പോയ അത്താഴപ്പട്ടിണിക്കാരുടെ ക്ഷേമപെന്‍ഷന്‍ രണ്ട് തവണത്തേത് ഒരുമിച്ച് നല്‍കി സമാധാനിപ്പിക്കാം എന്ന് ധനവകുപ്പ് മുന്‍കൂട്ടി തീരുമാനമെടുക്കുന്നതിന്റെ ചേതോവികാരമെന്താണ്? അപ്പോള്‍ ജോലിക്കാരുടെ ശമ്പളവും പെന്‍ഷനുമെന്നതിനാണ് പ്രഥമ പരിഗണനയെന്നു ചുരുക്കം. ജോലി ചെയ്താല്‍ കൂലി നല്‍കേണ്ടേ എന്ന ചോദ്യത്തിന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ഈ മഴയത്തും കൂനിപ്പിടിച്ചിരുന്ന് സമരം ചെയ്യുന്നവരുടെ നേരെ ഒന്ന് നോക്കണേ സര്‍ക്കാരേ! മാസങ്ങളുടെ കുടിശിക ലഭിക്കുവാനുള്ള എത്രയോ ജോലിക്കാര്‍ അവിടെ ഇരിപ്പുണ്ട്. സുഖലാലസരായ നമ്മുടെ ഭരണാധികാരികള്‍ ഈ ദയനീയ കാഴ്ചകള്‍ കണ്ടിട്ടും എങ്ങനെ വയറു നിറച്ച് വെട്ടി വിഴുങ്ങി കിടന്നുറങ്ങുന്നു? കോടികള്‍ കിലുങ്ങുന്ന അവരുടെ സ്വപ്‌നങ്ങളില്‍ പട്ടിണിക്കോലങ്ങള്‍ക്ക് മുഖം കാണിക്കാന്‍ എങ്ങനെ കഴിയുമല്ലേ?