
പ്രമുഖ കഥാകൃത്ത് ടി പത്മനാഭനാണ് പറഞ്ഞത്, കോണ്‍ഗ്രസ്സുകാരെ തോല്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കേ കഴിയൂ എന്ന്. മനോരമ ന്യൂസ് ''ന്യൂസ് മേക്കര്‍ 2022'' ആയി കണ്ടെത്തിയ കെ സുധാകരന്‍ ഏതായാലും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കുമെല്ലാം വന്‍നേട്ടമുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തുകൊണ്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇങ്ങനെ പറയുന്നുവെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ: അദ്ദേഹത്തിന്റെ തലയില്‍ ആള്‍ത്താമസമില്ലാത്തതുകൊണ്ട്! ഈ വിശദീകരണത്തിനു കാരണങ്ങളേറെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെല്ലാം സുധാകരന്റെ ആര്‍ എസ് എസ് ചായ്‌വിനെക്കുറിച്ച് കുത്തിക്കുത്തിപ്പറയവേ, അവര്‍ ഒരു കാര്യം മറന്നുപോയി. പശ്ചിമബംഗാളില്‍ സഹകരണമേഖലയെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നു രക്ഷിക്കാന്‍ സിപി എം കൈകോര്‍ത്തത് ആരുമായിട്ടാണ്? ബി ജെ പിയുമായി സഖ്യമുണ്ടാക്കി സഹകരണ സ്ഥാപനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം കൈവരിച്ച സി പി എം കേരളത്തില്‍ കെ സുധാകരന്റെ പ്രസംഗത്തില്‍ കയറിപ്പിടിച്ച് 'നേരസ്ഥരാകാന്‍' ശ്രമിക്കുമ്പോള്‍ ആ രാഷ്ട്രീയാരോപണത്തെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?
അമ്പമ്പോ, രോമസംഹാരിയന്ത്രത്തിന്റെ ഒരു ഗമ!
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ വലിയ സ്വാതന്ത്ര്യമൊന്നുമില്ല. പത്ര നടത്തിപ്പുകാര്‍ പറയുന്നതിനപ്പുറം ഒരു വരി എഴുതാനോ ഒരു വാക്ക് പറയാനോ ഒന്നും അവര്‍ക്ക് ഇപ്പോള്‍ കെല്പില്ല. സ്വ ദേശാഭിമാനി രാമകൃഷ്ണപിള്ള ചമയാന്‍ നോക്കിയാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും പത്രപ്രവര്‍ത്തകര്‍ക്കറിയാം. വാര്‍ത്തകളിലെ വരികള്‍ക്കിടയില്‍ പരതാന്‍ നെഞ്ചുറപ്പുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഏറെ ഇല്ലെന്നതാണ് സത്യം. ഞാന്‍ സത്യമേ പറയൂ, എഴുതൂ എന്ന് പ്രഖ്യാപിക്കുന്നവര്‍ക്കു പോലും ചില സാഹചര്യങ്ങളില്‍ അവരുടെ തൂലിക പടവാളാക്കുന്നതിനു പകരം, മറ്റേതെങ്കിലും 'രോമസംഹാരിയന്ത്ര'ങ്ങളൊക്കെയാക്കി മാറ്റേണ്ടിയും വരും. പക്ഷേ, അതെല്ലാം അതിജീവനത്തിന്റെയും ജീവസന്ധാരണത്തിന്റെയും പരാക്രമമായിട്ടേ കാണാനാവൂ. എന്നാല്‍, ഇത്തരം 'കാറ്റത്തുലയുന്ന ഞാങ്ങണകള്‍' മനുഷ്യശരീരത്തില്‍ എവിടെയോ മുളച്ച വൃക്ഷത്തിന്റെ അവസ്ഥയില്‍ തലതാഴ്ത്തി നില്‌ക്കേണ്ടതിനു പകരം, ഞങ്ങള്‍ 'സ്വദേശാഭിമാനി'യുടെ ചെറുമക്കളാണെന്നു വീമ്പടിക്കുമ്പോള്‍ അവരോട് സഹതാപമല്ലേ തോന്നേണ്ടതുള്ളൂ.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം ഇന്ന് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ വലിയ ആവേശമൊന്നുമില്ല. ജനകീയ പ്രശ്‌നങ്ങളുടെ പട്ടികയില്‍ ഒരു ചാനല്‍ ചര്‍ച്ചാ നിയമവിദഗ്ദ്ധന്‍ സ്വര്‍ണ്ണക്കള്ളക്കടത്തുപോലും ഉള്‍പ്പെടുത്തിയെങ്കിലും വിഴിഞ്ഞം സമരം ആ പട്ടികയില്‍ ഉള്‍പ്പെടുത്താതെ പോയതിനും കാരണമുണ്ടായിരിക്കാം.
എന്തിനു വെറുതെ ഈ ക്യാമറകള്‍
കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ വായിച്ചത് സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള പൊലീസ് വകുപ്പിന്റെയും മോട്ടര്‍ വകുപ്പിന്റെയും സി സി ടി വി ക്യാമറകളില്‍ പകുതിയോളം പ്രവര്‍ത്തിക്കുന്നില്ലെന്നാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസിനെ സഹായിക്കാന്‍ സാധിച്ച ക്യാമറകള്‍ ഇങ്ങനെ പ്രവര്‍ത്തനക്ഷമമല്ലാതെ വരുന്നത് ആരെ സംരക്ഷിക്കാനാണ്? ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 12 ജില്ലകളിലേക്ക് അനുവദിച്ച മൊബൈല്‍ ലാബുകള്‍ ഇപ്പോഴും തുരുമ്പെടുത്തു നശിക്കുന്നു. നാടൊട്ടുക്ക് ഉദ്ഘാടനം കാത്തുകിടക്കുന്ന വിവിധ വകുപ്പുകളുടെ കാടുപിടിച്ചു കിടക്കുന്ന കെട്ടിടങ്ങള്‍ എത്രയുണ്ട്? പ്രളയത്തിനും കോവിഡിനും ശേഷം ഓരോ രൂപയും ചെലവഴിക്കുമ്പോള്‍ അതീവ ജാഗ്രത പ്രകടിപ്പിക്കേണ്ട ധനവകുപ്പിന്റെ അടുത്തകാലത്തെ നടപടികള്‍ ശ്രദ്ധിച്ചുവോ? ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറെ സുഖിപ്പിക്കാന്‍ ബെന്‍സ് കാര്‍ വാങ്ങാന്‍ അനുമതി നല്കിയതും രാജ്ഭവന്‍ മോടികൂട്ടാന്‍ 75 ലക്ഷവും രാജ്ഭവനിലുള്ള ഡെന്റല്‍ ക്ലിനിക് നവീകരിക്കാന്‍ 10 ലക്ഷവും അനുവദിച്ചത് ദിവസങ്ങള്‍ക്കുള്ളിലാണ്. ഈ നടപടികള്‍ക്കു പിന്നിലുള്ള ന്യായീകരണമെന്താണ്? മാത്രമോ, കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കുള്ള പ്രതിമാസ ധനസഹായം 600 രൂപ പോലും പിടിച്ചുവയ്ക്കുന്ന ധനവകുപ്പ് ഗവര്‍ണര്‍ക്കെതിരെ ഭരണഘടനാപരമായ ഒരു ചോദ്യത്തിന് ഒറ്റവരിയിലുള്ള ഉത്തരം ലഭിക്കാന്‍ 45 ലക്ഷം മുടക്കുമ്പോള്‍, അത് ജനങ്ങളുടെ പണമാണെന്ന ചിന്തയില്ലാത്തതെന്തേ?
'.പ്രേമിച്ച്, പ്രേമിച്ച്.' കര്‍ഷകരെ കൂടുതല്‍ ദരിദ്രരാക്കും
അഞ്ചുലക്ഷത്തിലേറെ അതീവദരിദ്രരും ഭവനരഹിതരുമായവര്‍ ലൈഫ് പദ്ധതിയനുസരിച്ച് വീടിന് അപേക്ഷിച്ചിരിക്കെ, ആ പദ്ധതിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം ഇനിയും നല്കാതിരിക്കുന്നതില്‍ എന്ത് 'ജനക്ഷേമസ്വഭാവ'മാണുള്ളത്? സപ്ലൈകോയ്ക്ക് പണം അനുവദിക്കുമ്പോള്‍ അതില്‍ ചില്ലിക്കാശ് പോലും കര്‍ഷകര്‍ക്ക് നല്കരുതെന്ന് ധനവകുപ്പ് ഇണ്ടാസിറക്കുന്നതാണോ 'കര്‍ഷകപ്രേമം?' പ്രകൃതിക്ഷോഭം മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസത്തുകകള്‍ പോലും ഇപ്പോഴും കുടിശ്ശികയാണ്. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ എങ്ങനെ കൊടുക്കാതിരിക്കാമെന്ന ഗവേഷണത്തിലാണോ ധനവകുപ്പിലെ ഏമാന്മാര്‍? നമുക്കറിയില്ല. എങ്കിലും ജനപക്ഷത്തു നിന്നല്ല ആ ഉദ്യോഗസ്ഥരില്‍ പലരും ചിന്തിക്കുന്നതെന്ന കാര്യം തീര്‍ച്ച.
വിഴിഞ്ഞം പോലുള്ള ജനകീയ സമരങ്ങളെ നേരിടാന്‍ കേരളത്തില്‍ സി പി എമ്മും ബി ജെ പിയും ഒരേ വേദിയില്‍ അണിനിരക്കുകയുണ്ടായി. തിരുവനന്തപുരം മേയര്‍ക്കെതിരെയുള്ള കത്തുവിവാദത്തില്‍, നഗരസഭാ മന്ദിരത്തിനു മുകളില്‍ കയറിനിന്നു സമരം ചെയ്തുകൊണ്ട്, 'ഞങ്ങള്‍ അദാനിയുടെ ആള്‍ക്കാരാണെന്ന് പറയാതെ പറഞ്ഞുവച്ചു ബി ജെ പി. രാഷ്ട്രീയവിവാദങ്ങള്‍ക്കും, രാഷ്ട്രീയമായ ബലപരീക്ഷണത്തിനും അനുയോജ്യമല്ല, ഇപ്പോഴത്തെ ജനങ്ങളുടെ അവസ്ഥ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാഷ്ട്രീയ ഗോദായില്‍ എതിരാളികള്‍ക്കെതിരെ 'മല്ലുസിംഗി'നെപോലെ മസ്സില്‍ പ്രദര്‍ശനത്തിലാണ്. ഈ മസ്സിലുകാണിക്കാന്‍ സര്‍ക്കാര്‍ കൈയിട്ടു വാരുന്നത് പൊതുഖജനാവില്‍ നിന്നുതന്നെ. ജനങ്ങള്‍ക്ക് കേന്ദ്രം നല്കുന്ന പലവിധ സഹായങ്ങള്‍ ബി ജെ പി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു കരുതി പാഴാക്കിക്കളയുന്നുമുണ്ട് സംസ്ഥാന ഭരണകൂടം പലപ്പോഴും.
കോടതി പറഞ്ഞിട്ടും അഴിമതിക്കാരോടൊപ്പമോ?
ഇടതുഭരണം അഴിമതി വിമുക്തമായിരിക്കുമെന്നു മോഹിച്ചവരുടെ ചങ്കില്‍ കത്തി കയറ്റുന്ന രീതിയിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ പെരുമാറുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലാണ് സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി നിരീക്ഷിക്കാന്‍ 'കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സ്' തയ്യാറാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഡോ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരിക്കെയായിരുന്നു ഈ നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. 2017 മാര്‍ച്ചില്‍ ആദ്യത്തെ 'അഴിമതിപ്പട്ടിക' തയ്യാറായി. എട്ടുമാസത്തെ കഠിന പരിശ്രമത്തിലൂടെയാണ് വിജിലന്‍സ് ഈ പട്ടിക തയ്യാറാക്കിയത്. സംസ്ഥാനത്തെ 61 വകുപ്പുകളെയും ഉള്‍പ്പെടുത്തിയായിരുന്നു പട്ടിക തയ്യാറാക്കിയത്. പിന്നീട് ഡോ ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനായി. ആദ്യത്തെ അഴിമതിപ്പട്ടിക അങ്ങനെ അവസാനത്തേതായി മാറി. സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാണെന്ന് 2012 നവംബര്‍ ഒന്നിന് പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍, പത്തുവര്‍ഷം കഴിഞ്ഞിട്ടും ആ ഉത്തരവിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കാതെ പോകുന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തത് എന്തുകൊണ്ട്?
പിന്‍വാതില്‍ നിയമനങ്ങളും അഴിമതിയും പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിച്ചതിനു സി പിഎംനു ലഭിച്ച ശിക്ഷയാണ് ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങിയിട്ടുള്ള ഇടതുഭരണം. ബംഗാളും ത്രിപുരയുമെല്ലാം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ക്കു പിന്നാലെയുള്ള അന്വേഷണം ഒരര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുഭരണത്തിന്റെ നിലവിലെ പാളിച്ചകളിലാണ് ചെന്നെത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ നിയമ പരിരക്ഷയ്ക്കായി കോടതിയെ സമീപിക്കുന്ന പിണറായി ഭരണകൂടം, സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ സര്‍ക്കാര്‍ നിയന്ത്രിക്കരുതെന്ന 2017-ലെ ഹൈക്കോടതി വിധിയെക്കുറിച്ച് എന്തുപറയും?
തടവുകാരെ തടവുന്ന രാഷ്ട്രീയം ശരിയോ?
സംസ്ഥാനത്തെ ജയിലുകള്‍ ഭരിക്കുന്നത് ഭരണപക്ഷക്കാരായ രാഷ്ട്രീയത്തടവുകാരാണെന്ന റിപ്പോര്‍ട്ട് നല്കിയത് ഒരു ജയില്‍ ഉദ്യോഗസ്ഥനാണ്. ജയില്‍ ഭരിക്കണമെങ്കില്‍ അവര്‍ ഭരിക്കട്ടെ, ഇതേ തടവുകാര്‍ മയക്കുമരുന്ന്, ലഹരി ഇടപാടുകള്‍ ജയിലില്‍ ഇരുന്ന് നടത്തുന്നുവെന്ന ആരോപണം അതിലേറെ ഗുരുതരമല്ലേ? അതായത് കുറ്റവാളികളെ നന്മയുടെ ജീവിതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കേണ്ട സ്ഥാപനങ്ങള്‍, അതേ കുറ്റവാളികള്‍ക്ക് കൂടുതല്‍ നീണ്ട പൈശാചിക പല്ലും നഖവും വാലുമൊക്കെ വച്ചുപിടിപ്പിക്കാനുള്ള ഇടങ്ങളായി മാറുന്നത് നമ്മുടെ സമൂഹത്തിന് എത്രത്തോളം ഹാനികരമാകുമെന്ന ചിന്ത നമ്മെ ഭയപ്പെടുത്തുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണം ജനോപകാരപ്രദമാക്കാനുള്ള നടപടികള്‍ ഇടതുകക്ഷികളില്‍ നിന്നുണ്ടാകുമോ? ഉന്നത വിദ്യാഭ്യാസരംഗത്തെ കാവി വത്ക്കരണത്തെപ്പറ്റി വിലപിക്കുന്നവര്‍, ബി ജെ പിയുടെ ഗൂഢതന്ത്രങ്ങളെ ചെറുക്കാന്‍ അവിടെയെല്ലാം ചുവപ്പ് വിരിച്ച് ശരിപ്പെടുത്താമെന്നാണോ കുരുതുന്നത്?
കേസ് നടത്തി കുത്തുപാളയെടുക്കലാണോ നമ്മുടെ വിധി?
അഴിമതി ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുമെന്നല്ല പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞയാഴ്ച പറഞ്ഞതെന്ന് ഓര്‍മ്മിക്കുക. പകരം ഗവര്‍ണര്‍ക്കെതിരെ ഏതറ്റംവരെയും പോകുമെന്നാണ്! അഴിമതിയുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ട 141 സുപ്രധാന ഫയലുകള്‍, വിജിലന്‍സ് അന്വേഷണം തുടരേണ്ട 120 ഫയലുകള്‍, പ്രാഥമിക അന്വേഷണത്തിനുള്ള 6 ഫയലുകള്‍, പ്രോസിക്യൂഷന് അനുമതി തേടിയുള്ള 15 ഫയലുകള്‍ എന്നിവ നാലു വര്‍ഷമായി ആഭ്യന്തര മന്ത്രാലയം പിടിച്ചു വച്ചിരിക്കുകയാണ്. എല്‍ ഡി എഫിന്റെ കഴിഞ്ഞ പ്രകടന പത്രികയില്‍ വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഈ വാഗ്ദാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ പിണറായിയെ പ്രേരിപ്പിച്ച കാര്യം എന്താണാവോ? ഇടതുഭരണത്തിന്റെ സുതാര്യതയും ജനപക്ഷത്തേക്കുള്ള ചായ്‌വുമെല്ലാം നഷ്ടപ്പെടുത്തുന്ന ഈ നടപടികള്‍ തുടരെയുണ്ടാകുന്നത് 'ജനാധിപത്യ ചേരി'യിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഇന്നും ഇഷ്ടപ്പെടുന്ന പല നിഷ്പക്ഷമതികളുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഈ സര്‍ക്കാരിനു ശേഷം 'പ്രളയം' മതിയെന്നു ചിന്തിക്കുന്നവര്‍ ഇടതുപക്ഷത്തുണ്ടോ? ആകെക്കൂടി 'നേരവും കാലവും നോക്കാതെ' പ്രസ്താവനകള്‍ നടത്തി ഇപ്പോഴും 'വടക്കന്‍ വീരഗാഥ' രചിക്കുന്ന കോണ്‍ഗ്രസ്സുകാരുടെ 'കന്നംതിരിവ്' എക്കാലവും മുതലാക്കാമെന്ന് ഇടതുപക്ഷം കരുതരുത്. 'കാനാലാപ'വും 'പിണറായി സ്തുതി'യും കൊണ്ട് പാര്‍ട്ടികളെ കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ജനങ്ങളുടെ പണമെടുത്ത് കേസ് പറഞ്ഞ് മുടിയുന്ന മൂരാച്ചികളായ പഴയ തറവാട്ടുകാരണവന്മാരുടെ നിലയിലേക്ക് ഭരണകര്‍ത്താക്കളും നേതാക്കളുംതരം താഴരുത്. പകരം 'ജനങ്ങളുടെ പണം ജനങ്ങളിലേക്ക്' എന്ന് എഴുതിയ പുതിയ കൊടിമരങ്ങള്‍ പാര്‍ട്ടികള്‍ സ്ഥാപിക്കട്ടെ. കോടതികള്‍ പോലും അത്തരം കൊടിമരങ്ങള്‍ക്ക് പച്ചക്കൊടി (ലീഗിന്റെയല്ല കേട്ടോ) കാണിക്കുക തന്നെ ചെയ്യും.