കര്‍ഷകരോട് എന്തേ ഇത്ര കട്ടക്കലിപ്പ്?

കര്‍ഷകരോട് എന്തേ ഇത്ര കട്ടക്കലിപ്പ്?

രാജ്യമെങ്ങും കര്‍ഷകര്‍ വേട്ടയാടപ്പെടുകയാണ്. പഞ്ചാബിലെ കര്‍ഷകരുടെ സമരത്തിന്റെ ഒന്നാം വാര്‍ഷികം ഏറെ അകലെയല്ല. കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ക്കു പകരം ഒരു വിധത്തിലും അവരെ സഹായിക്കില്ലെന്ന നിലപാട് മിക്ക സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നതിനാല്‍, ഇന്ത്യയൊട്ടാകെ കര്‍ഷകരെ വറചട്ടിയിലിട്ട് പൊരിക്കുകയാണോ ഭരണകൂടങ്ങള്‍?

പഞ്ചാബിലെ കര്‍ഷക സമരത്തിന്റെ മുന്‍നിരയിലുള്ള ഇടതു കര്‍ഷക നേതാക്കളെ ഡെല്‍ഹി പോലീസും മറ്റും അതിക്രൂരമായി മര്‍ദ്ദിച്ചിട്ടും, എന്തുകൊണ്ടോ കേരളത്തിലെ ഇടതുപക്ഷം നാടിളക്കിയുള്ള സമരത്തിനൊന്നും മുതിര്‍ന്നില്ല. ഒരുവശത്ത് കര്‍ഷകരെ വാക്കുകള്‍ കൊണ്ട് തൊട്ടിലാട്ടുകയും, മറുവശത്ത്, നിയമ നടപടികളാലും നിയമപാലകരുടെ നിഷ്ഠൂരതകൊണ്ടും ചവിട്ടിത്തേയ്ക്കുകയുമാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. കേരളത്തിന്റെ കര്‍ഷകരാകട്ടെ, അവരുടെ ജീവിതകാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്ത ദുരന്തപാതകളിലൂടെയാണ് ഇപ്പോള്‍ നടന്നു നീങ്ങുന്നത്.

പ്രകടനപത്രികയിലെ വെറും വാഗ്ദാനങ്ങള്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകരെ വല്ലാതെ മോഹിപ്പിച്ച ഇടതുമുന്നണിയുടെ വാഗ്ദാനമായിരുന്നു കര്‍ഷക ക്ഷേമപെന്‍ഷന്‍. ഈ പദ്ധതിക്കുവേണ്ടി തൃശൂരില്‍ ഹെഡ് ഓഫീസും തിരുവനന്തപുരത്തും കോഴിക്കോട്ടും റീജിയണല്‍ ഓഫീസുകളും തുറന്നിട്ട് മാസങ്ങളായി. ജില്ലാ തലങ്ങളിലും കര്‍ഷക ക്ഷേമനിധി ഓഫീസുകള്‍ ഉടനെ തുറക്കുമത്രെ. കുറേയേറെ ജോലിക്കാരെ ഈ പദ്ധതിക്കുവേണ്ടി നിയോഗിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴും പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് സോഫ്റ്റ്‌വെയര്‍ പ്രശ്‌നമാണെന്നാണ്. 22 പേരെ ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികളാക്കി വിജ്ഞാപനമിറങ്ങിയിരുന്നു. പ്രതിപക്ഷത്തുനിന്ന് ബോര്‍ഡില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി മാത്രമേയുള്ളൂ. ബാക്കിയെല്ലാം ഭരണകക്ഷിക്കാരുടെ പ്രതിനിധികളാണ്. ചെയര്‍മാന്‍, സി.ഇ.ഒ., ജോയിന്റ് സി.ഇ.ഒ. എന്നിവരെയെല്ലാം നിയമിച്ചുകഴിഞ്ഞു. കൃഷി-മൃഗസംരക്ഷണവകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും സെക്രട്ടറിമാരടക്കം എട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ ബോര്‍ഡിലുണ്ട്. 2021 ജൂലൈ 27 മുതല്‍ പെന്‍ഷനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കിയിരുന്നു. പക്ഷെ, കര്‍ഷകര്‍ക്ക് കോവിഡാനന്തര നാളുകളില്‍ വലിയ സഹായമാകുമായിരുന്ന ഈ പദ്ധതി പാടത്തുവച്ച നോക്കുകുത്തിപോലെ കര്‍ഷകര്‍ക്കു നേരെ കൊഞ്ഞനം കാണിക്കുകയാണ്.

ആരാണ് കാട്ടില്‍നിന്ന് മൃഗങ്ങളെ തുരത്തി ഓടിക്കുന്നത്?

കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുക മാത്രമല്ല, വൈരാഗ്യബുദ്ധിയോടെ കൃഷിയിടങ്ങള്‍ ചവിട്ടിക്കൂട്ടുന്നു. എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍ കാലാവസ്ഥാ വ്യതിയാനമെന്നായിരിക്കും മറുപടി. എന്നാല്‍ അതുമാത്രമാണോ പ്രശ്‌നം? മൃഗങ്ങളുടെ കാടുകളിലെ ആവാസവ്യവസ്ഥയെ ഭംഗെപ്പടുത്തുന്ന മറ്റെന്തെങ്കിലും ആ പ്രദേശങ്ങളില്‍ നടക്കുന്നുണ്ടോ? കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പറ്റില്ലെന്നു പറയുന്ന ഫോറസ്റ്റ് അധികൃതര്‍ പാറമടകളില്‍ നടക്കുന്ന അതിഭയങ്കരമായ സ്‌ഫോടനങ്ങളെ കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നു? ഏഴായിരത്തോളം അനധികൃത പാറമടകള്‍ പശ്ചിമഘട്ട മലനിരകളിലുണ്ട്. ഔദ്യോഗിക അംഗീകാരമുള്ള പാറമടകള്‍ക്ക് ഉപയോഗിക്കാന്‍ 1,23,000 കിലോ സ്‌ഫോടക വസ്തുക്കള്‍ ക്വാറികളില്‍ സൂക്ഷിക്കാമെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ മാര്‍ഗ്ഗരേഖയിലുള്ളത്. എന്നാല്‍ ഇതിന്റെ പത്തിരട്ടി സ്‌ഫോടകവസ്തുക്കളാണ് കാടുകളിലെ ക്വാറികളില്‍ ഉപയോഗിക്കുന്നതെന്ന് ഇതേ അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതു മാത്രമല്ല, പാറ ഖനനത്തിന് നൈട്രേറ്റ് മിക്‌സ്ചര്‍ മാത്രമേ പാടുള്ളൂവെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ ക്വാറികളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് അതിമാരകമായ അമോണിയം നൈട്രേറ്റാണ്. ഇതുമൂലം ഓരോ സ്‌ഫോടനം നടക്കുമ്പോഴും ക്വാറി ഉള്‍പ്പെടുന്ന വനപ്രദേശങ്ങള്‍ പ്രകമ്പനം കൊള്ളുകയാണ്. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് വിരണ്ടോടിയെത്തുവാന്‍ ഇത്തരം സ്‌ഫോടനങ്ങള്‍ കാരണമാകുന്നുണ്ടോ? എല്ലാ ക്വാറികളും അനുവദിക്കുന്നതിനു മുമ്പ് പാരിസ്ഥിതികാഘാതപഠനം നടത്തണമെന്ന സുപ്രീം കോടതി വിധി പോലും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പാലിക്കുന്നില്ല.

കാട്ടിലുള്ള മൃഗങ്ങളും നാട്ടിലുള്ള 'ഉദ്യോഗസ്ഥ ഏമാന്മാരും' കര്‍ഷകരെ ചവിട്ടിക്കൂട്ടുകയാണ്. അവര്‍ക്ക് 'സംരക്ഷണ വേലി' തീര്‍ക്കേണ്ട ജനാധിപത്യ വിശ്വാസികള്‍ ഇനിയെങ്കിലും മൗനം വെടിഞ്ഞേ പറ്റൂ.

റബര്‍ കര്‍ഷകരെ ചിരട്ട എടുപ്പിക്കരുതേ

റബര്‍ പാല്‍ ശേഖരിക്കാന്‍ മരത്തില്‍ പിടിപ്പിച്ചിരിക്കുന്ന ചിരട്ടയെടുത്ത് യാചകവേഷം കെട്ടേണ്ടസ്ഥിതിയിലാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം റബര്‍ വെട്ടാന്‍ പണിക്കാരെ കിട്ടുന്നില്ല. മാത്രമല്ല, ഉരുള്‍പൊട്ടലില്‍ മലയോര മേഖലയില്‍ ചെറുകിട റബര്‍ കര്‍ഷകരുടെ ഭൂമിയാണ് കൂടുതലും ഒലിച്ചുപോയിട്ടുള്ളത്. അവിടെ റബര്‍ മരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അധികൃതരെ പറഞ്ഞു മനസ്സിലാക്കാന്‍ തെളിവായി ഇപ്പോള്‍ ഉരുളന്‍ കല്ലുകളും ചെളിക്കട്ടകളും നിറഞ്ഞ പറമ്പ് മാത്രമാണുള്ളത്.

പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, ഇടുക്കി മേഖലയിലുള്ള ചെറുകിട റബര്‍ തോട്ടമുടമകള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്നു. മിഠായി നുണയുന്നതുപോലെ ചെറുതും വലുതുമായ റബര്‍ മരങ്ങളുടെ തൊലി വലിച്ചുപറിച്ച് തിന്നുകയാണ് കാട്ടാനകള്‍ ഇപ്പോള്‍. റബര്‍ത്തൈ നട്ടിട്ട് എത്ര വര്‍ഷമായാലും ഒരു തൈയ്ക്ക് നഷ്ടപരിഹാരമായി ആയിരം രൂപ മാത്രമേ സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളൂ. ഓരോ വര്‍ഷവുമുള്ള റബര്‍ തൈകളുടെ പരിപാലനച്ചെലവ് പോലും നഷ്ടപരിഹാരത്തിനായി അധികൃതര്‍ കണക്കാക്കുന്നതേയില്ല.

മലയോരങ്ങളിലെ പാട്ടക്കൃഷിക്കാരും ഗതികേടിലാണ്. വിദേശത്തും മറ്റുമുള്ളവരുടെ പറമ്പുകള്‍ കാടുപിടിക്കാതിരിക്കാന്‍ നാമമാത്രമായ പാട്ടത്തിന് വാഴയും കപ്പയും പച്ചക്കറികളുമെല്ലാം കൃഷി ചെയ്യുന്ന സാധാരണക്കാര്‍ ഏറെയുണ്ട് മലയോരങ്ങളില്‍. തൈകളായാലും കുലച്ചതായാലും വാഴകള്‍ പിഴുതെറിയുകയാണ് കാട്ടാനകളും കാട്ടുപോത്തുകളും. വായ്പ വാങ്ങിയും സ്വര്‍ണ്ണം പണയം വച്ചുമെല്ലാം കൃഷിയിറക്കിയ ഇടത്തരം കര്‍ഷകര്‍ കാട്ടുമൃഗങ്ങളുടെ കലിപ്പില്‍ തളര്‍ന്നു നില്‍ക്കുന്നു.

ചെറുകിട തോട്ടമുടമകള്‍ ആദ്യം മുള്ളുവേലി കെട്ടി കൃഷിയിടങ്ങള്‍ സംരക്ഷിച്ചിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചെറുകിടതോട്ടം 25 ലക്ഷം രൂപ മുടക്കിയാല്‍ മുള്ളുവേലി കെട്ടി സംരക്ഷിക്കാമായിരുന്നു. ഇപ്പോള്‍ അതേ പറമ്പിനു ചുറ്റും മുള്ളുവേലി കെട്ടാനുള്ള ചെലവ് ഒരു കോടി രൂപ കടക്കും. മാത്രമല്ല, മുള്ളുവേലികളൊന്നും ഇപ്പോള്‍ കാട്ടാനയ്ക്കും കാട്ടുപോത്തിനും കാട്ടുപന്നിക്കും ഒരു പ്രശ്‌നമേയല്ലെന്നതാണ് അവസ്ഥ. കാട്ടുമൃഗശല്യത്തെക്കുറിച്ച് ഫോറസ്റ്റ് അധികൃതരെ സമീപിക്കുമ്പോള്‍ ലഭിക്കുന്ന മറുപടിയാണ് ഏറെ രസകരം. ''മൃഗങ്ങളല്ലേ ചേട്ടാ, അവ വന്ന് വെള്ളം കുടിച്ചു പോകട്ടെ'' എന്നാണ് ഫോറസ്റ്റുകാരുടെ മറുപടി. പി.എസ്.സി. ടെസ്റ്റ് പാസ്സായ ഒരു യുവാവും യുവതിയുമായിരിക്കും ഇപ്പോള്‍ പതിവായി ഫോറസ്റ്റ് ഓഫീസില്‍ ഉണ്ടാകാറുള്ളത്. ഇവര്‍ക്ക് കാട്ടുമൃഗങ്ങളെ സംബന്ധിച്ചോ കാടിനെക്കുറിച്ചോ ഒന്നുമറിയില്ല ട്രെയ്‌നിംഗൊന്നും ഇവര്‍ക്ക് നല്കുന്നുമില്ല. പരാതി വാങ്ങി ഫയലില്‍ വയ്ക്കുന്നതിനപ്പുറം ഫോറസ്റ്റ് ഓഫീസുകളില്‍ നിന്ന് വലിയ നടപടികളൊന്നും നാട്ടുകാരും പ്രതീക്ഷിക്കുന്നില്ല. പിന്നെയുള്ളത് കൃഷി, വില്ലേജ് ഓഫീസുകളാണ്. രണ്ട് ഡിപ്പാര്‍ട്ടുമെന്റിലും ആവശ്യത്തിന് സ്റ്റാഫില്ല. ഏതു കാര്യത്തിനും സ്ഥലം സന്ദര്‍ശിക്കേണ്ട വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ തസ്തികയില്‍ നിലവില്‍ അഞ്ഞൂറിലേറെ ഒഴിവുകളാണുള്ളത്. ലൈഫ് മിഷന്‍ പദ്ധതിയനുസരിച്ച് അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും വി.ഇ.ഒ.മാര്‍ മെല്ലെപ്പോക്കിലുമാണ്.

72 പൈസയായാലും പിടിച്ചുപറിക്കും....

കര്‍ഷകരില്‍നിന്ന് ഒരു കിലോഗ്രാമിന് 28 രൂപ 72 പൈസ നിരക്കില്‍ നെല്ല് സംഭരിക്കുമെന്ന് 2021 ഒക്‌ടോബര്‍ 27-ന് കൃഷിമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞിരുന്നു. 1 കിലോഗ്രാം നെല്ലിന് കേന്ദ്ര വിഹിതം 18 രൂപ 68 പൈസയും സംസ്ഥാന വിഹിതം 8 രൂപ 60 പൈസയും ചേര്‍ന്നായിരുന്നു വില നിശ്ചയിച്ചിരുന്നതെങ്കിലും കേന്ദ്ര വിഹിതം 19 രൂപ 40 പൈസയാക്കി ഉയര്‍ത്തിയപ്പോള്‍ കേന്ദ്രം കൂട്ടിയ 72 പൈസ കൂടി കര്‍ഷകര്‍ക്ക് നല്കാമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പഴയ കേന്ദ്ര വിഹിതമനുസരിച്ച് സംഭരണവില 28 രൂപ എന്നു നിശ്ചയിച്ച് ഉദ്യോഗസ്ഥന്മാര്‍ ഉത്തരവിറക്കി. കര്‍ഷകനല്ലേ, അയാള്‍ക്കെന്തിന് 72 പൈസ ഖജനാവില്‍നിന്നു കൊടുക്കണം, ചെറിയ തുകയാണങ്കിലും അത് സര്‍ക്കാരിന്റെ പണപ്പെട്ടിയിലെ ചില്ലറയിലേക്ക് മുതല്‍ കൂട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ, നിങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം. ചില്ലിപ്പൈസപോലും ഖജനാവില്‍ നിന്ന് ചോരരുതെന്ന ആ 'കമ്മിറ്റ്‌മെന്റ്' അപാരം തന്നെ!

കര്‍ഷകരെ നിര്‍ത്തിപൊരിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍

മരം മുറിക്കാനും പാറപൊട്ടിക്കാനും എങ്ങനെയും നിയമങ്ങള്‍ വളച്ചൊടിച്ച് മാഫിയകളെ സഹായിക്കുകയാണ് ഭരണകൂടങ്ങള്‍ ഇന്ന്. സുപ്രീംകോടതി വിധിപോലും കണ്ടില്ലെന്ന് ഭരണകൂടങ്ങള്‍ നടിക്കുന്നു. എന്നാല്‍ കര്‍ഷകന്റെ കാര്യത്തില്‍ വനംവകുപ്പും മറ്റും അതിശൗര്യം കാണിക്കുന്നു. 1970-ല്‍ അഞ്ചു മക്കള്‍ കുടുംബത്തിലുണ്ടെങ്കില്‍ 15 ഏക്കര്‍ കൈവശം വയ്ക്കാമായിരുന്നു. പുതിയ നിയമ ഭേദഗതികള്‍ പ്രകാരം കൈവശമുള്ള ഭൂമി ക്രയവിക്രയം ചെയ്യാന്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് അനുമതിയില്ല. 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ഭൂമിയുടെ ക്രയവിക്രയങ്ങളുടെ പേരില്‍ ഭൂമി വിറ്റയാളും വാങ്ങിയ ആളും പ്രതിക്കൂട്ടിലാകുന്ന വിധത്തിലുള്ള നിയമഭേദഗതി ആരെ സഹായിക്കാനാണ്? വനപ്രദേശങ്ങള്‍ സംരക്ഷിക്കാനും, കാട്ടുമൃഗങ്ങള്‍ നാടുകളിലിറങ്ങുന്നതും തടയാനും നവകേരള നിര്‍മ്മാണ പദ്ധതിയായ റീബില്‍ഡ് കേരളയില്‍ കൃഷി വകുപ്പിന് 520 കോടി രൂപയും ദുരന്ത നിവാരണ പദ്ധതികള്‍ക്ക് 546 കോടി രൂപയും വനംവകുപ്പിന് 130 കോടി രൂപയും നീക്കിവച്ചതില്‍ വനം വകുപ്പ് ഇതുവരെ ചെലവാക്കിയത് നാല് കോടി രൂപ മാത്രം. കൃഷിവകുപ്പ് ഭേദമാണ്. 117 കോടി രൂപ ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരാകട്ടെ, നെല്‍കര്‍ഷകര്‍ക്കുള്ള സബ്‌സിഡി ഇതുവരെ തീര്‍ത്തു നല്കിയിട്ടില്ല. കേന്ദ്രാവിഷ്‌കൃത വിള ഇന്‍ഷ്വറന്‍സില്‍ കര്‍ഷകര്‍ വിഹിതമടച്ചുവെങ്കിലും സംസ്ഥാനവിഹിതം അടയ്ക്കാത്തതിനാല്‍ അതും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഇനി വളം സബ്‌സിഡിയുടെ കാര്യം. ഫാക്ടംഫോസിന് സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്നതിനു മുമ്പ് 50 കിലോ ചാക്കിന് 1325 രൂപയായിരുന്നു വില. കേന്ദ്രം സബ്‌സിഡി തുക 65 രൂപ കൂട്ടിയപ്പോള്‍ ഫാക്ടും വിലകൂട്ടി. പുതിയ വില 1390 രൂപ. കര്‍ഷകന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടു മാത്രമല്ല, കാലിട്ടുവാരാന്‍ കൂടി നോക്കുകയല്ലേ ഇവര്‍? എങ്ങനെയും കൃഷിയിടങ്ങളില്‍നിന്ന് കര്‍ഷകനെ അകറ്റി നിര്‍ത്തുകയെന്ന ഹിഡന്‍ അജന്‍ഡ ആരുടേതാണ്? എല്ലാം അംബാനിയും അദാനിയും ഇറക്കുമതി ചെയ്യാന്‍ പോകുമ്പോള്‍ ''എന്തിനെരടേ ഇവിടെ കൃഷി?'' എന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ 'തിരോന്തര്വം' ഭാഷയിലുള്ള ചോദ്യം ഏതായാലും ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org