
ദൈവത്തിന്റെ സ്വന്തം നാടിനെ ചില രാഷ്ട്രീയക്കാര്‍ ലൂസിഫറുടെ നാടാക്കി മാറ്റിക്കഴിഞ്ഞു. ഈ ചെകുത്താന്മാരെ തുരത്താന്‍ ജനം തന്നെ രാഷ്ട്രീയം മറന്ന് ഒന്നിക്കേണ്ടി വരാം.
ബ്രഹ്മപുരം. അടിപൊളിയാണ് ഈ സ്ഥലനാമം. സാഹിത്യകാരന്‍ ടി പത്മനാഭന്‍ കാല്‍നൂറ്റാണ്ട് കാലം ശാന്തസുന്ദരമായി കഴിച്ചുകൂട്ടിയ സ്ഥലം. ഇന്ന് ബ്രഹ്മപുരം രാഷ്ട്രീയക്കാരുടെ അഴിമതി ഭാണ്ഡങ്ങള്‍ വലിച്ചെറിഞ്ഞ ഗ്രാമമായി മാറ്റിക്കഴിഞ്ഞു. ബ്രഹ്മപുരം പ്ലാന്റ് കൊച്ചിന്‍ കോര്‍പ്പറേഷന്റെ ചുമതലയിലുള്ളതാണെന്ന മട്ടിലായിരുന്നു സര്‍ക്കാര്‍ ആദ്യം. കരാര്‍ കൊടുത്ത കോര്‍പ്പറേഷനെ പ്രതിക്കൂട്ടിലാക്കിയ സര്‍ക്കാര്‍ പക്ഷേ ഒരു കാര്യം മറന്നു. ഇപ്പോള്‍ ജനകീയ പ്രതിരോധജാഥ നയിക്കുന്ന എം വി ഗോവിന്ദന്‍ തദ്ദേശവകുപ്പ് മന്ത്രിയായിരിക്കെയാണ് 8 കോടി രൂപ, കരാര്‍ ഏറ്റെടുത്ത വിവാദ കമ്പനിക്ക് കൊച്ചിന്‍ കോര്‍പറേഷന്‍ നല്‍കാന്‍ ഉത്തരവിട്ടത്. ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതു കൊണ്ട് പണം നല്‍കാനാവില്ലെന്നും കോര്‍പ്പറേഷന്‍ മറുപടി നല്‍കി. എന്നാല്‍ മന്ത്രി ഗോവിന്ദന്‍ വി വാദകമ്പനിക്ക് 4 കോടിയെങ്കിലും നല്‍കാന്‍ നിര്‍ദേശിച്ചത് കോര്‍പ്പറേഷന് അനുസരിക്കേണ്ടിവന്നു. ഇതെല്ലാം സൂചിപ്പിക്കുന്നതെന്താണ്? കരാര്‍ മാഫിയകളുടെ വേരുകള്‍ തലസ്ഥാനത്താണെന്നല്ലേ?
മാസ്‌ക് കൈയിലെടുത്തോളൂ ഒപ്പമൊരു ശവപ്പെട്ടിയും
ആരോഗ്യവകുപ്പ് ഏതായാലും ബ്രഹ്മപുരം പ്രശ്‌നത്തില്‍ അതിന്റെ തനി 'കൊണം' കാണിച്ചു. തീ പിടിച്ച് പുക പരന്ന് 10 ദിവസം കടന്നുപോകെ ആരോഗ്യവകുപ്പ് മന്ത്രി ജനത്തിന് ഒരുപദേശവും നല്‍കി: ജനം പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം! മാസ്‌ക്കല്ല, ഒരു ശവപ്പെട്ടിയും രണ്ട് നുള്ള് പഞ്ഞിയും കൂടി കൈവശം കരുതേണ്ട അവസ്ഥയിലെത്തി ജനം എരിപൊരി കൊള്ളവേ ആരോഗ്യമന്ത്രിയുടെ ഉപദേശം ഏതായാലും നവമാധ്യമങ്ങളിലെ 'തള്ള്' പട്ടികയില്‍ ഇടംപിടിച്ചു.
അഴുക്കായാലുമെന്താ ചക്കര ഭരണിയല്ലേ?
നിയമസഭയിലെ തിങ്കളാഴ്ചത്തെ വിഷ്വലുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം ജനത്തിന് തീര്‍ച്ചയായി: ജനം ശ്വാസംമുട്ടി മരിച്ചാലും സര്‍ക്കാരിന് ഒരു പുല്ലുമില്ലെന്ന്! മാത്രമല്ല, എം ബി രാജേഷ് എന്ന മിടുമിടുക്കാന്‍ ജനപ്രതിനിധി വിവാദകമ്പനിയെ മാത്രമല്ല, തീപിടുത്തത്തെയും 'വൈറ്റ് വാഷ്' ചെയ്യുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി. ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുള്ള അഴിമതിപ്പണം പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ വരെയെത്തിയിരിക്കാമെന്നു മന്ത്രി രാജേഷിന്റെ വാക്കുകള്‍ തെളിവായി. ''ഇതാദ്യമായല്ല, ബ്രഹ്മപുരത്ത് തീ പിടിക്കുന്നതെന്നും ഇതിനുമുമ്പും തീപിടിത്തമുണ്ടായിട്ടുണ്ടെന്നും അഞ്ചു നില കെട്ടിടത്തിന്റെ പൊക്കത്തിലുള്ള ബ്രഹ്മപുരത്തെ മാലിന്യമല ഇപ്പോഴത്തെ എല്‍ ഡി എഫ് ഭരിക്കുന്ന ഭരണകാലത്തുണ്ടായതല്ലെന്നും മന്ത്രി പറഞ്ഞതു കേട്ട് മന്ത്രിയായതോടെ അദ്ദേഹത്തിനു വന്ന മാറ്റം കണ്ട് ഏവരും ഞെട്ടിയിരിക്കുകയാണ്.
രാഷ്ട്രീയക്കാരെല്ലാംതന്നെ ബ്രഹ്മപുരത്തെ നാറ്റക്കേസില്‍ പ്രതികളാണെന്നു ജനം കരുതുന്നു. പ്രൊഫ. മേഴ്‌സി വില്യംസ് മേയറായിരിക്കെയാണ് ബ്രഹ്മപുരത്ത് ഒരു ഷെഡ് നിര്‍മ്മിച്ചത്. മതിയായ പൈലിംഗ് നടത്താതെ നിര്‍മ്മിച്ചതു കൊണ്ടാകാം ഷെഡ് തുടക്കത്തിലെ ചെരിഞ്ഞു തുടങ്ങിയിരുന്നു. കോര്‍പ്പറേഷന്റെ ലോറികളും അഴുക്ക് യന്ത്രക്കൈ കൊണ്ട് വാരിയെടുക്കാവുന്ന ആധുനിക ട്രക്കുകളുമെല്ലാം കട്ടപ്പുറത്തായിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന 56 ലോറികളും വാടകയ്ക്ക് എടുത്തവയാണ്. ഈ വാടക വാഹനങ്ങളെല്ലാംതന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ബി നാമികളുടെ പേരിലുള്ളതാണെന്ന് പരാതികളുണ്ട്. എറണാകുളംലോ കോളേജിന്റെ പിന്നിലുള്ള കോര്‍പ്പറേഷന്റെ വക ഒരു യാര്‍ഡുണ്ട്. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന ലോറികളും ട്രക്കുകളും എല്ലാം പറയുന്നത് അഴിമതി ഭരണത്തിന്റെ യക്ഷിക്കഥകളാണ്. ഒരു നഗരം എങ്ങനെ ഭരിച്ച് 'കുളമാക്കാമെന്നതിന്' ഉദാഹരണം കാണണോ? കൊച്ചി കോര്‍പ്പറേഷനിലേക്ക് നോക്കിയാല്‍ മതി.
മലിനീകരണ നിയന്ത്രണം പി സി ബി സ്‌റ്റൈല്‍
കൊച്ചി നഗരത്തിലെ വായു മലിനീകരണത്തിന്റെ തോത് അപകടകരമായ അവസ്ഥയിലാണ്. ഇതു തടയേണ്ട പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മറ്റൊരു വെള്ളാനയാണിപ്പോള്‍. വായുവിലെ പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങള്‍ (പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍) അളക്കാന്‍ വൈറ്റിലയില്‍ പി സി ബി സ്ഥാപിച്ച സംവിധാനം അടച്ചുപൂട്ടിക്കഴിഞ്ഞു. കഷ്ടിച്ച് 3 ലക്ഷം രൂപ വില വരുന്ന ഈ സംവിധാനം സ്ഥാപിക്കാന്‍ 69 ലക്ഷം രൂപ ചെലവെഴുതിത്തള്ളിയ അഴിമതി വീരനാണത്രെ വൈറ്റിലയിലെ ഈ സംവിധാനം താഴിട്ടു പൂട്ടിയത്. മാധ്യമങ്ങള്‍ ബഹളം വച്ചിട്ടും വായുവിലെ രാസ മാലിന്യത്തോത് രേഖപ്പെടുത്താനുള്ള ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാത്തതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ജനം പറയുന്നു.
മഴ വന്നാല്‍ വീടിനകത്ത് മലിനജലം ഒഴുകി നിറയും, വേനല്‍ വന്നാല്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുട്ടും, നഗരത്തിലെ റോഡുകളിലോ സ്വകാര്യബസ്സുകളുടെ അഴിഞ്ഞാട്ടം, പട്ടാപ്പകല്‍ പോലും ലഹരി കച്ചവടം തുടങ്ങി നിരവധി പ്രശ്‌നങ്ങളെയാണ് കൊച്ചി നഗരം അഭിമുഖീകരിക്കുന്നത്. ഈ പ്രശ്‌നങ്ങളുടെ കൂമ്പാരങ്ങള്‍ക്കു മുകളിലിരിക്കുന്ന ജനത്തെയാണ് ബ്രഹ്മപുരം പ്ലാന്റിലെ തീയും പുകയും ചേര്‍ന്ന് നഗരത്തില്‍നിന്ന് ആട്ടിയോടിച്ചത്. നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മന്ത്രി രാജേഷിന് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്തത് ഭരണകക്ഷിക്ക് ഒളിക്കാന്‍ പലതുമുണ്ടെന്ന സൂചന നല്‍കുന്നുണ്ട്.
കുടുംബവാഴ്ചയെ എതിര്‍ത്തവരുടെ ധര്‍മ്മ സങ്കടങ്ങള്‍
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ എതിര്‍ത്ത സി പി എമ്മുകാര്‍, അവരുടെ ആദര്‍ശ ധീരരായ നേതാക്കളുടെ മക്കളും മരുമക്കളും ബന്ധുജനങ്ങളും ഭരണത്തിന്റെ പിന്നാമ്പുറങ്ങളില്‍ പണത്തിനുവേണ്ടി കടിപിടി കൂടുന്ന പേപ്പിശാചുക്കളായി മാറിയതില്‍ ഖിന്നരാണ്. ബ്രഹ്മപുരത്തെ കരാറുകാരുടെ പട്ടികയില്‍ വ്യവസായവകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലമായ കളമശ്ശേരിയില്‍ നിന്നുള്ള പ്രാദേശിക നേതാക്കളുടെ പേരുകളും കണ്ടു. ''അതെന്താ, മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ബിസിനസ് ചെയ്യാന്‍ പാടില്ലേ'' എന്നൊരു നേതാവ് ചാനലില്‍ അലമുറയിടുന്നതും കേട്ടു. ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നത് ബിസിനസാണെന്ന് ആരാണ് പറഞ്ഞതാവോ?
നമ്മുടെ നാട് ലൂസിഫറുടെ നാടായി മാറിയോ?
കൊച്ചി കോര്‍പ്പറേഷനില്‍ താമസിക്കുന്ന 7 ലക്ഷം പേര്‍, ദിവസേന വന്നുപോകുന്ന രണ്ടര ലക്ഷമാളുകള്‍, ചുറ്റുമുള്ള നഗരസഭകളിലും പഞ്ചായത്തുകളിലുമായുള്ള ലക്ഷക്കണക്കിനാളുകള്‍... ഇവരെയെല്ലാം 'ബ്രഹ്മപുരം പ്രശ്‌നം' ഗുരുതരമായ പ്രതിസന്ധിയിലാഴ്ത്തിക്കഴിഞ്ഞു. ഈ അഗ്നിബാധയും പൊടിപടലവുമെല്ലാം മനുഷ്യശരീരത്തിലും പ്രകൃതിയിലും മണ്ണിലുമെല്ലാം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഏതായാലും ഭരിക്കുന്നവര്‍ ബോധവാന്മാരാകില്ല. മഴയെത്തുന്നതിനു മുമ്പേ, ആസിഡ് മഴ പെയ്യുന്നതിനു മുമ്പേ, ജനങ്ങള്‍ക്കു വേണ്ടി എന്തെല്ലാം ചെയ്യാനാകുമെന്ന് രാഷ്ട്രീയേതര കൂട്ടായ്മകള്‍ ചിന്തിക്കട്ടെ. നവകേരളമെന്ന സര്‍ക്കാര്‍ സ്വപ്നം പാഴ്ക്കിനാവാണിപ്പോള്‍. പേപ്പട്ടികള്‍ വാഴുന്ന തെരുവുകളും വന്യമൃഗങ്ങള്‍ സവാരിക്കിറങ്ങുന്ന കൃഷിയിടങ്ങളും, ലഹരിക്കടിപ്പെട്ടവര്‍ അഴിഞ്ഞാടുന്ന പൊതുഇടങ്ങളും, എങ്ങനെയും ജനങ്ങളില്‍നിന്ന് കൈക്കൂലി പിടിച്ചു പറിക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം കൂടി സൃഷ്ടിച്ച ലൂസിഫറുടെ ഈ നാട്ടില്‍ രക്ഷിക്കാന്‍ ഇനി മോഹന്‍ലാലിന്റെ ചെകുത്താന്‍ കഥാനായകനല്ലാതെ ആരെയാണ് നാം കാത്തിരിക്കേണ്ടത്?