
കഴിഞ്ഞ ശനിയാഴ്ച (ജൂണ്‍ 17) കൊച്ചിയില്‍ വച്ച് ഒരു പുസ്ത കം പ്രകാശനം ചെയ്യുകയുണ്ടായി. നമ്മുടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മഹരാജാസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എറണാകുളം ജില്ലാ കളക്ടറായിരുന്ന എം പി ജോസഫ് മേനാച്ചേരി ഐ എ എസ്സാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പില്‍ക്കാലത്ത് കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിസാറിന്റെ പുത്രിയെ വിവാഹം കഴിച്ചു. മാണിസാറിന്റെ മരണശേഷം പുത്രന്‍ ജോസ് കെ മാണിയുടെ പാര്‍ട്ടി എല്‍ ഡി എഫിലേക്ക് കാലുമാറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജോസ് പാലായില്‍ തോറ്റു. പി ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം പി ജോസഫ് തൃക്കരിപ്പൂരില്‍ മത്സരിച്ചു. ട്രാക്ടറായിരുന്നു ചിഹ്നം, ആ ചിഹ്നം പോലും പരിചിതമല്ലാത്ത പ്രദേശം, എം പി ജോസഫിനെ അത്രപോലുമറിയില്ല. എന്നിട്ടും ഒരു രാഷ്ട്രീയനേതാവില്‍ ജനം അന്നു വരെ കണ്ടിട്ടില്ലാത്ത സത്യസന്ധതയും കാപട്യമില്ലാത്ത പെരുമാറ്റവും വോട്ടര്‍മാരെ സ്വാധീനിച്ചു. പക്ഷെ, പോളിംഗ് ദിനമായതോടെ സി പി എം പ്രവര്‍ത്തകര്‍ നിയമം കൈയിലെടുത്തു. സ്ഥാനാര്‍ത്ഥിയുടെ കാര്‍പോലും പാര്‍ട്ടിക്കാര്‍ തല്ലിത്തകര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന് സി പി എം നല്കിയ കത്തിവേഷം കണ്ട് കേരളത്തിലും വിദേശത്തും ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ വഹിച്ചിട്ടുള്ള എം പി ജോസഫ് അമ്പരന്നു നിന്നു. എന്നാല്‍ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുള്ള സി പി എം ന്റെ ഭീകരമുഖം പുറം ലോകം അറിയണമെന്ന എം പി ജോസഫിന്റെ ഉറച്ച തീരുമാനമാണ്, ''തൃക്കരിപ്പൂര്‍ ചോരപുരണ്ട കഥ പറയുമ്പോള്‍'' എന്ന ഗ്രന്ഥം.
ഇന്നത്തെ രാഷ്ട്രീയവും പാര്‍ട്ടി ഗ്രാമങ്ങളും
പാര്‍ട്ടി ഗ്രാമങ്ങളില്‍ സി പി എംന്റെ നേതൃത്വത്തില്‍ സമാന്തര ഭരണസംവിധാനമുണ്ട്, കോടതിയുണ്ട്; എന്തിന് ജയിലും പൊലീസുമുണ്ട്.
സമഗ്രാധിപത്യ ശൈലിയിലൂടെ പാര്‍ട്ടിയണികളെ വിശ്വാസ ത്തിലെടുത്ത് അവരുടെ ജീവിതാവശ്യങ്ങള്‍ പാര്‍ട്ടി നേടികൊടുക്കുകയാണിപ്പോള്‍. ജോലിക്ക് ജോലി, ബിരുദത്തിനു ബിരുദം എന്നി ങ്ങനെ പാര്‍ട്ടിക്കൊപ്പം നടന്നാല്‍ രണ്ടുണ്ട് കാര്യമെന്നല്ല, മൂന്നുണ്ട് കാര്യമെന്ന് അണികള്‍ക്കും മനസ്സിലായിട്ടുണ്ട്.
കോടികള്‍ വെട്ടിവിഴുങ്ങിയ കരുവന്നൂരിലെ സഹകരണ ബാങ്ക് വിവാദത്തില്‍ ഇപ്പോഴും ഭരണകൂടം പാര്‍ട്ടിക്കാരെ സംരക്ഷിക്കു ന്നതായി പരാതിയുണ്ട്. പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണ സമിതിയാണെങ്കില്‍ അന്വേഷണമെല്ലാം 'വന്ദേഭാരത്' സ്പീഡി ലായിരിക്കും!
പാര്‍ട്ടിഗ്രാമങ്ങള്‍ ചൈനീസ് എന്‍ക്ലേവുകളായിരിക്കെ, ആ ഗ്രാമങ്ങളില്‍ മുഖമടച്ചു വീഴുന്ന ഇന്ത്യന്‍ ജനാധിപത്യത്തിനുവേണ്ടി ബി ജെ പി പോലും മൗനത്തിലാണ്. പകരം കാവിഗ്രാമങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണത്രെ അവര്‍! എം പി ജോസഫ് തന്റെ ഗ്രന്ഥത്തില്‍ ഉന്നയിക്കുന്ന പ്രധാന പരാതിയും അതുതന്നെ.
കെ-റെയില്‍ വരും കേട്ടോ...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ പറയുമ്പോള്‍ സില്‍വര്‍ ലൈനിനായുള്ള മഞ്ഞക്കുറ്റി കളിട്ട പുരയിടത്തിന്റെ ഉടമകളുടെ ചങ്കുലയുന്നു. സി പി എം നിയന്ത്രണത്തിലുള്ള പുരോഗമന കലാ സാഹിത്യ സംഘം പോലും സില്‍വര്‍ ലൈനിനെതിരെ വശത്തുണ്ട്. സി പി എം ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങളും കെ-റെയിലിനെ എതിര്‍ക്കുന്നു. എന്നിട്ടും പിണറായി പറയുന്നു, കെ-റെയില്‍ വരുമെന്ന്.
ന്യൂജെന്‍ നേതാക്കളെ ഉമ്മവച്ച്, ഉമ്മവച്ച്
സി പി എം സംസ്ഥാന സെക്രട്ടറി, തെറ്റുപറ്റിയിട്ടും എസ് എഫ് ഐയെ തിരുത്താന്‍ തയ്യാറാവുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് റൂം ഏതോ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഉല്പന്നം ''തട്ടില്‍ കുട്ടി ദോശപോലെ'' ഉണ്ടാക്കി വില്‍ക്കുമ്പോള്‍ അതൊരു ഗൂഢാലോചനയാണെന്നും എഫ് ഐ ആര്‍ ഇടണമെന്നും ഗോവിന്ദന്‍മാഷ് വാദിക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി നേതാക്കളെ തിരുത്താന്‍ കഴിയാത്ത വിധം സീതാറാം യെച്ചൂരിയടക്ക മുള്ളവര്‍ മാധ്യമങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നതും നാം കാണേണ്ടി വരുന്നു.
'പൊതു'വായിട്ടുള്ളതെല്ലാം പൊളിച്ചടുക്കാം...
കേരളത്തിലെ പൊതുവിതരണ സമ്പ്രദായം രാജ്യത്തിനുതന്നെ മാതൃകയായിരുന്നു. എന്നാല്‍, ഇപ്പോഴോ? ഡിജിറ്റല്‍ ഇന്ത്യയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ മാത്രം 1.37 ലക്ഷം പേര്‍ക്കും റേഷനരി മുടങ്ങിയെന്നു കണക്കുകളു ണ്ട്.
പൊതുവിദ്യാഭ്യാസരംഗം പ്രവേശനോത്സവം എന്ന വര്‍ണ്ണത്തൊപ്പിവച്ച് കൂക്കിവിളിക്കുമ്പോഴും പല സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രാഥമികസൗകര്യങ്ങള്‍ പോലുമില്ല. പൊതു വിദ്യാഭ്യാസ രംഗത്തോടുള്ള അവഗണനയുടെ ആഴം അറിയണമെങ്കില്‍ ഇനിയും നികത്തപ്പെടാത്ത അധ്യാപക ഒഴിവുകളുടെ കണക്കെടുത്താല്‍ മതി.
തൊഴില്‍ വേണോ, പാര്‍ട്ടിയില്‍ ചേരണം
കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പൊടിപൊടിക്കു ന്നു. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ നിരക്കിന്റെ ഇരട്ടിയാ ണ്. 2021 ആഗസ്റ്റിലെ കണക്ക് പ്രകാരം 38.9 ശതമാനം ചെറുപ്പക്കാര്‍ തൊഴിലിനായി കാത്തിരിക്കുന്നു. രജിസ്റ്റര്‍ ചെയ്തവരില്‍ 94 ശതമാനവും എസ് എസ് എല്‍ സി പാസ്സായവരാണ്. തലസ്ഥാന ജില്ലയില്‍ തൊഴിലില്ലാപ്പട 60 ലക്ഷം കവിഞ്ഞു. ഹതഭാഗ്യരായ ഈ ചെറുപ്പക്കാരെ കബളിപ്പിച്ചു കൊണ്ടാണ് പാര്‍ട്ടി പിന്‍വാതില്‍ നിയ മനങ്ങള്‍ നടത്തുന്നത്.
അന്തസ്സില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനം
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനു മുമ്പില്‍ മണിക്കൂറുകള്‍ എടുത്താണ് ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞത്. പത്രക്കാരുടെ ഒരു ചെറിയ ചോദ്യം പോലും സി പി എംകാരെ ചൊടിപ്പിക്കുന്നു.
ഉമ്മന്‍ചാണ്ടിക്ക് എതിരെ എത്ര ഹീനമായ ലൈംഗികാരോപ ണമാണ് ചിലര്‍ നടത്തിയത്? മോന്‍സന്‍ മാവുങ്കലിന്റെ പോക് സോ കുറ്റകൃത്യവേളയില്‍ കെ സുധാകരന്റെ സാന്നിധ്യമുണ്ടാ യിരുന്നുവെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ക്രൈംബ്രാഞ്ചിന്റെ രഹസ്യമൊഴിയില്‍ പോലും ഇത്തര മൊരു പേര് കണ്ടിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. അതുകൊണ്ട് ജനം ചോദിച്ചേക്കും: ഇതും ഒരുതരം ക്രൈമല്ലേ ഗോവിന്ദാ...?