കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ 'മാര്‍ഗംകളി'യില്‍ നിന്ന് രക്ഷനേടാന്‍ ഒരു മാര്‍ഗവും കാണാതെ ജനം

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ 'മാര്‍ഗംകളി'യില്‍ നിന്ന് രക്ഷനേടാന്‍ ഒരു മാര്‍ഗവും കാണാതെ ജനം
നാടുനിറയെ വികസനം കൊണ്ട് അരി വറുക്കുന്ന ഭരണകൂടങ്ങള്‍ കാടുകളിലേക്ക് കണ്ണയച്ചു കഴിഞ്ഞു. കാലാകാലങ്ങളായി മലയോരങ്ങളില്‍ താമസിക്കുന്ന പട്ടിണിക്കൂരകള്‍ക്കു നേരെ ഭരണകൂടങ്ങള്‍ എന്തിന് പന്നിപ്പടക്കമെറിയണം?

50 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു യു.എസ്. പരിസ്ഥിതി ശാസ്ത്രകാരി ഒരു പുസ്തകമെഴുതി. ഡോണെല്ല മെഡോസ് (Donella Meadows) എഴുതിയ വളര്‍ച്ചയുടെ പരിധികള്‍ (Limits to growth) എന്ന പേരിലുള്ള ഈ ഗ്രന്ഥത്തിലാണ് പ്രകൃതി വിഭവങ്ങളുടെ മനുഷ്യരുടെ കടുംവെട്ടിനെക്കുറിച്ച് പ്രവചിച്ചിട്ടുള്ളത്. മനുഷ്യരുടെ സമ്പത്തിനോടുള്ള അത്യാര്‍ത്തിയുടെ പ്രതീകമെന്ന നിലയിലാണ് ഈ വാക്കുകളെ നാം കാണേണ്ടത്.

നമ്മുടെ കൊച്ചുകേരളത്തില്‍ പോലും കടലും കാടും ലക്ഷ്യമാക്കിയുള്ള കുത്തകകളുടെ കുത്തിക്കവര്‍ച്ചകള്‍ക്ക് നാം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ഭൂമിക്കും മനുഷ്യനും എതിരെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ മാനവരാശിയുടെ അസ്തിത്വത്തെ തന്നെതകര്‍ക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍, ആ വ്യക്തിയെയും പ്രസ്ഥാനത്തെയും 'ദേശദ്രോഹ'മെന്ന വിശേഷണം നല്കി തുറുങ്കിലടയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ചിലപ്പോഴെങ്കിലും മത്സരിക്കുകയാണെന്നു തോന്നും.

രക്തസാക്ഷികളിലും വേര്‍തിരിവുണ്ട്...

എന്തുകൊണ്ട് ഇത്തരമൊരു ആരോപണം ഭരണകൂടങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നുവെന്ന ചോദ്യത്തിനുള്ള വിശദമായ മറുപടി നല്കാനാണ് ഇനിയുള്ള ശ്രമം. വര്‍ഷങ്ങള്‍ക്കു മുമ്പ് മലയോരങ്ങളിലേക്കുള്ള കുടിയേറ്റം ഭരണകൂടങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന ചരിത്രം ആരും മറന്നിരിക്കാനിടയില്ല. അതൊരു പോരാട്ടമായിരുന്നു. ഒന്നുമില്ലാത്തിടത്ത് പൊന്നു വിളയിച്ച ആ പഴയ കാലം കര്‍ഷകരുടെ ഓര്‍മ്മികളിലുണ്ട്. ആ നേട്ടങ്ങള്‍ക്കായുള്ള പോരാട്ട മധ്യേ വീണു മരിച്ചവരുണ്ട്. രാഷ്ട്രീയ രക്തസാക്ഷികള്‍ക്ക് ഫണ്ട് പിരിക്കുന്ന പാര്‍ട്ടികളൊന്നും അന്നും ഇന്നും ആ കര്‍ഷകകുടംബങ്ങളുടെ കണ്ണീരു കണ്ടിട്ടില്ല. എന്നാല്‍ അന്ന് മണ്ണില്‍ പൊന്ന് വിളയിച്ചവരെ അവരുടെ തന്നെ കിടപ്പാടങ്ങളില്‍ നിന്നിറക്കി വിടാന്‍ ഭരണകൂടങ്ങള്‍ ഇപ്പോള്‍ കൈകോര്‍ക്കുകയാണെന്ന പരാതികളുയരുന്നു. ബഫര്‍ സോണ്‍ എന്ന പേരിലുള്ള പ്രദേശങ്ങളില്‍ തലമുറകളായി ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ സ്വന്തം കിടപ്പാടങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്. ബഫര്‍സോണ്‍ എന്ന സാങ്കേതിക പ്രഖ്യാപനത്തെക്കുറിച്ചോ അക്കാര്യത്തില്‍ ജുഡീഷ്യറിയും ഭരണകൂടങ്ങളും കൈക്കൊള്ളുന്ന നടപടികളെപ്പറ്റിയോ ഇപ്പോള്‍ നമുക്ക് അഭിപ്രായം പറയാനാവില്ല. കാരണം, അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നിയമപരമായി ഇപ്പോള്‍ ഉചിതമല്ലല്ലോ.

കേന്ദ്ര സര്‍ക്കാരിന്റെ കടുംകൈ

വനഭൂമി, പട്ടയം നല്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥരുടെയും 'ജാഗ്രതക്കുറവി'ന്റെ കയ്‌പേറിയ ദുരിതങ്ങള്‍ ജനം അനുഭവിക്കേണ്ടി വരുന്നത് എന്തുകൊണ്ട്? വനഭൂമി സംബന്ധിച്ച് പലപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പരസ്പര വിരുദ്ധങ്ങളായി മാറുന്നത് പതിവാണ്. 2022 ഏപ്രില്‍ 23-ലെ പത്രവാര്‍ത്തയില്‍ നെയ്യാര്‍ -പേപ്പാറ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള കള്ളിക്കാട്, അമ്പൂരി, കുറ്റിച്ചല്‍, ആര്യനാട്, വിതുര പ്രദേശങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി കേന്ദ്ര വനം വകുപ്പ് പ്രഖ്യാപിച്ചത് അവിടെയുള്ള വില്ലേജ് ഓഫീസുകള്‍ പോലും അറിഞ്ഞില്ല. ഇവിടെ ജനങ്ങള്‍ അവരവരുടെ കിടപ്പാടങ്ങള്‍ക്ക് പട്ടയം വേണമെന്ന് സമരം ചെയ്തു വരുകയായിരുന്നു എന്നതു കൂടി ഓര്‍മ്മിക്കണം. ഇതോടെ ഈ പ്രദേശത്തെ എല്ലാ ഭൂമി ഇടപാടുകളും റദ്ദായി. ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലുമായി.

സോഷ്യല്‍ ഫോറസ്ട്രി എന്ന പരിസ്ഥിതി വഞ്ചന

ഇടുക്കി ജില്ലയില്‍ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് പാഴ് മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ 87.37 ഹെക്ടര്‍ ഭൂമി നല്കിയത് ഇക്കഴിഞ്ഞ ജൂലൈ മൂന്നാം വാരം സം സ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയുണ്ടായി. അത് വനപ്രദേശമായി നിലനിര്‍ത്തി അവിടെ യൂക്കാലിപ്റ്റ്‌സ് മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്തെ വനം വിസ്തൃതി പോലും 1540 ചതരുശ്ര കിലോമീറ്റര്‍ വിര്‍ദ്ധിച്ചതായാണ് പുതിയ കണക്ക്. രാജ്യത്തിന്റെ മൊത്തം വിസ്തീര്‍ണം 32,87,469 ചതുരശ്ര കിലോ മീറ്ററാണ്. ഇതില്‍ 7,13,790 ചതരുശ്ര കിലോമീറ്റര്‍ വനമാണ്. കേരളത്തിന്റെ ആകെ വിസ്തീര്‍ണ്ണം 38,852 ചതരുശ്ര കിലോമീറ്റും വനവിസ്തൃതി 21,253 ചതുരശ്ര കിലോമീറ്ററുമാണ്. അതായത് കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 54.70 ശതമാനം ഇപ്പോള്‍ തന്നെ വനമാണ്. 2019-ലെ കണക്കനുസരിച്ച് കേരളത്തില്‍ 109 ചതുരശ്ര കിലോമീറ്റര്‍ വനം വര്‍ദ്ധിച്ചിട്ടുണ്ട്. അന്ന് മറ്റൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിരുന്നു. 30,000 ഹെക്ടര്‍ സാമൂഹ്യ വനവത്ക്കരണത്തിന്റെ ഭാഗമായി അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റ്‌സ് മരങ്ങള്‍ നടാനായി ഫണ്ടും അനുവദിച്ചു. ഇപ്പോള്‍, വനംവകുപ്പ്, വനത്തില്‍ ടൂറിസവികസനം നടപ്പാക്കുമെന്നും, വനത്തില്‍ ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്നും വീമ്പിളക്കുന്നുണ്ട്. കാട്ടില്‍ മാവും പ്ലാവുമെല്ലാം വച്ചുപിടിപ്പിച്ചാല്‍ കാട്ടുമൃഗങ്ങള്‍ അതെല്ലാം തിന്ന് വിശപ്പടക്കിക്കോളുമെന്നും, പിന്നെ അവ നാട്ടിലേയ്ക്ക് ഇറങ്ങില്ലെന്നുമാണ് വനംവകുപ്പിലെ 'കാല്‍പ്പനിക കഥാകഥനക്കാര്‍' പറയുന്നത്. ഇപ്പോള്‍ തന്നെ 30 ലക്ഷം മനുഷ്യരാണ് ഏതു സമയത്തും കാട്ടുമൃഗങ്ങളുടെ ആക്രമണഭീഷണിയില്‍ കഴിയുന്നത്. കാട്ടില്‍ എവിടെയോ നട്ടുവളര്‍ത്തുന്ന ഫലവൃക്ഷത്തൈകള്‍ കായ്ച്ച് ചക്കയും മാങ്ങയും മൂത്തുപഴുത്ത് പാകമാകുന്നതുവരെ വന്യമൃഗങ്ങള്‍ കാടിറങ്ങരുതെന്ന് മന്ത്രി ഓര്‍ഡറിട്ടാല്‍ മതിയെന്നാണോ ഇവര്‍ കരുതുന്നത്? ഇതിനായി വെട്ടിത്തെളിക്കാന്‍ പോകുന്നത് 28,641.64 ഹെക്ടര്‍ വനമാണ്. വൃക്ഷസമൃദ്ധിയെന്ന ഈ പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത് 640 കോടി രൂപയാണ്. സാമൂഹ്യ വനവത്ക്കരണമെന്ന 'റിയാലിറ്റിഷോ' നിര്‍ത്തുകയാണെന്നും അക്കേഷ്യയും യൂക്കാലിയുമൊന്നും വനത്തിന്റെ ഏഴയലത്ത് അടുപ്പിക്കില്ലെന്നും പറഞ്ഞ വനംവകുപ്പ് ഇടുക്കിയില്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍ നിന്നും പിടിച്ചെടുത്ത വനഭൂമിയില്‍ വീണ്ടും അക്കേഷ്യയും യൂക്കാലിപ്റ്റ്‌സും നടാന്‍ പോകുന്നത് ഏതുതരം തമാശയില്‍പ്പെടും? വന്യമൃഗങ്ങള്‍ ആക്രമിച്ച വകയില്‍ 50 കോടിയിലേറെ രൂപ ഇപ്പോഴും കുടിശ്ശികയാണ്. വനത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ വെട്ടിവെളുപ്പിക്കുന്ന മരങ്ങളില്‍ 62 ശതമാനവും തേക്കു മരങ്ങളാണെന്നറിയുമ്പോള്‍ ആരും ബോധംകെട്ട് വീഴരുത്. ഇനി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തിയെടുക്കാന്‍ 14 ജില്ലകളിലുമായി 758 നഴ്‌സറികള്‍ തുടങ്ങുമെന്ന വീരവാദം വേറെയുമുണ്ട്. 45 ലക്ഷം വൃക്ഷത്തൈകള്‍ ഇതിനായി വേണ്ടി വരുമെന്ന് കണക്കുണ്ട്.

ഇതാണ് ആ രേഖ എന്നു പറഞ്ഞിട്ടും....

എത്ര ചതുരശ്ര കിലോമീറ്റര്‍ വനമാണ് കേരളത്തില്‍ ഉള്ളതെന്നതിന് ഉമ്മന്‍ വി. ഉമ്മന്റേതാണ് വിശ്വസനീയമായ കണക്ക്. 123 വില്ലേജുകളില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് ഫോറസ്റ്റാണുള്ളതെന്നാണ് ഉമ്മന്‍ കണക്കാക്കിയത്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ജിയോ കോര്‍ഡിനേറ്റ് മാപ്പും അന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഈ ആധികാരിക രേഖ സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിലിരിക്കെ, കേന്ദ്ര വനംവകുപ്പ് പുതിയ പുതിയ സ്ഥലങ്ങള്‍ പരിസ്ഥിതി ലോല പട്ടികയില്‍പ്പെടുത്തുന്നത് ഈ പ്രദേശങ്ങളില്‍ കാലാകാലങ്ങളായി ജീവിക്കുന്നവരെ വഞ്ചിക്കുന്നതിന് തുല്യമല്ലേ? ഒന്നാം പിണറായി സര്‍ക്കാര്‍ ഉമ്മന്‍ റിപ്പോര്‍ട്ടില്‍നിന്ന് 31 വില്ലേജുകളെ ഒഴിവാക്കിയിരുന്നു. മാധവ് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചതില്‍ നിന്ന് 36 താലൂക്കുകളും 80 ബ്ലോക്ക് പഞ്ചായത്തുകളും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയിരുന്നു. 2018-ലെ നിയമ നിര്‍മ്മാണത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്ള 123 വില്ലേജുകള്‍ക്കു പകരം 92 വില്ലേജുകളായി ചുരുങ്ങി.

അയ്യോ, ചിരിച്ച് ചിരിച്ച് ജനം കരഞ്ഞുപോകും

ഇനി മറ്റൊരു കോമഡി പരിപാടി കൂടിയുണ്ട്. സര്‍ക്കാര്‍ വനത്തില്‍ ടൂറിസം പദ്ധികള്‍ നടപ്പാക്കാന്‍ പോകുന്നുവത്രെ. ഇതിനായി 803.52 കോടി രൂപയാണത്രെ നീക്കിവച്ചിട്ടുള്ളത്! കാടിനടുത്ത് ജനജീവിതം പാടില്ല, കാട്ടിനുള്ളില്‍ ടൂറിസവും ക്വാറികളും മണ്ണെടുപ്പുമെല്ലാം ആകാമെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളുടെ സൈ്വരജീവിതമാണ് ഭംഗപ്പെടുത്തുന്നത്. ടൂറിസം പദ്ധതികള്‍ വരുന്നതിനു മുമ്പേ, ജനങ്ങള്‍ ശബ്ദമുയര്‍ത്തിയതുകൊണ്ട് ഈ പ്രദേശങ്ങളിലെല്ലാം റോഡുകള്‍ വികസിപ്പിച്ചു കഴിഞ്ഞു. കുടിവെള്ള വിതരണ പദ്ധതികളും സജ്ജമായിട്ടുണ്ട്. ജനങ്ങളെ ഈ പ്രദേശങ്ങളില്‍ ആട്ടിയിറക്കുമ്പോള്‍, ടൂറിസം പദ്ധതി നടപ്പാക്കാന്‍ എത്തുന്ന വിന്‍കിടക്കാര്‍ക്ക് ജനത്തിനുവേണ്ടിയെന്ന പേരില്‍ പൂര്‍ത്തിയാക്കിയ വികസന പദ്ധതികള്‍ പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പ്. അതായത് വമ്പന്മാരുടെ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു കൈസഹായം.

ജനം കുടിയിറക്കിന്റെ കത്തിമുനയില്‍...

സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത പട്ടയം ഒരു ഉദ്യോഗസ്ഥന്റെ വീഴ്ചമൂലം വീണ്ടും നല്കുമെന്ന് പറയുന്ന രണ്ടാം പിണറായി സര്‍ക്കാരും, 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശം വച്ചവര്‍ക്ക് ഇനിയും പട്ടയം നല്കാന്‍ അനുമതി നല്കാത്ത കേന്ദ്ര വനം വകുപ്പും ജന വഞ്ചനയുടെ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. വനപ്രദേശങ്ങളിലെ പ്രകൃതിവിഭവങ്ങള്‍ കുത്തിക്കവരാന്‍ എല്ലാ ഭരണകൂടങ്ങളും കുത്തകള്‍ക്കൊപ്പം ഇന്ന് ഒറ്റക്കെട്ടാണ്. രണ്ടു വശത്തുനിന്നുമുള്ള അടിയും കുത്തും ചവിട്ടുമേറ്റ് ജനം ഇഞ്ചപ്പരുവമാണിപ്പോള്‍. എപ്പോഴും കുടിയിറക്കിന്റെ കത്തിമുനയിലാണ് കേരളത്തിലെ മലയോരത്തെ ജനങ്ങള്‍. വന്യമൃഗങ്ങള്‍ക്കു വേണ്ടിയല്ല, പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന കുത്തകകള്‍ക്ക് കുടപിടിക്കുകയാണ് ഭരണകൂടങ്ങള്‍. 2070 ആകുമ്പോഴേയ്ക്കും ഭൂമിയിലെ പ്രകൃതി വിഭവങ്ങള്‍ മനുഷ്യരുടെ സമ്പത്തിനോടുള്ള അത്യാര്‍ത്ഥി മൂലം പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് ഡോണെല്ല മെഡോസ് പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം ശരിയാകാതിരിക്കട്ടെയെന്നാണ് പ്രകൃതിസ്‌നേഹികളുടെ മനസ്സിലെ പ്രാര്‍ത്ഥന.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org