കാട്ടിലെ അരിക്കൊമ്പനെ കാട് കടത്താം, പക്ഷേ, നാട്ടിലെ അരിക്കൊമ്പന്മാരെ 'എന്തൂട്ട് ചെയ്യാന്‍?'

കാട്ടിലെ അരിക്കൊമ്പനെ കാട് കടത്താം, പക്ഷേ, നാട്ടിലെ അരിക്കൊമ്പന്മാരെ 'എന്തൂട്ട് ചെയ്യാന്‍?'
യഥാര്‍ത്ഥ അരിക്കൊമ്പന്‍ ഇടുക്കിവനങ്ങളിലാണ്. പക്ഷേ, നാട്ടിലെ അരിക്കൊമ്പന്മാര്‍ തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ദേശങ്ങളിലാണ്! അതുകൊണ്ടാണ്, തലവാചകത്തിന് ഒരു പുതുമയാകട്ടെ എന്ന മട്ടില്‍ 'തൃശ്ശൂര്‍ ഭാഷ' കുത്തിക്കയറ്റിയത് !

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഒറ്റ അരിക്കൊമ്പനേയുള്ളൂ. ജീവനില്‍ കൊതിയുള്ളതുകൊണ്ട് പേര് പറയുന്നില്ല. കോണ്‍ഗ്രസിലാണെങ്കില്‍ അരിക്കൊമ്പന്മാരുടെ ബഹളമാണ്. എല്ലാ പാര്‍ട്ടികളിലുമെന്ന പോലെ എല്ലാ മേഖലകളിലും അരിക്കൊമ്പന്മാരുണ്ട്. ഇത്തരം 'കരിവീരന്മാര്‍' അരി അടിച്ചുമാറ്റി അകത്താക്കുക മാത്രമല്ല ചെയ്യുന്നത്. അവര്‍ ശത്രുക്കളായി മുദ്രകുത്തിയവരുടെ മേല്‍ കയറി നിരങ്ങും, അധികാരമുള്ള അരിക്കൊമ്പന്മാര്‍ 'മൊട' കാണിക്കാന്‍ തന്നെ ജനിച്ചവരാണ്. തനിക്കു മുമ്പില്‍ 'തിരുവായ്‌ക്കെതിര്‍ വായില്ലാതെ' വാപൊത്തി വാലില്ലെങ്കിലും 'സാങ്കല്പികമായി' അത് ചുരുട്ടി പൃഷ്ഠത്തില്‍ ചേര്‍ത്തുവച്ച് വളഞ്ഞുനിന്നാലേ ഇത്തരം അരിക്കൊമ്പന്മാര്‍ മുഖമുയര്‍ത്തി നോക്കൂ.

ഞാന്‍ പറയുന്നതു മാത്രമല്ല, എന്റെ മുഖത്തെ രോമം വടിച്ച് എന്റെ 'കട്ടബൊമ്മന്‍' ഇമേജ് കെട്ടിപ്പൊക്കുന്നവനെവരെ മുട്ടുമടക്കി തൊഴുതു നില്‍ക്കണമെന്നു പറയുന്ന രീതിയില്‍ അരിക്കൊമ്പന്മാര്‍ നാട്ടില്‍ വിലസുന്നുണ്ട്. ഒരു ജനാധിപത്യരാജ്യത്തില്‍ ഇത്തരം 'കരിവേഷങ്ങള്‍' കെട്ടിയാടുന്നവരെ ജനം പുറങ്കാലിനടിക്കുമെന്ന് പലരും പ്രവചിക്കുന്നു. ഈ പ്രവചനം ഫലിക്കാനുള്ള 'ഇടവേള'യില്‍ അരിക്കൊമ്പന്മാര്‍ക്കുവേണ്ടി രംഗത്തിറങ്ങുന്ന ആനപ്പിണ്ഡങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇപ്പോള്‍ പടരുന്നുണ്ട്.

പണ്ട് സ്വകാര്യബസ്സ് ജീവനക്കാരുടെ യൂണിയനുകള്‍ ഓണക്കാലത്ത് ബോണസ് ചോദിച്ചിരുന്നത് ഓര്‍മ്മയില്ലേ? 30 ശതമാനം ബോണസ് ചോദിക്കുന്ന യൂണിയന്‍ നേതാക്കളെ വേണ്ടവിധം കൈകാര്യം ചെയ്ത് 10 ശതമാനമാക്കി കുറയ്ക്കുന്ന ബസ്സുടമകളുടെ ട്രിക്ക് പോലെ, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് രണ്ട് ശതമാനം ഒരു ശതമാനമാക്കാന്‍ എല്‍ ഡി എഫ് തീരുമാനിക്കുമായിരുന്നു. പക്ഷേ, യു ഡി എഫ് ഇന്ധനസെസ് കുറപ്പിക്കാന്‍ സമരം നടത്തുമ്പോള്‍ എങ്ങനെ കുറയ്ക്കും? രാഷ്ട്രീയമായി ആ നടപടി യു ഡി എഫിന് ഗുണം ചെയ്യില്ലേ? ഒടുവില്‍ ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ അരിക്കൊമ്പനായി. ഏപ്രില്‍ 1 മുതല്‍ ഇന്ധനസെസ് 2 ശതമാനം തന്നെ സര്‍ക്കാര്‍ ഖജനാവില്‍ വീഴാന്‍ തുടങ്ങി.

ഖജനാവ് കാലിയായിരിക്കാം, പക്ഷേ, വിദേശയാത്രകള്‍ നടത്താതിരിക്കാമോ?

വിദേശയാത്രകള്‍ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ പറ്റില്ലെന്നു ധനമന്ത്രി പറഞ്ഞുവെങ്കിലും കെ എസ് ഇ ബി ജീവനക്കാരെ വിറപ്പിച്ച ബി അശോക് കൃഷിവകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേറ്റതോടെ സര്‍ക്കാര്‍ വിലക്ക് അവഗണിച്ച് കൃഷിപഠിക്കാന്‍ അശോകും കൂട്ടരും ഇസ്രയേലില്‍ പോയത് വിവാദമായെങ്കിലും പിന്നീട് കെട്ടടങ്ങി. ഇനി അരിക്കൊമ്പന്മാരിലെ മെഗാസ്റ്റാറും സഹനടന്മാരും ലോകമലയാള സഭയുടെ പ്രാദേശികപൂരം എഴുന്നള്ളിപ്പുകള്‍ക്കായി വിദേശത്തേക്ക് പോകാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നതായി വാര്‍ത്തകളുണ്ട്.

ജനങ്ങള്‍ക്ക് നല്കാനുള്ള സബ്‌സിഡി തുകകള്‍, ക്ഷേമപെന്‍ഷന്‍ കുടിശ്ശികകള്‍, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ജോലിക്കാരുടെയും അധ്യാപകരുടെയുമെല്ലാം ആനുകൂല്യങ്ങള്‍ തുടങ്ങി പലതും നല്കാന്‍ കഴിയാതിരിക്കെ അരിക്കൊമ്പന്റെയും കൂടെയുള്ളവരുടെയും വിദേശപര്യടനം ഒഴിവാക്കാമായിരുന്നില്ലേയെന്ന് ചോദിക്കരുത്. ലോകായുക്തയുടെ വിധിപോലും നാല് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിധിയുടെ ഫ്‌ളാഷ്ബാക്ക് വച്ച് തകിടം മറിച്ചുവെന്ന് പലരും ആരോപിക്കുന്ന 'അരിക്കൊമ്പതാണ്ഡവ'ത്തിനു മുമ്പില്‍ തരിച്ച് നില്‍ക്കുകയല്ലേ നാം? മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതും വിവാദമായിക്കഴിഞ്ഞു.

ഭരണത്തില്‍ ഏറുന്നവര്‍ ജനങ്ങളുടെ ദാസന്മാരായിരിക്കണമെന്ന് ബൈബിളും മഹാത്മജിയും പറഞ്ഞിട്ടുണ്ട്. എന്നിട്ടും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചാല്‍, വാദി പ്രതിയാകുന്ന 'ഡെല്‍ഹിസ്റ്റൈല്‍' കേരളം ഭരിക്കുന്നവര്‍ ഇപ്പോള്‍ ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ട്.

സുരേഷ്‌ഗോപിയും അരിക്കൊമ്പനായപ്പോള്‍

തൃശ്ശൂരില്‍വച്ചാണ് നമ്മുടെ പ്രിയനടന്‍ സുരേഷ് ഗോപി അരിക്കൊമ്പനായി കേന്ദ്രമന്ത്രി അമിത്ഷായ്ക്കു മുമ്പില്‍ മേക്കപ്പണിഞ്ഞത്. 'തൃശ്ശൂര്‍ ഞാനങ്ങ് എടുക്കുവാ' എന്നു പറഞ്ഞ നാവുകൊണ്ട്, എനിക്ക് കണ്ണൂര്‍ ലോക്‌സഭാ സീറ്റ് തരൂ, ഞാന്‍ തകര്‍ത്തുവാരാമെന്നു തിരുത്തിപ്പറഞ്ഞതിന്റെ രാഷ്ട്രീയപ്രതികരണം ഏതായാലും ഇതുവരെ ഡല്‍ഹിയിലെ ബി ജെ പി കേന്ദ്രങ്ങളില്‍ നിന്നുണ്ടായിട്ടില്ല. സിനിമയിലെ കമ്മീഷണര്‍ 'ഭരത്ചന്ദ്രന്‍ ഇഫക്ട്' രാഷ്ട്രീയത്തില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ സുരേഷ്‌ഗോപി വല്ലാതെ പാടുപെടുന്നുണ്ട്. ജനം എവിടെയാണെന്നറിയാതെ, അരിക്കൊമ്പനായി മാറി പല പ്രശ്‌നങ്ങളും പറഞ്ഞൊതുക്കുവാന്‍ ഈ ''തോക്കേന്തി തകര്‍ത്തഭിനയിച്ച'' നടന്‍ ശ്രമിച്ച് പരാജയപ്പെടുന്നുവെന്ന പരദൂഷണവാര്‍ത്തകള്‍ നാട്ടില്‍ പരക്കുന്നുമുണ്ട്.

പട്ടാളം പുരുഷുവും ഗോവിന്ദന്‍മാഷും

കോണ്‍ഗ്രസ്സില്‍ ചിലര്‍ അരിക്കൊമ്പന്റെ വേഷം തരൂരിനു നല്കിക്കഴിഞ്ഞിട്ടുണ്ട്. ജനമധ്യത്തില്‍ തരൂരിന് പിന്തുണയേറുന്നുണ്ടെന്ന തോന്നല്‍ കോണ്‍ഗ്രസ്സിലെ ചില പ്രാദേശിക നേതാക്കള്‍ക്കുമുണ്ട്. തമ്മിലടി, ഗ്രൂപ്പ് തിരുവാതിര, അഴിമതിയുടെ മാര്‍ഗംകളി എന്നീ ലീലാവിനോദങ്ങള്‍ കോണ്‍ഗ്രസ്സിന് ഇനിയും ഉരിഞ്ഞുമാറ്റാന്‍ കഴിയാത്ത കരിവേഷങ്ങളാണ്. ഒന്നുകില്‍ ഒരു നേതാവിന്റെ അനുയായി, അല്ലെങ്കില്‍ മറ്റൊരു നേതാവിന്റെ ശത്രു എന്നിങ്ങനെയുള്ള ഗ്രൂപ്പുകളി അണികള്‍ക്കുപോലും അനിവാര്യമായിരിക്കെ, രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവേളയിലും കോണ്‍ഗ്രസ്സിലെ പടലപിണക്കം മറനീക്കി പുറത്തുവരികയുമുണ്ടായി. രാഹുല്‍ഗാന്ധിയെ അല്ല, രാഹുലിനെതിരെയുള്ള ജ നാധിപത്യവിരുദ്ധമായ കോടതിവിധിയെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയാകട്ടെ, ഏപ്രില്‍ ഒന്നിനായിരുന്നുവെങ്കില്‍ ട്രോളുകാര്‍ കൊത്തിപ്പറിച്ചേനെ.

കേന്ദ്രനയങ്ങളെ പ്രതിരോധിക്കാന്‍ തുനിഞ്ഞിറങ്ങിയ എം വി ഗോവിന്ദന്റെ പദയാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ചിലതെല്ലാം പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടിക്കാര്‍ പോലുമുണ്ട്. മാലിന്യം മുതല്‍ സ്വര്‍ണ്ണം വരെയുള്ള കാര്യങ്ങളിലെ അഴിമതിക്കഥകള്‍ കേട്ട് ജനം പുളകമണിഞ്ഞിരിക്കെ, കേന്ദ്രത്തിനെതിരെ മീശമാധവന്‍ സിനിമയിലെ പട്ടാളം പുരുഷുവിന്റെ തോക്കിലെ ഉണ്ടയില്ലാവെടി പൊട്ടിച്ച് പദയാത്ര പൂര്‍ത്തീകരിക്കാനേ ഗോവിന്ദന്‍ മാഷിനു കഴിഞ്ഞുള്ളൂ.

അരി തേടി റേഷന്‍കട ആക്രമിക്കുന്ന അരിക്കൊമ്പനാണ് ഇടുക്കിയിലുള്ളത്. താന്‍ തട്ടിത്തകര്‍ത്ത റേഷന്‍കടയ്ക്ക് പകരം പുതിയ റേഷന്‍കട നിര്‍മ്മിക്കാനുള്ള സ്ഥലത്തുപോലും അഴിഞ്ഞാടിയ ചരിത്രവും അരിക്കൊമ്പനുമാത്രം സ്വന്തം. വെട്ടാന്‍ വരുന്ന പോത്തിനോടായാലും, കുത്തിക്കൊല്ലാന്‍ വരുന്ന കാട്ടാനയോടായാലും രാഷ്ട്രീയം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഏത് പാര്‍ട്ടിക്കാര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ അരിക്കൊമ്പനെ കാട് കടത്താന്‍ സര്‍ക്കാര്‍ കണ്ടുവച്ച പറമ്പിക്കുളത്തെ പ്രതിഷേധജാഥകളില്‍ സി പി എമ്മിന്റെ കൊടികളായിരുന്നു ഏറെ കാണാന്‍ കഴിഞ്ഞത്.

അന്യായം തന്നെ അണ്ണാ അന്യായം!

എല്ലാ ഭരണസിരാകേന്ദ്രങ്ങളിലും അരിക്കൊമ്പന്മാരുണ്ട്. നാവടക്കൂ, പണിയെടുക്കൂ എന്ന് സെക്രട്ടറിയേറ്റിലെ പ്യൂണിനോടുപോലും ഭരിക്കുന്നവരോ പ്രതിപക്ഷത്തിരിക്കുന്നവരോ പറയില്ല. കാരണം, 'പണിയെടുക്കാതെ ശമ്പളം വാങ്ങുന്നത്' വരമ്പത്തുനിന്ന് കൂലി പിടുങ്ങുന്നതുപോലെയാണെന്ന് പണ്ടേ പാര്‍ട്ടിവക പഴഞ്ചൊല്ലുള്ളതാണ്, സെക്രട്ടറിയേറ്റിലെ ജോലിക്കാരെ അരമണിക്കൂറില്‍ കൂടുതല്‍ സമയം സീറ്റില്‍ കണ്ടില്ലെങ്കില്‍ പകുതി ശമ്പളം കിട്ടാതെ പോകുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഏതായാലും തല്‍ക്കാലം മുട്ടുമടക്കിയിരിക്കുകയാണ്. ഭരണത്തില്‍ ഒരു അരിക്കൊമ്പനേയുള്ളൂ. പക്ഷേ, ഭരണപ്രതിപക്ഷ യൂണിയനുകളില്‍ അരിക്കൊമ്പന്മാര്‍ ജാഥയായിട്ടല്ലേ വരവ്! 'മണി'കൊടുക്കാതെ 'പണി'കൊടുത്ത് ആരായിരിക്കും ഈ അരിക്കൊമ്പന്മാര്‍ക്ക് 'റേഡിയോ കോളര്‍' ഘടിപ്പിക്കുകയാവോ? ഏതായാലും പണിയെടുക്കാതെ സെക്രട്ടറിയേറ്റില്‍ ചുറ്റിത്തിരിയുന്ന അരിക്കൊമ്പന്മാരെ മയക്കുവെടി വയ്ക്കാനോ തടവി സുഖിപ്പിക്കാനോ അല്ല ഭരണകൂടം ശ്രമിക്കേണ്ടത്. തിര്വോന്ത്വരം ഭാഷയില്‍ പ്രതികരിക്കുകയാണെങ്കില്‍ ഇങ്ങനെ പറയാം: ''അന്യായം തന്നെ അണ്ണാ, അന്യായം!''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org