'ഇതെങ്ങനെ ഒത്തെടിയേ' എന്ന് പണ്ട് മിമിക്രിക്കാര്‍ വച്ചുകാച്ചി ജനങ്ങളെ ചിരിപ്പിച്ചിട്ടുണ്ട്. നവകേരള സദസ്സിനായുള്ള ബസ്സിലെ കറങ്ങുന്ന മുഖ്യന്റെ കസേര ചൈനയില്‍ നിന്നാണത്രെ. വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി അടുത്ത കപ്പല്‍ ചൈനയില്‍ നിന്നായിരിക്കാന്‍ ഭരണകക്ഷി കിണഞ്ഞു പരിശ്രമിച്ചതും നാം കണ്ടു. ഇപ്പോള്‍ കോവിഡിന്റെ പുതിയ ചൈനീസ് വകഭേദം ആദ്യമായി കണ്ടെത്തിയതും കേരളത്തില്‍തന്നെ. ദേശീയതലത്തില്‍ ഈ 'ചൈനീസ് കോവിഡ്' ബാധിച്ചവരില്‍ 89.5 ശതമാനവും കേരളത്തിലാണത്രെ. കസേരയായാലും കപ്പലായാലും കോവിഡായാലും ചൈനയ്ക്ക് പ്രിയം നമ്മുടെ കൊച്ചുകേരളം തന്നെ. ആഹാ, എന്തൊരു നിറപ്പൊരുത്തം. അല്ലേ?
കോവിഡ് വരട്ടെ, ഇവിടെ എല്ലാം ഭദ്രം!
കോവിഡിന്റെ വകഭേദം കേരളത്തില്‍ എത്തിയതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ 'ആറു മണി പ്രോഗ്രാം' ഏതായാലും ഉണ്ടായില്ല. പകരം 'വന്നല്ലോ വനമാല!' എന്ന മട്ടില്‍ നിറഞ്ഞ ചിരിയോടെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളെ നേരിട്ടത്. 'പേടിക്കാനൊന്നുമില്ല. ആശുപത്രികളെല്ലാം സജ്ജമാണ്' എന്നൊരു അനുബന്ധവും മന്ത്രിയുടെ വാമൊഴിയായി കേട്ടു. എന്നാല്‍, പല ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടര്‍മാരോ നേഴ്‌സുമാരോ ശസ്ത്രക്രിയാസാമഗ്രികളോ മരുന്നോ ഇല്ലെന്ന വാര്‍ത്തകള്‍ സ്ഥിരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാസര്‍കോട്ടെയും ഇടുക്കിയിലെയും പത്തനംതിട്ടയിലെയും മറ്റും ആശുപത്രികളുടെ ശോചനീയാവസ്ഥയും 'പത്രപാണന്മാര്‍' പാടി നടക്കുന്നു. നവകേരള യാത്രയിലായതിനാല്‍ ദേശാഭിമാനി മാത്രമേ മന്ത്രിമാര്‍ വായിക്കാറുള്ളൂ എന്നു തോന്നുന്നു. ആ പത്രത്തില്‍ മുഖ്യമന്ത്രി കണ്‍കുളിര്‍ക്കെ കാണുന്ന ഡിഫിക്കാരുടെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നവ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ചല്ലേ നീട്ടിപ്പിടിച്ചുള്ള എഴുത്ത്. അതെല്ലാം വായിച്ച് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റാത്ത പരുവത്തില്‍ ബസ്സിലിരിക്കുന്ന മന്ത്രിസഭ ഈ ലോകത്തിനു തന്നെ മാതൃകയാകുമെന്നാണ് പല മന്ത്രിമാരും രചിച്ച ഭരണഭക്തിഗാനങ്ങളിലുള്ളത്.
ആരോഗ്യവകുപ്പു മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ പൊളിയാണെന്നേ പറയാന്‍ കഴിയൂ. 2023 നവംബര്‍ മാസത്തില്‍ മാത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ച വ്യാധികള്‍ മൂലം മരിച്ചവര്‍ 54 പേരാണെന്ന് ഒരു പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വായിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും കൊണ്ട് കേരളം പടികടത്തിവിട്ട ക്ഷയരോഗവും ഇപ്പോള്‍ മടങ്ങിയെത്തിക്കഴിഞ്ഞു. ഡെങ്കിപ്പനി ബാധിതരുടെ ദിനംപ്രതിയുള്ള എണ്ണം നൂറു കടന്നിട്ടുണ്ട്. 2-2.5 ലക്ഷം പേര്‍ ശരാശരി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം വിവിധതരം പനി ബാധിച്ച് ചികിത്സ തേടാനെത്തിയ മാസമാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ഇതില്‍ പെടില്ല. കേരളത്തിലെ 60 ശതമാനം ആശുപത്രികളും സ്വകാര്യ മേഖലയിലാണെന്ന കാര്യവും ഓര്‍മ്മിക്കണം.
എലിപ്പനിയെന്ന മരണക്കെണി
ഈ വര്‍ഷം സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചതായി കണക്കുണ്ട്. ഈ വര്‍ഷം എലിപ്പനി കവര്‍ന്നത് 259 പേരുടെ ജീവനാണ്. എച്ച് 1 എന്‍ 1 മൂലമുള്ള മരണവും കേരളത്തില്‍ വര്‍ധിക്കുകയാണ്. സെപ്തംബര്‍ വരെയുള്ള മരണസംഖ്യ 52 ആണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം ദേശീയ നിരക്കിനെക്കാള്‍ ഏറെ കൂടുതലാണെന്നു മുന്നറിയിപ്പ് നല്കിയിരുന്നു. ഈ ഗുരുതരാവസ്ഥ സാധൂകരിക്കുന്ന കണക്കും കേന്ദ്രം സംസ്ഥാനത്തിനു നല്കിയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര റിപ്പോര്‍ട്ട്.
2025-ല്‍ ക്ഷയരോഗമുക്ത കേരളം എന്ന മോഹന വാഗ്ദാനം സര്‍ക്കാര്‍ ഫ്‌ളെക്‌സിലും പരസ്യങ്ങളിലും എഴുതിവച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം നവംബര്‍ വരെ ക്ഷയരോഗം ബാധിച്ച് 2000-ല്‍ ഏറെ പേര്‍ മരിച്ച കണക്കുണ്ട്. 2020 നു മുമ്പ് പ്രതിവര്‍ഷം ശരാശരി 18,000 പേര്‍ക്ക് ക്ഷയരോഗം ബാധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഇതേ കണക്ക് കാല്‍ലക്ഷമാണ്! സംസ്ഥാനത്ത് 1 ലക്ഷത്തില്‍ 67 പേര്‍ ക്ഷയരോഗബാധിതരാണ്. ദേശീയ ശരാശരി 172 ആണെന്നു സമാധാനിക്കാം.
അഞ്ചാംപനി: ജാഗ്രതവേണം
കേരളം ഇനിയും കണ്ണടച്ചിരിക്കുന്ന ഒരു മേഖല കൂടിയുണ്ട്. കുട്ടികളിലെ മീസില്‍സ് (അഞ്ചാം പനി) പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലും നമുക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളിലെ അഞ്ചാംപനി നിയന്ത്രിക്കുന്നതില്‍ മഹാരാഷ്ട്രയും കേരളവുമാണ് ജാഗ്രത കാണിക്കാതിരുന്നതത്രെ. കോവിഡ് വകഭേദത്തിനുശേഷം മഹാരാഷ്ട്രയിലെ 800 കുട്ടികള്‍ക്ക് അഞ്ചാംപനി ബാധിച്ചു. ഇവരില്‍ 10 പേര്‍ മരിച്ചു. കേരളത്തില്‍ മലപ്പുറം ജില്ലയിലാണ് മീസില്‍സ് ഏറ്റവും കൂടുതല്‍ കുട്ടികളെ ബാധിച്ചത്. 160 കുട്ടികളില്‍ രോഗം കണ്ടെത്തിയെങ്കിലും രോഗബാധിതരില്‍ ആരെങ്കിലും മരിച്ചുവോയെന്ന കണക്ക് ഇനിയും ലഭ്യമല്ല. മീസില്‍സ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും യു എന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. മീസില്‍സ് ബാധിച്ച് മരിച്ചവരുടെ ആഗോളകണക്കനുസരിച്ച് 43 ശതമാനമാണ് വര്‍ധന. ലോകമൊട്ടാകെയുള്ള ശിശുക്കളില്‍ 22 ദശലക്ഷം പേര്‍ക്കും മീസില്‍സ് പ്രതിരോധത്തിനായുള്ള ആദ്യ വാക്‌സിന്‍ നല്കിയിട്ടില്ല. ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളിലാണ് വാക്‌സിന്‍ ലഭിക്കാത്ത 1.1 ദശലക്ഷം കുട്ടികളുള്ളതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
രോഗപ്രതിരോധത്തിനായുള്ള വാക്‌സിനേഷനും മറ്റും വിപണിയടിസ്ഥാനത്തില്‍ ഭരണകൂടങ്ങള്‍ക്ക് എക്കാലത്തും ഏറെ ഇഷ്ടമാണ്. എന്നാല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശുദ്ധജലം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്കുക, വ്യാജ ഔഷധങ്ങളെ ദുരീകരിക്കുക തുടങ്ങിയ കര്‍മ്മ മേഖലകളില്‍ ഭരണകൂടങ്ങള്‍ ഇത്ര ജാഗ്രത കാണിക്കാറില്ല. ഭക്ഷ്യവസ്തുക്കളിലും ധാന്യങ്ങളിലും പച്ചക്കറികളിലും മത്സ്യമാംസാദികളുമെല്ലാം കീടനാശിനിയിലൂടെയും മറ്റും വിഷമയമാക്കുന്നതിനെ ചെറുക്കാനുള്ള ഭരണ നടപടികള്‍ പലപ്പോഴും ലക്ഷ്യം കാണാറില്ല.
ജലജീവന്‍ പദ്ധതി: കേരളം 30-ാം സ്ഥാനത്ത്
ആദ്യം കുടിവെള്ളത്തിന്റെ കാര്യമാകട്ടെ. ഭൂമിയേറ്റെടുക്കാന്‍ വൈകിയതുമൂലം കേരളത്തില്‍ 33 ജലജീവന്‍ പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. സര്‍ക്കാര്‍ ഭൂമികളിലുള്ള 469 ഇടങ്ങള്‍ ഇനിയും ഏറ്റെടുത്തിട്ടില്ല. 454 എണ്ണം ഏറ്റെടുത്തപ്പോള്‍ 15 ഇടങ്ങള്‍ ഇനിയും ഏറ്റെടുക്കാനുണ്ട്. 2020-ലാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന 44,000 കോടി രൂപയുടെ ജലജീവന്‍ പദ്ധതിക്ക് തുടക്കമായത്. ജലജീവന്‍ നടത്തിപ്പില്‍ 30-ാം സ്ഥാനത്താണ് കേരളം. ഇതുവരെ കേരളം നല്കിയത് 20 ദശലക്ഷം കണക്ഷനാണ്. പദ്ധതി അവസാനിക്കാന്‍ ശേഷിച്ച മൂന്നര മാസത്തിനുള്ളില്‍ 34.13 ലക്ഷം കണക്ഷനുകള്‍ കൂടി കേരളത്തില്‍ നല്കാനുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ മുട ങ്ങിയത്. 8 പദ്ധതികള്‍. എറണാകുളം തൊട്ടു പിന്നിലുണ്ട് - 5 പദ്ധതികള്‍. 4 പദ്ധതികള്‍ വീതം മുടങ്ങിയ കാസര്‍കോടും മലപ്പുറവുമാണ് മൂന്നാം സ്ഥാനത്തുള്ളത്. 138 ഇടങ്ങളിലായി 51.84 ഏക്കര്‍ ഭൂമിയാണ് ജലജീവന്‍ പദ്ധതികള്‍ക്കായി ഏറ്റെടുക്കേണ്ടത്.
സുരക്ഷിത ഭക്ഷണമോ, ആര് ഉറപ്പാക്കും?
കുടിവെള്ളം കഴിഞ്ഞാല്‍ രോഗത്തെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗം സുരക്ഷിത ഭക്ഷണമാണ്. ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വന്‍പരാജയമാണെന്നു ഭരണപരിഷ്‌ക്കരണ വകുപ്പാണ് ചൂണ്ടിക്കാണിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അവിടെ ഓടിയെത്തുന്നത്. ഭക്ഷണം വിറ്റ സ്ഥാപനയുടമയുടെ പേരില്‍ കേസ് എടുക്കും. സ്ഥാപനം താല്‍ക്കാലികമായി പൂട്ടും. ഒന്നോ രണ്ടോ ആഴ്ചകള്‍ കഴിയുമ്പോള്‍ ഈ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നു. മലയാളികളായ ഹോട്ടല്‍ ജോലിക്കാരെ ഹോട്ടലുടമകള്‍ ഇപ്പോള്‍ നിയമിക്കുന്നില്ല - പകരം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് കൂലിയിലെ ലാഭം നോക്കി ഹോട്ടലുകാര്‍ നിയോഗിക്കുന്നത്. പരിസരശുചിത്വവും സുരക്ഷിതഭക്ഷണവുമെന്നതെല്ലാം ഇതോടെ പാഴ് വാക്കാകുന്നു. ഇത്തരം ഭക്ഷണശാലകള്‍ സന്ദര്‍ശിക്കാനോ, നിയന്ത്രിക്കാനോ ഉള്ള മനുഷ്യവിഭവശേഷി ഭക്ഷ്യസുരക്ഷാവകുപ്പിനുമില്ല. ഇതു സംബന്ധിച്ച് അവലോകന യോഗങ്ങള്‍ നടക്കുന്നതേയില്ല. ഭക്ഷ്യവസ്തുക്കളിലും മറ്റും മായമുണ്ടോയെന്നറിയാന്‍ കേന്ദ്രം സൗജന്യമായി നല്കിയ മൊബൈല്‍ ലാബുകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ തുരുമ്പെടുത്തു കിടക്കുകയാണ്.
കേട്ടോ, പച്ചക്കറികള്‍ പരേതരാവില്ല!
പച്ചക്കറികളിലെ വിഷം തളിക്കല്‍ പലമടങ്ങാണിപ്പോള്‍. രണ്ടു മാസം കഴിഞ്ഞാലും തക്കാളിയും വെണ്ടയ്ക്കയുമെല്ലാം 'ദീര്‍ഘായുഷ്മാന്‍ ഭവ' എന്ന മട്ടില്‍ അനങ്ങാതിരിക്കുകയാണിപ്പോള്‍. പഴക്കുലകളുടെ തണ്ടുകള്‍ വിഷംമൂലം ചീഞ്ഞ് പഴങ്ങള്‍ ഞാന്നുകിടക്കുകയാണ്. പല പച്ചക്കറിക്കടകളും വെറുതെ പ്ലാസ്റ്റിക് ഷീറ്റ് മറച്ചാണ് രാത്രി ബന്തവസ്സാക്കുന്നത്. ഈ കടകളിലേക്ക് എലിയും പാറ്റയുമൊന്നും കടന്നു വരാതിരിക്കണമെങ്കില്‍ വിഷലായിനികളോ ഗുളികകളോ പൊടികളോ മറ്റോ തൂകേണ്ടിവരും, അതോടെ മലയാളിക്ക് വെട്ടിവിഴുങ്ങി, രോഗങ്ങള്‍ ഹോള്‍സെയിലായി കിട്ടാനുള്ള സംവിധാനമായി. ഇപ്പോള്‍ പാര്‍ട്ടിവകയായുള്ള സൊസൈറ്റികളും പച്ചക്കറിക്കടകള്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കാരുടെ കടയാകുമ്പോള്‍ പരിശോധനയെല്ലാം ഗോപി! അതെല്ലാം കഴിച്ച് ജനമാണെങ്കില്‍ സ്വാഹ!