പശുവിലും താഴെയായ ദളിതജന്മങ്ങള്‍

പ്രധാനമന്ത്രി ഉയര്‍ത്തുന്ന മുദ്രാവാക്യം 'എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനത്തിന്' എന്നാണ്. ഈ 'എല്ലാവരിലും' ദളിതര്‍ ഉള്‍പ്പെടുമോ എന്നതാണു ചോദ്യം. വോട്ടര്‍ എന്ന നിലയില്‍ മാത്രമേ സംഘപരിവാര്‍ അവരെ മനുഷ്യരായി കാണുന്നുള്ളൂ എന്നതാണു സത്യം.

കേന്ദ്രത്തില്‍ ഭരണം കിട്ടി രണ്ടു വര്‍ഷം കഴിയുമ്പോള്‍ ബിജെപിയും സംഘപരിവാറും കടുത്ത ആശയക്കുഴപ്പത്തിലാണ്. ജാതിയുടെ വേലിക്കെട്ടുകള്‍ മറികടന്ന് എല്ലാ ഹിന്ദുക്കളെയും തടുത്തു കൂട്ടി ഭാരതത്തില്‍ എക്കാലവും ഭരണം നടത്തുക എന്നതാണു സംഘപരിവാറിന്‍റെ ഉള്ളിലിരുപ്പ്. എന്നാല്‍ ആര്‍എസ്എസ്സിന്‍റെ പ്രത്യയശാസ്ത്രക്കാതല്‍ ചാതുര്‍വര്‍ണ്യവും സവര്‍ണമേധാവിത്വവുമാണ്. അതു പരസ്യമായി പറഞ്ഞാല്‍ ദളിതരുടെയും വനവാസികളുടെയും വോട്ടു കിട്ടുകയില്ല. വോട്ടിനു വേണ്ടി അവരെ കൂടെ നിര്‍ത്തണം. അതിനുവേണ്ടി വനവാസി കല്യാണ്‍ മഞ്ചും ദളിത ഫോറങ്ങളും പ്രവര്‍ത്തിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടിയാണു തങ്ങള്‍ നിലകൊള്ളുന്നതെന്നു മാലോകരെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവരുടെ വിശ്വാസമാര്‍ജ്ജിക്കുക എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടു ക്രൈസ്തവ മിഷനറിമാര്‍ക്കെതിരെ ആദിവാസികളെയും വനവാസികളെയും ഇളക്കിവിടുന്നു. അവരെക്കൊണ്ട് അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്നു. മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന നുണ പ്രചരിപ്പിച്ചുകൊണ്ടാണിതു ചെയ്യുന്നത്. സംഘപരിവാറിന്‍റെ ഈ തന്ത്രങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും പ്രതിരോധങ്ങള്‍ ഉയര്‍ത്തുമെന്നുമാണു റിപ്പോര്‍ട്ടുകള്‍.
ഭാരതത്തിലെ ദളിതര്‍ ചതുര്‍ വര്‍ണങ്ങള്‍ക്കു പുറത്താണ്. അധമരായ അവരെ കൂടെ കൂട്ടാന്‍ സവര്‍ണര്‍ക്കു കഴിയില്ല. എന്നാല്‍ തങ്ങള്‍ അവരുടെ സംരക്ഷകരാണെന്നു വരുത്തിത്തീര്‍ത്ത് അവരുടെ വോട്ടു നേടാനുള്ള തന്ത്രങ്ങളാണ് സംഘപരിവാര്‍ മെനയുന്നത്. യുപിയിലെ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് നിരവധി ദളിതരെയാണു മോദി ഈയിടെ തന്‍റെ മന്ത്രിസഭയില്‍ എടുത്തത്. അവര്‍ എന്നും കേന്ദ്രമന്ത്രിസഭയുടെ പിന്നാമ്പുറങ്ങളില്‍ കഴിയുമെന്നതു വേറെ കാര്യം.
ഇങ്ങനെ ദളിതപ്രേമം നടിക്കുമ്പോഴും ഹിന്ദുത്വവാദികളുടെ തനിനിറം ഇടയ്ക്കിടെ പുറത്തു വരും. ഒരു കേന്ദ്രമന്ത്രി ദളിതരെ പട്ടികളോട് ഉപമിക്കുകയുണ്ടായല്ലോ. ദളിത് പീഡനത്തിന്‍റെ നിരവധി കഥകളാണ് ഓരോ ദിവസവും ഇപ്പോള്‍ പുറത്തുവരുന്നത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയെ നാനാവിധത്തില്‍ ഞെരുക്കുകയും സ്കോളര്‍ഷിപ്പ് പണംപോലും തടഞ്ഞുവയ്ക്കുകയും ചെയ്തതുകൊണ്ട് ആത്മഹത്യയിലേക്കു തള്ളിവിട്ടതു സംഘപരിവാര്‍ ശക്തികളാണ്. അതിന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ ഊറ്റമായ പിന്തുണയുണ്ടായിരുന്നു. ഈ ദളിത്പീഡനത്തിനെതിരെ പ്രധാനമന്ത്രിപോലും മുരടനക്കിയില്ല. അതു സംഘികള്‍ക്കു കരുത്തായി. രാജ്യത്തിന്‍റെ നാനാഭാഗത്തും പലതരത്തിലുള്ള ദളിതപീഡനങ്ങള്‍ നടന്നു. പലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
ഏറ്റവും ഒടുവിലത്തേതു പ്രധാനമന്ത്രി മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ ഉന പട്ടണത്തില്‍ നടന്ന സംഭവമാണ്. പശുവിനെ കൊന്നു തുകലുരിഞ്ഞു എന്നാരോപിച്ചു പശു സംരക്ഷണസമിതി നാലു ദളിത് യുവാക്കളെ വിവസ്ത്രരാക്കി സ്റ്റീല്‍ പൈപ്പുകൊണ്ടും ഇരുമ്പുവടികൊണ്ടും അടിക്കുകയും വാഹനത്തില്‍ കെട്ടിയിട്ടു റോഡിലൂടെ വലിച്ചിഴയ്ക്കു കയും ചെയ്തു. ചത്ത പശുവിന്‍റെ തൊലിയാണ് ഉരിഞ്ഞെടുത്തതെന്നു ദളിതര്‍ പറഞ്ഞു. അതൊന്നും കേള്‍ക്കാന്‍ ഗോസംരക്ഷകര്‍ തയ്യാറായില്ല. അക്രമികള്‍തന്നെയാണു തങ്ങളുടെ വീരകൃത്യത്തിന്‍റെ വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടത്. മറ്റു ദളിതര്‍ക്ക് ഒരു പാഠമാകട്ടെ എന്നു വിചാരിച്ചു ചെയ്തതാകാം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ദളിതരുടെ വികാരങ്ങള്‍ ആളിക്കത്തിക്കുകയാണു ചെയ്തത്. ഇരുപതോളം ദളിത് യുവാക്കളാണു ഗുജറാത്തില്‍ ആത്മഹത്യാശ്രമം നടത്തിയത്; ഒരാള്‍ മരിച്ചു. ഡസന്‍ കണക്കിനു വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, വഴി തടഞ്ഞു. അവസാനം ബന്ദും നടത്തി. സംഭവം ദേശീയമാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി.
പക്ഷേ, ഗുജറാത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജൂലൈ ആദ്യം പോര്‍ബന്തറിനടുത്തു കാലികള്‍ മേയുന്ന പൊതുസ്ഥലത്തു കൃഷി ചെയ്യാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ഒരു ദളിത് കര്‍ഷകനെ ഗ്രാമീണര്‍ തല്ലിക്കൊന്നു. ഏപ്രില്‍ മാസത്തില്‍ അഹമ്മദാബാദിലെ കോടതിയില്‍ ജോലി ചെയ്തിരുന്ന 31 വയസ്സുകാരനായ ദളിതന്‍ ആത്മഹത്യ ചെയ്തു. ജോലിസ്ഥലത്തെ ജാതിയുടെ പേരിലുള്ള പീഡനമായിരുന്നു കാരണം. ഗ്രാമീണ ക്ഷേത്രങ്ങളില്‍ മിക്കവയിലും ദളിതര്‍ക്കു പ്രവേശനമില്ല. പൊതുശ്മശാനങ്ങളില്‍ ദളിതരെ അടക്കം ചെയ്യാന്‍ അനുവദിക്കുകയില്ല; അവര്‍ക്കു പ്രത്യേകം ശ്മശാനങ്ങള്‍ വേണം. പ്രധാനന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരം ദളിത പീഡനങ്ങള്‍ നടന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഉയര്‍ത്തുന്ന മുദ്രാവാക്യം 'എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനത്തിന്' എന്നാണ്. ഈ 'എല്ലാവരിലും' ദളിതര്‍ ഉള്‍പ്പെടുമോ എന്നതാണു ചോദ്യം. വോട്ടര്‍ എന്ന നിലയില്‍ മാത്രമേ സംഘപരിവാര്‍ അവരെ മനുഷ്യരായി കാണുന്നുള്ളൂ എന്നതാണു സത്യം. വേറൊരു കാര്യത്തിലും സവര്‍ണര്‍ ദളിതരെ മനുഷ്യരായി കാണുന്നില്ല. പശു സവര്‍ണര്‍ക്കു മാതാവാണ്. പക്ഷേ ദളിതന്‍ ഗോമാതാവിന്‍റെ മക്കളല്ല. ചത്ത പശുവിന്‍റെയാണെങ്കിലും തോലുരിഞ്ഞ് ഉപജീവനം നടത്താന്‍ അവരെ അനുവദിക്കുകയില്ല. തങ്ങള്‍ക്ക് അടിമവേല ചെയ്യാന്‍ അവരെ വേണം. പക്ഷേ, മനുഷ്യരായി അവരെ പരിഗണിക്കുകയില്ല. ഇവിടെ മനുഷ്യാവകാശ കമ്മീഷനുണ്ട്, വനിതാ കമ്മീഷനുണ്ട്, ബാലാവകാശ കമ്മീഷനുണ്ട്. പക്ഷേ, ഈ കമ്മീഷനുകളൊന്നും ദളിതപീഡനത്തിനെതിരെ വിരലനക്കുകയില്ല. കാരണം സവര്‍ണരുടെ സംഘാതമനസ്സില്‍ ദളിതര്‍ മനുഷ്യരല്ല. പശുവിനേക്കാളും താഴ്ന്ന ഏതോ ജന്മങ്ങളാണ്.
സംഘപരിവാറിന്‍റെ ഈ ആഭ്യന്തരവൈരുദ്ധ്യം എവിടെ ചെന്നുനില്ക്കുമെന്നും കാത്തിരുന്നു കാണുകതന്നെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org