വിദ്യാഭ്യാസം അഥവാ മത്സരപ്പരീക്ഷ

വിദ്യാഭ്യാസം അഥവാ മത്സരപ്പരീക്ഷ
2021-ല്‍ ഇന്ത്യയിലെ കോച്ചിങ് വ്യവസായത്തിന്റെ വലിപ്പം 77000 കോടി ആയിരുന്നു എങ്കില്‍, ഉന്നത വിദ്യാഭ്യാസമേഖലയ്ക്കു ആ വര്‍ഷം കേന്ദ്രം വകയിരുത്തിയത് ഏകദേശം 41000 കോടി ആയിരുന്നു. ഇതില്‍ നിന്നും ഈ മേഖലയുടെ വലിപ്പത്തെക്കുറിച്ച് ഒരു ഏകദേശം ധാരണ നമുക്ക് കിട്ടും.

ഈ അടുത്ത ദിവസം, ആകാശ് ചൗധരി എന്നയാള്‍ ഡല്‍ഹിയില്‍ മൂന്നു പ്രോപ്പര്‍ട്ടി വാങ്ങിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കാണുകയുണ്ടായി. മൊത്തം 333 കോടി രൂപയ്ക്കാണ് അദ്ദേഹം ഇവ വാങ്ങിയത്. പ്രോപ്പര്‍ട്ടി വാങ്ങുന്നത് ഒരു വാര്‍ത്ത ആകേണ്ട കാര്യമില്ല. ആകാശ് ചൗധരി ശ്രദ്ധിക്കപ്പെട്ടത്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയുടെ പേരില്‍ ആയിരുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന ഇന്ത്യയിലെ പ്രശസ്തമായ ഒരു കോച്ചിങ് സെന്റര്‍, ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ന് പ്രൈവറ്റ് കോച്ചിങ് മേഖലയില്‍ ആഗോള തലത്തില്‍ തന്നെ വലിയ ഒരു ബ്രാന്‍ഡ് ആയി മാറിയ ബൈജൂസ്, 950 മില്യണ്‍ ഡോളറിനു ഏറ്റെടുക്കുന്നത്. സ്‌കൂള്‍ മേഖലയില്‍ ട്യൂഷന്‍, പഠിക്കാനുള്ള ആപ്പ് (learning app) ഇവയൊക്കെ ആയി തുടങ്ങിയ ബൈജൂസ് ഇന്ന് 22 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു വന്‍ കമ്പനിയാണ്. ലോകത്തിലെ പ്രശസ്തമായ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍ ഇതില്‍ മുതല്‍ മുടക്കിയിരിക്കുന്നു. നമ്മുടെ പത്രങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന, ഫുള്‍പേജ് പരസ്യങ്ങളുടെ ഒരു മുഖ്യപങ്കു ഇന്ന് കോച്ചിങ് സെന്ററുകളുടെ വകയാണ്. സോഷ്യല്‍ മീഡിയയിലും, ദൃശ്യമാധ്യമങ്ങളിലും നിറയുന്ന പരസ്യങ്ങള്‍ കൂടാതെ ആണിത്. Consulting കമ്പനി ആയ കെപി എംജി(KPMG)യുടെ കണക്കു പ്രകാരം 2021-ല്‍ ഇന്ത്യയിലെ കോച്ചിങ് വ്യവസായത്തിന്റെ വലിപ്പം 77000 കോടി ആയിരുന്നു എങ്കില്‍, ഉന്നത വിദ്യാഭ്യാസമേഖലയ്ക്കു ആ വര്‍ഷം കേന്ദ്രം വകയിരുത്തിയത് ഏകദേശം 41000 കോടി ആയിരുന്നു. ഇതില്‍ നിന്നും ഈ മേഖലയുടെ വലിപ്പത്തെക്കുറിച്ച് ഒരു ഏകദേശം ധാരണ നമുക്ക് കിട്ടും. കോടികള്‍ മറിയുന്ന, കുട്ടികളെയും, മാതാപിതാക്കളെയും, വിദ്യാഭ്യാസം എന്ന പ്രക്രിയയെയും ഇത്രമാത്രം ബാധിക്കുന്ന കോച്ചിങ് ബിസിനസ് നമ്മുടെ ഇടയില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു വളരെ കുറച്ചു പഠനങ്ങള്‍ ആണ് നടക്കുന്നത്. ഈ മേഖലയില്‍ നമ്മുടെ ആശങ്കകള്‍ എന്തൊക്കെയാണ്?

ചെറിയ ട്യൂഷന്‍ സെന്ററുകളില്‍ നിന്നും, വന്‍ കോച്ചിങ് സെന്ററുകളിലേക്കുള്ള പരിണാമം വളരെ പെട്ടെന്നായിരുന്നു. ആദ്യ കാലത്തു എഞ്ചിനീയറിംഗ്, മെഡിക്കല്‍ സീറ്റുകളിലേക്ക് മാത്രം ആയിരുന്നു മത്സരപ്പരീക്ഷകള്‍ എങ്കില്‍ ഇന്ന് അതില്ലാതെ ഒരിടത്തും അഡ്മിഷന്‍ ഇല്ല എന്ന സ്ഥിതി ആയിട്ടുണ്ട്. ഏറ്റവും ഒടുവിലായി, ഇന്ത്യയിലെ എല്ലാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്കുമുള്ള പ്രവേശനം മത്സരപ്പരീക്ഷ വഴി ആക്കിയിട്ടുണ്ട്. പല പരീക്ഷ ബോര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസം, കൂടുതല്‍ സുതാര്യമായ/നിഷ്പക്ഷമായ പ്രവേശന രീതി എന്നിവയൊക്കെ ആയിരുന്നു സര്‍ക്കാരുകള്‍ മത്സരപ്പരീക്ഷകള്‍ പ്രവേശനമാനദണ്ഡം ആക്കാനുള്ള പ്രധാന കാരണങ്ങള്‍. ഉന്നത വിദ്യാഭ്യാസ മേഖലയോടൊപ്പം, സര്‍ക്കാര്‍ ജോലികളും മത്സരപ്പരീക്ഷകള്‍ വഴി ആയപ്പോള്‍, കോച്ചിങ് എന്ന വലിയ ഒരു ബിസിനസ് വളര്‍ന്നു വന്നു.

ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത കോച്ചിങ് സെന്ററുകളുടെ വളര്‍ച്ച സൃഷ്ടിക്കുന്ന അസമത്വമാണ്. പലപ്പോഴും, കോച്ചിങ് സെന്ററുകള്‍ സമൂഹത്തിലെ സമ്പന്നര്‍ക്ക് എളുപ്പം ലഭ്യമാകുന്ന രീതിയില്‍ ആണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ ഫീസിന്റെ കൂടെ, പ്രൈവറ്റ് കോച്ചിങ്‌നു വലിയ തുക മുടക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. അതുപോലെ തന്നെ, ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായി നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട്, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തില്‍ നഗര/ഗ്രാമ വ്യത്യാസം കൂടുതല്‍ പ്രകടമാകുന്നുണ്ട്. ചുരുക്കത്തില്‍ നിലവില്‍ വ്യാപകമായി നിലനില്‍ക്കുന്ന അ സമത്വം, കൂടുതല്‍ മോശമാകാനുള്ള സാധ്യതയാണ് ഉള്ളത്. പഠിക്കാന്‍ എത്ര മിടുക്കരായ കുട്ടികള്‍ ആണെങ്കിലും, കോച്ചിങ് സെന്റര്‍, പരീക്ഷകളുടെ കുത്തക ഏറ്റെടുത്തതോടുകൂടി അവിടെ പോകാത്ത കുട്ടികള്‍ വിജയിക്കാനുള്ള സാധ്യത താരതമ്യേന കുറഞ്ഞു വരുന്നു.

കോച്ചിങ് സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള പഠനം കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഐ.ഐ.ടിയിലേക്കുള്ള പ്രവേശനപരീക്ഷകള്‍ക്ക്, അഞ്ചാം ക്ലാസ് മുതല്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങുന്ന രീതിയുണ്ട്. ഇതിന്റെ ഫലമായി കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഏറി വരുന്നു. തന്മൂലം, വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണത, പഠനത്തില്‍ താല്‍പര്യകുറവ് ഇവയും പതിവാണ്. ഇന്ത്യയില്‍ ഐ.ഐ.ടി. കോച്ചിങിനു ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുള്ള, രാജസ്ഥാനിലെ കോട്ടയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ഇന്ന് വാര്‍ത്ത അല്ലാതെ ആയിട്ടുണ്ട്. വേറൊരു പ്രവണത, ഡമ്മി സ്‌കൂളുകള്‍ക്ക് വന്നിട്ടുള്ള ഡിമാന്‍ഡ് ആണ്. എന്താണ് ഡമ്മി സ്‌കൂള്‍? ഡമ്മി സ്‌കൂളുകള്‍, attendance നിര്‍ബ്ബന്ധം ആക്കാതെ, കുട്ടികള്‍ക്ക്, ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ സൗകര്യം ഒരുക്കുന്നു. അതുകൊണ്ടു, കുട്ടികള്‍ക്ക് പൂര്‍ണമായും, മത്സരപരീക്ഷകള്‍ക്കു തയ്യാറെടുക്കാന്‍ അവസരം കിട്ടുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഔപചാരിക വിദ്യാഭ്യാസ മേഖലയ്ക്കും ബോര്‍ഡ് പരീക്ഷകള്‍ക്കും മറ്റും ക്രമേണ പ്രാധാന്യം കുറയുന്ന ഒരു സാഹചര്യം സംജാതമാകുന്നു. വിദ്യാഭ്യാസം എന്നത് മത്സരപ്പരീക്ഷകള്‍ക്കു പഠിക്കുക എന്നത് മാത്രമാണ് എന്ന ലളിതമായ ചിന്തയിലേക്ക് കുട്ടികള്‍ വരുന്നു.

ഇന്ത്യയിലെ പരീക്ഷ കോച്ചിങ് മേഖല ഇനിയും ഏതെങ്കിലും തരത്തിലുള്ള റെഗുലേഷന് പുറത്താണ്. പാര്‍ലമെന്റില്‍ പലരും സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു എങ്കിലും, അവയൊന്നും ഇനിയും വെളിച്ചം കണ്ടിട്ടില്ല. പുതിയ വിദ്യാഭ്യാസ നയവും (NEP) കോച്ചിങ് ഇന്‍ഡസ്ട്രിയുടെ അതിരുകടന്ന സ്വാധീനത്തെക്കുറിച്ചു ആശങ്കപ്പെടുന്നുണ്ട്. പ്രത്യേകമായ കോച്ചിങ്‌നു പ്രാധാന്യം കുറയുന്ന രീതിയില്‍ മത്സരപ്പരീക്ഷകള്‍ ഡിസൈന്‍ ചെയ്യേണ്ട ആവശ്യം ഊന്നിപ്പറയുന്നവരും ഉണ്ട്. വിദ്യാഭ്യാസം എന്നത് മനുഷ്യന്റെ സമഗ്രമായ വികാസം എന്ന പൊതു നന്മയെ ഊന്നിയുള്ള പ്രവര്‍ത്തനം എന്നതില്‍ നിന്ന്, വമ്പിച്ച ലാഭം ഉണ്ടാക്കാവുന്ന ഒരു ബിസിനസ് എന്ന നിലയിലേക്ക് മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് കോച്ചിങ് സെന്ററുകള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതു പോലെ തന്നെ, ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടാക്കുന്ന അസമത്വം, കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ഇവയൊക്കെ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ടതുണ്ട്. ഈയിടെ കണ്ട ഒരു കമന്റ്, ട്യൂഷന്‍, കോച്ചിങ് എന്നതൊക്കെ, മുമ്പ് ഔപചാരിക വിദ്യാഭ്യാസ മേഖലയുടെ നിഴല്‍ ആയിരുന്നു എങ്കില്‍ ഇന്ന് ആ നിഴല്‍, ശരീരത്തെക്കാളും വലുതായിരിക്കുന്നു എന്നതാണ്.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org