യുദ്ധം ഒരിടത്തും ശാശ്വതമായ സമാധാനം കൊണ്ടുവന്നതായോ, മനുഷ്യരുടെ ജീവിതങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായോ കേട്ടിട്ടില്ല. എങ്കില്‍പ്പോലും മനുഷ്യന്‍ യുദ്ധങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഇതെഴുതുമ്പോള്‍ എന്ന് തീരുമെന്നറിയാതെ പ്രധാനമായി മൂന്നു യുദ്ധങ്ങളാണ് ലോകത്തു നടന്നു കൊണ്ടിരിക്കുന്നത്.
റഷ്യ-ഉക്രെയ്ന്‍ ബന്ധം വഷളായിട്ടു കുറച്ചു വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോള്‍ നടക്കുന്ന യുദ്ധം തുടങ്ങുന്നത് 2022 ഫെബ്രുവരിയിലാണ്. രണ്ടു വികസിത രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകില്ല എന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചാണ് ഈ യുദ്ധം മുന്നോട്ടുപോകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും തീവ്രമായ സംഘര്‍ഷമാണിത്. താരതമ്യേന ചെറിയ സൈനികശക്തിയായ ഉക്രെയ്‌നെ എളുപ്പം പരാജയപ്പെടുത്താം എന്നാണ് റഷ്യ കരുതിയിരുന്നത്. പക്ഷെ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും യുദ്ധം തുടരുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ ഇതിനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു. ഏകദേശം നാലു കോടിയില്‍പ്പരം ജനസംഖ്യയുള്ള ഉക്രെയ്‌നില്‍ ഇതുവരെ എണ്‍പതു ലക്ഷം ആളുകള്‍ അവരുടെ ഭവനങ്ങളില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടിട്ടുണ്ട്. അത്രയും തന്നെ ആളുകള്‍ രാജ്യം വിട്ടു അഭയാര്‍ത്ഥികളായിക്കഴിഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര കോടതി റഷ്യന്‍ പ്രസിഡന്റ് പുട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ പുടിന്‍ തന്റെ യുദ്ധം നിര്‍ബാധം തുടരുന്നു. റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധവും അത്ര ഫലം കണ്ടതായി തോന്നുന്നില്ല. വില കുറച്ചു വില്‍ക്കുന്ന റഷ്യന്‍ ഇന്ധനം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വാങ്ങുന്നതുകൊണ്ട് റഷ്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയും ചെയ്യുന്നു. റഷ്യയുടെ സാമ്രാജ്യത്വമോഹങ്ങള്‍ യൂറോപ്പിലെ മറ്റു രാഷ്ട്രങ്ങളെ ഭീതിയിലാക്കിയിട്ടുമുണ്ട്. ശീതസമരത്തിനുശേഷം, പ്രതിരോധബഡ്ജറ്റ് നന്നായി കുറച്ചു കൊണ്ട് വന്ന ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ സൈനികശേഷി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരിമിതമായ വിഭവങ്ങള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുവാന്‍ ഉപയോഗിക്കുന്നതിനു പകരം ആയുധവിപണിയിലേക്കു മാറ്റപ്പെടുന്ന ഒരു സ്ഥിതിയാണ് മുന്നില്‍ കാണുന്നത്.
രണ്ടാമത്തെ യുദ്ധം, ഒരുപക്ഷെ അതിന്റെ ഭീകരതകൊണ്ട് എല്ലാ ദിവസവും നമ്മുടെ മുന്നിലേക്ക് കടന്നുവരുന്ന ഒന്നാണ്. ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധം ഒരു വര്‍ഷമാകുന്നു. 2023 ഒക്‌ടോബര്‍ 7-നാണ് ഹമാസ് പോരാളികള്‍ ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറി, 1200 ഓളം ഇസ്രയേല്‍ പൗരന്മാരെ (വിദേശികള്‍ ഉള്‍പ്പടെ) കൂട്ടക്കൊല ചെയ്തത്. അതിനു പ്രതികാരമായി ഇസ്രയേല്‍ വന്‍തോതില്‍ ആക്രമണം ഹമാസിനെതിരെ അഴിച്ചുവിട്ടു. ഈ സമയം വരെ ഏകദേശം അന്‍പതിനായിരം പാലസ്തീനികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു എന്നാണ് ഏകദേശം കണക്ക്. ഗാസ ഒരു ശവപ്പറമ്പായി മാറിക്കഴിഞ്ഞു. ഇപ്പോഴും പലരും ബന്ദികളായി ഹമാസിന്റെ തടങ്കലില്‍ തുടരുന്നു. പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിക്കാതെ യുദ്ധം തുടരുന്നു. ആയിരക്കണക്കിന് കുട്ടികളാണ് ഈ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഹമാസ് പോരാളികളുടെ അക്രമത്തിന്റെ ഫലം അനുഭവിച്ചത് സാധാരണ പാലസ്തീനികളാണ്. പലസ്തീന്‍ പ്രശ്‌നത്തിന്റെ പേരില്‍, കോടിക്കണക്കിനു ഡോളര്‍ സംഭാവന സ്വീകരിച്ചു, പല രാജ്യങ്ങളിലും അതിഥികളായി ഒളിച്ചു താമസിക്കുന്ന ഹമാസ് തന്നെയാണ് പലസ്തീനികളുടെ മുഖ്യശത്രു എന്ന് അവര്‍ അറിയുന്നില്ല. അതുപോലെ തന്നെ, പലവിധ ആരോപണങ്ങള്‍ മൂലം രാഷ്ട്രീയമായി തന്റെ നില പരുങ്ങലിലായപ്പോളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനു ഈ യുദ്ധം വീണുകിട്ടിയത്. അതുകൊണ്ടു തന്നെ യുദ്ധം ഉടനെ ഒന്നും അവസാനിപ്പിക്കാന്‍ നെതന്യാഹുവിനും താല്‍പ്പര്യം ഉണ്ടാവില്ല.
യുദ്ധം ഒരിടത്തും ശാശ്വതമായ സമാധാനം കൊണ്ടുവന്നതായോ, മനുഷ്യരുടെ ജീവിതങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി യതായോ കേട്ടിട്ടില്ല. എങ്കില്‍പ്പോലും മനുഷ്യന്‍ യുദ്ധങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഇതെഴുതുമ്പോള്‍ എന്ന് തീരുമെന്നറിയാതെ പ്രധാനമായി മൂന്നു യുദ്ധങ്ങളാണ് ലോകത്തു നടന്നു കൊണ്ടിരിക്കുന്നത്.
മൂന്നാമത്തെ യുദ്ധം ഒരുപക്ഷെ നമ്മള്‍ ഏറ്റവും കുറച്ചു കേള്‍ക്കുന്ന ഒന്നാണ്. പക്ഷെ ഈ മൂന്നു യുദ്ധങ്ങളിലും വച്ച് ഏറ്റവും ഭയാനകമായി മുന്നേറുന്ന ഒന്നാണ് അത്. പ്രധാനപ്പെട്ട ഒരു ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണ് രണ്ടു പക്ഷങ്ങള്‍ തമ്മില്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തിനടുത്തായി രക്തരൂഷിതമായ ഈ പോരാട്ടം നടക്കുന്നത്. ഇതുവരെ ഏകദേശം ഒന്നര ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഏകദേശം ഒരു കോടി മനുഷ്യര്‍ അവരവരുടെ വീടുകളില്‍ നിന്നും പലായനം ചെയ്തു. യുദ്ധം മൂലം സംജാതമായ അന്തരീക്ഷം കടുത്ത ക്ഷാമത്തിലേക്ക് ആ രാജ്യത്തെ തള്ളിയിട്ടു കഴിഞ്ഞു.
ഈ യുദ്ധം തുടരുകയാണെങ്കില്‍, അടുത്ത ഒന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുപത്തിഅഞ്ചു ലക്ഷം ആളുകളെങ്കിലും പട്ടിണി മൂലം അവിടെ മരിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ യുദ്ധം ഇങ്ങനെ തുടരുന്നതിന് ഒരു പ്രധാന കാരണം, മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ കൂടിയാണ്. യുദ്ധത്തില്‍ ഒരു കക്ഷിയായ RSF നെ യു എ ഇ പിന്തുണയ്ക്കുമ്പോള്‍, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നത് എതിര്‍കക്ഷിയായ SAF നെയാണ്. അതുപോലെ തന്നെ, സൗദി അറേബ്യ, ടര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഈ യുദ്ധത്തില്‍ അവരുടേതായ താല്‍പ്പര്യങ്ങളുണ്ട്. സുഡാന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ് ഇതിന്റെ ഒരു പ്രധാന കാരണം. ചെങ്കടലുമായി 800 കിലോമീറ്റര്‍ അതിര്‍ത്തി സുഡാന്‍ പങ്കിടുന്നുണ്ട്. സുഡാന്‍ അരാജകത്വത്തിലേക്ക് വഴുതി വീഴുന്നത് സൂയസ് കനല്‍ വഴിയുള്ള ചരക്കു ഗതാഗതത്തിനും ഭീഷണിയായി കരുതപ്പെടുന്നു. ഈ യുദ്ധം ഇങ്ങനെ തുടരുന്നു എങ്കില്‍, യൂറോപ്പിനെ കാത്തിരിക്കുന്നത് മറ്റൊരു അഭയാര്‍ത്ഥി പ്രവാഹമാണ്. ഇപ്പോള്‍ തന്നെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിക്കുന്ന അഭയാര്‍ത്ഥി പ്രവാഹത്തിന് പുറമെയാണ്.
യുദ്ധക്കൊതിയന്മാരായ ഒരു പറ്റം സ്വേച്ഛാധിപതികള്‍ക്കും, മനസ്സാക്ഷിയില്ലാത്ത കുറെ ഭരണാധികാരികള്‍ക്കും ഇടയില്‍ ഞെരിഞ്ഞമരുന്ന നിരാലംബരായ കോടിക്കണക്കിനു മനുഷ്യരുടെ കഥകളാണ് നമ്മള്‍ മുകളില്‍ കണ്ടത്. ഇരുപതാം നൂറ്റാണ്ടിനെ ചൂഴ്ന്നു നിന്നതു ശീതസമരം ആയിരുന്നു.
സ്വാതന്ത്ര്യത്തിന്റെയും, സമാധാനത്തിന്റെയും പുതിയ നൂറ്റാണ്ടു പ്രതീക്ഷിച്ചവര്‍ക്കു തെറ്റ് പറ്റി എന്നാണ്, ലോകത്തെ ദുരന്തഭൂമിയാക്കിക്കൊണ്ടിരിക്കുന്ന ഈ യുദ്ധങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ നിസ്സഹായരായി നില്‍ക്കുന്ന ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അവസ്ഥ ഈ കാലത്തിന്റെ നിലവിളിയാണ്.
പ്രശസ്ത കനേഡിയന്‍ നോവലിസ്റ്റ് Margarat Atwood ഒരിക്കല്‍ പറഞ്ഞു: ''ഭാഷ പരാജയപ്പെടുമ്പോള്‍ യുദ്ധം ആരംഭിക്കുന്നു.'' യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ പറ്റിയ ഭാഷ സ്വായത്തമാക്കുന്നതില്‍ മനുഷ്യരാശി പരാജയപ്പെട്ടിരിക്കുന്നു.
ലേഖകന്റെ ബ്ലോഗ്:
www.bobygeorge.com