
യുദ്ധങ്ങളില്‍ കുട്ടികളുടെ മരണം ഏറ്റവും വേദനയുളവാക്കുന്നതിന്റെ പ്രധാന കാരണം, അവര്‍ സൃഷ്ടിച്ച യുദ്ധങ്ങളല്ല അത് എന്നതു കൊണ്ടാണ്. ഈ ലോകത്തു സമാധാനത്തോടെ ജനിക്കാനും വളരാനുമുള്ള ഒരു വ്യക്തിയുടെ അവകാശമാണ് യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നത്.
4008 (നവംബര്‍ 6) ഇത് ഇപ്പോള്‍ എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഒരു നമ്പര്‍ ആണ്. ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ മുപ്പതു ദിവസത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണമാണ് ഇത്. യുദ്ധം നടത്തിയും, പട്ടിണിക്കിട്ടും ആയിരക്കണക്കിന് കുട്ടികളെ ഓരോ ദിവസവും കൊല്ലുന്ന ഒരു സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. ദിവസം ചെല്ലുന്തോറും കുട്ടികള്‍ക്ക് പ്രതീക്ഷ കുറഞ്ഞു വരുന്ന ലോകത്തെക്കുറിച്ചു നമ്മള്‍ എത്ര ചിന്തിക്കാറുണ്ട്? ബോംബര്‍ വിമാനങ്ങളുടെ ഒച്ച കേട്ട് ഉറങ്ങാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ നമ്മുടെ പരിഗണനയില്‍ വരാറുണ്ടോ?
"War creates not victors but only widows' എന്ന് പറയാറുണ്ട്. യുദ്ധം വിജയികളെ അല്ല മറിച്ചു വിധവകളെ മാത്രമാണ് സൃഷ്ടിക്കുന്നത് എന്ന് സാരം. അതുപോലെ തന്നെയാണ് യുദ്ധം കൊന്നൊടുക്കുന്ന കുട്ടികളുടെ കാര്യവും. ഏതു പക്ഷത്തായാലും, ജീവിതം എന്താണ് എന്ന് അറിയുന്നതിനുമുമ്പ് അത് അസ്തമിച്ചു പോകുന്നവര്‍. മനസ്സാക്ഷിയുള്ള ഏതൊരു മനുഷ്യന്റെയും ഹൃദയത്തെ പിടിച്ചു കുലുക്കുന്ന ദൃശ്യങ്ങളാണ് ഇസ്രായേല്‍ ഹമാസ് യുദ്ധഭൂമിയില്‍ നിന്നും വരുന്നത്. ഓരോ നിമിഷവും നമ്മെ പിന്തുടരുന്ന ചിത്രങ്ങള്‍. ഇത് എഴുതുമ്പോള്‍ പോലും, ഒരു വെടിനിര്‍ത്തലിന് ഇരുപക്ഷവും തയ്യാര്‍ ആയിട്ടില്ല. ന്യായ അന്യായങ്ങളുടെ എല്ലാ ചര്‍ച്ചകളും ഉണ്ടെങ്കിലും, ലോകം കുട്ടികളോട് നീതി ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇസ്രായേല്‍ ഹമാസ് യുദ്ധം കൂടാതെ, ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന റഷ്യ ഉക്രൈന്‍ യുദ്ധം കുട്ടികളില്‍ ഏല്‍പ്പിച്ച ആഘാതം വലുതാണ്. ഇതൊന്നും കൂടാതെ, ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ആഭ്യന്തര യുദ്ധങ്ങള്‍, കൂട്ടത്തോടെയുള്ള പലായനങ്ങള്‍ എന്നിങ്ങനെ എന്തെടുത്താലും ആയിരക്കണക്കിന് കുട്ടികള്‍ സഹനത്തിന്റെ വഴിയിലാണ്. യുദ്ധങ്ങളില്‍ കുട്ടികളുടെ മരണം ഏറ്റവും വേദനയുളവാക്കുന്നതിന്റെ പ്രധാന കാരണം, അവര്‍ സൃഷ്ടിച്ച യുദ്ധങ്ങളല്ല അത് എന്നതു കൊണ്ടാണ്. ഈ ലോകത്തു സമാധാനത്തോടെ ജനിക്കാനും വളരാനുമുള്ള ഒരു വ്യക്തിയുടെ അവകാശമാണ് യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നത്. അതുകൊണ്ടുതന്നെ, മരണപ്പെട്ട ഓരോ കുട്ടിയുടെയും കൊലപാതകി എന്ന പേരാണ് യുദ്ധം നടത്തുന്ന നേതാക്കള്‍ പേറുന്നത്. കുട്ടികള്‍ ഏതൊരു സമൂഹത്തിന്റെയും ഭാവിയാണ്. അതുകൊണ്ടു കുട്ടികളെ കൊന്നൊടുക്കുന്നവര്‍, ചെയ്യുന്നതു ഭാവിയെ തുടച്ചു മാറ്റുന്ന മാപ്പര്‍ഹിക്കാത്ത അപരാധമാണ്.
യുദ്ധഭൂമികളില്‍ നിന്നും നമ്മുടെ രാജ്യത്തേക്ക് വരിക. ഈയിടെ മാധ്യമങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു വാര്‍ത്ത ഡല്‍ഹിയിലെ മലിനീകരണമാണ്. മനുഷ്യന് സഹിക്കാവുന്ന എല്ലാ പരിധികളും കവിഞ്ഞു പോയിരിക്കുന്ന മലിനീകരണത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. അതോടൊപ്പം കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്ത ഡല്‍ഹിയില്‍ ശരാശരി ഒരു ദിവസം ജനിക്കുന്ന കുട്ടികളുടെ എണ്ണമായിരുന്നു. ഏകദേശം ആയിരം കുട്ടികള്‍ ആണ് ഒരു ദിവസം അവിടെ ജനിക്കുന്നത്. മുതിര്‍ന്നവര്‍ക്കു പോലും താങ്ങാന്‍ സാധിക്കാത്ത മലിനമായ അന്തരീക്ഷത്തിലേക്ക് ജനിച്ചു വീഴുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ജനനം മുതല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന നിസ്സഹായര്‍. ദിവസം ഏകദേശം 34 സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ് ഇപ്പോള്‍ അവിടത്തെ മലിനീകരണം എന്നൊരു വാര്‍ത്തയും അതോടൊപ്പം കണ്ടു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡല്‍ഹി മാത്രമല്ല, ഒട്ടു മിക്ക നഗരങ്ങളും, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങള്‍, കടുത്ത മലിനീകരണത്തിന്റെ പിടിയിലാണ്. ഇതൊന്നും കൂടാതെ തന്നെ, ശിശു മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വളര്‍ച്ച മുരടിച്ച കുട്ടികളുടെ എണ്ണത്തില്‍ ലോകത്തു പ്രഥമ സ്ഥാനത്തു നില്‍ക്കുന്നതും ഇന്ത്യ തന്നെയാണ്. ഇന്ത്യയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഏകദേശം 36 ശതമാനം വേണ്ടത്ര വളര്‍ച്ച ഇല്ലാത്തവരാണെന്ന് കണക്കുകള്‍ പറയുന്നു.
മരണത്തിനുള്ള അനേകം സാധ്യതകളെ തോല്‍പ്പിച്ചു കടന്നു വരുന്ന കുട്ടികളെയും ഇന്ത്യയില്‍ കാത്തിരിക്കുന്നത് അത്ര നല്ല ഭാവിയല്ല. ഇന്ത്യയുടെ പ്രാഥമിക വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് പല സംസ്ഥാനങ്ങളിലും കടന്നുപോകുന്നത്. ഇന്ത്യയിലെ ഏകദേശം ഒരു ലക്ഷത്തിനു മുകളില്‍ സ്‌കൂളുകള്‍ ഏകാധ്യാപക വിദ്യാലയങ്ങളാണ്. അത് ഇന്ത്യയിലെ മൊത്തം സ്‌കൂളുകളുടെ പത്തു ശതമാനത്തോളം വരും. അതുപോലെ തന്നെ, ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളില്‍ നല്ലൊരു ശതമാനം കുട്ടികള്‍ സെക്കന്ററി ക്ലാസ്സില്‍ കടക്കുന്നതോടു കൂടി സ്‌കൂള്‍ ഉപേക്ഷിക്കുന്നു. ഒരു വശത്തു ലോകം ഡിജിറ്റല്‍ വിപ്ലവങ്ങള്‍ ആഘോഷിക്കുമ്പോള്‍, മറുവശത്തു നിര്‍ഭാഗ്യരായ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ശരിയായി കിട്ടാതെ വളര്‍ന്നു വരുന്നു. യൂറോപ്പിലെ മിക്ക രാജ്യങ്ങളും ജനസംഖ്യ കുറയുകയാണെങ്കില്‍ ഇന്ത്യയില്‍ അത് കൂടുന്നുണ്ട്. എങ്കില്‍ പോലും അതിന്റെ പ്രയോജനം (demographic dividend) കിട്ടണമെങ്കില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും കിട്ടുന്ന സ്ഥിതിവിശേഷം ഉണ്ടാകണം. അതില്ലെങ്കില്‍ ആ ജനസംഖ്യ രാജ്യത്തിന് ബാധ്യതയായി മാറുന്നു.
ഈ ലോകത്തു പ്രതീക്ഷയുടെ അളവുകോല്‍ നമ്മുടെ കുഞ്ഞുങ്ങളെ നാം എങ്ങനെ കരുതുന്നു എന്നതിലാണ്. കുട്ടികളെ ജനിപ്പിച്ചതു കൊണ്ട് മാത്രം നമ്മള്‍ പ്രത്യാശയുടെ ലോകം നിര്‍മ്മിക്കുന്നില്ല. കുട്ടികള്‍ക്ക് ആരോഗ്യത്തോടെ വളരാനും, അറിവും സംസ്‌കാരവും നേടാനുമുള്ള ഒരു സാഹചര്യത്തെ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കണം. അമേരിക്കന്‍ എഴുത്തുകാരനും, പൗരാവകാശ പ്രവര്‍ത്തകനുമായിരുന്ന ജെയിംസ് ബാള്‍ഡ്‌വിന്‍ (James Baldwin) പറഞ്ഞതുപോലെ ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങള്‍ നമ്മുടെ എല്ലാവരുടേതുമാണ് എന്ന ഒരു ചിന്തയാണ് വേണ്ടത്. അത് മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ധാര്‍മ്മികത എന്താണ് എന്ന് അറിയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു വച്ചു. യുദ്ധഭൂമിയില്‍ മരിച്ചു വീഴുന്ന, ജനിച്ച ഉടന്‍ മരിക്കുന്ന, സ്‌കൂള്‍ വിട്ടു വീടിനു വേണ്ടി അധ്വാനിക്കുന്ന, ദിവസവും അക്രമം കണ്ടു ജീവിക്കുന്ന കുട്ടികളെയൊക്കെ ഓര്‍ത്തു തേങ്ങുന്ന മനുഷ്യര്‍, കുട്ടികള്‍ സ്‌നേഹിക്കപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ മുന്നോട്ടു വരട്ടെ.
ലേഖകന്റെ ബ്ലോഗ്:
www.bobygeorge.com