എന്താണ് സ്വാതന്ത്ര്യം?

എന്താണ് സ്വാതന്ത്ര്യം?
ഭാരതീയരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന്റെ മാസമാണ് ഓഗസ്റ്റ്. ഈ ലോകത്ത് ഏറ്റവും വിലയുള്ളത് സ്വാതന്ത്ര്യത്തിനാണെന്ന് ഓരോ ഇന്ത്യക്കാരനും ഓര്‍ത്തെടുക്കുന്ന സമയം. അങ്ങനെ അല്ലായിരുന്നു എങ്കില്‍, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തങ്ങളുടെ രാജ്യത്തിനുവേണ്ടി പൊരുതി മരിക്കില്ലായിരുന്നു.

പ്രശസ്ത ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും, മാഗ്‌സാസെ അവാര്‍ഡ് ജേതാവുമായിരുന്ന പി. സായ്‌നാഥിന്റെ ഒരു പ്രഭാഷണം ഈയിടെ കേള്‍ക്കാന്‍ ഇടയായി. സായ്‌നാഥ് തന്റെ പുതിയ പുസ്തകം പരിചയപ്പെടുത്തുന്ന ഒരു ചടങ്ങ് ആയിരുന്നു സന്ദര്‍ഭം. ഒരു പക്ഷെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഏറ്റവും അനുയോജ്യമായ ഒരു പുസ്തകം ആയിരിക്കും ഇത്. The last heroes: Foot soldiers of Indian Freedom. ഇത് സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള ഒരു ശ്രദ്ധാഞ്ജലി ആണ്. പക്ഷെ ഒരു വ്യത്യാസം ഉണ്ട്. ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ച അറിയപ്പെടാത്ത മനുഷ്യരുടെ കഥയാണ്. ചരിത്രം രേഖപ്പെടുത്താതെ പോയ അവരില്‍ ചിലരെ സായ്‌നാഥ് രാജ്യത്തിന്റെ പലഭാഗത്തു നിന്നും തേടിപ്പിടിച്ചു, അവര്‍ക്കു പറയാനുള്ളതു കേട്ട്, നമുക്കുവേണ്ടി എഴുതിയ ചരിത്രമാണ് ഈ പുസ്തകം. 92 വയസ്സ് മുതല്‍ 104 വയസ്സുവരെയുള്ളവരെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പലപ്പോഴും എഴുതപ്പെട്ട ചരിത്രം ഉള്ളവര്‍ മാത്രമാണ് നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യസമരസേനാനികള്‍. സ്വാതന്ത്ര്യത്തിനു വേണ്ടിയാണു, പെന്‍ഷനുവേണ്ടിയല്ല തങ്ങള്‍ പൊരുതിയത് എന്ന് ആത്മാഭിമാനത്തോടെ വിളിച്ചു പറയുന്ന സാധാരണക്കാരെയാണ് സായ്‌നാഥ് അവതരിപ്പിക്കുന്നത്. പുസ്തകത്തിന്റെ ഒരു അടിസ്ഥാന ആശയമായി, സായ്‌നാഥ് ഊന്നിപ്പറഞ്ഞ ഒന്നുണ്ട്. മറ്റൊരു സ്വാതന്ത്ര്യദിനത്തില്‍ നാം എത്തി നില്‍ക്കുമ്പോള്‍ ഒരുപാട് ചിന്തിക്കാന്‍ വകയുള്ളതാണ് അത്.

എന്താണ് സ്വാതന്ത്ര്യം? അത് വിദേശഭരണാധികാരികള്‍ മാറുന്നത് മാത്രമാണോ അതോ അതിനപ്പുറം വേറെ വല്ലതുമാണോ? ഭാരതം ബ്രിട്ടീഷ് സാമ്രാജ്യശക്തികളില്‍ നിന്ന് 1947-ല്‍ സ്വതന്ത്രമായി, ഭരണം ഇന്ത്യക്കാരുടെ കൈകളില്‍ എത്തുമ്പോഴും, തങ്ങള്‍ പേറുന്ന നുകങ്ങളില്‍ നിന്നും ഭാരതീയര്‍ സ്വതന്ത്രമായോ എന്നത് പ്രസക്തമായ ചോദ്യമാണ്. സ്വാതന്ത്ര്യസമരസേനാനികളെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിയുമ്പോള്‍ ഈ ചോദ്യം എന്നത്തേക്കാളും പ്രസക്തമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. രാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ സാമ്പത്തിക അസമത്വത്തില്‍ എത്തി നില്‍ക്കുമ്പോള്‍, രാജ്യത്തിന്റെ ഭൂരിഭാഗം സമ്പത്തും ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ എത്തപ്പെട്ടിരിക്കുന്ന അവസ്ഥ സ്വാതന്ത്ര്യത്തിന്റെ ആഹ്‌ളാദം നമുക്ക് തരുന്നില്ല. G D P കണക്കുകളുടെ കസര്‍ത്തുകള്‍ക്ക് ഇടയിലും, മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദാരിദ്ര്യം ഈ രാജ്യത്തിന്റെ വേദനയാണ്. ഉദാരസാമ്പത്തിക നയങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ കഴിഞ്ഞും നമ്മുടെ തിര ഞ്ഞെടുപ്പുകളെ ഏറ്റവും സ്വാധീനിക്കുന്നത്, രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളാണെന്ന് ഓര്‍ക്കുമ്പോള്‍, രാജ്യത്തെ ദാരിദ്ര്യത്തിന്റെ ആഴം മനസ്സിലാക്കാവുന്നതാണ്. സര്‍ക്കാരിന്റെ കരുണയിലാണ് ഒരു വലിയ വിഭാഗം ജനങ്ങള്‍ ജീവിക്കുന്നത് എന്ന വസ്തുത, ദാരിദ്ര്യത്തിന്റെ ഭാരം പേറുന്ന അനേകം മനുഷ്യരുടെ അടിമത്തത്തിന്റെ സൂചനയാണ്.

മൂന്നു മാസമായി ഒരു സംസ്ഥാനം കത്തുമ്പോഴും, മൗനം പാലിക്കുന്ന ഭരണകൂടങ്ങള്‍ക്കുവേണ്ടി ആയിരുന്നില്ല, ആയിരക്കണക്കിന് സാധാരണക്കാര്‍ ബ്രിട്ടീഷുകാരോടു പൊരുതി മരിച്ചത്.

രണ്ടാമതായി ഇന്ന് നമ്മുടെ രാജ്യത്തിന്റെ അവസ്ഥയില്‍ വന്നിരിക്കുന്ന ഏറ്റവും പ്രകടമായ ഒരു മാറ്റം, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളാണ്. സ്വതന്ത്രമായ മാധ്യമങ്ങളും, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ഇന്ന് വലിയ ഭീഷണി നേരിടുന്നു. രാജ്യത്ത് അങ്ങോളമിങ്ങോളം, വിചാരണത്തടവുകാരായി കിടക്കുന്ന മാധ്യമ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരവധിയാണ്. ഇന്ത്യയിലെ ഒട്ടു മിക്ക മാധ്യമങ്ങളും സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരിനിയമങ്ങളെയും, പട്ടാളത്തെയും വകവയ്ക്കാതെ, സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവില്‍ ഇറങ്ങിയ സ്ത്രീകളും, വിദ്യാര്‍ത്ഥികളും, ആദിവാസികളും, ദളിതരും ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങളെ സായ്‌നാഥ് അവതരിപ്പിക്കുന്നതിനോട് ചേര്‍ത്താണ്, നാം സ്വതന്ത്രജനാധിപത്യഭാരതം അതിന്റെ പൗരന്മാരെ അടിച്ചമര്‍ത്തുന്ന കഥകള്‍ വായിക്കേണ്ടത്. മൂന്നു മാസമായി ഒരു സംസ്ഥാനം കത്തുമ്പോഴും, മൗനം പാലിക്കുന്ന ഭരണകൂടങ്ങള്‍ക്കുവേണ്ടി ആയിരുന്നില്ല, ആയിരക്കണക്കിന് സാധാരണക്കാര്‍ ബ്രിട്ടീഷുകാരോടു പൊരുതി മരിച്ചത്.

മൂന്നാമതായി ഇന്നത്തെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അതിന്റെ വൈവിധ്യം കാത്തുസൂക്ഷിക്കുക എന്നതാണ്. സ്വാതന്ത്ര്യസമരം ഒരു മതത്തിന്റെയോ, ജാതിയുടെയോ, സമുദായത്തിന്റെയോ കുത്തക ആയിരുന്നില്ല. അതുകൊണ്ടു തന്നെ, സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന ഏറ്റവും ഊന്നല്‍ കൊടുത്തത്, ഈ രാജ്യത്തെ ഓരോ പൗരനും അത് ഭൂരിപക്ഷം ആയാലും, ന്യൂനപക്ഷം ആയാലും തുല്യമായ അവകാശം ഉറപ്പുവരുത്തുക എന്നതായിരുന്നു. ഇന്ത്യന്‍ ജനാധിപത്യം അതുകൊണ്ടു തന്നെ ചരിത്രത്തിലെ ഏറ്റവും സാഹസികമായ ഒരു പരീക്ഷണവും ആയി മാറി. ജാതി, മതം, ഭാഷ, ഭക്ഷണം, വസ്ത്രം, ആചാരങ്ങള്‍ എന്നിങ്ങനെ എല്ലാറ്റിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഒറ്റ രാജ്യമായി ഇന്ത്യ നിലനിന്നു. പക്ഷെ ഈ കെട്ടുറപ്പാണ് ഇന്ന് ദുര്‍ബലമാകുന്നത് അഥവാ ദുര്‍ബലമാക്കുന്നത്. ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് എവിടെയും. അത് നിയമം വഴിയാണെങ്കിലും, ആള്‍ക്കൂട്ടകൊലകള്‍ വഴിയാണെങ്കിലും.

ജനാധിപത്യവും, സ്വാതന്ത്ര്യവും, നിരന്തരമായ ചെറുത്തുനില്‍പ്പുകളിലൂടെയും, പൗരന്മാരുടെ ജാഗ്രതയിലൂടെയും കാത്തുസൂക്ഷിക്കേണ്ട ഒന്നാണ്. ഈ അവസരത്തില്‍ ഇന്ത്യയെ അപേക്ഷിച്ചു വളരെ ചെറിയ ഒരു രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പൗരപ്രക്ഷോഭങ്ങളെ കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും. കോടതികള്‍ക്കു മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് എതിരായി ലക്ഷക്കണക്കിന് ആളുകളാണ് അവിടെ തെരുവിലിറങ്ങിയത്. പോരാട്ടങ്ങള്‍ സാമ്രാജ്യശക്തികള്‍ രാജ്യം വിട്ടു പോകുന്നതോടെ അവസാനിക്കേണ്ട ഒന്നല്ല. വിദേശ ഭരണാധികാരി മാറി, സ്വദേശീയരായ സ്വേച്ഛാധിപതികള്‍ വന്നതുകൊണ്ട് ഒരു രാജ്യവും രക്ഷപ്പെടുന്നില്ല എന്നു മാത്രമല്ല സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്യും. അതുകൊണ്ടു തന്നെ, ഈ സ്വാതന്ത്ര്യദിനം ഓരോ ഭാരതീയന്റെയും, അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തിനു വേണ്ടി പുനഃസമര്‍പ്പണം ചെയ്യാനുള്ള അവസരമായി മാറുന്നു. സായ്‌നാഥ് നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന, സാധാരണക്കാരില്‍ സാധാരണക്കാരായ പോരാളികളോടുള്ള നമ്മുടെ കടം അങ്ങനെയാണ് വീട്ടാന്‍ സാധിക്കുക.

ലേഖകന്റെ ബ്ലോഗ് : www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org