ആരോഗ്യം മുഖ്യ അജണ്ട ആകുമ്പോള്‍

ആരോഗ്യം മുഖ്യ അജണ്ട ആകുമ്പോള്‍

ബോബി ജോര്‍ജ്ജ്

കേരളത്തില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍, ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടിയതിന്റെ ഒരു മുഖ്യകാരണം ആയി പറയപ്പെടുന്നത് പൊതുജനാരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ആണെന്ന് ചിന്തിക്കുന്നവര്‍ ധാരാളം ഉണ്ട്. അതില്‍ സത്യമുണ്ട്താനും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യമേഖലയില്‍ നിന്നും പിന്‍വാങ്ങുന്ന ഒരു കാലഘട്ടത്തില്‍, ജനങ്ങളുടെ ആരോഗ്യരംഗത്തു, സര്‍ക്കാര്‍ കാര്യമായി ഇടപെട്ടു എന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൂടുതലായി തുടരുന്ന കോവിഡ്, ജനങ്ങളുടെ ശ്രദ്ധ ആരോഗ്യരംഗത്തേക്കു കൊണ്ടു വന്നിട്ടുണ്ട്. എന്തെല്ലാം ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കില്‍, ബാക്കി എല്ലാം വിഫലം എന്ന ഒരു ധാരണയിലേക്കാണ് ആളുകള്‍ വരുന്നത്. ഈ സാഹചര്യത്തില്‍, ആരോഗ്യമേഖലയില്‍ നമ്മുടെ സവിശേഷ ശ്രദ്ധ വരേണ്ട മേഖലകള്‍ എന്തൊക്കെയാണ്? ഓരോ ഏജന്‍സികള്‍ക്കും അവിടെ എന്ത് പങ്കുവഹിക്കാന്‍ സാധിക്കും?

ജനങ്ങളുടെ ആരോഗ്യം മെച്ച പ്പെടണം എങ്കില്‍ അതില്‍ പൊതു മേഖലയ്ക്കു നിസ്തുലമായ ഒരു പങ്കുണ്ട് എന്ന തിരിച്ചറിവാണ് ഈ കാലഘട്ടം നമുക്ക് തരുന്നത്. അമര്‍ത്യാസെന്‍ ഒക്കെ പലവട്ടം മുന്‍കാലങ്ങളില്‍ ചൂണ്ടിക്കാട്ടിയതു പോലെ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങള്‍, പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോള്‍, രാജ്യ പുരോഗതിക്കു ഏറ്റവും ആവശ്യം വേണ്ട രണ്ടു സംഗതികള്‍ പൂര്‍ണമായും ലാഭേച്ഛയ്ക്കു കൈമാറുക എന്ന് തന്നെയാണ് അര്‍ത്ഥം. ഇക്കാര്യങ്ങളില്‍ സ്വകാര്യമേഖലയ്ക്കു പങ്കുവേണ്ട എന്നല്ല ഇവിടെ അര്‍ത്ഥം, മറിച്ചു രാജ്യത്തെ സാധാരണ ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ഗൗരവമായി ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കുന്ന ഒരു സംവിധാനം ഉണ്ടോ എന്നാണ്. താഴ്ന്ന വരുമാനക്കാര്‍ക്കും, കടന്നുചെല്ലാവുന്ന ആശുപത്രികളുടെ ഒരു ശൃംഖല എല്ലായിടത്തും ഉണ്ടാകുമ്പോള്‍ ആണ് അത് പൊതുജനാരോഗ്യത്തെ സഹായിക്കുന്ന ഒന്നായി മാറുന്നത്. കോവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ ഒരു പക്ഷെ ഏറ്റവും അനുകൂലമായി വന്ന ഒരു ഘടകം, ഇപ്രകാരമുള്ള ആശുപത്രികളുടെ ലഭ്യത തന്നെയാണ്. കേരളത്തിന് പുറത്തേക്കു കടന്നു കഴിഞ്ഞാല്‍, ഏതാനും ചില സംസ്ഥാനങ്ങള്‍ ഒഴിച്ച് പൊതുജനാരോഗ്യ മേഖല തകര്‍ന്നുപോയ അവസ്ഥയില്‍ ആണ്. ഒരു പകര്‍ച്ച വ്യാധി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണ്, ഇതിന്റെ ഗൗരവം നമ്മള്‍ കൂടുതലായി മനസ്സിലാക്കുക. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനങ്ങള്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ക്കു, മുഖ്യമായും സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന അവസ്ഥ ആണ് ഇന്നുള്ളത്. അതുകൊണ്ടു തന്നെ, ഒരേ സമയം പൊതുമേഖലയിലെ ആരോഗ്യസംവിധാനങ്ങള്‍ തകരുകയും, അതേസമയം തന്നെ, വന്‍കിട സ്വകാര്യ ആശുപത്രികള്‍ ഉയരുകയും ചെയ്യുന്ന വൈരുധ്യം നമ്മള്‍ കാണുന്നു.

ആരോഗ്യരംഗത്തെ ചര്‍ച്ചകളില്‍ ഒരുപക്ഷെ എല്ലാവരും ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്, പൊതുമേഖലയുടെ പ്രാധാന്യവും, ഇന്‍ഷുറന്‍സ് ലഭ്യതയുമെല്ലാം. ഒരുപക്ഷെ ഇന്ന് അവയോടൊപ്പം നമ്മള്‍ അതെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്, ആരോഗ്യമേഖലയിലെ ധാര്‍മ്മികതയുടെ പങ്ക്.

പൊതുമേഖലയിലെ ശക്തമായ ആരോഗ്യസൗകര്യങ്ങളുടെ ലഭ്യതയോടൊപ്പം ചിന്തിക്കേണ്ട വേറൊന്നാണ് ആരോഗ്യരംഗത്തെ ഇന്‍ഷുറന്‍സ് ലഭ്യത. കണക്കുകള്‍ പ്രകാരം, ഇപ്പോഴും രാജ്യത്തെ ഏകദേശം എഴുപതു ശതമാനം ആളുകള്‍ക്കും, യാതൊരു തരത്തിലും പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരു അവസ്ഥ ആണുള്ളത്. സര്‍ക്കാര്‍ ജീവനക്കാരെയും, സംഘടിത മേഖലയിലെ ഒരു വിഭാഗം ജീവനക്കാരേയും മാറ്റിനിര്‍ത്തിയാല്‍ രാജ്യത്തെ ബഹുഭൂപരിപക്ഷം വരുന്ന സാധാരണക്കാര്‍, ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്കു പുറത്താണ് എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ വരുമാനക്കാര്‍ക്കും, ലഭ്യമാകുന്ന, ചെലവ് കുറഞ്ഞ ആരോഗ്യഇന്‍ഷുറന്‍സ്, ജനങ്ങളുടെ മൊത്തം ആരോഗ്യത്തിലേക്കുള്ള ഏറ്റവും പ്രധാന ചുവടുവയ്പ്പായിരിക്കും. ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം നാലോ അഞ്ചോ ദിവസം ആശുപത്രിയില്‍ കിടന്നാല്‍, മൊത്തം കടക്കാരന്‍ ആവുന്ന ഒരു സ്ഥിതിവിശേഷം ആണ് മാറേണ്ടത്.

മുകളില്‍ നാം കണ്ടതുപോലെ, ആരോഗ്യരംഗത്തെ ചര്‍ച്ചകളില്‍ ഒരുപക്ഷെ എല്ലാവരും ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്, പൊതുമേഖലയുടെ പ്രാധാന്യവും, ഇന്‍ഷുറന്‍സ് ലഭ്യതയുമെല്ലാം. ഒരുപക്ഷെ ഇന്ന് അവയോടൊപ്പം നമ്മള്‍ അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്, ആരോഗ്യമേഖലയിലെ ധാര്‍മ്മികതയുടെ പങ്ക്. സേവനതല്പരരായ ലക്ഷക്കണക്കിന് ആരോഗ്യവിദഗ്ധര്‍ ഒരു വശത്തു ഉള്ളപ്പോള്‍ തന്നെ, എല്ലാ ധാര്‍മ്മികതയും കാറ്റില്‍ പറത്തി, ആരോഗ്യമേഖലയെ ചൂഷണത്തിന് ഉള്ള ഉപാധി ആയി മാത്രം കാണുന്ന ഒരു വലിയ സംഘം നമ്മുടെ ചുറ്റും ഉണ്ട് എന്നുള്ളതും വസ്തുതയാണ്.

അതുപോലെ തന്നെ, മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തേക്കു വരുന്ന ചെറുപ്പക്കാരുടെ സമൂഹത്തോടുള്ള പ്രതിബദ്ധത ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ഒരു തൊഴില്‍ എന്നതിലുപരിയായി ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഒരു ഉത്ക്കണ്ഠയുമായി നേരിട്ട് ഇടപെടുന്ന ഒരു മേഖല ആണ് തങ്ങളുടേത് എന്ന ഒരു തിരിച്ചറിവിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കു വരാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് നമ്മുടെ പരാജയമാണ്. മെഡിക്കല്‍ വിദ്യാഭ്യാസം ഭാരിച്ച ചിലവേറിയതായതോടു കൂടി, ഡോക്ടര്‍ ആയിക്കഴിഞ്ഞാല്‍ ആ മുടക്കു മുതല്‍ എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കണം എന്ന ലളിതമായ ലക്ഷ്യം ആണ് ഒരുപാടു പേരെ നയിക്കുന്നത്. രോഗനിര്‍ണ്ണയം എന്നത് ഇന്ന്, ആവശ്യമുള്ളതും, ആവശ്യമില്ലാത്തതുമായ അനേകം ടെസ്റ്റുകളുടെ ഒടുവില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. അവിടെ കാണുന്ന മറ്റൊരു വിചിത്രമായ സംഗതി, അനേകം അവസരങ്ങളില്‍ ഒരു വിദഗ്ധന്റെ കണ്ടെത്തലുമായി യാതൊരു പൊരുത്തവും ഇല്ലാത്ത രീതിയില്‍ ആയിരിക്കും വേറൊരാളുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ, പല ഡോക്ടര്‍മാരെ കാണിക്കാതെ ഒരു ചികിത്സയും തുടങ്ങാന്‍ സാധിക്കാത്ത ഒരു സ്ഥിതിവിശേഷം ഉണ്ട്. മുമ്പ് സെക്കന്റ് ഒപ്പീനിയന്‍ എന്നത് അപൂര്‍വ്വമായ ഒന്നായിരുന്നു എങ്കില്‍ ഇന്ന് രണ്ടും, മൂന്നും ഒപ്പീനിയന്‍ സാധാരണ സംഭവം ആയിട്ടുണ്ട്. തന്റെ മുന്നില്‍, സ്വന്തം ജീവനെയും, ആരോഗ്യത്തെയും കുറിച്ച് ഓര്‍ത്തു വേവലാതിപ്പെട്ടിരിക്കുന്ന ഒരാളെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുക വളരെ എളുപ്പമാണ്.

10 രൂപ ഫീസിനും, സൗജന്യമായും ഒക്കെ ചികിത്സിക്കുന്ന ചില ഡോക്ടര്‍മാരെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ പോസ്റ്റുകള്‍ നമ്മള്‍ ഇടയ്ക്ക് കാണാറുണ്ട്. ചികിത്സ എപ്പോഴും സൗജന്യമായി വേണം എന്ന് ആരും പറയുന്നില്ല. കാരണം ഒരോ ഡോക്ടര്‍ക്കും ന്യായമായ വേതനത്തിന് അര്‍ഹതയുണ്ട്. പക്ഷെ ഇന്ന് നഗരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും, 500 മുതല്‍ 1000 രൂപയും അതിനു മുകളിലേക്കും consulting fee സാധാരണയായി മാറുകയാണ്. പലപ്പോഴും എംബിബിസ് മാത്രം ഉള്ള നല്ല ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം കൊണ്ട് ആളുകള്‍, ചെറിയ അസുഖങ്ങള്‍ക്ക് പോലും, സ്‌പെഷ്യലിസ്റ്റുകള്‍ക്കു വലിയ ഫീസ് കൊടുത്തു കാണേണ്ട അവസ്ഥയാണ് മിക്ക നഗരങ്ങളിലും.

ആരോഗ്യം തിരഞ്ഞെടുപ്പില്‍ പ്രധാന അജണ്ട ആയതിനെപ്പറ്റി പറഞ്ഞാണ് നമ്മള്‍ തുടങ്ങിയത്. ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സമ്പത്ത് ഇവിടത്തെ ജനങ്ങള്‍ ആണെന്ന് നമ്മള്‍ സാധാരണ പറയാറുണ്ട്. ഡെമോഗ്രാഫിക് ഡിവിഡന്റ് (demographic dividend) ഒരു യാഥാര്‍ത്ഥ്യമാണുതാനും. പക്ഷെ ആരോഗ്യമില്ലാത്ത ജനങ്ങള്‍ രാജ്യത്തിന് സമ്പത്ത് ആവുകയില്ല. കോവിഡ് മനുഷ്യനെ കടപുഴക്കുന്ന ഈ സമയത്തു നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത്, ആരോഗ്യരംഗത്തു ഒരു പുത്തന്‍ ഉണര്‍വ്വിനാണ്. അത് സര്‍ക്കാര്‍ മാത്രം ശ്രമിക്കേണ്ട ഒന്നല്ല. എല്ലാവരുടെയും മുഖ്യ അജണ്ട ആയി അത് മാറേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org