സമ്പത്തിന്റെ മനശ്ശാസ്ത്രം

സമ്പത്തിന്റെ മനശ്ശാസ്ത്രം

ഈയിടെ ട്വിറ്ററില്‍ ഒരു ചോദ്യം കാണാന്‍ ഇടയായി. കുട്ടികള്‍ അവശ്യം അറിയേണ്ടതും എന്നാല്‍ സ്‌കൂളിലും കോളേജിലും മറ്റും തീരെ പഠിപ്പിക്കാത്തതും ആയ വിഷയങ്ങള്‍ ഏതൊക്കെ എന്നതായിരുന്നു ആ ചോദ്യം. അതില്‍ ആദ്യം വന്ന ഒന്ന്, സാമ്പത്തിക സാക്ഷരത (financial literacy) എന്നതായിരുന്നു. ഇതൊരു യാഥാര്‍ഥ്യമാണ്. മനുഷ്യന്റെ പരിശ്രമങ്ങളെയും, ജീവിതത്തെയും ഏറ്റവും സ്വാധീനിക്കുന്ന ഒന്നാണെങ്കിലും, പണം/സമ്പത്ത് എങ്ങിനെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യണം എന്നുള്ളത് ഭൂരിഭാഗം മനുഷ്യര്‍ക്കും സാധിക്കാത്ത ഒന്നാണ്. ഇക്കാര്യത്തില്‍ വിദ്യാസമ്പന്നരും, അധികം വിദ്യാഭ്യാസം ലഭിക്കാത്തവരും തമ്മില്‍ കാര്യമായ വിത്യാസം ഇല്ല എന്നതും രസകരമാണ്. പലപ്പോഴും പലരും ദരിദ്രര്‍ ആയി മാറുന്നതും, ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുന്നതും പണം എന്ന ആശയത്തെ മനസ്സിലാക്കാന്‍ പറ്റാത്തത് കൊണ്ടാണ്. സമ്പത്തിന്റെ മനശ്ശാസ്ത്രത്തെ പറ്റി, പ്രശസ്ത നിക്ഷേപകനും, ബിസിനസ് ജേര്‍ണലിസ്റ്റും ആയ മോര്‍ഗന്‍ ഹൗസലിന്റെ (Morgan Housel) ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു പുസ്തകം ഉണ്ട്. The Psychology of Money. മനുഷ്യനും പണവും ആയിട്ടുള്ള ബന്ധത്തെപ്പറ്റി മനോഹരമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്.

ഹൗസലിന്റെ അഭിപ്രായത്തില്‍, ബുദ്ധിപരമായ കണക്കു കൂട്ടലുകളെക്കാളും, വൈകാരികമായ തോന്നലുകളും മുന്‍വിധികളും ആണ് സമ്പത്തിനോടുള്ള മനുഷ്യന്റെ മനോഭാവങ്ങള്‍ രൂപപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ, വൈകാരികമായ പക്വതയാണ് സമ്പത്ത് ഉണ്ടാക്കുന്നതിനും, അത് വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യന് കൂടുതല്‍ സഹായം ആവുക. ഇവിടെ പലപ്പോഴും അക്കാദമിക് അറിവുകളെക്കാളും ഭാഗ്യവും, നമ്മുടെ സാഹസികോന്മുഖതയും ഒക്കെ പ്രധാനപ്പെട്ടതാണ്. ഭാഗ്യത്തിന്റെ കൂടപ്പിറപ്പാണ് റിസ്‌ക് അഥവാ സാഹസികത എന്ന് ഹൗസല്‍ പറയുന്നു. റിസ്‌ക് എടുക്കാനുള്ള തികഞ്ഞ വിമുഖത നമ്മെ പരാജയപ്പെടുത്തും. ഒരു പക്ഷെ ഒരു റിസ്‌കും എടുക്കാതിരിക്കുക എന്നതാണ് ജീവിതത്തില്‍ നാം എടുക്കുന്ന ഏറ്റവും വലിയ റിസ്‌ക് എന്ന് പ്രശസ്ത എഴുത്തുകാരന്‍ ആയ നിക്കോളാസ് തലേബും (Nassim Nicholas Taleb) പറയാറുണ്ട്. ഹൗസലിന്റെ അഭിപ്രായത്തില്‍ ആധുനിക മുതലാളിത്തം, അപാരമായ സമ്പത്തു ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം അസൂയയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നമ്മള്‍ പണം ചില വഴിക്കുന്ന മാര്‍ഗ്ഗങ്ങള്‍, നമ്മുടെ ജീവിതശൈലി, ഇവയൊക്കെ എത്രമാത്രം മറ്റുള്ളവരോടുള്ള അസൂയയില്‍ നിന്നും, നമ്മുടെ പ്രകടനപരതയില്‍ നിന്നും വരുന്നതാണ് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. പലരും വീട് വയ്ക്കുന്നതും, മുന്തിയ കാര്‍ ഉള്‍പ്പടെയുള്ള ആഡംബരവസ്തുക്കള്‍ വാങ്ങുന്നതും, ഒക്കെ പലപ്പോഴും, നമ്മുടെ ആവശ്യത്തിനുപരിയായി, അയല്‍വാസിയെക്കാളും വലിയവന്‍ ആകാന്‍ ഉള്ള ആഗ്രഹത്തില്‍ നിന്നാണ് എന്നതാണ് യാഥാര്‍ഥ്യം. ജീവിതത്തില്‍ എനിക്ക് ഇത്ര മതി എന്ന ഒരു തോന്നല്‍ കൊണ്ടുവരാന്‍ സാധിക്കാത്ത ഒരാള്‍ക്ക്, ശരിയായ സന്തോഷം കണ്ടെത്താന്‍ സാധിക്കില്ല. എത്ര പണം ഉണ്ടെങ്കിലും, ആര്‍ത്തി ഏതൊരുവനെയും തകര്‍ത്തു കളയും. വരുമാനത്തേക്കാളും കൂടുതലായി ചെലവ് ചെയ്യാന്‍ മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ ആണ് നാം ജീവിക്കുന്നത്. നാളത്തെ നല്ല ഭാവിക്കു വേണ്ടി, ഇന്നത്തെ അത്യാവശ്യം ഇല്ലാത്ത ചില കാര്യങ്ങള്‍ എങ്കിലും മാറ്റി വയ്ക്കുക എന്നത് പഴഞ്ചന്‍ ഏര്‍പ്പാടല്ല എന്ന് ഹൗസല്‍ ഊന്നിപ്പറയുന്നു. അതുപോലെ തന്നെ, മറ്റുള്ളവരുടെ ബഹുമാനം പണം കൊണ്ട് മാത്രം സ്വന്തമാക്കാം എന്ന ചിന്ത വിഡ്ഢിത്തമാണ്. പണത്തേക്കാളും, ഒരുവന്റെ എളിമ, കരുണ എന്നിവയൊക്കെയാണ് ഒരാളെ മറ്റുള്ളവര്‍ക്ക് സ്വീകാര്യന്‍ ആക്കേണ്ടത്.

ഒരു നിക്ഷേപകന് സംബന്ധിച്ചിടത്തോളം ഏറ്റവും അവശ്യം വേണ്ട ഗുണമായി, ഹൗസല്‍ എടുത്തുകാണിക്കുന്നതു ക്ഷമയാണ്. ഓഹരി വിപണിയില്‍ ഒക്കെ മനുഷ്യര്‍ പലപ്പോഴും പരാജയപ്പെടുന്നതിനു ഒരു പ്രധാന കാരണം, ദീര്‍ഘകാലത്തേക്കുള്ള ഒരു പ്ലാന്‍ ഇല്ലാതെ പോകുന്നത് കൊണ്ടാണ്. ലോകം കണ്ട ഏറ്റവും വലിയ ഒരു നിക്ഷേപകന്‍ ആയിരുന്ന, വാറന്‍ ബഫ്ഫട് ധനം ഉണ്ടാക്കിയതിനെക്കുറിച്ചു നാം ധാരാളം വായിക്കാറുണ്ട്. പക്ഷെ പലപ്പോഴും നാം കാണാതെ പോകുന്നത്, എത്രയോ ചെറുപ്പത്തില്‍ അദ്ദേഹം അത് തുടങ്ങി എന്നതാണ്. ചെറിയ തുക, ദീര്‍ഘകാലത്തേക്ക്, തുടര്‍ച്ചയായി നിക്ഷേപിക്കുക എന്ന ലളിതമായ ഫോര്‍മുല ആണ് മനുഷ്യനെ സാമ്പത്തിക സുരക്ഷയില്‍ എത്തിക്കുക. ഒരു പക്ഷെ, പെട്ടെന്ന് ധനികന്‍ ആകണം എന്നുള്ള ആഗ്രഹം അനേകരെ തകര്‍ക്കുന്ന എത്രയോ കഥകള്‍ നാം കേട്ടിരിക്കുന്നു.

പണം നമുക്ക് തരുന്ന ഏറ്റവും വലിയ നേട്ടം എന്താണ്? ഹൗസലിന്റെ അഭിപ്രായത്തില്‍, അത് സ്വാതന്ത്ര്യമാണ്. നമ്മുടെ സമയം നമുക്ക് നിയന്ത്രിക്കാവുന്ന അവസ്ഥയില്‍ ആവുക എന്നതാണ്, സമ്പത്തു ഒരുവന് കൊടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സൗകര്യം. അതോടൊപ്പം തന്നെ, സമ്പത്തു ഉണ്ടാക്കാന്‍ ഉള്ള ഓട്ടത്തില്‍ നമ്മള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ചിലതുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. അത് നമ്മുടെ സത്യസന്ധത, മൂല്യബോധം, കുടുംബബന്ധങ്ങള്‍, ആരോഗ്യം, സൗഹൃദങ്ങള്‍ ഇവയൊക്കെയാണ്. പുതിയ ഒരു ജോലി നമ്മള്‍ തേടുമ്പോള്‍, ശമ്പളം മാത്രമല്ല, മറിച്ചു ആ ജോലി നമ്മുടെ കുടുംബത്തിന് വേണ്ടിയുള്ള സമയം എത്ര കവര്‍ന്നെടുക്കും എന്നുള്ളതും നോക്കേണ്ട ഒന്നാണ്.

പണം വിവേകത്തോടെ കൈ കാര്യം ചെയ്യാന്‍ ഓരോരുത്തരും പഠിച്ചെടുക്കേണ്ട ഒരു സ്‌കില്‍ ആണ്. പുസ്തകത്തില്‍ ഉടനീളം ഹൗസല്‍ വിശദീകരിക്കുന്നത്, മനുഷ്യന്റെ സ്വഭാവത്തിലെ സവിശേഷതകള്‍ എങ്ങനെ അവനെ ദരിദ്രനും സമ്പന്നനും ആക്കും എന്നതാണ്. നമ്മള്‍ പലപ്പോഴും വിചാരിക്കുന്നതുപോലെ, ഏറ്റവും ബുദ്ധിമാന്‍ ആയിരിക്കണം എന്നില്ല ഏറ്റവും നന്നായി ധനം സമ്പാദിക്കുന്നതും, സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതും. ബുദ്ധിയോളം പ്രധാനപ്പെട്ടതാണ് ക്ഷമ, ഈഗോ ഇല്ലാതിരിക്കുക എന്നിവയൊക്കെ. ഹൗസലിന്റെ ഈ പുസ്തകം, സാമ്പത്തിനെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളെയും തിരുത്തുകയും, ധാരാളം ഉള്‍ക്കാഴ്ചകള്‍ തരികയും ചെയ്യും.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org