നഗരവല്‍ക്കരിക്കപ്പെടുന്ന ഭാരതം

നഗരവല്‍ക്കരിക്കപ്പെടുന്ന ഭാരതം
Published on
  • ബോബി ജോര്‍ജ്ജ്

വ്യക്തി ആയാലും, രാജ്യം ആയാലും പുതുവര്‍ഷം ഭാവിയെപ്പറ്റി അനേകം സ്വപ്നങ്ങളും പ്രതീക്ഷകളും നെയ്യുന്ന സമയം ആണ്. ഇന്ത്യ പോലൊരു രാജ്യത്തിന്റെ ഏറ്റവും വലിയ സ്വപ്നം ഒരുപക്ഷെ ഒരു വികസിത രാജ്യമാവുക എന്നതായിരിക്കും. ഭാരതത്തിന്റെ നേതാക്കള്‍ ഓരോ ദിവസവും വില്‍ക്കുന്ന സ്വപ്നങ്ങളില്‍ ഒന്നാണത്. നമ്മള്‍ ദിവസവും കേള്‍ക്കുന്ന ചില കണക്കുകള്‍ ഉണ്ട്. രാജ്യത്തിന്റെ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്, നമ്മുടെ സമ്പത്തായ ജനസംഖ്യ; ഇതില്‍ കുറെ യാഥാര്‍ഥ്യമുണ്ട്. തീര്‍ച്ചയായും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ ആണ്. ജനസംഖ്യയുടെ കാര്യമെടുത്താലും, ചെറുപ്പക്കാരുടെ എണ്ണം എടുത്താലും ഇന്ത്യയ്ക്ക് അനുകൂലമായ പല ഘടകങ്ങളും ഉണ്ട്. അതോടൊപ്പം തന്നെ, ഇന്നും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിനു മനുഷ്യരെയും നാം വഹിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യവും ഉണ്ട്. ഒരു പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എന്താണ് ഒരു പക്ഷെ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രതിസന്ധി?

വികസിത രാജ്യമാകാനുള്ള കുതിപ്പിനിടയില്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളി ഇന്ത്യയുടെ അതിവേഗത്തിലുള്ള നഗരവല്‍ക്കരണം ആണ്. ഒരു പക്ഷെ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വിഷയം ഉണ്ടോ എന്ന് സംശയമാണ്. കണക്കുകള്‍ പ്രകാരം, 2050 ഓടുകൂടി ഏകദേശം 81 കോടി ഇന്ത്യക്കാര്‍ നഗരവാസികള്‍ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ല്‍ 31% ആയിരുന്ന നഗരജനസംഖ്യ, 2036-ല്‍ 40% ആകുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ ജി ഡി പി യുടെ 70% എങ്കിലും നഗരങ്ങളില്‍ നിന്നായിരിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു മാറ്റം, ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റമായിരുന്നു. ഇതിനു പല കാരണങ്ങളുണ്ട്. സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ ഗ്രാമങ്ങളുടെ ശോചനീയ അവസ്ഥ. തൊഴിലിന്റെ കാര്യത്തിലായാലും, ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എടുത്താലും, ഗ്രാമങ്ങള്‍ പിന്നാക്കം ആയപ്പോള്‍, നഗരങ്ങളിലേക്കുള്ള തള്ളിക്കയറ്റം കൂടി. പക്ഷെ ഇത്ര വലിയ ഒരു കുടിയേറ്റം നേരിടാന്‍ ഇന്ത്യന്‍ നഗരങ്ങള്‍ സജ്ജമായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. ഇതിന്റെ ഗുരുതരമായ പരിണിതഫലങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ നഗരങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ രണ്ടു പ്രതിസന്ധികള്‍ നോക്കാം.

ഒന്നാമതായി നമ്മുടെ നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാണ്. റോഡുകളായാലും, ശുദ്ധജലം, പാര്‍പ്പിടം ഇവയുടെയൊക്കെ ലഭ്യതയായാലും, നമ്മുടെ നഗരങ്ങള്‍ വലിയ ഒരു വെല്ലുവിളിയാണ് നേരിടുന്നത്. വാഹനബാഹുല്യം കൊണ്ടും, റോഡുകളുടെ അവസ്ഥ കൊണ്ടും നമ്മുടെ പല നഗരങ്ങളും അനുദിനമെന്നോണം അനുഭവിക്കുന്ന ഗതാഗതക്കുരുക്കു വലുതാണ്. ഗതാഗതത്തിന്റെ വേഗത ഓരോ ദിവസവും കുറഞ്ഞുകുറഞ്ഞു വരുന്നു. ചിലയിടങ്ങളില്‍ കൂടുതല്‍ ട്രാഫിക് ഉള്ളപ്പോള്‍ നടന്നു പോകുന്നതാണ് ഏറ്റവും വേഗത്തില്‍ എത്തുക എന്നുവരെയുണ്ട്.

രാജ്യത്തെ പല നഗരങ്ങളിലും, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നു. ഇതൊരു ഭയാനകമായ സ്ഥിതി വിശേഷമാണ്. എത്ര സമ്പത്തുണ്ടായാലും, വികസനം വന്നാലും ഒരു നഗരം ജനവാസയോഗ്യമല്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനം?

പൊതുഗതാഗതം മെച്ചപ്പെടാത്ത നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ഓരോ ദിവസവും വര്‍ധിക്കുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം നമ്മെ ഞെട്ടിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ പേര്‍ കാര്‍ ഓടിക്കുന്ന നഗരം അല്ല, മറിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന നഗരമാണ് മാതൃകാനഗരം എന്നതാണ് വാസ്തവം. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് കാലാവസ്ഥ വ്യതിയാനം നമ്മുടെ നഗരങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. ഒന്നോ രണ്ടോ ശക്തമായ മഴ പെയ്താല്‍, ഇന്ത്യയിലെ പല നഗരങ്ങളും നിശ്ചലമാകുന്ന അവസ്ഥയുണ്ട്.

രണ്ടാമതായി നമ്മുടെ നഗരങ്ങളെ കാര്‍ന്നു തിന്നുന്ന ഒരു പ്രശ്‌നം, വര്‍ധിച്ചു വരുന്ന മലിനീകരണമാണ്. നമ്മുടെ നഗരങ്ങളിലൂടെ ഒഴുകുന്ന മിക്ക നദികളും, അവിടങ്ങളിലുള്ള തടാകങ്ങളും മലിനമാണ്. അതിലും ദയനീയമാണ് വായുമലിനീകരണം. ഈയിടെ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ 12 എണ്ണവും ഇന്ത്യയിലാണ്. ഡല്‍ഹിയിലെ വായുമലിനീകരണം ഇന്ന് പ്രത്യേക വാര്‍ത്തയാണ്. ലോകത്തില്‍ ഏറ്റവും മോശമായ വായുമലിനീകരണം ഉള്ള ഒരു തലസ്ഥാന നഗരമായാണ് ഇന്ന് ഡല്‍ഹി അറിയപ്പെടുന്നത്. മലിനീകരണം എല്ലാ നിയന്ത്രണവും കടന്നപ്പോള്‍ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യം വരെ ഉണ്ടായി. ഡല്‍ഹിയിലെ അവസ്ഥ കോടതികളുടെ ദിവസേനയുള്ള നിരീക്ഷണത്തിലുമാണ്. ഡല്‍ഹിയിലെ പല ഭാഗത്തെയും ഇപ്രാവശ്യത്തെ മലിനീകരണത്തിന്റെ തോത്, ഒരാള്‍ ദിവസവും എത്രയോ സിഗരറ്റു വലിക്കുന്നതിനു തുല്യമാണ് എന്നാണ് കണ്ടെത്തല്‍. ഖരമാലിന്യങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മിക്ക നഗരങ്ങളിലും, എവിടെയെങ്കിലുമൊക്കെ കൊണ്ടുപോയി മാലിന്യം തള്ളുക എന്ന സ്ഥിതിയാണുള്ളത്. വായു മലിനീകരണം എടുത്താല്‍ ശ്രദ്ധേയമായ വേറൊരു സംഗതി അത് എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് എന്നതാണ്. പാവപ്പെട്ടവന്‍ എന്നോ പണക്കാരനെന്നോ വിത്യാസം ഇല്ലാതെ എല്ലാവരും മലിനമായ വായു ശ്വസിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. രാജ്യത്തെ പല നഗരങ്ങളിലും, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നു. ഇതൊരു ഭയാനകമായ സ്ഥിതി വിശേഷമാണ്. എത്ര സമ്പത്തുണ്ടായാലും, വികസനം വന്നാലും ഒരു നഗരം ജനവാസയോഗ്യമല്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനം? നമ്മുടെ ഇപ്പോഴത്തെ ഭയങ്കരമായ ഉപഭോക്തൃ സംസ്‌കാരവും, അതിന്റെ ഭാഗമായ ഒരു use and throw മനോഭാവവുമൊക്കെ ക്രമാതീതമായ തോതില്‍ മാലിന്യം സൃഷ്ടിക്കുന്ന ഒന്നാണ്. ഇന്ത്യയിലെ നഗരങ്ങളിലൊക്കെ ഓണ്‍ലൈന്‍ ഭക്ഷണം വ്യാപകമായതോടെ, പാക്കിങ് സാമഗ്രികള്‍ തന്നെ ദിവസവും ടണ്‍ കണക്കിനാണ് വേസ്റ്റായി മാറുന്നത്.

ചുരുക്കത്തില്‍ നഗരവല്‍ക്കരണം എന്നത്, വികസിതരാജ്യത്തിലേക്കുള്ള കുതിപ്പിന്റെ അവിഭാജ്യ ഘടകമാണെങ്കിലും, അതിന്റെ അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് നാം നേരിട്ടില്ലെങ്കില്‍, രാജ്യത്തിന്റെ പതനത്തിന്റെ ഏറ്റവും പ്രധാന കാരണം അതായിരിക്കും. ഒരുപക്ഷെ ഈ പുതുവര്‍ഷത്തില്‍ രാജ്യം സവിശേഷ ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയം തന്നെയാണിത്.

  • ലേഖകന്റെ ബ്ലോഗ്:

    www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org