സമയമില്ലാത്ത മനുഷ്യന്‍

സമയമില്ലാത്ത മനുഷ്യന്‍

സാങ്കേതികവിദ്യകളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം, മനുഷ്യന്റെ ദൈനംദിന ജോലികള്‍ എളുപ്പമാക്കി, അവനു കൂടുതല്‍ സമയം ലഭ്യമാക്കുക എന്നതായിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. എത്ര സമയം കിട്ടിയാലും, ആ സമയത്തു ചെയ്യാന്‍ വേറെ കുറെ ജോലികള്‍ വന്നു കയറുന്ന അവസ്ഥയാണ് മനുഷ്യര്‍ക്ക്. മനുഷ്യജീവിതം കൂടുതല്‍ സങ്കീര്‍ണ്ണം ആകുമ്പോഴും, അവനു ചെയ്യാന്‍ ഉള്ള കാര്യങ്ങള്‍ ഓരോ ദിവസവും പതിന്മടങ്ങു കൂടുമ്പോഴും, അവനു കിട്ടുന്ന സമയം ഒട്ടും കൂടുന്നില്ല. അതിന്റെ അര്‍ഥം, തനിക്ക് ഉള്ള സമയത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ ആണ് മനുഷ്യന്‍ ഏറ്റവും പ്രധാനമായി പഠിക്കേണ്ടത് എന്നാണ്.

മനുഷ്യനും സമയവും ആയുള്ള ബന്ധത്തെക്കുറിച്ചും, സമയത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഒക്കെ ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ രീതിയില്‍, മനുഷ്യനെ സമയവുമായി ബന്ധപ്പെടുത്തുന്ന ഒരു പുസ്തകം 2021 ഒടുവില്‍ ഇറങ്ങിയിരുന്നു. ഒലിവര്‍ ബുര്‍ക്മാന്‍ (Oliver Burkeman) എഴുതിയ Four thousand weeks- 4000 ആഴ്ചകള്‍. ഏകദേശം 80 വയസ്സ് വരെ ജീവിക്കുന്ന ഒരു വ്യക്തിക്ക് കിട്ടുന്നത് 4000 ആഴ്ചകളാണ്. സമയത്തെക്കുറിച്ചുള്ള മിക്ക പുസ്തകങ്ങളുടെയും പ്രധാന ഇതിവൃത്തം എങ്ങനെ കുറച്ചു സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം, കൂടുതല്‍ പ്രൊഡക്ടിവ് ആകാന്‍ എന്തൊക്കെ ചെയ്യണം, ഭാവി എങ്ങനെ ഏറ്റവും നന്നായി പ്ലാന്‍ ചെയ്യാം എന്നൊക്കെ ആയിരുന്നു എങ്കില്‍, ബുര്‍ക്മാന്റെ പുസ്തകം അല്‍പ്പം പുതുമയുള്ള ഒരു സമീപനം ആണ് എടുക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സമയത്തോടു യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു സമീപനം ആണ് ഏറ്റവും അത്യാവശ്യം. വാച്ചുകളും ക്‌ളോക്കും ഒക്കെ വരുന്നതിനു മുമ്പും അതിനു ശേഷവും നമ്മള്‍ സമയത്തെ കാണുന്നത് വ്യത്യസ്തമായ രീതിയില്‍ ആണ്. ജീവിതത്തെ സമയത്തിന്റെ താളത്തിനനുസരിച്ച് ആസ്വദിക്കുന്നതിനു പകരം, സമയത്തെ എങ്ങനെയും കീഴടക്കണം എന്നും, അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് എല്ലാം ചെയ്യാന്‍ സാധിക്കും എന്ന ഒരു ചിന്ത നമ്മെ വീണ്ടും നിരാശയില്‍ ആക്കും. അത് മനുഷ്യജീവിതത്തിന്റെ പരിമിതി എന്ന യാഥാര്‍ഥ്യബോധത്തില്‍നിന്നും മാറിയുള്ള ചിന്തയാണെന്നു ബുര്‍ക്മാന്‍ പറയുന്നു. കൈയ്യില്‍ ഒരു വാച്ച് കെട്ടിയാണ് മനുഷ്യന്‍ ചിന്തിക്കാന്‍ ഇരിക്കുന്നത് എന്ന് 1887-ല്‍ നീറ്റ്‌ഷെ (Nitezsche) എഴുതി. ഓരോ ദിവസവും ജീവിക്കുന്നതിനു പകരം, നമുക്ക് കിട്ടുന്ന സമയം മുഴുവന്‍ ഭാവിക്കു വേണ്ടിയുള്ള ഒരു പ്ലാനിങ് ആണെന്ന് കരുതുന്നത് ശരിയല്ല എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. നാളെയെക്കുറിച്ചു ചിന്തിച്ചു നമ്മള്‍ ഇന്ന് ജീവിക്കാതെ ഇരിക്കരുത്. നമുക്ക് അനന്തമായ സമയം ഇല്ല എന്നതു കൊണ്ട് തന്നെ നമുക്ക് ഓരോ ദിവസവും ചെയ്യാന്‍ ഉള്ളതിനെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പ് ആവശ്യമാണ്. ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കി, നമുക്ക് വേണ്ട സമയത്തെ കണ്ടെത്താന്‍ സാധിക്കുകയില്ല. അതു നാം ഓരോ ദിവസവും കണ്ടെത്തേണ്ടത് ആണ്. ഭാവി ജീവിതത്തിന്റെ ഒരു ഡ്രസ്സ് റിഹേര്‍സല്‍ അല്ല നമ്മുടെ ഇന്നത്തെ ജീവിതം. ജീവിതത്തില്‍ പ്ലാനിങ് വേണ്ട എന്നല്ല, മറിച്ചു, സ്വാഭാവിക ജീവിതത്തെ ഇല്ലാതാക്കുന്ന, പ്ലാനിങ് ആവശ്യമില്ല എന്നാണ് ഇവിടെ വിവക്ഷ.

സമയത്തോടു യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനത്തിന്റെ ഒരു പ്രധാനവശം, നമ്മള്‍ എന്തിനോടൊക്കെ ആണ് നോ (No) പറഞ്ഞു തുടങ്ങുക എന്നുള്ളതാണ്. എല്ലാം ചെയ്യാന്‍ സാധിക്കുകയില്ല എന്ന ബോധ്യത്തില്‍ നിന്നും നാം വരേണ്ടത് നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന ഒരു ചിന്തയിലേക്കാണ്. അപ്രധാനമായ കാര്യങ്ങളോട് നോ പറയുന്നതില്‍ തൃപ്തി കണ്ടെത്താനും നമുക്ക് സാധിച്ചേ പറ്റൂ. ജീവിതം പരിമിതമാണെങ്കില്‍, നമ്മള്‍ നടത്തുന്ന ഓരോ തിരഞ്ഞെടുപ്പുകളിലും, ഓരോ ത്യാഗമുണ്ട്. ജോലി തിരഞ്ഞെടുക്കുമ്പോള്‍, കൂടുതല്‍ പണം ആണോ, കുടുംബത്തോടൊപ്പം കുറച്ചു കൂടി സമയം ആണോ നാം വിലമതിക്കുന്നത് എന്നതും വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. ഓരോ ദിവസവും നമ്മള്‍ എന്തിനൊക്കെയാണ് നമ്മുടെ ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നത്? മനുഷ്യന്റെ ഈ ശ്രദ്ധ (attention) ആണ് ഇന്ന് ഏറ്റവും മൂല്യമുള്ള വസ്തു. അത് നമ്മള്‍ കരുതലോടെ, നമുക്ക് ഏറ്റവും പ്രാധാന്യമുള്ളത് എന്താണോ അതിനു കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍, അത് നമുക്ക് നഷ്ടമാവുന്നു. സോഷ്യല്‍ മീഡിയയും, മറ്റു ഓണ്‍ലൈന്‍ ആകര്‍ഷണങ്ങളും അങ്ങനെയാണ് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ക്യാപിറ്റലിസ്റ്റ് സാമ്പത്തികശാസ്ത്രത്തിന്റെ കടന്നുകയറ്റത്തോടു കൂടെ, മനുഷ്യന്റെ അസ്തിത്വത്തിന്റെ ഏക ലക്ഷ്യം, എന്തെങ്കിലും തൊഴില്‍ ചെയ്യുക എന്നത് മാത്രമായി മാറുന്ന ഒരവസ്ഥയുണ്ട്. വിശ്രമത്തിന്റെ ഉദ്ദേശ്യം തന്നെ, മനുഷ്യന് കൂടുതല്‍ ജോലി ചെയ്യുവാനുള്ള, ഊര്‍ജ്ജം കിട്ടുവാനുള്ള ഒരു ഉപാധി മാത്രമാവുന്നു. വിശ്രമം എന്നുള്ളത് അതില്‍ത്തന്നെ മനുഷ്യന്റെ ഒരു അവകാശം ആകുന്നില്ലെങ്കില്‍, സമ്പത്തു കുന്നുകൂട്ടിയിട്ട് എന്ത് പ്രയോജനം? മുന്‍ തലമുറകളെ അപേക്ഷിച്ചു, പല കാര്യങ്ങള്‍ക്കും നാം മണിക്കൂറുകള്‍ ലാഭിച്ചു. എന്നിട്ടും, നമ്മള്‍ ഇനിയും ജീവിതത്തിനു വേഗത പോരാ എന്ന് വിചാരിച്ച് അക്ഷമരാകുന്നു എങ്കില്‍, അതിന്റെ അര്‍ഥം നമ്മള്‍ ജീവിതത്തെ ഭ്രാന്തമായ ഒരു ഓട്ടം മാത്രമായി കാണുന്നു എന്നാണ്.

മനുഷ്യന്റെ ചെറിയ ജീവിതത്തെ, ഈ പ്രപഞ്ചത്തിന്റെ ആയുസ്സും വലിപ്പവുമായി ബുര്‍ക്മാന്‍ ബന്ധിപ്പിക്കുന്നുണ്ട്. നമ്മുടെ നിസ്സാരതയെക്കുറിച്ചുള്ള ബോധ്യം നമ്മെ കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ ആക്കണം. ചരിത്രം മാറ്റി മറിക്കുന്ന ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും, ജീവിതത്തില്‍ തൃപ്തി കണ്ടെത്തുവാന്‍ അത് നമുക്ക് തടസ്സം ആകേണ്ടതില്ല. കുഞ്ഞുങ്ങള്‍ക്ക് നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും, അവരെ നന്നായി വളര്‍ത്തുന്നതും നമ്മള്‍ ചെയ്യുന്ന ജോലികള്‍ കൊണ്ട് ചുറ്റുമുള്ളവര്‍ക്കു ജീവിതം എളുപ്പമാക്കുന്നതും നമ്മുടെ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നതാണ്. മധ്യകാലഘട്ടങ്ങളിലെ കത്തീഡ്രല്‍ പണിക്കാരോട് നമ്മുടെ ജീവിതത്തെ ബുര്‍ക്മാന്‍ ഉപമിക്കുന്നുണ്ട്. കത്തീഡ്രല്‍ പണി തീര്‍ന്നു കാണുവാന്‍ സാധിച്ചില്ലെങ്കിലും, അതില്‍ കുറച്ചു കല്ലുകള്‍ ചേര്‍ക്കാന്‍ സാധിച്ചാല്‍ അത് ധാരാളം മതിയാകും. പരിമിതമായ സമയം ജീവിതത്തെ പ്രത്യാശയോടെ കാണുവാന്‍ ഉള്ള ഏറ്റവും നല്ല കാരണം ആണെന്ന് പറഞ്ഞു കൊണ്ടാണ് ബുര്‍ക്മാന്‍ പുസ്തകം അവസാനിപ്പിക്കുന്നത്. ആ ബോധ്യം നമുക്ക് വരുമ്പോള്‍, എല്ലാം ചെയ്തു തീര്‍ക്കണം എന്നും, എല്ലാ നേട്ടങ്ങളും കൈവരിക്കണം എന്നുമുള്ള ആശ വെടിഞ്ഞു, നമുക്ക് സാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നാം തയ്യാറാകും. സമയത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെ മനോഹരമായി ഒന്ന് പുനരവലോകനം ചെയ്യാന്‍ സഹായിക്കുന്ന ഒന്നായിരിക്കും ഒലിവര്‍ ബുര്‍ക്മാന്റെ Four thousand weeks.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org