
മാണി പയസ്
കവര്‍ തുറന്നു നോക്കിയപ്പോള്‍ 1,000 രൂപ മാത്രം. സാഹിത്യകാരന്‍ 'അയ്യടാ' എന്നായി. രാവിലെ മുതല്‍ ഒരു എയ്ഡഡ് കോളജില്‍ മൂന്നു പരിപാടികളില്‍ പങ്കെടുത്തതിനു കിട്ടിയ പ്രതിഫലമാണ്. കോളജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി, മലയാളം അസ്സോസിയേഷന്റെ ഉദ്ഘാടകന്‍, "എഴുത്തുകാരനുമായി മുഖാമുഖം" പരിപാടിയിലെ എഴുത്തുകാരന്‍ എന്നീ റോളുകളാണ് സാഹിത്യകാരനെക്കൊണ്ട് അഭിനയിപ്പിച്ചത്. മലയാളം വിഭാഗത്തിലെ പ്രൊഫസറാണ് ക്ഷണിച്ച് കാര്യങ്ങളെല്ലാം ഏര്‍പ്പാടാക്കിയത്. കവര്‍ സമ്മാനിച്ചതും വനിതാ പ്രൊഫസര്‍ തന്നെ. ഒന്നരലക്ഷം രൂപയോളം മാസശമ്പളം വാങ്ങുന്ന പ്രൊഫസര്‍ ഇങ്ങനെ ചെയ്യുമെന്ന് സാഹിത്യകാരനും വിചാരിച്ചില്ല. പ്രസംഗങ്ങള്‍ക്കുള്ള പ്രതിഫലം പറഞ്ഞുറപ്പിക്കുന്ന രീതി ഇദ്ദേഹത്തിനില്ല. ഇനി അങ്ങനെ ചെയ്യണമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിഫലം നേരത്തെ പറഞ്ഞുറപ്പിക്കുകയും കവര്‍ കൈയില്‍കിട്ടുമ്പോള്‍ എണ്ണിനോക്കുകയും ചെയ്യുന്ന സാഹിത്യകാരനെ മാതൃകയാക്കണം.
മലയാളം പ്രൊഫസര്‍ യു.ജി.സിയുടെ നിര്‍ദ്ദേശങ്ങളില്‍ പൊടിയിടാനുള്ള രണ്ടു പരിപാടികളാണ് ആയിരം രൂപയ്ക്ക് തട്ടിക്കൂട്ടിയത്. കോളജുകളില്‍ യു.ജി.സി. സ്‌കീം നടപ്പിലായതോടെ അദ്ധ്യാപകരുടെ ശമ്പളവും കുട്ടികളുടെ പ്രവര്‍ത്തന ഭാരവും കൂടിയതല്ലാതെ അധ്യാപകരുടെ സേവനത്തിന്റെ കാര്യത്തില്‍ തട്ടിക്കൂട്ട് മനോഭാവം തുടരുകയാണ്. റിട്ടയര്‍ ചെയ്തിട്ട് ഇരുപത്തഞ്ചു വര്‍ഷവും പത്തുവര്‍ഷവുമായ ഏതാനും പ്രൊഫസര്‍മാരോട് സംസാരിച്ചതില്‍ നിന്ന് എനിക്കു മനസ്സിലായ കാര്യമാണിത്. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ഉണ്ടായ നിയമന വിവാദങ്ങളാണ് ഇങ്ങനെയൊരു അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസരംഗം ഭീകരമായ നിലവാരത്തകര്‍ച്ച നേരിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്ഥിതി പരമദയനീയമാണ്. മലയാളം വിഭാഗത്തില്‍ നടക്കുന്ന ഗവേഷണങ്ങളെപ്പറ്റി ചിന്തിച്ചാല്‍ മതി കാര്യങ്ങള്‍ വ്യക്തമാകാന്‍. അദ്ധ്യാപകരുടെ നിലവാരത്തകര്‍ച്ചയാണ് ഇവിടെയും പ്രതിസ്ഥാനത്ത്. അദ്ധ്യാപകരില്‍ വലിയ പങ്ക് വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്നില്ല. വായനയും ചിന്തയും കുറവാണ്. അദ്ധ്യാപകര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പേടിക്കേണ്ട കാര്യമില്ല.
മലയാളഭാഷയെയും സാഹിത്യത്തെയും കുറച്ചെങ്കിലും രക്ഷിക്കാന്‍
കോളജ് അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ റിഫ്രഷര്‍ കോഴ്‌സ് നിര്‍ബന്ധമാക്കുന്നതു
നല്ലതാണെന്ന് ഒരു വിദ്യാഭ്യാസ വിദഗ്ദ്ധന്‍ നിര്‍ദ്ദേശിച്ചു.
ഈ കോഴ്‌സ് കഴിഞ്ഞാലേ ഇന്‍ക്രിമെന്റ് കൊടുക്കൂവെന്ന നിബന്ധന വയ്ക്കണം.
ഇതുകൊണ്ടുമാത്രം ഭാഷയും സാഹിത്യവും രക്ഷപ്പെടുമോ? ഇല്ലേ, ഇല്ല.
അതിനു പ്രതിബദ്ധതയുള്ള അദ്ധ്യാപകരും അധികാരികളും ഉയര്‍ന്നു വരണം.
എം.എ.യ്ക്ക് പഠിക്കുന്ന കുട്ടികള്‍ പോലും അടിസ്ഥാന ഗ്രന്ഥങ്ങള്‍ വായിക്കുന്നില്ല. അതിന്റെ ആവശ്യമില്ല എന്നതാണു സ്ഥിതി. സി.വി. രാമന്‍പിള്ളയുടെ നോവല്‍ സിലബസില്‍ ഉണ്ടെങ്കില്‍ അതിന്റെ രണ്ടധ്യായങ്ങള്‍ പഠിച്ചാല്‍മതി. കണ്ണകരാമായണം സിലബസില്‍ കാണും. അതിന്റെ നാലുപാട്ട് പഠിച്ചാല്‍ മതി. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം പഠിക്കാനുണ്ടെങ്കില്‍ പരീക്ഷയ്ക്കുവേണ്ടി രണ്ടദ്ധ്യായം പഠിച്ചാല്‍ മതി. വിവിധ സാഹിത്യശാഖകളുടെ കഷണങ്ങള്‍ മാത്രമാണ് പഠിക്കുന്നത്. മുറി വൈദ്യന്മാരെപ്പോലെ മുറിവിജ്ഞാനക്കാര്‍ രൂപംകൊള്ളുകയാണ്.
ഈ കുട്ടികള്‍ പിന്നെ ഗവേഷണത്തിനായി വരും. മലയാളത്തില്‍ നിന്ന് സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റിയ കൃതികളെക്കുറിച്ച് പഠിക്കാന്‍ ഒരു കുട്ടി തീരുമാനിച്ചു. വളരെ സീനിയറായ പ്രൊഫസറെ സമീപിച്ചു. വിവരം പറഞ്ഞു. എന്‍.പി. കൃഷ്ണനുണ്ണി 'കണ്ണുനീര്‍ത്തുള്ളി' സംസ്‌കൃതത്തിലേക്കു മൊഴിമാറ്റിയ കാര്യം കുട്ടിക്കറിയാം. അതു വായിച്ചിട്ടുണ്ട്. എന്നാല്‍ ഒറിജിനല്‍ 'കണ്ണുനീര്‍ത്തുള്ളി' വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി! ആത്മകഥകളെപറ്റി ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥിനി പ്രൊഫസറോട് പറഞ്ഞു, പഠനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ആത്മകഥ ഉള്‍പ്പെടുത്തുന്നുണ്ടെന്ന്. 'ശ്രീ നാരായണഗുരു ആത്മകഥ എഴുതിയിട്ടുണ്ടോ' എന്നായി പ്രൊഫസര്‍. 'ഉണ്ടല്ലോ, സാനുമാഷ് എഴുതിയിട്ടുണ്ടല്ലോ' എന്നായിരുന്നു മറുപടി. ആത്മകഥയും ജീവചരിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയുള്ള മറുപടി.
ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്കുവേണ്ടിയുള്ള ക്ലാസ് നടക്കുയാണ്. കാളിദാസ കവിതയാണു വിഷയം. ഈ വിഷയത്തില്‍ കെ.പി. നാരായണ പിഷാരടി സാറിന്റെ "കാളിദാസ ഹൃദയം" എന്ന കൃതിയുണ്ടെന്ന് അദ്ധ്യാപകന്‍ പറഞ്ഞു. അപ്പോള്‍ ഒരദ്ധ്യാപിക എഴുന്നേറ്റുനിന്നു ചോദിച്ചു: "മാഷ് ഇപ്പോള്‍ പറഞ്ഞ പിഷാരടി മാഷ്, രമേഷ് പിഷാരടിയുടെ ആരെങ്കിലും ആണോ?" ഈ ചോദ്യം കേട്ട് ഒരക്ഷരം പറയാനാകാതെ മാഷ് ഫ്രീസായി.
ഗവേഷണ വിഷയം സംസാരിക്കാന്‍ വിളിച്ച തൃശൂര്‍ക്കാരിയായ വനിതയോട് ഗൈഡായ പ്രൊഫസര്‍ പറഞ്ഞു: "രാവിലെ 10 മുതല്‍ ഒരു മണി വരെ ഞാന്‍ സാഹിത്യ അക്കാദമിയില്‍ കാണും." ഗവേഷണ തത്പര തിരിച്ചു ചോദിച്ചു: "സാഹിത്യ അക്കാദമി എന്നു പറയുന്നത് പുളിമൂട്ടില്‍ സില്‍ക്ക് ഹൗസിന് എതിരേയുള്ള കെട്ടിടമല്ലേ?" മലയാളത്തില്‍ ഗവേഷണം ചെയ്യാന്‍ പദ്ധതിയിടുന്ന മാന്യ വനിതയ്ക്ക് തുണിക്കട അറിയാം, സാഹിത്യ അക്കാദമി അറിയില്ല! പ്രൊഫസര്‍ അവര്‍ക്കു തന്റെ കീഴില്‍ ഗവേഷണത്തിന് അവസരം കൊടുത്തില്ല. ജോലി കിട്ടാനും നിലനിര്‍ത്താനുമുള്ള അഭ്യാസം മാത്രമായി ഗവേഷണം മാറിയിരിക്കുന്നു.
പി.എച്ച്.ഡി. കിട്ടിയാല്‍ എന്തും ഗൈഡ് ചെയ്യാമെന്ന അവസ്ഥ വന്നു ചേര്‍ന്നിട്ടുണ്ട്. കുട്ടികള്‍ വിഷയം നിര്‍ദ്ദേശിക്കും, യൂണിവേഴ്‌സിറ്റി ഗൈഡിനെ കൊടുക്കും എന്ന നിലയുടെ പരിണിത ഫലമാണിത്. വ്യാകരണം പഠിപ്പിക്കുന്നയാള്‍ തിരക്കഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൈഡ് ആയാല്‍ എത്രത്തോളം ഗുണകരമാകും. ഗൈഡ് തനിക്ക് ഇഷ്ടമുള്ള വിഷയം നിര്‍ദ്ദേശിക്കും, കുട്ടി അതെടുക്കും എന്ന നിലയുമുണ്ട്. കുട്ടിക്ക് താത്പര്യമില്ലാത്ത വിഷയമായാല്‍ ഗവേഷണം പീഡനമാകും. കുട്ടിക്കു മാത്രമല്ല ഭാഷയ്ക്കും.
മലയാളഭാഷയെയും സാഹിത്യത്തെയും കുറച്ചെങ്കിലും രക്ഷിക്കാന്‍ കോളജ് അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ റിഫ്രഷര്‍ കോഴ്‌സ് നിര്‍ബന്ധമാക്കുന്നതു നല്ലതാണെന്ന് ഒരു വിദ്യാഭ്യാസ വിദഗ്ദ്ധന്‍ നിര്‍ദ്ദേശിച്ചു. ഈ കോഴ്‌സ് കഴിഞ്ഞാലേ ഇന്‍ക്രിമെന്റ് കൊടുക്കൂവെന്ന നിബന്ധന വയ്ക്കണം. ഇതുകൊണ്ടുമാത്രം ഭാഷയും സാഹിത്യവും രക്ഷപ്പെടുമോ? ഇല്ലേ, ഇല്ല. അതിനു പ്രതിബദ്ധതയുള്ള അദ്ധ്യാപകരും അധികാരികളും ഉയര്‍ന്നു വരണം.