ചിന്തിക്കുന്നത് അപകടകരം ആകുമ്പോള്‍

ചിന്തിക്കുന്നത് അപകടകരം ആകുമ്പോള്‍
ഓര്‍വെല്‍ പറയുന്നത് പോലെ, സ്വാതന്ത്ര്യം എന്ന വാക്ക് ഇല്ലെങ്കില്‍, സ്വാതന്ത്ര്യം എന്ന ആശയവും ഇല്ലാതെയാകുന്നു. അതുകൊണ്ടു തന്നെ, വാക്കുകള്‍ക്കും ചിന്തകള്‍ക്കും എഴുത്തിനും ഒക്കെ ഉള്ള സ്വാതന്ത്ര്യവും അവകാശവും ഏറ്റവും അമൂല്യമായ ജനാധിപത്യ സങ്കല്‍പ്പമാണ്.

അപകടകരമായ ചിന്ത എന്നൊന്നില്ല, ചിന്തിക്കുന്നതു തന്നെ അപകടകരമാണ് എന്നു പറഞ്ഞത് ജര്‍മന്‍ തത്വചിന്തകയായിരുന്ന Hanna Arendt ആയിരുന്നു (There are no dangerous thoughts, thinking itself is dangerous). ഏകദേശം 70 വര്‍ഷം മുമ്പാണ് ഹന്നാ Origins of Totalitarianism എഴുതുന്നത് പ്രധാനമായി സോവിയറ്റു, ജര്‍മന്‍ സ്വേച്ഛാധിപത്യ ഭരണങ്ങളെ അധികരിച്ച് എഴുതിയ ഈ ബൃഹത്ഗ്രന്ഥം, ഒരുപക്ഷെ അത്തരം ഭരണങ്ങളുടെ പൊതുസ്വഭാവത്തെക്കുറിച്ചും, അത് എങ്ങനെ ഒരു സമൂഹത്തെ കീഴ്‌പ്പെടുത്തുന്നു എന്നതിനെക്കുറിച്ചുമുള്ള ഏറ്റവും സമഗ്രമായ ഒരു പഠനമാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ രീതികള്‍ക്ക് അപകടകരമായ ഒരു സാമ്യമുണ്ട്. ഹന്നായുടെ ഈ പുസ്തകം ഇറങ്ങുന്നതിനു തൊട്ടു മുമ്പ്, വേറെ ഒരു പുസ്തകം എഴുതപ്പെടുന്നുണ്ട്. 1949-ല്‍ ആണ് ജോര്‍ജ് ഓര്‍വെല്‍, തന്റെ വിഖ്യാതമായ '1984' എന്ന നോവല്‍ പൂര്‍ത്തിയാക്കുന്നത്. മനുഷ്യരുടെ എല്ലാ വ്യാപാരങ്ങളെയും, പ്രവര്‍ത്തികളെയും അടക്കി ഭരിക്കുന്ന, ഭരണകൂടങ്ങളുടെ തന്ത്രങ്ങളെ ഇതുപോലെ വരച്ചിടുന്ന വേറൊരു പുസ്തകം ഇല്ലെന്നു തന്നെ പറയാം. അധികാരത്തിന്റെ നിലനില്‍പ്പിനു വേണ്ടി, ഭരണാധികാരികള്‍ ഏതറ്റം വരെ പോകും എന്ന ഭാവനയുടെ ഒരു പാരമ്യം കൂടിയായിരുന്നു 1984.

2022-ലേക്ക് വരുമ്പോള്‍, പുസ്തകങ്ങളില്‍ നമ്മള്‍ പരിചയപ്പെട്ട ഭരണകൂട ഭീകരതകള്‍ ഒരുപക്ഷെ ലോകത്ത് പലയിടങ്ങളിലും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി വരുന്നു എന്നതാണ് ആശങ്കയുടെ ഒരു കാരണം. ചിന്തിക്കുക, എഴുതുക, അഭിപ്രായം പറയുക ഇവയൊക്കെ വളരെ അപകടകരമാവുന്ന ഒരു അവസ്ഥയുണ്ട്. 1984-ല്‍ ഓര്‍വെല്‍ നമുക്ക് പരിചയപ്പെടുത്തുന്ന ഒരു വാക്കാണ് thought crime. ചിന്ത ഒരു കുറ്റമാവുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഇന്ന് ഒറ്റപ്പെട്ട സംഭവം അല്ല. പത്രപ്രവര്‍ത്തനം ഇന്ന് പല രാജ്യങ്ങളിലും ഏറ്റവും അപകടകരമായ ജോലിയായി മാറിയിട്ടുണ്ട്. ലോകരാജ്യങ്ങളിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചു എല്ലാ വര്‍ഷവും പുറത്തിറങ്ങുന്ന ഒരു ഇന്‍ഡക്‌സ് പ്രകാരം, 2022-ല്‍ ഇന്ത്യയുടെ സ്ഥാനം 180-ല്‍ 150 ആയിരുന്നു. ജനാധിപത്യം ഉണ്ട് എന്നവ കാശപ്പെടുന്ന ഒരു രാജ്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത ഒന്നാണ് ഇത്. ഇത് എഴുതുമ്പോള്‍, ഇന്ത്യയില്‍ പലയിടങ്ങളിലായി, പതിമൂന്നോളം പത്രപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്നുണ്ട്. ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്, കഴിഞ്ഞ ഏഴു വര്‍ഷമായി ആദിവാസികള്‍ക്ക് എതിരെയുള്ള അക്രമങ്ങളെപ്പറ്റി എഴുതിക്കൊണ്ടിരുന്ന ജാര്‍ക്കണ്ഡില്‍ നിന്നുള്ള ഒരു പത്ര പ്രവര്‍ത്തകനാണ്. പലപ്പോഴും വിചാരണത്തടവുകാര്‍ ആയിട്ടാണ് ഇവര്‍ ജയിലുകളില്‍ കഴിയുന്നത്. പത്രപ്രവര്‍ത്തകരെ ജയിലില്‍ അടക്കുന്നതിന്റെ, ഒരു പ്രധാന ഉദ്ദേശ്യം ഭയത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്.

ഈയിടെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ പ്രോസസ്സ് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ എന്നതാണ് അത്. ഏതൊരു സാധാരണ മനുഷ്യനെയും തളര്‍ത്തിക്കളയുന്ന ഒരു പ്രക്രീയയാണ് അത്. അതുകൊണ്ടു തന്നെ നിരന്തരമായി കേസുകള്‍ ചാര്‍ജ് ചെയ്തു, പോലീസ്, കോടതി സംവിധാനങ്ങളിലൂടെ ഒരാളെ നടത്തുക എന്നതാണ് അയാളെ എന്നന്നേക്കുമായി ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായം. ഇതിന് ഈയിടെ കണ്ട ഏറ്റവും നല്ല ഒരുദാഹരണ മാണ്, കസ്റ്റഡിയിലുള്ള മുഹമ്മദ് സുബൈര്‍ എന്ന പത്ര പ്രവര്‍ത്തകന്റെ അവസ്ഥ. വളരെ ശ്രദ്ധേയമായ ഒരു factchecking വെബ് സൈറ്റായ altnews-ന്റെ തുടക്കക്കാരിലൊരാളായ സുബൈര്‍ കഴിഞ്ഞ മൂന്നാഴ്ചയായി, പോലീസ് കസ്റ്റഡിയിലാണ്. പല സംസ്ഥാനങ്ങളിലാണ് അദ്ദേഹത്തിനെതിരെ കേസുകളുള്ളത്. എവിടെയെങ്കിലും ഒരിടത്തു ജാമ്യം കിട്ടുമ്പോള്‍, മറ്റൊരിടത്തു വേറെ കേസുകള്‍ ഉണ്ടായി വരും. കഴിഞ്ഞ ദിവസം കോടതി തന്നെ ഈ കാര്യം നിരീക്ഷിക്കുകയും ചെയ്തു.

സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ എല്ലാ കാലത്തും ഭയപ്പെടുന്നത്, വസ്തുതകളെയാണ്. കഥകള്‍ സൃഷ്ടിക്കുക, അത് വിശ്വസിക്കാന്‍ പാകത്തിന് ഒരു സമൂഹത്തെ പരുവപ്പെടുത്തുക ഇതാണ് പലപ്പോഴും ഭരണം നിലനിര്‍ത്താന്‍ ഉള്ള ഏറ്റവും എളുപ്പവഴി. അതുകൊണ്ടു തന്നെ സത്യം വിളിച്ചു പറയുന്നവര്‍ ഭരണകൂടങ്ങള്‍ക്ക് എക്കാലത്തും ഭീഷണി ആയി മാറുന്നു. ഭരണകൂടവും, നിയമ നിര്‍മ്മാണസംവിധാനങ്ങളും പ രാജയപ്പെടുമ്പോഴും, ജനങ്ങള്‍ പ്രതീക്ഷ വയ്ക്കുന്നത്, നീതിന്യായവ്യവസ്ഥയിലും, മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിലുമാണ്. അതു കൊണ്ടു തന്നെ, ജനാധിപത്യത്തിന്റെ, ഏറ്റവും ആവശ്യമായ ഒരു ഘടകമാണ് നിര്‍ഭയമായ മാധ്യമ പ്രവര്‍ത്തനം.

ഓര്‍വെല്ലിന്റെ '1984' എന്ന നോവലില്‍ അവതരിപ്പിക്കുന്ന സാങ്കല്‍പ്പിക രാജ്യമായ Oceania യിലെ ഭാഷയാണ് newspeak. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പുതുതായി ഉണ്ടാക്കുന്ന ഭാഷയാണത്. വാക്കുകളെ കുറച്ചു കൊണ്ടുവന്നു, മനുഷ്യരുടെ ചിന്തകളെ പരിമിതപ്പെടുത്തുക എന്നതാണ് newspeak ലൂടെ ഉന്നം വയ്ക്കുന്നത്. രാഷ്ട്രീയമായ ഒരു അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, ഭാഷയുടെ നിയന്ത്രണം, മനുഷ്യരുടെ ചിന്തകളുടെ നിയന്ത്രണവും ആയി മാറുന്നു. ചിന്താശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെ കീഴ്‌പ്പെടുത്തുക അനായാസകരമായ ഒന്നാണ്. ഓര്‍വെല്‍ പറയുന്നത് പോലെ, സ്വാതന്ത്ര്യം എന്ന വാക്ക് ഇല്ലെങ്കില്‍, സ്വാതന്ത്ര്യം എന്ന ആശയവും ഇല്ലാതെയാകുന്നു. അതുകൊണ്ടു തന്നെ, വാക്കുകള്‍ക്കും ചിന്തകള്‍ക്കും എഴുത്തിനും ഒക്കെ ഉള്ള സ്വാതന്ത്ര്യവും അവകാശവും ഏറ്റവും അമൂല്യമായ ജനാധിപത്യസങ്കല്‍പ്പമാണ്.

ലേഖകന്റെ ബ്ലോഗ്:

www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org