
ഈയിടെ ട്വിറ്ററില്‍ ഒരു ചോദ്യം കണ്ടു. ഇന്നത്തെ ലോകത്തില്‍ വിദ്യാര്‍ത്ഥികളുടെ സിലബസ് നിശ്ചയിക്കാന്‍ നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ പഠിക്കാനായി ആദ്യം ഉള്‍പ്പെടുത്തുന്ന വിഷയം എന്തായിരിക്കും? പലരും പല ഉത്തരങ്ങളും എഴുതി. വിവരങ്ങള്‍ തേടാനും, സൂക്ഷിച്ചു വയ്ക്കാനുമുള്ള കഴിവ്, യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ്, സാമ്പത്തിക സാക്ഷരത തുടങ്ങിയ പല ഉത്തരങ്ങളും വന്നു. ഇവയൊന്നും കൂടാതെ, വളരെ പേര് നിര്‍ദേശിച്ച വേറൊരു ഉത്തരം ഉണ്ടായിരുന്നു. അത് empathy എന്നായിരുന്നു. ആഴമായ അര്‍ത്ഥമുള്ള ഈ ഇംഗ്ലീഷ് വാക്കിനു മലയാളത്തില്‍ തത്തുല്യമായ പദമില്ല. മറ്റൊരാളുടെ വികാരങ്ങളെ, ചിന്തകളെ, അനുഭവങ്ങളെ, ബുദ്ധിമുട്ടുകളെ ഒക്കെ അയാളുടെ ഭാഗത്തു നിന്നുകൊ ണ്ട് മനസ്സിലാക്കാനുള്ള കഴിവാണ് അത്. ദയയ്ക്കും, സഹാനുഭൂതിക്കും ഒക്കെ അപ്പുറത്ത് ഒരു മനുഷ്യനെ പൂര്‍ണ്ണമായും അറിയാനുള്ള സിദ്ധിയാണ് അത്. ഈ ഉത്തരം വെളിപ്പെടുത്തുന്ന രണ്ടു കാര്യ ങ്ങളുണ്ട്. ഒന്ന് നമ്മുടെ സമൂഹത്തില്‍ empathy കുറഞ്ഞു വരുന്നു എന്നുള്ളത്. വേറൊന്നു കുട്ടികളെ ചെറുപ്പം മുതല്‍ empathy ഉള്ളവര്‍ ആക്കി വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം.
ഇത് പരീക്ഷാഫലങ്ങളുടെ കാലമാണ്. പത്താം കഌസില്‍ തുടങ്ങി എല്ലാ തരം പരീക്ഷകളിലും വിജയിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രദര്‍ശിപ്പിക്കപ്പെടുന്ന സീസണ്‍. മുമ്പെന്നത്തേക്കാളും, വിജയങ്ങള്‍ ഇപ്പൊ ആഘോഷിക്കപ്പെടാറുണ്ട്. അത് നല്ല കാര്യം തന്നെ. അതോടൊപ്പം തന്നെ ജീവിതത്തില്‍ വിജയിക്കുക എന്നാല്‍, പരീക്ഷകളില്‍ വിജയിക്കുക, നല്ലൊരു ജോലി കിട്ടുക എന്നത് മാത്രമാണ് എന്ന ലളിതചിന്തയിലേക്കും നല്ലൊരു പങ്ക് ആളുകള്‍ എത്തുന്നു. സ്‌കൂളിലും കോളജിലും ഒക്കെ കുട്ടികളെ ചേര്‍ക്കുമ്പോള്‍ നമ്മള്‍ ഏറ്റവും ശ്രദ്ധയോടെ കാത്തിരിക്കുന്ന ഒന്ന് ഇത്തരം വിജയ വാര്‍ത്തകളാണ്. ഇ വിടെ നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്. വിജയിക്കാത്തവരെയും, പിന്തള്ളപ്പെട്ടവരെയും, ഒക്കെ ചേര്‍ത്തു നിര്‍ത്തുന്ന, കരുണയും, സഹാനുഭൂതിയും ഒക്കെയുള്ള ഒരു ലോകം എങ്ങിനെ സൃഷ്ടിക്കാം എന്നതാണ് ആ ചോദ്യം.
പ്രശസ്ത എഴുത്തുകാരനും, പെന്‍സില്‍വാനിയ സര്‍വകലാശാല പ്രൊഫസ്സറുമായ ആദം ഗ്രാന്റ് (Adam Grant) കുറച്ചു വര്‍ഷം മുമ്പ് അറ്റ്‌ലാന്റിക് മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒന്നായിരുന്നു അത്. പരീക്ഷകളില്‍ ഒന്നാമതാകുന്ന കുട്ടികളെ മാത്രമല്ല, കരുണയുള്ള കുട്ടികളെ കൂടി വളര്‍ത്താന്‍ ശ്രമിക്കൂ എന്നതായിരുന്നു ഗ്രാന്റിന്റെ ലേഖനത്തിന്റെ ആഹ്വാനം. ഉയര്‍ന്ന മാര്‍ക്കും റാങ്കും വാങ്ങുന്നവര്‍ മാത്രം ശ്രദ്ധിക്കപ്പെടുന്ന ഒരു ലോകത്തു, ഗ്രാ ന്റിന്റെ നിരീക്ഷണത്തിനു പ്രത്യേക പ്രസക്തിയുണ്ട്. ഗ്രാന്റിന്റെ അഭിപ്രായത്തില്‍, മറ്റുള്ളവരോട് സഹാനുഭൂതിയുള്ള ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരിക എന്നുള്ളത് നമ്മള്‍ ചെറുപ്പത്തിലേ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒന്നാണ്. സ്‌കൂള്‍ വിട്ടു വരുന്ന കുട്ടിയോട് നമ്മള്‍ ചോദിച്ചറിയുന്ന കാര്യങ്ങള്‍ വരെ ഇക്കാര്യത്തില്‍ പ്രധാനപ്പെട്ടതാണ്. ടെസ്റ്റുകള്‍ക്ക് എത്ര മാര്‍ക്ക് കിട്ടി, നിങ്ങളുടെ ടീം വിജയിച്ചോ എന്ന് ചോദിക്കുന്നതോടൊപ്പം, നീ ഇന്ന് എത്ര കൂട്ടുകാരെ സഹായിച്ചു എന്ന ചോദ്യവും നമ്മള്‍ ചോദിക്കണം. ഈ ചോദ്യം കേള്‍ക്കുന്ന കുട്ടികള്‍ക്ക്, മറ്റുള്ളവരെ സഹായിക്കുക, മനസ്സിലാക്കുക എന്നതും മാര്‍ക്ക് മേടിക്കുന്നതു പോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും, മാതാപിതാക്കള്‍ ഇഷ്ടപ്പെടുന്ന ഒന്നാണെന്നും ഉള്ള തോന്നല്‍ ഉണ്ടാക്കും. ഒരു കുട്ടിയെ മറ്റുള്ളവര്‍ ചേര്‍ന്ന് bully ചെയ്യുമ്പോള്‍ അവനു വേണ്ടി ശബ്ദം ഉയര്‍ത്താനും, പഠനസാമഗ്രികള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി തന്റെ എന്തെങ്കിലും പങ്കു വയ്ക്കാനും ഒരു കുട്ടി തയ്യാറാകുന്നത്, അത്തരം പ്രവര്‍ത്തികളെ നമ്മള്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ്. അങ്ങ നെ ചെയ്തു ശീലിക്കുന്ന കുട്ടികളാണ് മുതിര്‍ന്നു കഴിയുമ്പോള്‍ സ്വാര്‍ത്ഥത വെടിഞ്ഞു സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി കൂടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുക. അവരാണ് കമ്പനിയുടെ ലാഭ നഷ്ടങ്ങളോടൊപ്പം, സഹപ്രവര്‍ത്തകന്റെ കഷ്ടപ്പാടുകളും, സ്വന്തം ഡ്രൈവറുടെയും, വീട്ടില്‍ ജോലി ചെയ്യുന്ന ആളുകളുടെ യും ഒക്കെ പ്രാരാബ്ധങ്ങളും മനസ്സിലാക്കുകയുള്ളൂ. മറ്റൊരു കാര്യം കൂടി നമ്മള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അത് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസം കൂടുതലായി സ്വകാര്യമേഖലയില്‍ ആകുമ്പോള്‍, ഒരു പ്രത്യേക സാമ്പത്തിക നിലയിലുള്ളവര്‍ മാത്രം ഒരു സ്‌കൂളില്‍ ആകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഈ അവസ്ഥയില്‍ പല കുട്ടികളും ഇല്ലായ്മ അനുഭവിക്കുന്ന ഒരു സഹപാഠിയെ ഒരിക്കലും കാണാതെ വളരുന്നു. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കുമ്പോഴും അവര്‍ അതുകൊണ്ടു തന്നെ, മറ്റുള്ളവരോട് empathy ഇല്ലാത്തവരായി തുടരുന്നു.
ഒരു വശത്തു ശാസ്ത്ര സാങ്കേതികവിദ്യകള്‍ വളര്‍ച്ച പ്രാപിക്കുകയും, മനുഷ്യര്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍, വലിയൊരു വിഭാഗം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളപ്പെടുകയും ചെയ്യുന്ന ഒരു കാലമാണ് ഇത്. സമൂഹത്തിലെ അസമത്വം മുമ്പെന്നത്തേക്കാളും കൂടി വരുന്നു. ഇല്ലായ്മ അനുഭവിക്കുന്ന ജനവിഭാഗത്തെ കാണാതെ പോകുന്ന ഒരു വരേണ്യ വര്‍ഗവും നമുക്കുണ്ട്. ഇവിടെയാണ് നമ്മള്‍ ആദ്യം പറഞ്ഞ empathy യുടെ പ്രാധാന്യം. സ്വതന്ത്ര കമ്പോള വ്യവസ്ഥയും, സാങ്കേതിക മുന്നേറ്റങ്ങളും, മനുഷ്യരുടെ സമ്പത്തും, ജീവിതസൗകര്യങ്ങളും കൂട്ടുന്നുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം സമ്പത്തിന്റെ നീ തിപൂര്‍വകമായ വിതരണം ഉണ്ടാകണം എന്നില്ല. അതിനു, മറ്റുള്ളവരോട് അനുകമ്പയുള്ള, നീതിബോധമുള്ള കൂടുതല്‍ മനുഷ്യര്‍ ഉണ്ടാകണം. ഇത് artificial intelligence-ന്റെ കാലമാണ്. യന്ത്രങ്ങള്‍ കൂടുതലായി മനുഷ്യരെപ്പോലെ ആകുമ്പോള്‍, മനുഷ്യര്‍ കൂടുതലായി മനുഷ്യരെപ്പോലെ ആകേണ്ടതുണ്ട്. അതിനു മനുഷ്യന്റെ ഗുണങ്ങളായ, സ്‌നേഹം, ബഹുമാനം, ദയ ഒക്കെയുള്ള സംസ്‌കാരസമ്പന്നരായ ഒരു തലമുറ വളര്‍ന്നു വരണം. നീതിയും സമാധാനവും പുലരുന്ന ഒരു ലോകം അപ്പോഴാണ് നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കുക.
ലേഖകന്റെ ബ്ലോഗ് : www.bobygeorge.com