ചില മധ്യവര്‍ഗ്ഗ ചിന്തകള്‍

ചില മധ്യവര്‍ഗ്ഗ ചിന്തകള്‍
Published on

ബോബി ജോര്‍ജ്ജ്

1951-ല്‍ അമേരിക്കന്‍ തത്ത്വചിന്തകനായ എറിക് ഹോഫര്‍ (Eric Hoffer) വളരെ ശ്രദ്ധേയമായ ഒരു പുസ്തകം പുറത്തിറക്കി. ട്രൂ ബിലീവര്‍ (The True Believer: Thoughts on the nature of mass movements) എന്ന പേരിലുള്ള ആ പുസ്തകം, ബഹുജന പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഒരു പഠനം ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഐസെന്‍ ഹോവര്‍ മുതല്‍ ഹിലരി ക്ലിന്റണ്‍ വരെയുള്ളവരെ ആകര്‍ഷിച്ചിട്ടുള്ള ഒരു പുസ്തകമാണിത്. മധ്യവര്‍ഗ്ഗത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങള്‍ അതില്‍ ഹോഫര്‍ നടത്തുന്നുണ്ട്. ഏതൊരു രാജ്യത്തും ഏറ്റവും നിഷ്‌ക്രീയമായ ഒരു സമൂഹം അവിടെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗം ആണെന്ന് അദ്ദേഹം പറയുന്നു. അവര്‍ ഏറ്റവും നല്ലതും ചീത്തയുമായ ന്യൂനപക്ഷത്താല്‍ സ്വാധീനിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍, ഒരു രാജ്യത്തിന്റെ ചരിത്രം നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയ അധികാരം, വര്‍ഗീയത, അഴിമതി, ക്രിമിനല്‍ പശ്ചാത്തലം ഒക്കെ ഉള്ളവരില്‍ എത്തുമ്പോള്‍, മധ്യവര്‍ഗം അതിലേക്കു ചായാനുള്ള സാഹചര്യം കൂടുതല്‍ ആണ്. ഇന്ത്യയുടെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍, ഇവിടത്തെ മധ്യവര്‍ഗ്ഗം എവിടെ നില്‍ക്കുന്നു, അവരുടെ പങ്ക് എന്താണ് എന്നത് വളരെ പ്രസക്തമായ ഒരു അന്വേഷണമാണ്.
സാമ്പത്തികമായും, സാമൂഹികമായും ഏറ്റവും ഉയര്‍ന്ന വിഭാഗത്തിന്റെയും, ഏറ്റവും താഴ്ന്ന വിഭാഗത്തിന്റെയും ഇടയ്ക്കു നില്‍ക്കുന്ന ഒരു വിഭാഗം എന്ന് നമുക്ക് സൗകര്യപൂര്‍വ്വം മധ്യവര്‍ഗ്ഗത്തെ വിശേഷിപ്പിക്കാം. പല പ്രത്യേകതകളും ഉള്ള ഒരു വിഭാഗം ആണിത്. രാ ഷ്ട്രീയത്തെക്കാളും, പൊതു നന്മയെക്കാളും പലപ്പോഴും തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും, നിലനില്‍പ്പിനും കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഏതു രാഷ്ട്രീയപ്പാര്‍ട്ടി വന്നാലും തങ്ങളുടെ സാമ്പത്തിക താല്പര്യത്തെ അത് എങ്ങനെ ബാധിക്കുന്നു എന്നത് മധ്യവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം മുഖ്യമാണ്. ഏറ്റവും സാമ്പത്തിക ശക്തിയുള്ളവര്‍, രാഷ്ട്രീയത്തെ നേരിട്ട് സ്വാധീനിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ഏറ്റവും താഴെയുള്ള വിഭാഗം പലപ്പോ ഴും രാഷ്ട്രീയത്തില്‍ നേരിട്ടു പങ്കെടുക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മധ്യവര്‍ഗം ഇതില്‍നിന്നും വിത്യസ്തമായി, ഒരകലം പാലിക്കാന്‍ ശ്രമിക്കുന്നതായി തോന്നാറുണ്ട്. ജനാധിപത്യം എന്നത് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന തിരഞ്ഞെടുപ്പ് മാത്രമാണ് എന്ന് കരുതുന്ന ഒരു വിഭാഗം മധ്യവര്‍ഗ്ഗത്തിനിടയില്‍ ഉണ്ട്. അവരെ സംബന്ധിച്ച്, രാഷ്ട്രീയപ്രവര്‍ത്തനം എന്നത്, തീരെ താല്പര്യമില്ലാത്ത ഒരു സംഗതിയാണ്. ഒരു പക്ഷെ വോട്ട് ചെയ്യാന്‍ പോലും വിമുഖത ഉള്ള ഒരു വിഭാഗം എന്നും പറയാം. അതാതു സമയ ത്തു അധികാരത്തില്‍ ഇരിക്കുന്ന, രാഷ്ട്രീയകക്ഷിയോട് സന്ധി ചെയ്തു, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു മുന്നോട്ടു പോകാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. നമ്മള്‍ ആദ്യം പറഞ്ഞത് പോലെ, മധ്യവര്‍ഗ്ഗത്തെ ഒരു തരം അരാഷ്ട്രീയവാദം പിടി കൂടുമ്പോള്‍, രാജ്യത്തെ പിറകോട്ടു നയിക്കുന്ന ശക്തികള്‍ അധികാര രാഷ്ട്രീയത്തില്‍ പിടി മുറുക്കുകയും, ഭൂരിഭാഗം മധ്യവര്‍ഗ്ഗവും, അവരുടെ വരുതിയില്‍ ആവുകയും ചെയ്യുന്നു.


രാജ്യത്തു മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍, സാമ്പത്തിക തകര്‍ച്ച എന്നിവ ഏറ്റവും ആദ്യം ബാധിക്കുന്നതും, അതിനോട് ഏറ്റവും ആദ്യം തീവ്രമായി പ്രതികരിക്കുന്നതും പൊതുവെ ഏറ്റവും താഴെക്കിടയിലുള്ള ഒരു ജനവിഭാഗം ആയിരിക്കും. കാരണം അവര്‍ക്ക് അത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. നമ്മള്‍ ആദ്യം കണ്ടതു പോലെ, ഏറ്റവും ഉയര്‍ന്ന വിഭാഗം ഒരുപക്ഷെ ഇതില്‍നിന്നും ഒക്കെ രക്ഷപെട്ടു നിന്നു എന്നും വരാം. ഇവിടെയാണ് മധ്യവര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നത്. ഇപ്പോള്‍ നമ്മുടെ രാജ്യത്തു നടക്കുന്ന ചില സംഭവ വികാസങ്ങളോട് മധ്യവര്‍ഗ്ഗ ഭൂരിപക്ഷത്തിന്റെ നിലപാട് എന്താണ് എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അതില്‍ ഒന്ന്, ദളിതരും, കര്‍ഷകരും, മതന്യൂനപക്ഷങ്ങളും ഒക്കെ നടത്തുന്ന സമരങ്ങള്‍ ആണ്. ദളിതരുടെയും, മതന്യൂന പക്ഷങ്ങളുടെയും, കര്‍ഷകരുടെയും ഒക്കെ സമരങ്ങള്‍ അവരുടെ മാത്രം ആകുമ്പോള്‍, അതിനെ പരാജയപ്പെടുത്താന്‍ എളുപ്പമാണ്. സാമ്പത്തികമായും, സാമൂഹ്യമായും ഒരു കംഫര്‍ട്ട് (comfort zone) മേഖലയില്‍ നില്‍ക്കുന്ന മധ്യവര്‍ഗം അവരുടെ പിന്തുണ ഇവര്‍ക്ക് കൊടു ക്കേണ്ടത് ഒരു ആവശ്യമാണ്. അപ്പോളാണ് കാതലായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. രണ്ടാമതായി രാജ്യത്തുടനീളം ജയിലുകളില്‍ അടക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവരെ ക്കുറിച്ചു ഒരു പൊതുബോധം ഉണ്ടാക്കി എടുക്കുന്നതില്‍ നമ്മുടെ മധ്യവര്‍ഗം എന്ത് ചെയ്തു, ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. സ്വേച്ഛാധിപത്യഭരണകൂടങ്ങളെപ്പറ്റി വളരെ കനപ്പെട്ട പുസ്തകങ്ങള്‍ എഴുതിയ ജര്‍മ്മന്‍ എഴുത്തുകാരി Hannah Arendt പറയുന്ന ഒരു കാര്യമുണ്ട്. 'അപകടകരമായ ചിന്ത എന്നൊന്നില്ല. ചിന്തിക്കുന്നത് തന്നെ അപകടകരമാണ്' എന്നതാണ് അത്. നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിനു വലിയ പ്രസക്തി ഉണ്ട്. രാജ്യത്തിന്റെ മനസ്സാക്ഷി ആവേണ്ട പലരും ഇപ്പോള്‍ ജയിലില്‍ ആണുള്ളത്. മൂന്നാമത്തെ കാര്യം, നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് സംഭവിക്കുന്ന അപചയമാണ്. ഇത് പലപ്പോഴും നമ്മള്‍ അറിയാതെ സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും ഭരണത്തില്‍ ആര് എന്നതിനേക്കാളും, ഒരു രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി നിലനിര്‍ത്തുന്നത്, അവിടത്തെ ഭരണ ഘടനാ സ്ഥാപനങ്ങളുടെ കെട്ടുറപ്പും, നിഷ്പ്പക്ഷതയും ആണ്. ഈ അടുത്ത കാലങ്ങളില്‍ നമ്മുടെ കോടതികള്‍ എടുക്കു ന്ന നിലപാടുകള്‍, ഉയര്‍ന്ന ഭരണഘടന സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്നവരുടെ പശ്ചാത്തലം ഇവ പരിശോധിക്കുമ്പോള്‍ അത്ര ശുഭകരമല്ലാത്ത പലതും നാം കാണുന്നുണ്ട്.
വളരെ ചുരുക്കത്തില്‍, മധ്യവര്‍ഗ്ഗത്തിന്റെ ശക്തമായ ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ ആവശ്യമായ ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നുപോകുന്നത്. രാഷ്ട്രീയത്തോട് പലപ്പോഴും അവര്‍ കാണിക്കുന്ന നിഷ്‌ക്രിയ മനോഭാവം ആത്യന്തികമായി, എല്ലാവരെയും നശിപ്പിക്കും എന്നതിന് സംശയം വേണ്ട. മധ്യവര്‍ഗം സ്വപ്നം കാണുന്ന സാമ്പത്തിക പുരോഗതിയും, സാമൂഹികവികസനവും എല്ലാം സംജാതമാകുവാന്‍ എല്ലാവര്‍ക്കും തുല്യപരി ഗണയും, നീതിയും, അഭിപ്രായസ്വാതന്ത്ര്യവും ഒക്കെ ലഭ്യമാകേണ്ടതുണ്ട്. ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ അവരുടേത് മാത്രമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഒരു പുത്തന്‍ രാഷ്ട്രീയസംസ്‌കാരം ഉണ്ടാകുന്നത്. ഒരുപക്ഷെ അത്തരം ഒരു രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കാനുള്ള ചരിത്രപരമായ നിയോഗം തന്നെ ഇന്ന് നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ്ഗം ഏറ്റെടുക്കേണ്ടതുണ്ട്.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org