വീണ്ടും ചില മാധ്യമവിചാരങ്ങള്‍

വീണ്ടും ചില മാധ്യമവിചാരങ്ങള്‍

ഈ അടുത്തകാലത്തുണ്ടായ ശ്രദ്ധേയമായ ഒരു വാര്‍ത്ത, ഇന്ത്യ ബ്ലോക്ക് എന്നറിയപ്പെടുന്ന ഒരു കൂട്ടം പ്രതിപക്ഷരാഷ്ട്രീയ പാര്‍ട്ടികള്‍, തിരഞ്ഞെടുത്ത ചില ടെലിവിഷന്‍ അവതാരകരെ ബഹിഷ്‌ക്കരിക്കുന്നു എന്നതായിരുന്നു. ഇന്ത്യയുടെ മാധ്യമചരിത്രത്തില്‍ പുതുമയുള്ള ഒന്നാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, നമ്മുടെ മാധ്യമ രംഗത്ത് വന്നിരിക്കുന്ന നിരവധി അപചയങ്ങളുമായി ചേര്‍ത്ത് ഇതിനെ വായിക്കാന്‍ സാധിക്കും. ഒരു ജനാധിപത്യ രാജ്യത്തില്‍ എന്താണ് മാധ്യമങ്ങളുടെ ധര്‍മ്മങ്ങള്‍? ഒരു പക്ഷെ ചര്‍ച്ച ചെയ്തു മടുത്തുപോയ ഒരു വിഷയം തന്നെ ആയിരിക്കും ഇത്. എങ്കില്‍ പോലും ജനാധിപത്യത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് അത്. ഒരുപക്ഷെ ഒരു ജനാധിപത്യരാജ്യം എത്രമാത്രം ജനാധിപത്യമാണ് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചിക ആ രാജ്യം എത്രമാത്രം ഭയരഹിതമായ, നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനം നടത്താന്‍ ആളുകളെ അനുവദിക്കുന്നു എന്നതും ആകാം. മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌ക്കരിക്കാന്‍ ഏറ്റവും പ്രധാന കാരണങ്ങള്‍ ആയി പറഞ്ഞത് ആ അവതാരകര്‍ പ്രകടിപ്പിക്കുന്ന പ്രത്യക്ഷമായ വര്‍ഗീയ ചായ്‌വ്, കേന്ദ്ര സര്‍ക്കാരിനോടുള്ള പക്ഷപാതപരമായ നിലപാട് എന്നിവയായിരുന്നു. ഭരണത്തെ നിരീക്ഷിച്ചു സര്‍ക്കാരുകളെ നിശിതമായി ചോദ്യം ചെയ്യേണ്ട മാധ്യമങ്ങള്‍, സര്‍ക്കാരുകളുടെ സ്തുതിപാഠകരും, വര്‍ഗീയതയുടെ വക്താക്കളും ആയി മാറിയ കാഴ്ചയാണ് വര്‍ത്തമാനകാല ഇന്ത്യന്‍ മാധ്യമരംഗം.

പോസ്റ്റ് ജേര്‍ണലിസം (Post Journalism) എന്നൊരു ആശയമുണ്ട്. ഇന്റര്‍നെറ്റിന്റെ വരവോടു കൂടി വാര്‍ത്ത അറിയിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും പത്രങ്ങളും, ടെലിവിഷനും ഒട്ടൊക്കെ സ്വാതന്ത്രമാവുകയും, അവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. ഇവിടെ ന്യായമായും നമ്മള്‍ പ്രതീക്ഷിച്ചതു മാധ്യമങ്ങള്‍ വാര്‍ത്തകളുടെ പിന്നിലേക്ക് പോയി, ജനാധിപത്യത്തില്‍ സജീവപങ്കാളികള്‍ ആവാന്‍ ആളുകളെ പ്രാപ്തരാക്കും എന്നാണ്. സര്‍ക്കാരുകളുടെ നയങ്ങളുടെയും, പരിപാടികളുടെയും ഒരു ദൈനംദിന ഓഡിറ്റ് പ്രതീക്ഷിച്ചിടത്തു സംഭവിച്ചത് വേറൊന്നാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമനുസരിച്ച് ഒരു വലിയ പങ്കു മാധ്യമപ്രവര്‍ത്തകര്‍ തങ്ങളെതന്നെ വിട്ടുകൊടുക്കുകയും, ആളുകളെ എല്ലാത്തരത്തിലും ധ്രൂവീകരിക്കുക എന്ന ജോലി സമര്‍ത്ഥമായി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. തല്‍ഫലമായി, മനുഷ്യരുടെ ഉള്ളില്‍ രൂഢമൂലമായിരിക്കുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ അവരെ പഠിപ്പിക്കുന്നതിന് പകരം, നിരന്തരമായ പ്രചാരണങ്ങളിലൂടെ അത് അവരുടെ ഉള്ളില്‍ ഉറപ്പിക്കുക എന്നത് ഏറ്റവും വലിയ മാധ്യമ ധര്‍മ്മം ആയി മാറി. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിരവധി ദൃശ്യമാധ്യമങ്ങള്‍, തുടര്‍ച്ചയായി വര്‍ഗീയമായി ചേരിതിരിവുണ്ടാക്കുന്ന പരിപാടികളും ചര്‍ച്ചയും മാത്രം അവതരിപ്പിക്കുക എന്നത് ഒക്കെ ഇതിന്റെ ഭാഗമാണ്.

ഈ അടുത്ത കാലത്തു ഉണ്ടായ ഇന്ത്യ ഭാരത് ചര്‍ച്ചകള്‍ ശ്രദ്ധിക്കുക. രാജ്യത്തിന്റെ പേരിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടത്തി, ഭരണഘടനാ നിര്‍മ്മാണ സഭ തന്നെ അതിനെ വ്യക്തമായി ഭരണഘടനയില്‍ നിര്‍വചിട്ടുള്ളതാണ് എന്നിരിക്കെ, അതിനെ ഒരു വിഭാഗീയ വിഷയം ആയി അവതരിപ്പിക്കുന്നു. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് തന്നെ ഉള്ളതാണെങ്കിലും, അതിന് ഒരു കൊളോണിയല്‍ നിറം കൊടുക്കാന്‍ ചില മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ചില പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതുന്നു. ചര്‍ച്ച തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, നമ്മള്‍ ഭാരതീയരാണ്, അടുത്ത വേള്‍ഡ് കപ്പിന് ജേഴ്‌സിയില്‍ ഭാരത് എന്നാണ് വേണ്ടത് എന്ന് പ്രശസ്ത ക്രിക്കറ്റ് താരം സെവാഗ് ട്വീറ്റ് ചെയ്യുന്നു. ചുരുക്കത്തില്‍ രണ്ടു മൂന്നു ദിവസം കൊണ്ട്, ഇന്ത്യ എന്ന പേരിന് ഒരു കൊളോണിയല്‍ ഭാവവും, ഭാരത് എന്നതിനെ രാജ്യത്തിന്റെ പൈതൃകം, ചരിത്രം എന്നിവയൊക്കെയായി സമര്‍ത്ഥമായി ബന്ധപ്പെടുത്തുന്നു. ഈ പ്രക്രിയയില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കു ചെറുതല്ല. ആളുകളെ പല തരത്തില്‍ വിഭജിക്കാന്‍ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമാണ് ഇതും എന്ന് വിളിച്ചു പറയാന്‍ ഉള്ള ചങ്കൂറ്റം ആണ് മിക്ക മാധ്യമങ്ങള്‍ക്കും ഇല്ലാതെ പോയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതോടു കൂടി, ആ പേരിനെ മോശമാക്കാന്‍ ഉള്ള ഗൂഢമായ ഒരു തന്ത്രം എന്ന് മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തതോടു കൂടി നൂറുകണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ രാജ്യത്തിന്റെ പേര് എന്തുകൊണ്ട് ഭാരത് എന്ന് ആവണം എന്ന് സ്ഥാപിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. മനുഷ്യന്റെ തലച്ചോറ് ഒരു മടിയനാണ്. മനോഹരമായ വാദങ്ങള്‍ വഴി തന്റെ മുന്നില്‍ കിട്ടുന്നതിനെ വിശ്വസിക്കാനാണ് അതിനു താല്പര്യം. സത്യത്തിന്റെ സ്രോതസ്സുകള്‍ തേടി അലയാന്‍ അതിനു വിമുഖതയാണ്. ഈ ഒരു ബലഹീനതയാണ് മാധ്യമങ്ങള്‍ മുതലെടുക്കുന്നത്.

ഇന്ത്യയിലെ മാധ്യമലോകം സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും വ്യഥയുണ്ടാക്കുന്ന ഒരു ദുരന്തമാണ് നാം മുന്നില്‍ കാണുന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ നേരിടുന്ന ഭയത്തിന്റെ അന്തരീക്ഷം ഒരിടത്ത്. മറുവശത്തു വന്‍കിട കോര്‍പറേറ്റുകള്‍ മാധ്യമസ്ഥാപനങ്ങളെ വിലയ്ക്കു വാങ്ങി എഡിറ്റോറിയല്‍ നിഷ്പക്ഷതയെ കുഴിച്ചുമൂടുന്ന അവസ്ഥ. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കോര്‍പറേറ്റുകള്‍ കോടിക്കണക്കിനു രൂപ മാധ്യമങ്ങളില്‍ മുതല്‍ മുടക്കുമ്പോള്‍ തന്നെയാണ്, സാമൂഹ്യ, രാഷ്ട്രീയ, അക്കാദമിക് മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഒരു പ്രസിദ്ധീകരണം ആയ Economic and Political Weekly അതിന്റെ നിലനില്‍പ്പിനു വേണ്ടി വായനക്കാരില്‍ നിന്നും സംഭാവനകള്‍ ക്ഷണിച്ചു കൊണ്ട് പരസ്യം ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നത്. അധികാരം, മൂലധനം, മാധ്യമങ്ങള്‍ ഇവയെല്ലാം ഒരിടത്തു തന്നെ കേന്ദ്രീകരിക്കപ്പെടുന്ന അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് ഇവിടെ ഉരുത്തിരിഞ്ഞു വരുന്നത്. ജനാധിപത്യത്തിന്റെ പതാകവാഹകരായ സ്വതന്ത്ര മാധ്യമങ്ങളുടെ മരണം, ജനാധിപത്യത്തിന്റെ തന്നെ അന്ത്യമാണ് എന്നതാണ് പച്ചയായ സത്യം. അത് തിരിച്ചറിയാന്‍ നാം വൈകിയിരിക്കുന്നു.

  • ലേഖകന്റെ ബ്ലോഗ്:

  • www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org