വീണ്ടും ചില ഡിജിറ്റല്‍ വിചാരങ്ങള്‍

വീണ്ടും ചില ഡിജിറ്റല്‍ വിചാരങ്ങള്‍
ഗൗരവമായത് എന്തെങ്കിലും ചെയ്യാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഗൗരവ മായതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമുക്ക് സാധിക്കണം. ആഗോള താപനില കൂടുന്നത് മാത്രമല്ല, നമ്മുടെ ശ്രദ്ധാശേഷി കുറയുന്നതും ഗൗരവമാണ്.

സാഹിത്യ ലോകത്തു വളരെ അപൂര്‍വ്വമായ ഒരു സമ്മാനമാണ് nine dots prize. 2016-ല്‍ തുടങ്ങിയ ഇത് ഇതുവരെ മൂന്നു പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. (ഇന്ത്യക്കാരിയായ Annie Zaidi ആയിരുന്നു രണ്ടാമത്തെ വിജയി) ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തില്‍ നിന്നാണ് ഈ സമ്മാനത്തിന്റെ പ്രോസസ്സ് തുടങ്ങുന്നത്. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമായി മൗലികമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മത്സരത്തിന്റെ പരമമായ ലക്ഷ്യം. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും, ഈ ചോദ്യത്തിന് 3000 വാക്കുകളില്‍ കവിയാത്ത ഒരു ഉത്തരം ഉപന്യാസരൂപത്തില്‍ എഴുതാം എഴുത്തുകാരന്റെ ഐഡന്റിറ്റി, നോക്കാതെ ഒരു നിഷ്പക്ഷ ജൂറി ആണ് ഏറ്റവും മികച്ച ഉപന്യാസം കണ്ടെത്തുന്നത്. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക, ഏറ്റവും മികച്ച രചന ഒരു പുസ്തകം ആയി വികസിപ്പിക്കുവാന്‍ കംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പിന്തുണ എന്നിവയാണ് വിജയിക്ക് കിട്ടുന്നത്. മികച്ച രചന ഏഴു മാസം കൊണ്ട് ഒരു പുസ്തകം ആയി വികസിപ്പിക്കുക എന്നത് സമ്മാനത്തിന്റെ ഒരു വ്യവസ്ഥയാണ്. എഴുതപ്പെടുന്ന പുസ്തകം സൗജന്യമായി എല്ലാവര്‍ക്കും ലഭ്യവുമാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ എഴുതപ്പെടാത്ത ഒരു പുസ്തകത്തിന്, എഴുത്തുകാരനെ മുന്‍കൂട്ടി അറിയാതെ കൊടുക്കുന്ന വലിയൊരു സമ്മാനമാണ് nine dots prize. ആദ്യത്തെ വര്‍ഷത്തെ ചോദ്യം ഇതായിരുന്നു, Are digital technologies making politics impossible? ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകന്‍ ആയിരുന്ന ജെയിംസ് വില്യംസ് ന്റെ ഉപന്യാസമാണ് സമ്മാനാര്‍ഹമായത്. ഉപന്യാസം പിന്നീട് ഒരു പുസ്തകമായി ഇറങ്ങി. "Stand out of our light: Freedom and resistance in the attention economy.' ഈ പുസ്തകത്തെപ്പറ്റിയുള്ള ചില ചിന്തകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്.

മനുഷ്യന്റെ സമയത്തെയും, ശ്രദ്ധാശേഷിയെയും, സാമൂഹ്യ/രാഷ്ട്രീയ ജീവിതത്തെയും ഒക്കെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്നാണ്, ജെയിംസ് വില്യംസ് പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്. മനുഷ്യന്റെ സമയത്തിനു വേണ്ടി ഇന്ന് ഒരു കടുത്ത മത്സരം നടക്കുന്നുണ്ട്. ആദ്യകാലത്തു മനുഷ്യന് അറിവ്/വിവരങ്ങള്‍ (information) കുറവും, സമയം സുലഭവും ആയിരുന്നു. ആധുനിക കാലഘട്ടത്തില്‍ എല്ലാറ്റിനും നീക്കി വയ്ക്കാന്‍ സമയം പരിമിതമായി മാറി എന്നുള്ളതാണ് മനുഷ്യന്റെ പ്രതിസന്ധി. അതോടൊപ്പം തന്നെ, പുതിയ ആകര്‍ഷണങ്ങളുടെ പിറകെ പോകുന്ന മനുഷ്യന്റെ ബലഹീനതയും ദൃശ്യ/സാമൂഹ്യ മാധ്യമങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. സാമൂഹ്യമാധ്യമങ്ങളെ ഒക്കെ സംബന്ധിച്ചിടത്തോളം, മനുഷ്യന്‍ എന്നുള്ളത് ഉപഭോക്താവ് അല്ല മറിച്ച് ഉല്‍പ്പന്നം തന്നെയായി മാറി. മനുഷ്യന്റെ സമയം കവര്‍ന്നെടുത്ത് ഏറ്റവും മൂല്യം തരുന്ന ആള്‍ക്ക് കൈ മാറുന്ന പ്രക്രിയ അവിടെ നടക്കുന്നു. മനുഷ്യന്റെ ഉറക്കവുമായിട്ടു കൂടിയാണ് തങ്ങളുടെ മത്സരം എന്ന് netflix സി ഇ ഒ ആയിരുന്ന റീഡ് ഹേസ്ടിംഗ്‌സ് പറഞ്ഞു വച്ചു. ഗ്രന്ഥകാരന്‍ ഈ കാലഘട്ടത്തെ age of attention എന്നാണ് ഈ പുസ്തകത്തില്‍ വിളിക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍/സാമൂഹ്യമാധ്യമങ്ങള്‍ ഇവയുടെ നിരന്തരമായ ഉപയോഗം മൂന്നു തരത്തില്‍ ആണ് മനുഷ്യന്റെ ശ്രദ്ധാശേഷിയെ ബാധിക്കുന്നത്. ഒന്നാമതായി ചുറ്റുമുള്ള കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുക്കാനുള്ള നമ്മുടെ കഴിവിനെ അത് പരിമിതപ്പെടുത്തുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ നിന്നും കുറെ നേരം മാറി നില്‍ക്കുമ്പോള്‍, ബഹുഭൂരിപക്ഷം മനുഷ്യരും പ്രകടിപ്പിക്കുന്ന അസ്വസ്ഥത നമുക്കറിയാവുന്നതാണ്. പഠനത്തിലോ, ഓഫിസ് ജോലികളിലോ, ഏകാഗ്രമായി ശ്രദ്ധിക്കാന്‍ മിക്കവര്‍ക്കും സാധിക്കുന്നില്ല. ഇന്ന് കുട്ടികളുടെ പഠനവൈകല്യങ്ങളുടെ ഒരു പ്രധാന കാരണമായി ഇത് മാറിക്കഴിഞ്ഞു. രണ്ടാമതായി നമ്മുടെ ജീവിതത്തെ നാം ആഗ്രഹിക്കുന്ന രീതിയില്‍ കൊണ്ടുപോകാന്‍ നമുക്ക് സാധിക്കാതെ വരുന്നു. നമ്മുടെ രാഷ്ട്രീയ/സാമൂഹ്യ ചായ്‌വുകളെ, മുന്‍ഗണനകളെ ഒക്കെ നിരന്തരമായി ഡിജിറ്റല്‍ ലോകം സ്വാധീനിക്കുന്നു. മൂന്നാമതായി നമ്മുടെ ചിന്താശേഷി, ബൗദ്ധികമായ വളര്‍ച്ച ഇവയില്‍ ഒക്കെ വരുന്ന മാറ്റങ്ങള്‍ ആണ്. മനുഷ്യര്‍ ചിന്തിക്കുന്നത് അവസാനിക്കുമ്പോള്‍ സ്വാതന്ത്ര്യം പടിയിറങ്ങുന്നു എന്ന് Thomas Paine പറയുന്നു. രാഷ്ട്രീയത്തെ വളരെ കാര്യമായി സ്വാധീനിക്കുന്ന ഒന്നായി സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലുകള്‍ മാറുന്നുണ്ട്. ഈ കാലഘട്ടത്തില്‍ പലപ്പോഴും യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കാളും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ ബാധിക്കുന്നതു, വളരെ സമര്‍ഥമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെ ചിന്തകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആണ്. എന്തെങ്കിലും പുതിയ ഒരു viral message വരുമ്പോള്‍, കാതലായ പ്രശ്‌നങ്ങള്‍ എല്ലാം തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ നിന്നോ, സാമൂഹ്യമാധ്യമങ്ങളില്‍ നിന്നോ മാറിനില്‍ക്കുക എന്നത് ഇതിനൊന്നും പരിഹാരമല്ല എന്ന് തന്നെയല്ല അത് നമ്മുടെ ലക്ഷ്യവുമല്ല. അവ നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്ന കാര്യങ്ങളായി നിലനില്‍ക്കും. വരുംനാളുകളില്‍ അവയുടെ സ്വാധീനം കൂടി വരികയും ചെയ്യും. പക്ഷേ എന്തൊക്കെ സാങ്കേതിക വിദ്യകള്‍ വന്നാലും, നമ്മുടെ സ്വാതന്ത്ര്യവും, തീരുമാനങ്ങള്‍ എടുക്കാനും, ക്രിയാത്മകമായി സമയം വിനിയോഗിക്കാനും ഒക്കെയുള്ള കഴിവും നമ്മള്‍ കൈവശം വയ്‌ക്കേണ്ടതുണ്ട്. പുസ്തകത്തിന്റെ ഒടുവില്‍ ഗ്രന്ഥകാരന്‍ പറയുന്ന പോലെ, ഗൗരവമായത് എന്തെങ്കിലും ചെയ്യാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഗൗരവമായതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമുക്ക് സാധിക്കണം. ആഗോള താപനില കൂടുന്നത് മാത്രമല്ല, നമ്മുടെ ശ്രദ്ധാശേഷി കുറയുന്നതും ഗൗരവമാണ് എന്നും എഴുത്തുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ കാലഘട്ടം ആവശ്യപ്പെടുന്ന വായനയായ ഈ പുസ്തകം www.ninedotsprize.org എന്ന വെബ്‌സൈറ്റില്‍ സൗജന്യ മായി ലഭ്യമാണ്.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org