അറിവിന്റെ ലോകത്തു മഹാവിസ്‌ഫോടനം സൃഷ്ടിച്ചു കൊണ്ടാണ് ഇന്റര്‍നെറ്റ് കടന്നു വന്നത്. വിരല്‍ത്തുമ്പില്‍ വിജ്ഞാനം ലഭിക്കുന്നതും, ഭൂമിയില്‍ എവിടെയുമുള്ള ആരെ വേണമെങ്കിലും ഏതു സമയത്തും ബന്ധപ്പെടാന്‍ പറ്റുന്നതും സ്വപ്‌നമല്ല എന്ന് വിശ്വസിക്കാന്‍ മനുഷ്യന്‍ ബുദ്ധിമുട്ടി. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും വ്യാപനവും, പ്രത്യേകിച്ച് സ്മാര്‍ട്‌ഫോണിന്റെ വരവും മനുഷ്യന്റെ സമസ്തവ്യവഹാരങ്ങളെയും, ശീലങ്ങളെയും മാറ്റി മറിച്ചു. രാവിലെ മുതല്‍, രാത്രി കിടക്കുന്നതു വരെ ഫോണിന്റെ കൂടെ ജീവിക്കുന്ന മനുഷ്യരാണ് ഇന്നു നമുക്കു ചുറ്റും. മനുഷ്യന്‍ മുമ്പ് ഏതു കാലത്തേക്കാളും ഡിസ്ട്രാക്റ്റഡ് (distracted) ആയ ഒരു കാലഘട്ടം. ഇന്ന് ഏറ്റവും ദുര്‍ലഭമായിട്ടുള്ള ഒന്ന് മനുഷ്യന്റെ attention ആണ്. ഒരേ സമയം അനേകം കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തുകൊണ്ടിരിക്കുന്ന മനുഷ്യര്‍.
ഉപരിപ്ലവമായി മാത്രം ചിന്തിക്കുന്ന, ചരിത്രബോധമില്ലാത്ത ഒരു വ്യക്തി ഏതൊരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനും ഏറ്റവും എളുപ്പം വഴങ്ങുന്ന ഇരയാണ്.
2020-ല്‍ National Affairs മാസികയില്‍ അമേരിക്കന്‍ ചരിത്രകാരനായിരുന്ന Adam Garfinkle ഒരു ലേഖനം പ്രസിദ്ധീകരിച്ചു. The erosion of deep literacy എന്നായിരുന്നു അതിന്റെ പേര്. ഡിജിറ്റല്‍ ടെക്‌നോളജിയും, സ്മാര്‍ട്‌ഫോണും, സോഷ്യല്‍ മീഡിയയും ഒക്കെ വ്യാപകമായി ഉപയോഗിക്കുന്നതു നമ്മുടെ വായനാശീലങ്ങളില്‍ വരുത്തുന്ന ചില മാറ്റങ്ങളായിരുന്നു ലേഖനത്തിലെ മുഖ്യ പ്രതിപാദ്യം. നമ്മള്‍ മുമ്പു കണ്ടതു പോലെ, distracted എന്ന പദം ഇന്ന് പുതിയതല്ല. പരിണാമം നമ്മളില്‍ അവശേഷിപ്പിച്ച ഒരു കാര്യം, പുതുതായി എന്തെങ്കിലും കണ്ടാല്‍ അതിന്റെ പിറകെ പോവുക എന്നതാണ്. മനുഷ്യന്റെ പുതുമയോടുള്ള (novelty) ഈ അഭിവാഞ്ഛയാണ് സോഷ്യല്‍ മീഡിയ വളരെ വിദഗ്ധമായി ഉപയോഗിക്കുന്നത്. ഓരോ നിമിഷവും നമ്മെ തേടി വരുന്ന വര്‍ത്തയുടെയും, മെസ്സേജിന്റെയും, വിഡിയോയുടെയും ഒക്കെ പിറകെ പോകുന്ന മനുഷ്യന്റെ തലച്ചോറ് അതിന്റെ ഊര്‍ജം മുഴുവന്‍ അതിനുവേണ്ടി വിനിയോഗിച്ചു കഴിഞ്ഞാല്‍ ഗാഢമായ, ആഴത്തിലുള്ള വായനയ്ക്ക്, അതിനു സാധിക്കാതെ വരുന്നു എന്നൊരു നിരീക്ഷണം മുകളില്‍ പറഞ്ഞ ലേഖനത്തില്‍ കാണുന്നുണ്ട്. ഗാഢമായ വായന കൂടുതല്‍ അധ്വാനവും, ഏകാഗ്രതയും ആവശ്യമുള്ള ഒന്നാണ്. എഴുത്തുകാരനുമായി, വായിക്കുന്ന ആശയങ്ങളുമായി നിരന്തരമായി നടത്തുന്ന ഒരു സംഭാഷണത്തിലൂടെയാണ് (dialogue), ഗാഢമായ വായന നടക്കുന്നത്. അവിടെ ഒരാളുടെ സങ്കല്‍പ്പത്തിലുള്ള സിദ്ധികളും, ചിന്തിക്കാനുള്ള കഴിവും ഒക്കെ കടന്നുവരുന്നുണ്ട്. നിരന്തരമായി ഡിജിറ്റല്‍ ലോകത്തിന്റെ ഒഴുക്കില്‍പ്പെട്ട് തളരുന്ന മനുഷ്യന് ഇത് പലപ്പോഴും സാധിക്കാതെ വരുന്നു. രാവിലെ മുതല്‍, വൈകിട്ടുവരെ നടത്തുന്ന ലക്ഷ്യമില്ലാത്ത സോഷ്യല്‍ മീഡിയ സ്‌ക്രോളിംഗ് (scrolling) ആണ് വായന എന്ന ലളിതമായ ചിന്തയിലേക്ക് ഒരുപാടു മനുഷ്യര്‍ എത്തുന്നു. മനുഷ്യന്റെ ചിന്താശക്തി വര്‍ധിപ്പിക്കുന്നതില്‍, അവനെ സഹാനുഭൂതിയുള്ള ഒരു ജീവിയാക്കി മാറ്റുന്നതില്‍, മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ ഒക്കെ ആഴത്തിലുള്ള വായനയ്ക്ക് വലിയ പങ്കുണ്ട്. ഉപരിപ്ലവമായി മാത്രം ചിന്തിക്കുന്ന, ചരിത്രബോധമില്ലാത്ത ഒരു വ്യക്തി ഏതൊരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനും ഏറ്റവും എളുപ്പം വഴങ്ങുന്ന ഇരയാണ്. മറ്റൊരു പ്രധാന സംഗതി സോഷ്യല്‍ മീഡിയ വഴി നിരന്തരമായി junk information ഉപയോഗിക്കുന്ന വ്യക്തി ബൗദ്ധികമായ പൊണ്ണത്തടി (intellectual obesity) ഉള്ളവനായി മാറുന്നു എന്നതാണ്.
സോഷ്യല്‍ മീഡിയ കാലത്ത് ആഴമേറിയ വായനയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളോടു ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് ഇപ്പോള്‍ വ്യാപകമായി വന്നു കൊണ്ടിരിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ സ്വാധീനം. ChatGPT പോലെയുള്ള അനേകം സാങ്കേതിക വിദ്യകള്‍ എഴുത്തിനെ മാറ്റിമറിക്കുകയാണ്. ഇന്ന് പല യൂണിവേഴ്‌സിറ്റികളും കാര്യമായി ചിന്തിക്കുന്നത്, എഴുത്ത് എന്ന പ്രക്രിയയില്‍ ChatGPT പോലെയുള്ള സഹായികള്‍ വരുന്നതോടു കൂടി, കുട്ടികളുടെ എഴുതാനുള്ള കഴിവ് എങ്ങനെ വികസിപ്പിക്കും, അതൊക്കെ എങ്ങനെ ടെസ്റ്റ് ചെയ്യും എന്നൊക്കെയാണ്. തങ്ങളുടെ assignments ഒക്കെ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ AI സഹായികള്‍ ഉപയോഗിക്കുന്ന പ്രവണത കൂടുതലായി കാണുന്നുണ്ട്.
നിര്‍മ്മിത ബുദ്ധിയുടെ വരവോടെ എഴുത്തിനോടൊപ്പം വായന എന്ന പ്രക്രിയയും outsource ചെയ്യപ്പെടുന്ന കാര്യം നമ്മുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്. പുസ്തകങ്ങളെയും, നീണ്ട text കളെയും വിദഗ്ദ്ധമായി ചുരുക്കുന്ന സഹായികള്‍ ഇന്ന് സുലഭമായി വരുന്നു. ഒരു പക്ഷെ പഠന വൈകല്യമുള്ളവര്‍ക്കോ, പുതിയൊരു ഭാഷ പഠിക്കുന്നവര്‍ക്കോ ഇത് വലിയ പ്രയോജനം ചെയ്യുമെങ്കിലും, വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വലിയ തോതില്‍ ഇത് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതില്‍ പല അപകടങ്ങളുമുണ്ട്. പ്രധാനമായി പുസ്തകം വായിക്കുമ്പോള്‍, അതിലുള്ള ആശയങ്ങളുമായി ഗൗരവമായി സംവദിക്കുമ്പോളൊക്കെയാണ് അറിവിന്റെ ശരിയായ സ്വാംശീകരണം നടക്കുന്നത്. അതുപോലെ തന്നെ ഒരു പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ സങ്കീര്‍ണ്ണതയും സൗന്ദര്യവും ഒരു വിദ്യാര്‍ത്ഥി മനസ്സിലാക്കേണ്ടതുണ്ട്. AI സഹായികള്‍ ലഭ്യമാക്കിത്തരുന്ന ചുരുക്കെഴുത്തുകളില്‍ ഒരുപക്ഷെ ഇതെല്ലം നഷ്ടപ്പെട്ടു വെന്ന് വരാം.
വായനയും എഴുത്തും മനുഷ്യന് സ്വാഭാവികമായി കൈവരുന്ന ഒന്നല്ല. പരിണാമത്തിന്റെ യാത്രയില്‍ മനുഷ്യന്‍ നേടിയെടുത്ത കഴിവുകളാണ് ഇവ. മനുഷ്യന്‍ മറ്റെല്ലാ ജീവിവര്‍ഗത്തേക്കാളും ബൗദ്ധികമായി വളര്‍ച്ച നേടിയതും, ആര്‍ജ്ജിച്ച അറിവിനെ കൈമാറിയതും, മാനവിക മൂല്യങ്ങള്‍ സൃഷ്ടിച്ചതും എഴുത്തിന്റെയും വായനയുടെയും മാര്‍ഗത്തിലൂടെയാണ്. ജനാധിപത്യത്തിലും പൗരസ്വാതന്ത്ര്യത്തിലുമൊക്കെ വിശ്വാസമുള്ള ഒരു സമൂഹം നിര്‍മ്മിക്കപ്പെടുന്നതും ആഴത്തിലുള്ള വായനയുടെയും ആശയകൈമാറ്റങ്ങളുടെയും ഒക്കെ ഫലമായിട്ടാണ്.
നിലവിലുള്ള വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന, തിരുത്തുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ ഗൗരവമുള്ള വായനയ്ക്ക് വലിയ പങ്കുണ്ട്. ഇന്റര്‍നെറ്റ് വിപ്ലവം അറിവിനെ ജനാധിപത്യവല്‍ക്കരിക്കുകയും, വായനയുടെ വലിയൊരു ലോകം നമ്മുടെ മുന്നില്‍ തുറന്നിടുകയും ചെയ്തു. അറിവിന്റെ ഈ പുതിയ ലോകത്തില്‍ ലക്ഷ്യമില്ലാതെ മുങ്ങിത്താഴാതെ, അതിനെ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്തുന്ന ഒരു തലമുറയെ സൃഷ്ടിക്കാനാണ് നാം ജാഗ്രത പുലര്‍ത്തേണ്ടത്.
ലേഖകന്റെ ബ്ലോഗ്: www.bobygeorge.com