അധികാരത്തോട് സന്ധി ചെയ്യുമ്പോള്‍

അധികാരത്തോട് സന്ധി ചെയ്യുമ്പോള്‍
അധികാരകേന്ദ്രങ്ങളോട് സന്ധി ചെയ്യാതെ സത്യം വിളിച്ചു പറയുന്ന മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരുകള്‍ വച്ച് നീട്ടുന്ന പദവികള്‍ വേണ്ടന്നു വയ്ക്കാന്‍ ആര്‍ജവമുള്ള ന്യായാധിപരും ഒക്കെ ചേരുമ്പോളാണ് ജനാധിപത്യത്തിന്റെ പൊന്‍പുലരികള്‍ നില നിര്‍ത്താന്‍ സാധിക്കുന്നത്.

ഈയിടെ കേന്ദ്രഗവണ്‍മെന്റിനെ അസ്വസ്ഥമാക്കിയ രണ്ടു സംഭവങ്ങള്‍ ഒന്ന് ബി ബി സി പ്രക്ഷേപണം ചെയ്ത മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും, മറ്റൊന്ന് അദാനിയെക്കുറിച്ചു ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനി ഇറക്കിയ റിപ്പോര്‍ട്ടും ആയിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഓഹരിവിപണിയിലെ വീഴ്ച, നിക്ഷേപകര്‍ക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുന്നതുവരെ ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍മാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന ഒരു ചോദ്യമുണ്ട്. ബി ബി സി ഡോക്യുമെന്ററി ചര്‍ച്ച ചെയ്തത് പുതിയ വിഷയം ആയിരുന്നില്ല. മറിച്ച് അനേ കവര്‍ഷങ്ങളായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ഇന്ത്യന്‍ കോടതികള്‍ പരിഗണിക്കുകയുമൊക്കെ ചെയ്ത വിഷയമാണ്. ഈ സംഭവങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് ഇന്ത്യയുടെ സ്വതന്ത്ര മാധ്യമങ്ങളും, ഭരണഘടനാ സ്ഥാപനങ്ങളും, നേരിടുന്ന വലിയൊരു പ്രതിസന്ധിയിലേക്കാണ്.

ജനാധിപത്യം പൗരന് കൊടുക്കുന്ന ഒരു സ്വാതന്ത്ര്യം, ജനഹിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളെ അധികാരത്തില്‍നിന്നും താഴെ ഇറക്കാന്‍ കിട്ടുന്ന അവസരങ്ങളാണ്. പക്ഷേ തിരഞ്ഞെടുപ്പില്‍ പൊടുന്നനെ സംഭവിക്കുന്ന ഒന്നല്ല ഇത്. ഓരോ കാലത്തും ഭരിക്കുന്ന സര്‍ക്കാരുകളെ നിരീക്ഷിക്കാനും, ചോദ്യം ചെയ്യാനുമുള്ള അവസരം ജനങ്ങളും, മാധ്യമങ്ങളും, നിലനിര്‍ത്തുമ്പോള്‍ മാത്രമാണ്, ജനാധിപത്യം തിരുത്തലുകള്‍ക്ക് വിധേയമാകുന്നത്. അതോടൊപ്പം തന്നെ, ഭരണഘടനാ സ്ഥാപനങ്ങള്‍, കക്ഷി രാഷ്ട്രീയഭേദമന്യേ അവയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടതും ആവശ്യമാണ്. നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളുടെമേല്‍ സര്‍ക്കാരിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു എന്നത് വസ്തുതയാണ്. സ്ഥാപനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കഴിയുമ്പോള്‍, അത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. അധികാരത്തിന്റെ ഗര്‍വ് ബാധിച്ച രാഷ്ട്രീയക്കാരനെക്കാളും നമ്മള്‍ ഭയപ്പെടേണ്ടത്, സ്വാതന്ത്ര്യം നഷ്ടപ്പെട്ട സ്ഥാപനങ്ങളെയാണ്. കാരണം രാഷ്ട്രീയക്കാരന് അധികാരത്തില്‍ പിടിമുറുക്കാനും, തുടരാനും അത് കാരണമാകുന്നു. കൂടാതെ, ഒരു രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയകളെ അത് തകിടം മറിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക അന്വേഷണ ഏജന്‍സികളെയും വളരെ വിദഗ്ധമായി, ഉപയോഗിക്കുന്നതിലൂടെ, കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന സന്ദേശം വളരെ വ്യക്തമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, പ്രതിപക്ഷ കക്ഷിയിലെ നേതാക്കളെയും, സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളെയും വ്യക്തമായി ലക്ഷ്യംവയ്ക്കുന്ന നീക്കങ്ങള്‍ നാം കണ്ടതാണ്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ രണ്ടു വര്‍ഷത്തിന് മുകളില്‍ തടവില്‍ ഇട്ട് ഈയിടെയാണ് മോചിപ്പിച്ചത്. ഡോക്യുമെന്ററി വന്നതിനുശേഷം ബി ബി സി സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ, സര്‍വെ പോലുള്ള നടപടികള്‍, ഭയപ്പെടുത്താനുള്ള അടവുകളാണെന്നും, രാജ്യത്ത് അവശേഷിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ക്കെതിരെയാണെന്നും ഹിന്ദു ദിനപ്പത്രം പറഞ്ഞു. ഒരു വശത്ത് ഇത്തരം നടപടികള്‍ തുടരുമ്പോള്‍, മറുവശത്ത് ഒരു വലിയ പങ്കു മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ സ്തുതിപാഠകര്‍ മാത്രമാകുന്ന അവസ്ഥയുമുണ്ട്. അടിയന്തരാവസ്ഥ കാലത്തെ പത്രപ്രവര്‍ത്തകരെക്കുറിച്ച് ബി ജെ പി നേതാവായിരുന്ന അദ്വാനിയുടെ പ്രശസ്തമായ ഒരു കമന്റ് ഉണ്ട്. അവര്‍ കുനിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഴഞ്ഞു എന്നായിരുന്നുവത്. ഇന്നത്തെ സാഹചര്യത്തില്‍ അതിനെപ്പറ്റി ചിന്തിക്കുന്നത് രസകരമായിരിക്കും. കുല്‍ഡിപ് നയ്യാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഈയിടെ എഴുതി. ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് നടപടിയൊന്നും സര്‍ക്കാരിന് എടുക്കേണ്ട ആവശ്യമില്ല, കാരണം ബഹുഭൂരിപക്ഷവും, സര്‍ക്കാരിന് അനുകൂലമായി മാറി ക്കഴിഞ്ഞു.

മറ്റേതൊരു സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കാളും നമ്മെ ഭയപ്പെടുത്തുക, നീതിന്യായ വ്യവ സ്ഥിതിക്ക് വരുന്ന അപചയങ്ങളാണ്. പലപ്പോഴും, ഒരു ജനാധിപത്യ രാജ്യത്തില്‍ പൗരന്മാരുടെ അവസാന ആശ്രയമാണ് കോടതികള്‍. ഈ അടുത്ത കാലത്തായി ജഡ്ജിമാരുടെ നിയമനത്തില്‍ കൈകടത്താനുള്ള ശ്രമങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് സജീവമാക്കിയിട്ടുണ്ട്. കീഴ്‌ക്കോടതികളിലെ അഴിമതികള്‍ അത്ര വാര്‍ത്തയല്ല എങ്കിലും, സുപ്രീം കോടതികള്‍ വരെ രാഷ്ട്രീയ സ്വാധീനങ്ങളില്‍ അകപ്പെടുന്നുവോ എന്ന ആശങ്ക ഇപ്പോള്‍ പ്രബലമാകുന്നുണ്ട്. ഇതില്‍ ഏറ്റവും ഒടുവില്‍ വന്ന ഒരു സംഭവ വികാസം, വിരമിച്ചതിനു ശേഷം സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ വരെ, സര്‍ക്കാരിന്റെ പദവികള്‍ സ്വീകരിക്കുന്ന കാഴ്ചയാണ്. വിരമിച്ച് ഒരു മാസത്തിനുള്ളിലാണ്, സുപ്രീം കോടതി ജഡ്ജിയായിരുന്ന അബ്ദുള്‍ നാസിര്‍, ആന്ധ്രാപ്രദേശ് ഗവര്‍ണ്ണറായി നിയമിതനായിരിക്കുന്നത്. വിരമിച്ചതിനുശേഷം ഇത്തരം ഉയര്‍ന്നപദവികള്‍ സ്വീകരിക്കുന്ന മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയാണ് അദ്ദേഹം. ഈ അടുത്ത കാലത്തു ഭരണകക്ഷിക്ക് അനുകൂലമായി ചില വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം. ഇവിടെ ജഡ്ജിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുക എന്നതല്ല മറിച്ച്, വിരമിച്ച ഉടന്‍ സര്‍ക്കാര്‍ തരുന്ന പദവികള്‍ സ്വീകരിക്കുന്നതിലെ നൈതികതയാണ് പ്രശ്‌നം. ഇത് ജനങ്ങളുടെ മനസ്സില്‍ കോടതികളുടെ നിഷ്പക്ഷതയെക്കുറിച്ച് ആശങ്കകള്‍ ജനിപ്പിക്കുന്നുവെങ്കില്‍ അതില്‍ അതിശയിക്കാനില്ല. സുപ്രീം കോടതി ജഡ്ജിമാര്‍ വരെ, ജോലിയില്‍ നിന്നും പിരിഞ്ഞതിനുശേഷം സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദവികള്‍ കാംക്ഷിക്കുന്നവരാണെങ്കില്‍ അത് നിരാശാജനകമാണ്. നിയമ കമ്മീഷന്‍ ചെയര്‍മാനായിരുന്ന എ പി ഷാ ഈ വിഷയത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഒരാള്‍ ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, നിഷ്പക്ഷവും, സ്വതന്ത്രവും ആയി നീതി നിര്‍വഹിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു. ഭാരതത്തിലെ ഓരോ പൗരനോടുമുള്ള അലിഖിതമായ ഈ ഉടമ്പടി, ഒരു ന്യായാധിപനും മറക്കരുത് എന്ന് ഷാ ഊന്നിപ്പറയുന്നു. അധികാരകേന്ദ്രങ്ങളോട് സന്ധി ചെയ്യാതെ സത്യം വിളിച്ചു പറയുന്ന മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരുകള്‍ വച്ച് നീട്ടുന്ന പദവികള്‍ വേണ്ടന്നു വയ്ക്കാന്‍ ആര്‍ജവമുള്ള ന്യായാധിപരും ഒക്കെ ചേരുമ്പോളാണ് ജനാധിപത്യത്തിന്റെ പൊന്‍പുലരികള്‍ നില നിര്‍ത്താന്‍ സാധിക്കുന്നത്.

ലേഖകന്റെ ബ്ലോഗ് : www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org