നീല്‍ പോസ്റ്റ്മാന്‍ നമ്മോടു പറയുന്നത്

നീല്‍ പോസ്റ്റ്മാന്‍ നമ്മോടു പറയുന്നത്

ബോബി ജോര്‍ജ്ജ്

പ്രവചന സ്വഭാവമുള്ള പുസ്തകങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന എഴുത്തുകാരന്‍, നമ്മെ കാത്തിരിക്കുന്ന സംഭവങ്ങളെക്കുറിച്ചു എഴുതുന്ന ഗ്രന്ഥങ്ങള്‍. അങ്ങനെയുള്ള ഒരു പുസ്തകം ആണ് ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടാത്ത, എന്നാല്‍ നമ്മള്‍ കടന്നുപോകുന്ന ഈ കാലത്തെ മാധ്യമങ്ങളുടെ സ്വഭാവത്തെ അത്ഭുതകരമായി, അടയാളപ്പെടുത്തിയ ഒരു പുസ്തകം. 1985 ഇത് ആണ് നീല്‍ പോസ്റ്റ്മാന്‍ (Niel Postman) Amusing ourselves to death എഴുതുന്നത്. അതായത് ഏകദേശം 35 വര്‍ഷം മുമ്പ്. മാധ്യമങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യകളുമൊക്കെ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നതിനെക്കുറിച്ചു ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ചിന്തകനായിരുന്നു പോസ്റ്റ്മാന്‍. ഈ പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്തത്, ആ കാലത്തു പ്രചാരം സിദ്ധിച്ചു വന്നിരുന്ന ടെലിവിഷന്‍, സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി ആയിരുന്നു. ടെലിവിഷന്‍ എന്ന മാധ്യമത്തെ പോസ്റ്റ്മാന്‍ സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട് ഈ പുസ്തകത്തില്‍. ഇവിടെ അതിശയകരമായ കാര്യം, പോസ്റ്റ്മാന്‍ ടെലിവിഷനെ പറ്റി എഴുതിയത് ഏതാണ്ട് മുഴുവനും തന്നെ, സോഷ്യല്‍ മീഡിയയുടെയും, യൂട്യൂബിന്റേയും കാലത്തോട് ബന്ധപ്പെടുത്താന്‍ പറ്റിയ നിരീക്ഷണങ്ങള്‍ ആണെന്നതാണ്.

ഒരു കാലത്തു വിവരങ്ങള്‍ കൈമാറാനുള്ള പ്രധാന മാധ്യമം അച്ചടി മാത്രം ആയിരുന്നിടത്താണ്, ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ച് ടെലിവിഷന്‍ കടന്നുവന്നത്. ദൃശ്യ മാധ്യമങ്ങളുടെ ചില പ്രത്യേകതകള്‍, നമ്മള്‍ അറിവിനെ സമീപ്പിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി, സന്ദേശത്തോളം പ്രധാനപ്പെട്ട ഒന്നാണ് അത് സംവേദനം ചെയ്യാന്‍ ഉപയോഗിക്കുന്ന മാധ്യമവും എന്നതാണ്. The Medium is the message എന്ന് മഹാനായ മാധ്യമചിന്തകന്‍ മാര്‍ഷല്‍ മക്‌ലൂഹന്‍ (Marshall McLuhan) പറഞ്ഞതും ഇവിടെ ഓര്‍ക്കുക. ഗൗരവമായ ആലോചനയുടെ ഫലമാണ് പലപ്പോഴും എഴുതപ്പെടുന്ന വാക്ക് എങ്കില്‍, പറയപ്പെടുന്ന വാക്കിന് ഒരുപക്ഷെ ആ ശ്രദ്ധ കിട്ടിയെന്നു വരില്ല. അതുകൊണ്ടു തന്നെ, എഴുതിയ വാക്കുകള്‍ സത്യത്തോട് കൂടുതല്‍ അടുത്തു നില്ക്കാന്‍ സാധ്യത ഉണ്ടെന്നു പോസ്റ്റ്മാന്‍ നിരീക്ഷിക്കുന്നു. വായന കാഴ്ചയേക്കാളും കൂടുതല്‍ ശ്രമകരവുമാണല്ലോ. അതോടൊപ്പം തന്നെ, എഴുത്ത് എന്ന മാധ്യമം കൂടുതലായി യുക്തിഭദ്രമാകേണ്ട ആവശ്യവുമുണ്ട്. വസ്തുതകളും, കൃത്യമായി അടുക്കി വച്ച ആശയങ്ങളും എഴുത്തിനു അത്യന്താപേക്ഷിതമാണ്. നേരെ മറിച്ചു നമ്മള്‍ ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്ന, ദൃശ്യമാധ്യമങ്ങളില്‍, ഗൗരവമായ ആശയസംവേദനത്തിനു പകരം, വളരെ പെട്ടെന്ന് ആളുകളെ ഉദ്ദീപിപ്പിക്കുന്ന (stimulate) ഉള്ളടക്കത്തിന് പ്രാധാന്യം കൂടുതല്‍ ഉണ്ട്. പ്രധാനപ്പെട്ട ഒരു വാര്‍ത്ത എന്നതിന് പകരം ഏറ്റവും പുതിയ വാര്‍ത്തയാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് വരുന്നു. ഒരു വാര്‍ത്തയുടെയും പിന്നാലെ പോകാന്‍ അത് കാഴ്ചക്കാരനെ അനുവദിക്കുന്നില്ല. ഒന്ന് കഴിയുമ്പോള്‍ ഉടന്‍ തന്നെ, വേറെ ഒരു വാര്‍ത്ത എല്ലാവിധ അലങ്കാരങ്ങളോടും കൂടി പ്രേക്ഷകന് ഇട്ടുകൊടുക്കുന്നു. പലപ്പോഴും കേട്ട വാര്‍ത്തയുടെ പ്രസക്തി എന്താണ്, നമുക്ക് ചെയ്യാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കാന്‍ പോലും കാഴ്ചക്കാരന് സമയം കിട്ടി എന്ന് വരില്ല. വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാന്‍ ഇല്ല എന്ന് പറഞ്ഞത് പോലെ, വിവരങ്ങളുടെ ബാഹുല്യം ഉണ്ടെങ്കിലും, ശരിയായ, സത്യമായ അറിവ് ദുര്‍ല്ലഭമായി മാറുന്നു.

ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ദൃശ്യമാധ്യമങ്ങള്‍ക്കു വലിയൊരു വിനോദ (entertainment) മൂല്യം ഉണ്ട്. ഇവിടെ പ്രശ്‌നം വിനോദം എന്നുള്ളതല്ല മറിച്ചു എല്ലാം, ദുരന്തങ്ങള്‍ പോലും വിനോദം ആയി മാറുന്നു എന്നതാണ്. പോസ്റ്റ്മാന്റെ പുസ്തകത്തിന്റെ പേര് പറയുന്ന പോലെ, എല്ലാ പരിപാടികളുടെയും പരമമായ ലക്ഷ്യം നമ്മളെ രസിപ്പിക്കുക എന്നത് മാത്രം ആയി മാറുന്നു. വാര്‍ത്തയുടെയും, വിനോദപരിപാടികളുടെയും രൂപം ഒരുപോലെ ആകുമ്പോള്‍, എല്ലാം രസിക്കാന്‍ മാത്രം ഉള്ളതാണ് എന്ന ഒരു തോന്നല്‍ പ്രേക്ഷകനും ഉണ്ടാകും. കേള്‍ക്കുക, വായിക്കുക എന്നതിലുപരിയായി 'കാണുക' എന്നതിന് കൂടുതല്‍ പ്രാധാന്യം വരുന്നു. 1980-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ സെസ്‌ലോ മിലോസിന്റെ (Czeslaw Milsoz) ഒരു ആശയം പോസ്റ്റ്മാന്‍ പങ്കുവയ്ക്കുന്നുണ്ട്. മിലോസ് പറയുന്നത്, നമ്മുടെ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത, ചരിത്രം ഓര്‍മ്മിക്കുവാന്‍ ഉള്ള വിമുഖത ആണെന്നാണ്. നമ്മെ സംബന്ധിച്ചിടത്തോളം, എല്ലാം, കഴിഞ്ഞ 24 മണിക്കൂറില്‍ നമ്മുടെ മുന്നില്‍ വരുന്ന വാര്‍ത്തകള്‍ മാത്രം ആണ്. പലപ്പോഴും ചരിത്രത്തിന്റെ കണ്ണുകളില്‍ കൂടി കാര്യങ്ങളെ നോക്കാന്‍ തയ്യാറാകുമ്പോള്‍, നമ്മുടെ വീക്ഷണങ്ങള്‍ മാറും. കഴിഞ്ഞ 24 മണിക്കൂറിനെക്കുറിച്ച് എല്ലാം അറിയാമെങ്കിലും, കഴിഞ്ഞ 25 കൊല്ലത്തേക്കുറിച്ചു നമുക്ക് ചിലപ്പോ ഒന്നും അറിയാത്ത അവസ്ഥ വരുന്നു.

ഭാവിയെക്കുറിച്ചു ജോര്‍ജ് ഓര്‍വെല്ലും (George Orwell: 1984), ആള്‍ഡസ് ഹക്സ്ലി (Aldous Huxley: Brave new world) തങ്ങളുടെ വിഖ്യാതമായ കൃതികളില്‍ മുന്നോട്ടു വയ്ക്കുന്ന വ്യത്യസ്തമായ ചില പ്രവചനങ്ങള്‍ ഉണ്ട്. പോ സ്റ്റ്മാന്റെ അഭിപ്രായത്തില്‍, നമ്മുടെ മുന്നില്‍ ഉരുത്തിരിഞ്ഞു വരുന്ന ലോകം ഹക്സ്ലിയുടെ ദര്‍ശനത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒന്നാണ്. ഇന്റര്‍നെറ്റ് നമ്മുടെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്ന ഒന്നായി മാറുമ്പോള്‍, പോസ്റ്റ്മാന്‍ ഈ കൃതികളെ താരതമ്യം ചെയ്തു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്. നമുക്ക് വിവരങ്ങള്‍ (information) കിട്ടാതാകുമോ എന്ന് ഓര്‍വെല്‍ ഭയപ്പെടുമ്പോള്‍, നമുക്ക് കിട്ടുന്ന വിവരങ്ങളുടെ അതിപ്രസരം കൊണ്ട് നമ്മള്‍ മരവിച്ചു പോകും എന്നാണ് ഹക്സ്ലി കരുതിയത്. സത്യം നമ്മളില്‍ നിന്നും മറഞ്ഞിരിക്കും എന്ന് ഓര്‍വെല്‍ ഭയപ്പെട്ടപ്പോള്‍, സത്യം അപ്രസക്തമായവയുടെ ഇടയില്‍ ഞെങ്ങിഞെരുങ്ങി ഇല്ലാതാകും എന്ന് ഹക്സ്ലി പ്രവചിച്ചു. മനുഷ്യന്റെ ditsractions നോടുള്ള ആസക്തി അവസാനം ഇല്ലാത്ത ഒന്നാണെന്നാണ് ഹക്സ്ലി നിരീക്ഷിച്ചത്. ഓര്‍വെല്ലിന്റെ ലോകത്തില്‍ ആളുകളെ നിയന്ത്രിക്കുന്നത് വേദനിപ്പിച്ചാണെങ്കില്‍, ഹക്സ്ലി മനുഷ്യനെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത് ആനന്ദം ആണ്. ഏറ്റവും ഒടുവിലായി, നമ്മെ നശിപ്പിക്കുന്നത് ഓര്‍വെല്‍ കരുതുന്നത് പോലെ നമ്മള്‍ വെറുക്കുന്നത് ആയിരിക്കില്ല, മറിച്ചു നമ്മള്‍ ഇഷ്ടപ്പെടുന്നത് ആയിരിക്കും എന്ന് ഹക്സ്ലി പറഞ്ഞു വച്ചു.

Amusing ourselves to death, ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു വായനയാണ്. ദിവസത്തിന്റെ നല്ലൊരു പങ്കു, ആധുനിക ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ മുന്നില്‍ ഇരിക്കുന്ന എല്ലാവരോടും നീല്‍ പോസ്റ്റ്മാന്‍ പലതും പറയുന്നുണ്ട്. മാധ്യമങ്ങളുടെ രാഷ്ട്രീയം, സ്വഭാവം എന്നിവ മനസ്സിലാക്കാതെ നമ്മള്‍ പോകുന്നത് ഒരു ദുരന്തത്തിലേക്കാണ്. ഇന്ന് എല്ലാവരും അത്യാവശ്യമായി സ്വായത്തമാക്കേണ്ടത് മാധ്യമസാക്ഷരത ആണെങ്കില്‍, അതിലേക്കുള്ള ശക്തമായ ഒരു ആമുഖം ആയിരിക്കും 35 വര്‍ഷം മുമ്പ് ഇറങ്ങിയ ഈ ഗ്രന്ഥം. മാധ്യമങ്ങളുടെ സ്വഭാവവും, രാഷ്ട്രീയവും ഇത്ര ആഴത്തില്‍ നിരീക്ഷിക്കുന്ന പുസ്തകങ്ങള്‍ വിരളമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org