മാനസികാരോഗ്യം: ചില ഉത്കണ്ഠകള്‍

മാനസികാരോഗ്യം: ചില ഉത്കണ്ഠകള്‍

ബോബി ജോര്‍ജ്ജ്

മനുഷ്യരുടെ മനസികാരോഗ്യത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്ന ഒരു കാലമാണിത്. ഒരു പക്ഷെ, നാം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ സമൂഹത്തില്‍ കൂടി വരുന്നുണ്ട് എന്നതാണ് വസ്തുത. കോവിഡിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഇതിനു പ്രത്യേക പ്രാധാന്യം ഉണ്ട് താനും. പ്രാഥമികമായി ഒരു ആരോഗ്യപ്രശ്‌നമായി, നാം കോവിഡിനെ സമീപിച്ചു എങ്കിലും ഇന്ന് അത് എല്ലാ വിഭാഗം ജനങ്ങളിലും ഗൗരവമായ ഒരു മാനസിക ആരോഗ്യപ്രശ്‌നവും കൂടിയായി മാറിയിട്ടുണ്ട്. മൂന്നു തരത്തിലാണ് പ്രധാനമായി ഇത് നമ്മെ ബാധിച്ചിരിക്കുന്നത്.
ഒന്നാമതായി, നമ്മുടെ സാമൂഹ്യബന്ധങ്ങളില്‍ വന്നിട്ടുള്ള പിരിമുറുക്കങ്ങള്‍. സാമൂഹിക അകലം കഴിഞ്ഞ വര്‍ഷം നാം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഒരു വാക്കായിരുന്നല്ലോ. സ്വീഡിഷ് ന്യൂറോ സയന്റിസ്റ്റായ ആന്‍ഡ്രൂ വോള്‍ഡിന്റെ അഭിപ്രായത്തില്‍, മനുഷ്യന് ഏറ്റവും ആവശ്യമുള്ള ഒരു ഹസ്ത ദാനമോ, ഒരു സുഹൃത്തിന്റെ ആലിംഗനമോ കിട്ടാതെ ആയിട്ട് ഒരു വര്‍ഷമെങ്കിലും ആയിരിക്കുന്നു. മനുഷ്യന്റെ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ സ്‌നേഹത്തോടെയുള്ള സ്പര്‍ശനത്തിനു വലിയ പ്രാധാന്യം ഉണ്ട്. അതോടൊപ്പം തന്നെ, പരസ്പരം ഉള്ള സന്ദര്‍ശനങ്ങള്‍, സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആയിട്ടുള്ള സംഭാ ഷണങ്ങള്‍ ഒക്കെ ഗണ്യമായി കുറഞ്ഞിരിക്കുന്നു. മനുഷ്യര്‍ ഇത്ര ദീര്‍ഘനാള്‍ വീടുകളില്‍ നിന്നും പുറത്തുപോകാത്ത ഒരു സാഹചര്യം നമുക്ക് ആദ്യത്തെ അനുഭവമാണ്. ഉല്ലാസ യാത്രകള്‍ പോയിട്ട്, പലരും സുഹൃത്തുക്കളുടെ വീടുകളില്‍ പോലും പോയിട്ട് മാസങ്ങള്‍ ആയിരിക്കുന്നു. ഈയിടെ ചില സുഹൃത്തുക്കള്‍ പങ്കു വച്ച ഒരു ആഗ്രഹം, തങ്ങള്‍ക്കു വേറെ ഒന്നും വേണ്ട ഒരു രണ്ടു ദിവസം വീട്ടില്‍ നിന്നും മാറി എവിടെ എങ്കിലും ഒന്ന് പോയാല്‍ മതി എന്നായിരുന്നു. സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ ഒറ്റപ്പെടല്‍ കടുത്ത മനസികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. നമ്മുടെ ചുറ്റും ഇങ്ങനെ ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താനും, അവരോടു സംസാരിക്കാനും ഒക്കെ സമയം കണ്ടെത്തേണ്ടതുണ്ട്. സ്മാര്‍ട്‌ഫോണുകള്‍ കൊണ്ട് സന്ദേശം അയക്കുക മാത്രമല്ല, ഇടയ്ക്ക് നേരിട്ട് ആളുകളെ വിളിച്ചു സംസാരിക്കുന്നതും പിരിമുറുക്കം കുറയ്ക്കാനും, ബന്ധങ്ങള്‍ ഊഷ്മളമാക്കാനും സഹായിക്കും.

സമൂഹത്തിന്റെ ശ്രദ്ധ മനുഷ്യരുടെ മാനസികാ രോഗ്യത്തിലേക്കു
വളരെ ഗൗരവമായി തിരിയേണ്ട സമയമാണിത്. അനിശ്ചിതത്വം നിറഞ്ഞ
ഒരു കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മള്‍ ഒരിക്കലും
മറന്നു പോകരുതാത്ത ഒന്നാണ് ഇത്. മനസിക പ്രശ്‌നങ്ങള്‍ നമ്മള്‍
ഒളിച്ചോടേണ്ട ഒന്നല്ല, മറിച്ച് സമചിത്തതയോടെ, ആലോചനയോടെ
സമീപിക്കേണ്ട ഒന്നാണ് 
എന്ന ബോധ്യമാണ് പ്രധാനം.


നമ്മള്‍ ജീവിക്കുന്ന സങ്കീര്‍ണമായ ജീവിതങ്ങളുടെ ആഘാതം ഏറ്റവും ഗൗരവമായി ബാധിച്ച ഒരു വിഭാഗം നമ്മുടെ കുട്ടികള്‍ ആണല്ലോ. കുട്ടികളുടെ പഠന രീതികള്‍ ആകെ മാറിമറിഞ്ഞു. പഠനം മുഴുവന്‍ ഓണ്‍ലൈന്‍ ആയി മാറിയപ്പോള്‍, എല്ലാ ദിവസവും എത്രയോ മണിക്കൂറുകള്‍ ആണ് ഇപ്പോള്‍ കുട്ടികള്‍ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ ഇരിക്കുന്നത്. കോവിഡ് കാലത്തിനു മുമ്പ് തന്നെ, ഏതാനും വര്‍ഷങ്ങള്‍ ആയി നമ്മള്‍ കണ്ടുവരുന്ന ഒരു പ്രവണത, കുട്ടികളുടെ മാനസിക പ്രശ്‌നങ്ങളില്‍ ഉണ്ടായ വന്‍വര്‍ദ്ധനവ് ആണ്. ഒരു കൗണ്‍സിലിംഗ് വിദഗ്ധന്‍ ഒട്ടുമിക്ക സ്‌കൂളുകളുടെയും ഭാഗമായി കഴിഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ കൗണ്‍സിലിംഗ് ജോലി ചെയ്യുന്ന ഒരു വ്യക്തിയുമായി ഈയിടെ സംസാരിക്കാന്‍ സാധിച്ചു. കുട്ടികള്‍ നേരിടുന്ന മാനസികപ്രശ്‌നങ്ങള്‍ അടിക്കടി വര്‍ദ്ധിക്കുന്ന ഒരു സാഹചര്യം ആ വ്യക്തി പങ്കുവയ്ക്കുകയുണ്ടായി. മാതാപിതാക്കളോട് പങ്കുവയ്ക്കാന്‍ പറ്റാത്ത അനേകം കാര്യങ്ങള്‍ കുട്ടികള്‍ അവരോടു പങ്കുവയ്ക്കുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടു കൂടി, കുട്ടികള്‍ വല്ലാതെ ഒറ്റപ്പെടുന്ന ഒരവസ്ഥയുണ്ട്. അധ്യാപകര്‍ക്കും സമ്മര്‍ദ്ദം കുറവല്ല. തൊട്ടുമുന്നില്‍ കാണാത്ത കുട്ടികളെ പഠിപ്പിക്കുക വേറിട്ട ഒരു അനുഭവം ആണ്. കൂട്ടുകാരെ ഒന്നും കാണാതെ, യാതൊരു വിനോദങ്ങളും ഇല്ലാതെ ഇരിക്കുന്ന കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ പ്രത്യേകമായി നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ, എല്ലാവരുടെയും സവിശേഷമായ പരിഗണന അര്‍ഹിക്കുന്ന ഒരു വിഭാഗം, അധ്യാപകരും, കുട്ടികളുമാണ്. കോവിഡിന്റെ വേറൊരു വശം, ഈ വര്‍ഷം പലവിധ കോഴ്‌സുകള്‍ പാസായിട്ടും തൊഴിലുകള്‍ ഒന്നും കിട്ടാതെയിരിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരാണ്. അവരില്‍ അനേകം പേര്‍ കടുത്ത നിരാശയുടെ പിടിയിലുമാണ്.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ക്ലേശങ്ങളും, രോഗങ്ങളും, മരണങ്ങളും ഒറ്റപ്പെടലുകളും വലിയൊരു വിഭാഗം ജനങ്ങളെ വിഷാദരോഗങ്ങളിലേക്കു തള്ളി വിടുന്നുണ്ട്. ഒരുപക്ഷെ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന വിഷാദരോഗ പ്രവണതകള്‍ക്കു കോവിഡ് ആക്കം കൂട്ടിയെന്നും പറയാം. കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് വരെ നമ്മള്‍ തീരെ കേള്‍ക്കാത്ത ഒന്നായിരുന്നു വിഷാദരോഗം എന്നുള്ളത്. ജോലിയും, സമ്പത്തും, കുടുംബവും ഒക്കെ ഉണ്ടെങ്കിലും. പലതരത്തില്‍പ്പെട്ട വിഷാദരോഗങ്ങള്‍ക്ക് അടിപ്പെടുന്നവര്‍ ഇന്ന് കൂടുതലാണ്. ഒരുപക്ഷെ തിരക്കേറിയ ആധുനിക ജീവിതത്തില്‍ ഒരു സംന്തുലിതാവസ്ഥ കണ്ടെത്തുന്നതില്‍ ഒരുപാട് ആളുകള്‍ പരാ ജയപ്പെടുന്നു എന്നതാണ് വാസ്തവം. ഒരു വശത്തു മനുഷ്യര്‍ തൊഴില്‍ ഇല്ലാതെ കഷ്ടപ്പെടുന്നു എങ്കില്‍, തൊഴിലിന്റെ ആധിക്യം അനേകരെ കടുത്ത വിഷമത്തിലേക്കു തള്ളിവിടുന്ന സാഹചര്യങ്ങളും ഉണ്ട്. വിശ്രമത്തിനു അനേകം സാദ്ധ്യതകള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും, വിശ്രമസമയം ഒട്ടും ഇല്ലാതെ പണിയെടുക്കേണ്ടി വരുന്ന ഒരു സാഹചര്യം പലയിടത്തുമുണ്ട്. നമ്മുടെ വിശ്രമവേളകളില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആണ് സംസ്‌കാരത്തിന്റെ അടിസ്ഥാനം എന്ന് അരിസ്റ്റോട്ടില്‍ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് നമ്മള്‍ മിക്കവാറും കാണുന്നത് വേറൊന്നാണ്. അത് ജീവിതം എന്നാല്‍ വിശ്രമം ഇല്ലാതെ ജോലി ചെയ്യുക എന്ന സങ്കല്‍പ്പമാണ്. മനുഷ്യന്റെ സ്വത്വം അവന്റെ തൊഴില്‍ കൊണ്ടു മാത്രം നിര്‍വചിക്കപ്പെടുന്ന അവസ്ഥ. നമ്മള്‍ വേണ്ടതില്‍ അധികം മണിക്കൂറുകള്‍ തൊഴിലിടങ്ങളില്‍ ചിലവഴിക്കുന്നതിലൂടെ, മറ്റു കാര്യങ്ങള്‍ക്കുള്ള സമയം ആണ് നഷ്ടപ്പെടുത്തുന്നത്. കുടുംബജീവിതത്തെയും, വ്യക്തിജീവിതത്തെയും ഒക്കെ താറുമാറാക്കുന്ന ഒന്നാണിത്.
ചുരുക്കത്തില്‍, സമൂഹത്തിന്റെ ശ്രദ്ധ മനുഷ്യരുടെ മാനസികാരോഗ്യത്തിലേക്കു വളരെ ഗൗരവമായി തിരിയേണ്ട സമയമാണിത്. അനിശ്ചിതത്വം നിറഞ്ഞ ഒരു കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മള്‍ ഒരിക്കലും മറന്നുപോകരുതാത്ത ഒന്നാണ് ഇത്. മനസികപ്രശ്‌നങ്ങള്‍ നമ്മള്‍ ഒളിച്ചോടേണ്ട ഒന്നല്ല, മറിച്ച് സമചിത്തതയോടെ, ആലോചനയോടെ സമീപിക്കേണ്ട ഒന്നാണ് എന്ന ബോധ്യമാണ് പ്രധാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org