വേണം ഒരു മീഡിയ ഡയറ്റ്

വേണം ഒരു മീഡിയ ഡയറ്റ്
Published on
  • ബോബി ജോര്‍ജ്ജ്

ഡിജിറ്റല്‍ കാലത്തു, ഓരോ മനുഷ്യനും ദിവസവും ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന സമയം നമ്മെ അതിശയിപ്പിക്കുന്ന ഒന്നാണ്. ഒരു പക്ഷെ രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍, രാത്രി കിടക്കുന്നതുവരെ, ഇന്റര്‍നെറ്റ് തരുന്ന പലതരം വിഭവങ്ങള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ, കഴിച്ചു തള്ളിനീക്കുന്ന ജീവിതങ്ങളാണ് ഭൂരിഭാഗവും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സോഷ്യല്‍ മീഡിയ. ഒരുപാടു മനുഷ്യരുടെ അറിവും, ആനന്ദവും എല്ലാം ഇന്ന് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന വിഭവങ്ങളില്‍ നിന്നാണ് വരുന്നത്. ലോകത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള അവരുടെ ധാരണകള്‍ എല്ലാം തന്നെ രൂപപ്പെടുന്നതും, അതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്നതിനും ഒക്കെ സോഷ്യല്‍ മീഡിയ തന്നെയാണ് പ്രധാന സ്രോതസ്സ്.

ഇന്റര്‍നെറ്റിന്റെ വരവോടു കൂടി അറിവിന്റെ ജനാധിപത്യം ഉണ്ടാകുമെന്നും, ജനാധിപത്യം തന്നെ കൂടുതല്‍ ശക്തിപ്പെടും എന്നുമായിരുന്നു പ്രതീക്ഷ. എങ്കില്‍ പോലും ആ പ്രതീക്ഷയ്ക്കു അനുസരിച്ചു, ലോകമെങ്ങും ജനാധിപത്യം ശക്തിപ്പെട്ടോ എന്നത് സംശയമാണ്. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവ പക്വതയോടെ ഉപയോഗിക്കാന്‍ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ നാം പരാജയപ്പെടുന്നുണ്ടോ എന്ന ഒരു ചോദ്യം ഉണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ആരോഗ്യകരമായ ഒരു മീഡിയ ശീലം, ഒരു മീഡിയ ഡയറ്റ് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഒരു ഗ്രൂപ്പിന്റെ ഭാഗമായി അതില്‍ വരുന്ന വാര്‍ത്തകള്‍ മാത്രം വായിക്കുന്ന ഒരാള്‍ പലപ്പോഴും സത്യത്തില്‍ നിന്ന് വളരെ അകലെ ആയിരിക്കും.

ഒന്നാമതായി, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് കാലത്ത് ഒരു എഡിറ്റോറിയല്‍ ഫില്‍റ്റര്‍/വിവേചനം ഇല്ലാതെയാണ് ഒരുപാടു വാര്‍ത്തകള്‍ ആളുകളുടെ മുന്നില്‍ എത്തുന്നത്. ആര്‍ക്കും എന്തും പബ്ലിഷ് ചെയ്യാനുള്ള ഒരു സൗകര്യമുണ്ട്. പലപ്പോഴും എന്താണ് വിശ്വസിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ട്.

പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്കും വ്യക്തമായ അജണ്ട /മുന്‍വിധി ഒക്കെയുണ്ട്. അതുകൊണ്ടു തന്നെ, അതുപോലെയുള്ള ഒരു ഗ്രൂപ്പിന്റെ ഭാഗമായി അതില്‍ വരുന്ന വാര്‍ത്തകള്‍ മാത്രം വായിക്കുന്ന ഒരാള്‍ പലപ്പോഴും സത്യത്തില്‍ നിന്ന് വളരെ അകലെ ആയിരിക്കും. അയാള്‍ പോലും അറിയാതെ ഒരു പ്രചാരണത്തിന്റെ ഭാഗമായി അയാള്‍ മാറുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പലതും ഒരേപോലെ ചിന്തിക്കുന്ന മനുഷ്യരുടെ ഒരു കൂട്ടം ആകുമ്പോള്‍, ഏതു കാര്യത്തിന്റെയും ഒരു വശം മാത്രം കാണുന്ന ഒരു പ്രവണതയാണ് ഉണ്ടാവുക.

മറുവശത്തു ഉള്ളവര്‍ പറയുന്നത് എന്താണ് എന്ന് അറിയാന്‍ പോലും താല്‍പര്യം ഇല്ലാത്ത എക്കോ ചേംബേഴ്‌സ് (echo chamber) ആയി അങ്ങനെയുള്ള ഗ്രൂപ്പുകള്‍ മാറും. ആ ഗ്രൂപ്പില്‍ തന്നെ, മറിച്ചു ചിന്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍, അവര്‍ അധികം താമസിയാതെ പുറത്താവുകയും ചെയ്യും. ഒരു കാര്യത്തെക്കുറിച്ചു, വളരെ ബാലന്‍സ്ഡ് ആയിട്ടുള്ള അഭിപ്രായം ഉണ്ടാക്കുന്നതില്‍ ഇവിടെ പരാജയം സംഭവിക്കുന്നു. ഇത് ജനാധിപത്യത്തെ തന്നെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്. സത്യം അറിയാന്‍, ഏതൊക്കെ മീഡിയയാണ് ഉപയുക്തമാവുക / ഉപയോഗിക്കണം എന്നത് അതുകൊണ്ടു തന്നെ നമ്മുടെ മീഡിയ വിദ്യാഭ്യാസത്തിന്റെ ആദ്യ പടി ആകുന്നു.

രണ്ടാമതായി, ഓരോ നിമിഷവും എന്താണ് ഏറ്റവും പ്രധാനമായി നമ്മുടെ ശ്രദ്ധയില്‍ വരേണ്ട വാര്‍ത്ത എന്നൊരു ചോദ്യമാണ്. ഡിജിറ്റല്‍ മീഡിയയുടെ ഒരു പ്രത്യേകത, പ്രധാനപ്പെട്ടത് എന്നതിനേക്കാളും, പുതിയ വാര്‍ത്തയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നു എന്നുള്ളതാണ്. ആളുകള്‍ നിരന്തരമായി സ്‌ക്രോള്‍ ചെയ്തു കൊണ്ടിരിക്കുന്നതു കൊണ്ട്, അവരിലേക്ക് പുതുതായി കിട്ടുന്നത് അപ്പൊ തന്നെ എത്തിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കുന്നു. പുതിയതാണ് ഏറ്റവും പ്രധാനം എന്ന ചിന്ത അവിടെ രൂപപ്പെട്ടു വരുന്നു.

നമ്മള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്താണോ അതായിത്തീരും നമ്മള്‍.

ഈ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു വാക്കാണല്ലോ, വൈറല്‍ എന്നത്. ഏറ്റവും കൂടുതല്‍ ആളുകളെ പിടിച്ചിരുത്താന്‍ പറ്റുന്നത് ഏതാണോ അതാണ് വൈറല്‍ ആവുക. ആളുകള്‍, വേറെ ഒന്നും നോക്കാതെ അതിന്റെ പിറകെ പോവുകയും ചെയ്യും. ഇത് നമ്മള്‍ മുമ്പ്, പരിചയിച്ചിരുന്ന മീഡിയയില്‍ നിന്നും വ്യത്യസ്തമായ ഒരു ഫീല്‍ ആണ്. അവിടെ, പ്രധാനപ്പെട്ട വാര്‍ത്ത കൂടുതല്‍ വ്യക്തമായി ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഒരു രീതിയാണ് ഉള്ളത്.

നേരെ മറിച്ചു, നിരന്തരമായി ഡിജിറ്റല്‍ മീഡിയ സ്‌ക്രോള്‍ ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്താവളം, എല്ലാറ്റിനും അല്‍പ്പായുസ്സാണ്. അവരുടെ മനസ്സില്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കും പലപ്പോഴും. എത്ര പ്രധാനപ്പെട്ടതാണങ്കിലും, കുറച്ചു ദിവസം കഴിയുമ്പോ അത് വിസ്മൃതിയില്‍ ആകുന്നു. പലപ്പോഴും, പുതിയ വാര്‍ത്ത വന്നു പഴയവയെ മുക്കിക്കളയുന്നു.

എല്ലാം വലിച്ചു വാരി ഭക്ഷിക്കുന്നത്, ഒരുവനെ രോഗി ആക്കുന്നതുപോലെ തന്നെയാണ് വലിച്ചുവാരി digital content എടുക്കുന്ന ആള്‍ക്കും സംഭവിക്കുന്നത്. എല്ലാ നിറങ്ങളും മിക്‌സ് ചെയ്യുമ്പോ കറുപ്പ് കിട്ടുന്നതു പോലെ, യാതൊരു വിവേകവും ഇല്ലാതെ എല്ലാം നോക്കിക്കഴിയുമ്പോള്‍, ആകെ ഒരു ശൂന്യതയായിരിക്കും ഫലം. എല്ലാറ്റിന്റെയും പൊട്ടും പൊടിയും മാത്രം അറിയാം, പക്ഷെ ഒന്നിനെക്കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെയുമുള്ള അവസ്ഥ.

പലപ്പോഴും വായിക്കുന്നതും, കാണുന്നതും, കേള്‍ക്കുന്നതും എല്ലാം ഒരാളുടെ ഉള്ളില്‍ പ്രോസസ്സ് ചെയ്യാന്‍ പോലും സമയം കിട്ടാത്തതു കൊണ്ട്, എത്ര കിട്ടിയാലും അത് മനുഷ്യന്റെ അറിവിനെ ഗൗരവമായി കൂട്ടുന്നതില്‍ പ്രയോജനം ചെയ്യുന്നില്ല എന്ന് വരും. ശരിക്കും മനുഷ്യന്‍ ഇത്ര നിരന്തരമായി മീഡിയ consume ചെയ്യാന്‍ ഡിസൈന്‍ ചെയ്യപ്പെട്ട ഒരു ജീവി അല്ല. പലപ്പോഴും മനുഷ്യന്‍ അവന്റെ ചുറ്റുപാടുകളില്‍ നിന്ന് ശ്രദ്ധ മാറി, ലോകത്തിന്റെ മുഴുവന്‍ പ്രശനങ്ങളും അവന്റെയാണ് എന്ന ചിന്തയിലേക്ക് വരുന്നു.

കാണുന്നതും, കേള്‍ക്കുന്നതും എല്ലാം പ്രോസസ്സ് ചെയ്യാന്‍ പോലും സമയം കിട്ടാത്തതു കൊണ്ട്, എത്ര കിട്ടിയാലും അത് മനുഷ്യന്റെ അറിവിനെ ഗൗരവമായി കൂട്ടുന്നതില്‍ പ്രയോജനം ചെയ്യുന്നില്ല.

ഇപ്രകാരമുള്ള ഒരു over stimulation അവനെ അപകടത്തിലാക്കുന്ന ഒന്നാണ്. കാണുന്ന എല്ലാറ്റിനോടും പ്രതികരിക്കേണ്ട ആവശ്യമോ, അല്ലെങ്കില്‍ എല്ലാറ്റിനെയും കുറിച്ച് അഭിപ്രായമോ നമുക്ക് ഉണ്ടാവേണ്ട കാര്യമില്ല. അത് ഒരു മനുഷ്യനും എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെയാണ്, ഓരോരുത്തരും നിരന്തരമായി, തങ്ങളുടെ ജീവിതങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭവിക്കുന്നതും. ഇവിടെ മീഡിയ മനുഷ്യനെ stimulate ചെയ്യുന്നതിനു പകരം, അവനെ കൂടുതല്‍ അസ്വസ്ഥനും, അപകര്‍ഷതാബോധമുള്ളവനും ആക്കാനുള്ള സാധ്യതയുമുണ്ട്.

നമ്മള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്താണോ അതായിത്തീരും നമ്മള്‍. അതുകൊണ്ടു തന്നെ, ഡിജിറ്റല്‍ /സോഷ്യല്‍ മീഡിയയുടെ ഒക്കെ പ്രളയത്തില്‍ നമ്മള്‍ എടുക്കേണ്ട ഏറ്റവും പ്രധാന തീരുമാനം നമ്മള്‍ എന്താണ് വായിക്കേണ്ടത്, കേള്‍ക്കേണ്ടത്, കാണേണ്ടത് എന്നതാണ്. ഏതു മീഡിയ എത്രമാത്രം ഉപയോഗിക്കണം എന്ന അറിവ് ആയിരിക്കും ഈ കാലഘട്ടത്തില്‍ വിവേകമുള്ള ഒരു ജീവിതം നയിക്കാന്‍ ഏറ്റവും ആവശ്യമുള്ള കാര്യം.

  • ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org