അവസാനത്തെ മിശിഹ

അവസാനത്തെ മിശിഹ
നോര്‍വീജിയന്‍ എഴുത്തുകാരനായിരുന്ന പീറ്റര്‍ വെസ്സല്‍ സാപ്‌ഫെ 1933-ല്‍ എഴുതിയ പ്രശസ്തമായ ഒരു ലേഖനമുണ്ട്. 'അവസാനത്തെ മിശിഹ' എന്ന പേരില്‍ (The Last Messiah by Peter Wessel Zapffe). മനുഷ്യന്‍ എന്ന വിശേഷബുദ്ധിയുള്ള ജീവിയുടെ സങ്കീര്‍ണ്ണതകളും, സമസ്യകളും ആവിഷ്‌ക്കരിക്കുന്ന ചിന്തോദ്ദീപകമായ ഒരു രചനയാണത്. സാപ്‌ഫെയുടെ അഭിപ്രായത്തില്‍ ജീവശാസ്ത്രപരമായ ഒരു വൈരുധ്യ (biological paradox) മാണ് മനുഷ്യന്‍. പരിണാമത്തിന്റെ ലക്ഷ്യത്തിനെ മറികടന്ന്, ഈ ഭൂമിയില്‍ ജീവിക്കാന്‍ ആവശ്യമായതില്‍ കൂടുതല്‍ വിശേഷബുദ്ധിയും, ചിന്താശേഷിയും കിട്ടിയ ഒരു ജീവിയായി മനുഷ്യനെ സാപ്‌ഫെ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ അത് അവന് ഒരേ സമയം നേട്ടവും, ബാധ്യതയുമായി മാറുന്നു. തന്റെ ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുവാനും, മറ്റു ജീവികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും സാധിക്കുമ്പോള്‍ തന്നെ, നശ്വരമായ ജീവിതത്തിന്റെ സമസ്യകളുടെ മുന്നില്‍ മനുഷ്യന്‍ പകച്ചുനില്‍ക്കുന്നു. വളരെ വികസിതമായ ബോധമണ്ഡലവും, ബുദ്ധിയും തീര്‍ക്കുന്ന പ്രഹേളികകളെ അതിജീവിക്കാന്‍ മനുഷ്യന്‍ തേടുന്ന നിരവധി സമീപനങ്ങളെ സാപ്‌ഫെ തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആധുനികമനുഷ്യന്റെ പല പ്രശ്‌നങ്ങളെയും പ്രത്യേകിച്ച്, മനുഷ്യന്‍ മൂലം ഉണ്ടാകുന്ന പരിസ്ഥിതി ദുരന്തങ്ങളെയും മനസ്സിലാക്കാന്‍ സാപ്‌ഫെയുടെ നിരീക്ഷണങ്ങള്‍ നമ്മെ സഹായിക്കുന്നു.

മനുഷ്യന്റെ വിശേഷബുദ്ധി അവനു തന്നെ അപകടകരമായി മാറിയതിന്റെ ചരിത്രം കൂടിയാണ് മനുഷ്യന്റെ ചരിത്രം. മനുഷ്യന്റെ കാര്യത്തില്‍ ഇരുതല മൂര്‍ച്ചയുള്ള ഒരു വാള് പോലെയാണ് ഈ ബുദ്ധി പ്രവര്‍ത്തിച്ചത്. ഭൂമിയിലെ ഏറ്റവും അപകടകാരിയായ ഒരു ജീവിവര്‍ഗമായി മനുഷ്യന്‍ മാറിയത് അവന്റെ വിശേഷ ബുദ്ധിയുടെ പരിണിത ഫലമാണ്. ആ ബുദ്ധി കൊണ്ട് എല്ലാം കീഴടക്കാന്‍ ഇറങ്ങുമ്പോഴും അതിന്റെ മൂര്‍ച്ചയുള്ള ഒരു വശം അവനിലേക്കു തന്നെ തിരിഞ്ഞിരിക്കുന്നു. ആധുനിക മനുഷ്യന്‍ അവന്റെ പരിസരങ്ങളുമായി ബന്ധപ്പെടുന്നത് എങ്ങനെ എന്ന് നോക്കുക. ഒരു പക്ഷെ ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലോ കാലാവസ്ഥ വ്യതിയാനവും അനുബന്ധ പ്രശനങ്ങളും. ലോകത്തിന്റെ പല ഭാഗങ്ങളും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇവയെക്കുറിച്ച് ആകുലരാകുന്ന ഓരോ അവസരത്തിലും മനുഷ്യന്റെ ആര്‍ത്തിയും എല്ലാം കീഴടക്കാനുള്ള അവന്റെ ആവേശവും നമുക്ക് കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. മനുഷ്യന്റെ ബുദ്ധി, എന്നും അവന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കുന്നത് എങ്ങനെ എന്ന ആലോചനയിലാണ്. അത് എയര്‍കണ്ടീഷനറായാലും, പ്ലാസ്റ്റിക്കായാലും, വാഹനങ്ങ ളായാലും ഒരിക്കല്‍ എന്തെങ്കിലും സൗകര്യം ആസ്വദിച്ചു തുടങ്ങുന്ന മനുഷ്യന്‍ പിന്നീട് അത് വേണ്ടന്നു വയ്ക്കാന്‍ സാധ്യത കുറവാണ്. അതോടൊപ്പം തന്നെ, ഈ സൗകര്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായ ഒരു മടക്കയാത്ര ഇനി ഒരു സാധ്യതയെ അല്ല. അതുപോലെ തന്നെയാണ് ആധുനികവികസനസങ്കല്പങ്ങള്‍ വരുത്തി വയ്ക്കുന്ന മലിനീകരണത്തിന്റെയും വനനശീകരണത്തിന്റെയുമൊക്കെ അവസ്ഥയും. ഓരോരുത്തരും തങ്ങളുടെ ആയുസ്സിന് അപ്പുറത്തേക്കു ചിന്തിക്കുന്ന ഒരു നിമിഷത്തില്‍ മാത്രമേ അവര്‍ ചെയ്യുന്നതിന്റെ പരിണിതഫലങ്ങള്‍ എന്താണെന്ന് അവര്‍ക്കു മനസ്സിലാവുകയുള്ളൂ. സ്വന്തം സ്വാര്‍ ത്ഥതയെ മാത്രം മനുഷ്യന്‍ പിന്തുടരുമ്പോള്‍, അവന്‍ അവന്റെ തന്നെ നാശമാണ് ചോദിച്ചു വാങ്ങുന്നത്. എല്ലാ വികസനവും ഉണ്ടായിട്ടും അവിടെ ജീവിക്കാന്‍ കൊള്ളില്ലെങ്കില്‍ എന്ത് പ്രയോജനം എന്നതാണ് ചോദ്യം. മൂന്നാം ലോകരാജ്യങ്ങളുടെ കാര്യം എടുത്താല്‍ ഒട്ടു മിക്ക നഗരങ്ങളും, മലിനീകരണത്തിന്റെ ആധിക്യം മൂലം ജനവാസത്തിന് അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ്. പല നഗരങ്ങളും കടുത്ത ജലക്ഷാമത്തിന്റെ വക്കിലുമാണ്.

അനന്തമായ വികസനമോ, ഉപഭോഗമോ ഭൂമിക്കു താങ്ങാന്‍ പറ്റുന്ന ഒന്നല്ല. മനുഷ്യന്റെ വിശേഷബുദ്ധി അവനെ അടിയന്തരമായി മാറ്റേണ്ടത് ഉത്തരവാദിത്വവും സഹാനുഭൂതിയുമുള്ള ഒരു ജീവിയായിട്ടാണ്. ഭൂമിക്കു മനുഷ്യനെക്കൊണ്ട് പ്രത്യേക ആവശ്യമില്ല, മറിച്ചു മനുഷ്യനാണ് ഭൂമിയെക്കൊണ്ട് ആവശ്യം.

സാപ്‌ഫെയുടെ അഭിപ്രായത്തില്‍ മനുഷ്യന്‍ പുറത്തുകടക്കേണ്ടത് ഈ ഒരു സ്വപ്‌നലോകത്തില്‍ നിന്നാണ്. തന്റെ ബുദ്ധിയും അറിവും തനിക്ക് എന്നും വിജയം തരും എന്ന ഒരു മിഥ്യാധാരണ അവനെ നയിക്കുന്നിടത്തോളം കാലം അവന്‍ ഇതില്‍ നിന്ന് പുറത്തുകടക്കില്ല. അനന്തമായ വികസനമോ, ഉപഭോഗമോ ഭൂമിക്കു താങ്ങാന്‍ പറ്റുന്ന ഒന്നല്ല. മനുഷ്യന്റെ വിശേഷബുദ്ധി അവനെ അടിയന്തരമായി മാറ്റേണ്ടത് ഉത്തരവാദിത്വവും സഹാനുഭൂതിയുമുള്ള ഒരു ജീവിയായിട്ടാണ്. ഭൂമിയെ കീഴടക്കുക എന്ന ചിന്ത വിട്ടു, ഭൂമിയോടു ചേര്‍ന്നു ജീവിക്കേണ്ടത് എങ്ങനെ എന്നാണ് ആധുനിക മനുഷ്യന്‍ പഠിക്കേണ്ടത്. ഭൂമിക്കു മനുഷ്യനെക്കൊണ്ട് പ്രത്യേക ആവശ്യമില്ല, മറിച്ചു മനുഷ്യനാണ് ഭൂമിയെക്കൊണ്ട് ആവശ്യം. അധികാരവും സമ്പത്തും കൈയ്യടക്കി വച്ചിരിക്കുന്ന ന്യൂനപക്ഷം ഭൂമിയെയും അതിലെ വിഭവങ്ങളെയും തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍, വരും വരായ്കകളെക്കുറിച്ചു ചിന്തിക്കാതെ ഉപയോഗിക്കുമ്പോള്‍ അതിനിടയില്‍ ഞെരിഞ്ഞമരുന്നത് സാധാരണക്കാരാണ്. ഭൂമിയിലെ വിഭവങ്ങളുടെ അസന്തുലിതമായ വിതരണം, മുമ്പില്ലാത്ത ഒരു അസമത്വത്തിലേക്കു നമ്മെ എത്തിച്ചിട്ടുണ്ട്. യുദ്ധങ്ങളും, ദാരിദ്ര്യവും വലിയ പലായനങ്ങള്‍ക്കും കാരണമായിക്കൊണ്ടിരിക്കുന്നു. സമ്പത്തിന്റെയും, അവസരങ്ങളുടെയും നീതിപൂര്‍ണ്ണമായ ഒരു പങ്കുവയ്ക്കല്‍ ഇല്ലാതെ, ലോകത്തു സമാധാനം ഉണ്ടാകും എന്ന പ്രതീക്ഷ അസ്ഥാനത്താണ്.

മറ്റു മൃഗങ്ങളെ അപേക്ഷിച്ചു, ഭൂമിക്കു നിറവേറ്റാന്‍ പറ്റാത്ത രീതിയിലാണ് മനുഷ്യന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും. എല്ലാം വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള ആഗ്രഹത്തെ, മനുഷ്യന്റെ ഏറ്റവും അടിസ്ഥാന സ്വഭാവമായി എലിയാസ് കാനേറ്റി (Elias Canetti) വിലയിരുത്തുന്നുണ്ട്. ലേഖനത്തിന്റെ ഒടുവില്‍, സാപ്‌ഫെ അവസാനത്തെ മിശിഹായെ അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തെക്കുറിച്ചു പ്രതീക്ഷ തരാന്‍ മുമ്പ് അവതരിച്ച അനേകം രക്ഷകരെ നമുക്കറിയാമല്ലോ. മനുഷ്യന്‍ മൂലം ഉണ്ടായിരിക്കുന്ന ഭൂമിയുടെ വേദനയെ അതിന്റെ ആഴത്തില്‍ മനസ്സിലാക്കുന്ന, അവസാനത്തെ മിശിഹ പറയുന്ന രക്ഷയുടെ വഴി വളരെ കഠിനമാണ്. അത് മനുഷ്യനോട്, അവനെ അറിയാനാണ്. അങ്ങനെ അറിഞ്ഞുകൊണ്ട്, ഭൂമിയില്‍ ഇനി അവന്‍ പേരുകേണ്ടതില്ല (Know yourselves - be infertile and let the earth be silent after ye) എന്നു തന്നെ, സാപ്‌ഫെ എന്ന ശുഭാപ്തി വിശ്വാസി അല്ലാത്ത ചിന്തകന്‍ പറഞ്ഞു വയ്ക്കുന്നു. സാപ്‌ഫെയുടെ നിരാശയുടെ വാക്കുകള്‍ മാറ്റി പ്രത്യാശയുടെ വാക്കുകള്‍ എഴുതണമോ എന്ന തീരുമാനം മനുഷ്യന്റേതാണ്. തന്റെ ബുദ്ധി അവനെ, ഉത്തരവാദിത്വവും, കരുണയും ഉള്ള, അഹങ്കാരമില്ലാത്ത, ഒരു ജീവിയാക്കി മാറ്റിയാല്‍ മാത്രമേ, മനുഷ്യന് ഈ ഭൂമിയില്‍ നിലനില്‍പ്പുള്ളൂ.

  • ലേഖകന്റെ ബ്ലോഗ്:

  • www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org