വികസനവും സ്വാതന്ത്ര്യവും

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞുകൊണ്ട്, ജമ്മുകശ്മീരിന്‍റെ കാര്യത്തില്‍ ഗവണ്‍മെന്‍റ് നടത്തിയ നീക്കം ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടിരിക്കുന്നു. മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ജയിലില്‍ അടച്ചും കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചുമാണ് ഈ ഇടപെടലുകള്‍ നടത്തിയത്. സര്‍ക്കാര്‍ പറഞ്ഞ വലിയ ഒരു ന്യായം, ഇനി കാശ്മീരില്‍ വികസനം വരും എന്നായിരുന്നു. കാശ്മീര്‍ പല കാര്യങ്ങളിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു മുന്നിലാണെന്ന വസ് തുത സൗകര്യപൂര്‍വ്വം മറച്ചു വച്ച് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ജനവിഭാഗങ്ങളും വികസനത്തിന്‍റെ പിന്നാലെ പോയി. വികസനം മുന്നില്‍ കാണിച്ച്, സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് നമ്മുടെ രാജ്യത്തെ പുതിയ ഒരു യാഥാര്‍ഥ്യമാണ്.

മനുഷ്യന് ജീവിക്കാന്‍ ആഹാരം മാത്രമല്ല മറിച്ചു സ്വാതന്ത്ര്യം കൂടി വേണമെന്ന് മനസ്സിലാക്കിയ കുറേ ആളുകള്‍ ഒരു കാലത്തു ജീവിച്ചിരുന്നതിന്‍റെ ഫലമാണ് ഇന്ത്യ ഇത്രയും കാലം ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി നില നിന്നത്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നത് ഒരു പക്ഷേ ലോകത്തെ ഏറ്റവും അസ്വാഭാവികമായ ജനാധിപത്യം ആയിരുന്നു ഇന്ത്യ എന്നാണ്. എല്ലാത്തരം വൈവിധ്യങ്ങളും ഉള്ള, നിരക്ഷരരായ, ദരിദ്രരായ ജനങ്ങളെക്കൊണ്ട് നിറഞ്ഞ ഒരു രാജ്യമാണ് സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ ക്കും വോട്ടവകാശം കൊടുത്തത്; വിപ്ലവകരമായിരുന്നു അത്. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരേ അവകാ ശത്തോടെ ജീവിക്കാന്‍ പറ്റുന്ന, എല്ലാവര്‍ക്കും സ്വന്തം സംസ്കാരത്തിനും അഭിപ്രായത്തിനും ഭാഷയ്ക്കും മതത്തിനും ഭക്ഷണത്തിനുമൊക്കെ തുല്യ സ്വാതന്ത്ര്യമുള്ള ഒരു രാജ്യം. ദാരിദ്ര്യവും ദുരിതങ്ങളും ഉണ്ടെങ്കിലും ലോകത്തിന്‍റെ മുന്നില്‍ തല ഉയര്‍ത്തി നില്ക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കിയത്, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ആദ്യം മുതല്‍ കൊടുത്ത സ്ഥാനമാണ്. ഇന്ത്യക്കൊപ്പം രൂപംകൊണ്ട പാകിസ്ഥാന്‍ എത്ര വേഗം ഇതിന്‍റെ നേര്‍വിപരീതമായി എന്നും നമുക്കറിയാം. പക്ഷേ ഇന്ന് ജനാധിപത്യരാജ്യമെന്ന നിലയില്‍ നാം ഒരു പ്രതിസന്ധിയിലാണ് എന്ന തോന്നല്‍ വര്‍ധിച്ചു വരികയാണ്.

കഴിഞ്ഞ മാസം അങ്ങേയറ്റം മാധ്യമശ്രദ്ധ കിട്ടിയ ഒരു സംഭവമായിരുന്ന ഒന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗേറ്റ്സ് ഫൗണ്ടേഷനില്‍ നിന്നും കിട്ടിയ അവാര്‍ഡ്. ആദ്യത്തെ മോദി സര്‍ക്കാരിന്‍റെ കാലത്തു തുടങ്ങി വച്ച സ്വച്ഛ് ഭാരത് പ്രചാരണത്തിന്‍റെയും രാജ്യവ്യാപകമായി നടന്ന കക്കൂസ് നിര്‍മ്മാണത്തിന്‍റെയുമൊക്കെ പേരിലാണ് ഈ അവാര്‍ഡ് കിട്ടിയത്. രാജ്യം വൃത്തിയായി മാറണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ല. പക്ഷേ ഒരു വശത്തു പൊടിക്കൈ വികസനമന്ത്രങ്ങള്‍ ഉരുവിടുകയും, മറുവശത്തു രാജ്യത്തിന്‍റെ ജനാധിപധ്യ സംവിധാനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുകയും ചെയ്യുക എന്ന വളരെ വിജയകരമായ ഒരു നയമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത് എന്ന് പറയാതെ വയ്യ. രാജ്യത്തിന്‍റെ സാമ്പത്തിക രംഗം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴും രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കുന്ന, ജനങ്ങളെ വിഭജിക്കുന്ന പരിപാടികളില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ല. പ്രതിപക്ഷത്തിന്‍റെ ദൗര്‍ബല്യങ്ങളും, അന്ധമായി, മതത്തില്‍ ഊന്നിയുള്ള വലതുപക്ഷ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്ന വന്‍ ജനവിഭാഗവും ഗവണ്‍മെന്‍റിനെ യാതൊരു കുറ്റബോധവുമില്ലാതെ അധികാരദുര്‍വിനിയോഗം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്. എത്രയോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നു. മാധ്യമങ്ങള്‍ ഭൂരിഭാഗവും വിലക്ക് വാങ്ങപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്കു വഴങ്ങാത്തവരെ ഭയപ്പെടുത്തുന്നു.

മന്‍മോഹന്‍സിംഗിന്‍റെ ഭരണകാലത്തെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങളോടുള്ള അക്രമങ്ങള്‍ 700 ശതമാനമെങ്കിലും കൂടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നമ്മുടെ ദേശീയവിനോദമായിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങി സര്‍ക്കാര്‍ എടുക്കുന്ന ഓരോ നിലപാടുകളുടെ പിന്നിലും വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ട്. അതോടൊപ്പം തന്നെ എതിര്‍പ്പിന്‍റെ ശബ്ദങ്ങള്‍ എങ്ങനെ നിശബ്ദമാക്കപ്പെടുന്നു എന്ന് നോക്കുക. 2017-ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം ഓര്‍ക്കുക. അന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച കഫീല്‍ ഖാന്‍ എന്ന ഡോക്ടറെ, ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഒമ്പതു മാസമാണ് ജയിലിലടച്ചത്. അദ്ദേഹം കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ മാസം കണ്ടെത്തി. ഇതിനിടയില്‍ അദ്ദേഹത്തിന്‍റെ സഹോദരനു വെടിയേറ്റു. കഫീല്‍ഖാന് പലപ്പോഴും ചികിത്സ നിഷേധിച്ചു. അദ്ദേഹത്തിനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു എന്നാണ് ഇപ്പോള്‍ അറിയുന്നത്. നമ്മളറിയാത്ത ജീവിതങ്ങള്‍ നമുക്ക് കെട്ടുകഥകളായിരിക്കാം. പക്ഷേ നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ചില കാര്യങ്ങളാണിവ. ഒരു വശത്ത് ഇങ്ങനെ നടക്കുമ്പോളാണ് നമ്മുടെ തെരുവുകളില്‍നിന്നും രാഷ്ട്രീയം അപ്രത്യക്ഷമാകുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍പോലും സാധിക്കാതെ വരുന്നതും. അരാഷ്ട്രീയമായി മാറുന്ന ഒരു സമൂഹം ഏതൊരു ഭരണാധികാരിക്കും സൗകര്യമാണ്. ഓഹരിവിപണി ഉയര്‍ന്നാല്‍ രാജ്യത്ത് എല്ലാം ശരിയായി എന്ന് കരുതുന്ന സമൂഹം ഒരു സൗകര്യമാണ്.

ദേശീയതയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും ഇറക്കുന്ന സങ്കുചിതമായ നിര്‍വചനങ്ങള്‍ക്കു പുറത്തു നില്‍ക്കുന്നവര്‍ രാജ്യത്തു അന്യരാവുന്നു എന്നത് ഇന്ന് ഒരു യാഥാര്‍ഥ്യമാണ്. ഒരു വശത്തു വികസന മുദ്രാവാക്യങ്ങള്‍ ഇട്ടു കൊടുക്കുക, മറുവശത്തു സൗഹാര്‍ദ്ദത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും അന്തരീക്ഷം തകര്‍ത്തുകൊണ്ട് മുന്നോട്ടുപോവുക എന്ന ദ്വിമുഖ തന്ത്രമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. തീര്‍ച്ചയായും, ആഹാരമില്ലാത്ത സ്വാതന്ത്ര്യം അര്‍ത്ഥമില്ലാത്തതാണ്. പക്ഷേ സ്വാതന്ത്ര്യം ഇല്ലാത്ത ജീവിതം, ജീവിതവുമല്ല. മനുഷ്യത്വത്തെ നിലനിര്‍ത്തുന്നത്, ജീവിതത്തിനു സൗന്ദര്യം കൊടുക്കുന്നത് അഭിപ്രായത്തിനും, വിയോജിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യമാണ്. ജനാധിപത്യം എന്നത് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല. മറിച്ചു അത് ഓരോ ദിവസവും നമ്മുടെ സ്വീകരണമുറികളിലും അയല്‍വക്കത്തും തെരുവുകളിലും നഗരവീഥികളിലും നടക്കേണ്ട സംഭാഷണങ്ങളും ചര്‍ച്ചകളും പ്രക്ഷോഭങ്ങളുമെല്ലാം ചേര്‍ന്നതാണ്.

ലേഖകന്‍റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org