കേരളമോഡലിന്‍റെ ഭാവി

കൊറോണ കാലത്ത് ഉടനീളം ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്, രോഗത്തോടുള്ള കേരളത്തിന്‍റെ ചെറുത്തുനില്‍പ്പ്. പരിമിതമായ വിഭവശേഷി വച്ച്, കൊറോണക്കെതിരെ ഇതുപോലെ ഒരു പ്രതിരോധം സാധിച്ചു എന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനം കുറഞ്ഞിരിക്കുമ്പോളും പ്രധാനപ്പെട്ട ആരോഗ്യസൂചികകളിലും, മനുഷ്യവിഭവശേഷിയിലും കേരളം പുലര്‍ത്തുന്ന ഉയര്‍ന്ന നിലവാരം, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കേരളമോഡല്‍ എന്ന പേരില്‍ ലോകശ്രദ്ധ നേടിയതാണ്. രോഗപ്രതിരോധത്തിലെ ഈ പുതിയ കേരളമോഡലും, ലോകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ കേരളത്തിന്‍റെ അടിയന്തിരശ്രദ്ധ പതിയേണ്ട കാര്യങ്ങള്‍ എന്താണ്? ഇത് വളരെ വിപുലമായ ഒരു വിഷയമാണെങ്കിലും ഒന്ന് രണ്ടു കാര്യങ്ങള്‍ വളരെ പ്രസക്തമാണ് എന്ന് തോന്നുന്നു. അത് കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയും, അതോടൊപ്പം തന്നെ വളരെ ആഘോഷിക്കപ്പെടുന്ന മദ്യപാന/ലോട്ടറി ശീലങ്ങളും ആണ്.

കേരളത്തിന്‍റെ വരുമാനത്തില്‍ കാര്യമായ പങ്കുവഹിക്കുന്ന രണ്ടു മേഖലകള്‍ മദ്യവും, ലോട്ടറിയും ആണെന്ന ഒരു പ്രചാരണം ഉണ്ടല്ലോ. 2018-19 വര്‍ഷം മദ്യവില്പനയില്‍നിന്നും, ലോട്ടറി വില്‍പ്പനയില്‍നിന്നും ഉള്ള വിറ്റുവരവ് യഥാക്രമം 14,508 കോടിയും 9276 കോടിയും ആയിരുന്നു. സര്‍ക്കാരിന് നികുതി ഇനത്തില്‍ വലിയൊരു തുക ലഭിക്കുന്ന രണ്ടു കാര്യങ്ങളാണിവ. ആളുകളുടെ മദ്യപാനശീലത്തിനു തടയിടാന്‍ ആണ് 100 മുതല്‍ 200 ശതമാനം വരെ നികുതി ചുമത്തി മദ്യം വില്‍ക്കുന്നത്. ഇപ്പോള്‍ പുതുതായി പത്തു മുതല്‍, മുപ്പത്തഞ്ചു ശതമാനം വരെ കോവിട് ഫീസും കൂടി അധികം ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഒരു വസ്തുവിന്‍റെ ഉല്‍പ്പാദനച്ചെലവും, ലാഭവും എല്ലാം മാറ്റി വച്ചാല്‍ തന്നെ ഏറ്റവും കൂടുതല്‍ നികുതി ചുമത്തി വില്‍ക്കുന്ന ഒരു വസ്തുവാണ് മദ്യം. മദ്യവും, ലോട്ടറിയും ഒക്കെ വില്‍ക്കുന്നതില്‍ എന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് ചോദിച്ചാല്‍, ഉത്തരം അവയുടെ വിറ്റു വരവിന്‍റെ പ്രധാനഭാഗം വരുന്നത് സമൂഹത്തിലെ ഏറ്റവും സാധാരണക്കാരില്‍ നിന്നാണ് എന്നതാണ്. കേരളത്തില്‍ ദിവസക്കൂലിക്കു പണിയെടുക്കുന്നവരും, കുറഞ്ഞ വരുമാനക്കാരും മദ്യത്തിനും, ലോട്ടറിക്കും വേണ്ടി അവരുടെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം ചിലവഴിക്കുന്നു എന്നത് ഒരു വസ്തുതയാണ്. മനുഷ്യനെ വളരെപ്പെട്ടെന്നു അടിമപ്പെടുത്തുന്ന സ്വഭാവം ഉള്ളവയാണ് ഇവ രണ്ടും എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ധനികര്‍ ലോട്ടറി എടുത്താലും, ദിവസവും തന്നെ മദ്യം കഴിച്ചാലും, അത് അവരുടെ, സാമ്പത്തിക ഭദ്രതയെ തകര്‍ക്കാനുള്ള സാധ്യത കുറവാണ്. സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവര്‍, വരുമാനത്തിന്‍റെ നല്ലൊരു ഭാഗം ഇങ്ങനെ ചിലവഴിക്കുമ്പള്‍, അത് കാര്യമായി ബാധിക്കുന്നത് അവരുടെ കുടുംബങ്ങളെ ആണ്. മദ്യപാനികള്‍ക്കു ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇതിനു പുറമെയാണ്.

മദ്യത്തിനും, ലോട്ടറിക്കും ആസക്തിയുടെ ഒരു സ്വഭാവം ഉള്ളതുകൊണ്ട്, വര്‍ഷം തോറും ഇവയുടെ വില്‍പ്പന കൂടി വരുന്നുണ്ട്. ഇതോടൊപ്പം തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പൊതുജനാരോഗ്യ രംഗത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു സംസ്ഥാനം അവിടത്തെ ജനങ്ങളുടെ അതിരുവിട്ട മദ്യപാന ശീലത്തെക്കുറിച്ച ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരി ക്കുന്നു എന്നതാണ്. മദ്യപാനശീലത്തെ നേരിടാന്‍ മദ്യനിരോധനം ഫലപ്രദമായ ഒരു നടപടി ആണെന്ന് തോന്നുന്നില്ല. ഒരു സമൂഹത്തിലും അത് വിജയിച്ചതായി കാണുന്നുമില്ല. ഒരാള്‍ തന്‍റെ ആരോഗ്യവും, സാമ്പത്തിക സ്ഥിതിയും ഒക്കെ നോക്കി ഉത്തരവാദിത്വ പൂര്‍വ്വം നടത്തുന്ന മദ്യ ഉപയോഗത്തോട് സ്റ്റേറ്റ് പ്രതികരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ ഇവിടത്തെ പ്രശ്നം, മദ്യം, സ്റ്റേറ്റ് തന്നെ വലിയ ലാഭത്തില്‍ വില്‍ക്കുന്നു എന്നുള്ളതും, അതോടൊപ്പം സാധാരണക്കാരായ ഒരു വലിയ ജനവിഭാഗം അതിനു അടിമകള്‍ ആയി, അവരുടെ വരുമാനത്തിന്‍റെ വലിയ ഒരു പങ്കു സംസ്ഥാനത്തിന്‍റെ വരുമാനം ആകുന്നു എന്നുള്ളതുമാണ്. പലപ്പോഴും മദ്യപാനശീലത്തോടുള്ള നമ്മുടെ സമീപനം വളരെ ലാഘവത്തോടെ, ഒരു ആഘോഷമനസ്സോടെ ആണ്. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞു മദ്യശാലകള്‍ തുറന്നപ്പോള്‍ ഉണ്ടായ വലിയ ജനത്തിരക്ക് വലിയ വാര്‍ത്ത ആയിരുന്നു. അതോടൊപ്പം തന്നെ ഇപ്പോള്‍, കേരളത്തിലെ മദ്യവില്‍പ്പനയ്ക്കു ഒരു ക്യൂ ഏര്‍പ്പാടാക്കുന്ന മൊബൈല്‍ ആപ്പ് വാര്‍ത്തയാണ്. ചുരുക്കത്തില്‍, ഏതു സംസ്ഥാനം ആയാലും, അമിതമായ മദ്യപാനത്തിന്‍റെ സാമൂഹ്യ/ആരോഗ്യവിപത്തിനേക്കാളും മദ്യത്തിന്‍റെ സാമ്പത്തികമായ വശമാണ് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. സംസ്ഥാനത്തിന് വലിയ വരുമാനം നേടിത്തരുന്ന ഒന്ന്, ഒരുപാട് മനുഷ്യര്‍ക്ക് ഗുരുതരമായ സാമ്പത്തിക/ആരോഗ്യ/ സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിനും ഈ കടമയില്‍നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റില്ല.

പൊതുജനാരോഗ്യത്തിലും, വിദ്യാഭ്യാസത്തിലും സ്റ്റേറ്റ് കൂടുതല്‍ ആയി ഇടപെടണമെങ്കില്‍ അതിനു വേണ്ട വിഭവസമാഹരണം ഇന്ന് കേരളത്തിന്‍റെ വലിയ ഒരു വെല്ലുവിളിയാണ്. കൊറോണയും, ലോക്ക്ഡൗണും തളര്‍ത്തിയ വിവിധ ബിസിനസ് മേഖലകളില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നത് നമ്മുടെ മുന്നിലുള്ള ചോദ്യമാണ്. ഇവിടെ ഇപ്പോള്‍ തന്നെയുള്ള തൊഴിലില്ലായ്മയോടൊപ്പം, തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മേഖലകളില്‍ സംസ്ഥാനത്തിന്‍റെ സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ട്. കോവിട് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നല്‍കിയ നേതൃത്വം എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്ത് ഇവിടെയും നടത്തേണ്ടതുണ്ട്. അതില്‍ ഒന്നാമത് സംസ്ഥാനത്തിന്‍റെ എല്ലാ വരുമാന സ്രോതസ്സുകളെയും ഉപയോഗപ്പെടുത്തുക എന്നതും, ഭരണനടത്തിപ്പിലെ ധൂര്‍ത്തുകള്‍ അവസാനിപ്പിക്കുക എന്നതും ആണ്. രണ്ടാമതായി, മദ്യം, ലോട്ടറി ഇവയോടുള്ള സമൂഹത്തിന്‍റെ അതിരുകടന്ന ആവേശം ഒരു സാമൂഹ്യപ്രശ്നമായി കണ്ടു അതിനെ നേരിടേണ്ടതുണ്ട്. എളുപ്പമുള്ള ഒരു വരുമാനമാര്‍ഗ്ഗം എന്നതിന് ഉപരിയായി, ഇത് വ്യത്യസ്ത ജനവിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി വേണ്ട ബോധവല്‍ക്കരണം നടത്താന്‍ ഇനിയും വൈകിക്കൂടാ. മൂന്നാമത്, കോവിഡിന് ശേഷം തൊഴില്‍ മേഖലകളില്‍ വരുന്ന വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, ഇവിടത്തെ ചെറുപ്പക്കാരെ ലഭ്യമായ തൊഴിലുകള്‍ക്കു പ്രാപ്തര്‍ ആക്കുന്ന പരിപാടികള്‍ ഉടനെ തുടങ്ങേണ്ടതുണ്ട്. സംസ്ഥാനത്തിന്‍റെ ശരിയായ സാമ്പത്തിക സ്ഥിതിയെപ്പറ്റി ജനങ്ങളെ ബോധിപ്പിച്ചുകൊണ്ടു ഇവക്കെല്ലാം തുടക്കം കുറിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ മേഖലകളില്‍ നാം കണ്ടെത്തുന്ന സത്യസന്ധമായ ഉത്തരങ്ങളില്‍ ആണ് കേരളമോഡലിന്‍റെ ഭാവി.

ലേഖകന്‍റെ ബ്ലോഗ് : www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org