നിതാന്ത ജാഗ്രതയുടെ കാലം

തികച്ചും മതനിരപേക്ഷമായ, എല്ലാ മതങ്ങള്‍ക്കും ഒരുപോലെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഭരണ ഘടനയാണ് ഇന്ത്യയ്ക്കുള്ളത്. ഒരുപക്ഷേ സ്വാതന്ത്ര്യം കിട്ടി നാളിതുവരെ, ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് ഇവിടെ മതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ആണ്, ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ അതിനോടുള്ള നമ്മുടെ പ്രതികരണം ചര്‍ച്ചയാകുന്നത്. ഇതിനു പ്രത്യേക കാരണം ഉണ്ടുതാനും. 2014-ല്‍ ആദ്യമായി, മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ രാഷ്ട്രീയത്തില്‍ ഭൂരിപക്ഷ മതത്തിന്‍റെ വര്‍ധിച്ചുവരുന്ന സ്വാധീനം, വളരെ പ്രകടമായി നാം അനുഭവിക്കുന്ന ഒന്നാണ്. ന്യൂനപക്ഷവിഭാഗങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന ധാരാളം നടപടികള്‍, ഭരണകക്ഷിയുടെ നേതാക്കളുടെ പ്രസ്താവനകള്‍ മുതല്‍ പ്രകടമായ പ്രവൃത്തികള്‍ വരെ ഉണ്ടായി എന്നത് വസ്തുതയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, ഭാരതത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നടന്ന അനേകം ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ ഇരകള്‍ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവര്‍ ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ടുകളോ, പിന്തുണയോ ഒന്നും തങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുന്നില്ല എന്ന ഒരു തോന്നല്‍ കൂടി ബിജെപി വച്ചുപുലര്‍ത്തുന്നുണ്ടോ എന്നത് ശ്രദ്ധേയമായ സംഗതിയാണ്. ഇതിന്‍റെയെല്ലാം ഫലമായി രാജ്യത്തു പ്രത്യേകിച്ചു ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഭയത്തിന്‍റെയും, ആശങ്കകളുടെയും പശ്ചാത്തലത്തില്‍ വേണം നമ്മള്‍ സര്‍ക്കാരിനോട് സഭയുടെ പ്രതികരണം ചര്‍ച്ച ചെയ്യേണ്ടത്.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തിരിക്കുന്നു. എത്രമാത്രം വാശിയോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും, എല്ലാ വിഭാഗം ജനങ്ങളുടെയും ക്രിയാത്മകമായ സഹകരണം ഏതൊരു സര്‍ക്കാരിനും, തദ്വാരാ രാജ്യത്തിന്‍റെ പുരോഗതിക്കും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പ്രധാനമായും നാല് രീതിയിലാണ് സഭ ഈ ഭരണത്തോടു പ്രതികരിക്കേണ്ടത് എന്ന് തോന്നുന്നു. ഒന്നാമതായി, ഭരണഘടനയില്‍ അടിയുറച്ചു വിശ്വസിക്കുകയും അതിന്‍റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക. ഇന്ത്യയുടെ ശക്തി എക്കാലത്തും സുശക്തമായ അതിന്‍റെ സ്ഥാപനങ്ങള്‍ ആയിരുന്നു. അതിനെ ദുര്‍ബലപ്പെടാന്‍ നാം അനുവദിച്ചുകൂടാ. ഭരണഘടന നമുക്ക് ഉറപ്പുതരുന്ന അവകാശങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടാകേണ്ടതും അത് എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടതുമാണ്.

രണ്ടാമതായി എന്ത് പ്രകോപനം ഉണ്ടായാലും വര്‍ഗീയ ചിന്തകള്‍ക്ക് അടിമപ്പെടാതിരിക്കുക. ഒരു തരം വര്‍ഗീയതയ്ക്കുള്ള മറുപടി, അതിന്‍റെ വേറൊരു പതിപ്പല്ല മറിച്ചു മതേതര മൂല്യങ്ങള്‍ ആണ്. യേശു പറഞ്ഞതുപോലെ, നമുക്കുള്ള വിളി ഭൂമിയുടെ ഉപ്പും, ലോകത്തിന്‍റെ പ്രകാശവും ആകാനാണല്ലോ. ഭക്ഷണത്തിനു നല്ല രുചി കിട്ടാന്‍ കുറച്ച് ഉപ്പു മതിയാകും. ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളില്‍ അവിടങ്ങളില്‍ ഉള്ള ജനപ്രതിനിധികളെ, നമ്മുടെ സേവനമേഖലകളുമായി ബന്ധപ്പെടുത്തുന്നത് തെറ്റിദ്ധാരണകള്‍ അകറ്റാന്‍ നല്ലതാണ്.

മൂന്നാമതായി നല്ല രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുക. നല്ല മനുഷ്യര്‍ പിന്‍വാങ്ങുമ്പോഴാണ് രാഷ്ട്രീയം ദുഷിക്കുന്നത്. ജനാധിപത്യം എന്നത് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല. അത് സംവാദവും നിരന്തര പോരാട്ടവുമാണ്. നിശ്ശബ്ദത ഒന്നിനും പരിഹാരമല്ല. ജീവിതത്തിന്‍റെ നാനാതുറകളില്‍ ജോലി ചെയ്യുന്ന ഓരോ ക്രൈസ്തവനും, തങ്ങളുടെ മേഖലകളില്‍ ക്രിസ്തുവിന് സാക്ഷിയാകാന്‍ ഉള്ള വിളിയുണ്ട്. ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വലിയ ഒരു കാര്യം, സാമൂഹ്യമാധ്യമങ്ങളില്‍ ഒക്കെ നടന്ന (വ്യാജന്മാര്‍ ഉള്‍പ്പെടെ) പ്രചാരണങ്ങള്‍ ആണ്. സഭയുടെ നിരവധിയായ പ്രസിദ്ധീകരണങ്ങള്‍ക്ക് ഇവിടെ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ പൊതു സമൂഹത്തിന്‍റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. മുന്‍കാലത്ത് ഉണ്ടായിട്ടുള്ള പല സംഘര്‍ഷങ്ങളും, നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള വിഷയങ്ങളില്‍ നടന്ന വ്യാജ പ്രചാരണങ്ങളുടെ പേരില്‍ ആയിരുന്നു എന്ന് ഓര്‍ക്കുക.

നാലാമതായി നാം ഓര്‍ക്കേണ്ടത് നിതാന്തജാഗ്രതയുടെ പ്രാധാന്യമാണ്. സ്വാതന്ത്ര്യത്തിന്‍റെ വില നിതാന്ത ജാഗ്രതയാണെന്നു പറഞ്ഞത് തോമസ് ജെഫേഴ്സണ്‍ ആണ് (Eternal vigilance is the price of libetry). എല്ലാ പൗരന്മാരും ജാഗ്രത പുലര്‍ത്തുമ്പോള്‍ ഭരണാധികാരികള്‍ക്ക് ജനവിരുദ്ധമാകാന്‍ സാധിക്കില്ല. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. ഇന്ത്യയില്‍തന്നെ പലയിടത്തും, ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ക്രൈസ്തവരുടെ എണ്ണം നാമമാത്രമായുള്ള സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ പലയിടത്തും അവര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച്, സഭ മൊത്തത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, നിയമപരമായും അല്ലാതെയുമുള്ള സുരക്ഷ കൊടുക്കുന്നതില്‍ വീഴ്ച വന്നുകൂടാ.

മാറിമാറി വരുന്ന രാഷ്ട്രീയത്തിനനുസരിച്ചു മാറേണ്ട ഒന്നല്ല ക്രൈസ്തവപ്രതിബദ്ധത. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍, നാളിതുവരെ ഈ രാജ്യത്തെ ജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നതിനു കാരണമായിട്ടുണ്ട്. ക്രൈസ്തവരുടെ വിദ്യാഭ്യാസ, ആതുരസേവനപ്രവൃത്തികളുടെ ഗുണഭോക്താക്കള്‍ ഇല്ലാത്ത ഒരു സ്ഥലവും ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ നമ്മുടെ നല്ല പ്രവൃത്തികള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരേണ്ടതുണ്ട്. നമ്മുടെ ശക്തി ആള്‍ക്കൂട്ടമല്ല, മറിച്ചു ക്രിസ്തുവാണ്. ഗിരിപ്രഭാഷണത്തിലെ വരികള്‍ ഓര്‍ക്കുക. 'നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ' (മത്താ. 5:16). ഭാവിയിലേക്കു നോക്കുമ്പോള്‍ നമ്മെ നയിക്കേണ്ടത് ഭയം അല്ല, മറിച്ച് ഈ രാജ്യത്തെ നാനാവിഭാഗം ജനങ്ങളോടുമുള്ള വര്‍ധിച്ച പ്രതിബദ്ധത ആയിരിക്കണം.

സുവിശേഷം ജീവിച്ചു കാണിക്കുന്ന പൗരന്മാര്‍ ആകാന്‍ ആണ് നമ്മുടെ വിളി. അവിടെ നമുക്ക് മുന്‍വിധികള്‍ ആവശ്യമില്ല. എല്ലാ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കി, സ്നേഹത്തിന്‍റെ ശുശ്രൂഷയുമായി ധീരമായി മുന്നോട്ടു പോകാന്‍ സഭയ്ക്ക് സാധിക്കട്ടെ. ജാതിയും മതവും രാഷ്ട്രീയവും ഉണ്ടാക്കിയ വിഭജനത്തിന്‍റെ മുറിവുകള്‍ അങ്ങനെയാണ് ഉണക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി, ഈ രാജ്യത്തെ ജനങ്ങളുടെ നിര്‍ലോഭമായ പിന്തുണ ഇവിടത്തെ മതന്യൂനപക്ഷങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ആ വിശ്വാസം നമ്മളെ മുന്നോട്ടു നയിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org