കെ. റെയില്‍ വിളിക്കുമ്പോള്‍

കെ. റെയില്‍ പദ്ധതിയുടെ സാമ്പത്തിക ബാധ്യത, പ്രായോഗികത ഇവയെക്കുറിച്ചു നമുക്ക് അറിവുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്? പദ്ധതിയുടെ പരിസ്ഥിതി ആഘാതം എന്തായിരിക്കും?
കെ. റെയില്‍ വിളിക്കുമ്പോള്‍

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോകുന്ന, കെ.റെയില്‍ കമ്പനിയുടെ സില്‍വര്‍ ലൈന്‍ പദ്ധതി ഇതിനോടകം തന്നെ ധാരാളം വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ആവേശത്തോടു കൂടി അവതരിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഇത്. ഇതിന്റെ സ്‌കോപ്പ്, പണച്ചെലവ് എല്ലാം വച്ച് നോക്കുമ്പോള്‍, ഒരു പക്ഷെ കേരളം ഇതുവരെ ഏറ്റെടുത്തതില്‍ വച്ച് ഏറ്റവും വലിയ ഒരു പദ്ധതി തന്നെയായിരിക്കും ഇത്. അതുകൊണ്ടു തന്നെ, പദ്ധതിയുമായി ബന്ധപ്പെട്ടു ധാരാളം ചോദ്യങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ചെറുതായാലും, വലുതായാലും വികസനപദ്ധതികള്‍ ചോദ്യം ചെയ്യുക അത്ര എളുപ്പമല്ല. ചോദ്യം ചെയ്യുന്നവരെ എല്ലാം വികസനവിരോധികള്‍ ആക്കുക എന്നതും ഇപ്പോള്‍ പതിവാണ്. എങ്കില്‍പ്പോലും, അത് ചോദ്യങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. ഇവിടെ ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യങ്ങള്‍ ഏതൊക്കെയാണ്? എന്താണ് ഈ പദ്ധതിയുടെ പ്രസക്തി? സമീപഭാവിയില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരം ആണ് ഈ പദ്ധതി നിര്‍ദ്ദേശിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക ബാധ്യത, പ്രായോഗികത ഇവയെക്കുറിച്ചു നമുക്ക് അറിവുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്? പദ്ധതിയുടെ പരിസ്ഥിതി ആഘാതം എന്തായിരിക്കും?

ഏകദേശം 64,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന സില്‍വര്‍ ലൈന്‍ കേരളത്തിലെ 11 ജില്ലകളിലൂടെ (11 സ്റ്റേഷനുകള്‍) കടന്നു പോകുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഭീമമായ ഒരു തുക തന്നെയാണ് ഇതിന്റെ ബജറ്റ്. പ്രധാനമായും വിദേശവായ്പ്പയെ ആശ്രയിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കെ.റെയില്‍ പദ്ധതിയിലെ ശ്രദ്ധേയമായ ഒരു സംഗതി, ഇപ്പോള്‍ കേരളത്തില്‍ മുഴുവനും ഉപയോഗിക്കുന്ന ബ്രോഡ്‌ഗേജിനെക്കാളും 24 സെന്റിമീറ്റര്‍ കുറവുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ആണ് അത് നിര്‍മ്മിക്കുന്നത് എന്നതാണ്. അതുകൊണ്ടു തന്നെ, ഇപ്പോള്‍ നിലവിലുള്ള റെയില്‍വേ സംവിധാനങ്ങളുമായി ഇതിനു ബന്ധമുണ്ടാകില്ല. കെ. റെയിലിന്റെ രൂപരേഖ ആദ്യം തയ്യാറാക്കിയപ്പോള്‍, ബ്രോഡ്‌ഗേജ് ആയിരുന്നു എന്നും, പിന്നീട് അത് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയി മാറിയെന്നും വാര്‍ത്തകള്‍ ഉണ്ട്. ഇതെല്ലം പദ്ധതിയെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍. 4 മണിക്കൂര്‍ കൊണ്ട്, തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം എന്ന് കണക്കു കൂട്ടുന്നു. പ്രതിദിനം 80,000 യാത്രക്കാര്‍ സില്‍വര്‍ ലൈന്‍ ഉപയോഗിക്കും എന്നാണ് പ്രതീക്ഷ. അങ്ങേയറ്റം ശുഭാപ്തി വിശ്വാസത്തില്‍നിന്നും ആണ് യാത്രക്കാരുടെ ഈ എണ്ണത്തില്‍ എത്തിയിരിക്കുന്നത്.

കേരളത്തെ വളരെ ഗൗരവമായി ബാധിക്കുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും ശരിയായ രീതിയില്‍ പൊതുസമൂഹത്തില്‍ നടന്നിട്ടില്ല എന്നതാണ് വാസ്തവം. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമല്ല എന്നിരിക്കെ തന്നെ, പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഒക്കെയായി കമ്പനി മുന്നോട്ട് പോവുകയും ചെയ്യുന്നു.

നിരവധിയായ ഗതാഗത പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു സംസ്ഥാനമാണ് കേരളം. വാഹനങ്ങളുടെ ബാഹുല്യം, വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍, റോഡുകളുടെ ശോചനീയമായ അവസ്ഥ, റോഡ് ഗതാഗതത്തെ അമിതമായി ആശ്രയിക്കുന്ന അവസ്ഥ, ജനങ്ങള്‍ക്കിടയില്‍ അവബോധം കുറവ് ഇവയെല്ലാം അവയില്‍ ചിലതു മാത്രമാണ്. റെയില്‍ ഗതാഗതത്തെ കൂടുതലായി ആശ്രയിച്ചുകൊണ്ടുള്ള ഒരു സംവിധാനത്തിന് മാത്രമേ കേരളത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ നിലവിലുള്ള ബ്രോഡ്‌ഗേജ് സംവിധാനങ്ങളെ വിപുലമാക്കിക്കൊണ്ടു, യാത്രാസംവിധാനം മെച്ചപ്പെടുത്തുക എന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസക്തി കുറച്ചുകൊണ്ട് ആണ് കെ.റെയില്‍ മുന്നോട്ടു വരുന്നത്. കേരളത്തിലെ നിലവിലുള്ള റെയില്‍വേ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന, പാത ഇരട്ടിപ്പിക്കല്‍, മെച്ചപ്പെട്ട സിഗ്‌നല്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാതെ ആണ് ഈ പദ്ധതിക്ക് അമിതപ്രാധാന്യം നല്‍കുന്നത് എന്നും ആക്ഷേപമുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട സംഗതി, സില്‍വര്‍ ലൈന്‍ ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇനിയും വേണ്ടത്ര പഠിച്ചിട്ടില്ല എന്നതാണ്. ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനത്തിന് പുതിയ ഒരു കരാര്‍ കൊടുത്തിരിക്കുകയാണ്. കേരളത്തെ വളരെ ഗൗരവമായി ബാധിക്കുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും ശരിയായ രീതിയില്‍ പൊതുസമൂഹത്തില്‍ നടന്നിട്ടില്ല എന്നതാണ് വാസ്തവം. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമല്ല എന്നിരിക്കെ തന്നെ, പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഒക്കെയായി കമ്പനി മുന്നോട്ട് പോവുകയും ചെയ്യുന്നു. 2018-ലെ പ്രളയം മുതല്‍, ഓരോ വര്‍ഷവും, കേരളം കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും, പരിസ്ഥിതിപരമായി വളരെ ലോലപ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലാണ്, പദ്ധതിയുടെ പകുതിയില്‍ കൂടുതല്‍ ദൂരം, embankment- ല്‍ കൂടിയാണ് കടന്നുപോകുന്നത് എന്ന വസ്തുത നാം ഓര്‍ക്കേണ്ടത്. 100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം നിര്‍മ്മിക്കുന്നത് കുന്നുകള്‍ നിരത്തിയുമാണ് എന്നാണ് എസ്റ്റിമേറ്റ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍, ഇതെല്ലാം എത്രമാത്രം സുരക്ഷിതമാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.

എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ ഒരു പദ്ധതിയും ഇല്ല. എങ്കിലും, ഒരു പദ്ധതിയില്‍ നിന്നുമുള്ള പ്രയോജനങ്ങള്‍, അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ മറികടക്കുമ്പോള്‍ ആണ് ആ പദ്ധതി വിജയകരമാകുന്നത്. പലിശ ഇല്ലാത്ത വിദേശവായ്പ കിട്ടിയാല്‍ തന്നെ, ഒരു പദ്ധതി ആത്യന്തികമായി ഒരു സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഒന്നായി മാറരുത്. സാമ്പത്തികമായി പലതരം പ്രതിസന്ധികളിലൂടെയും, വിഭവദൗര്‍ലഭ്യങ്ങളിലൂടെയും കടന്നു പോകുന്ന കേരളത്തിന് ഈ പദ്ധതി താങ്ങാന്‍ പറ്റുമോ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിദഗ്ദ്ധര്‍ എല്ലാം ചേര്‍ന്ന് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പഠിക്കേണ്ടതും, പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതും ആവശ്യമാണ്. ഒറ്റപ്പെട്ട സമരങ്ങള്‍ ഇപ്പോള്‍ തന്നെ ഈ കാര്യത്തില്‍ നടക്കുന്നുണ്ട്. പദ്ധതികള്‍ തുടങ്ങാന്‍ എളുപ്പമാണ്. അവ വലുതാകുംന്തോറും, അവയുടെ രാഷ്ട്രീയപ്രാധാന്യവും കൂടും. കുറെ മുന്നോട്ടു പോയാല്‍ പിന്നെ ഒരു തിരിച്ചു വരവോ, തിരുത്തലോ അസാധ്യമായിരിക്കും. ഇന്നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ യാത്രാക്ലേശങ്ങള്‍ക്ക് ഈ പദ്ധതി എത്രമാത്രം പരിഹാരം ഉണ്ടാക്കും എന്ന പ്രശ്‌നമാണ് ചര്‍ച്ച ചെയ്യേണ്ടത്. അതുപോലെ തന്നെ, കുറഞ്ഞ വിഭവങ്ങള്‍ കൊണ്ട്, നിലവിലുള്ള യാത്രാസൗകര്യങ്ങളെ മെച്ചപ്പെടുത്താന്‍ സാധിക്കുമോ എന്നതും ഏറ്റവും പ്രസക്തമായ ചോദ്യമാണ്. തിരുവനന്തപുരത്തു നിന്നും, നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് എത്തുക എന്നതില്‍ നമ്മുടെ ഗതാഗത പ്രശ്‌നങ്ങള്‍ ലളിതവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാവുകയില്ല. ചെലവ് എന്ത് തന്നെ ആയാലും ഏറ്റവും വേഗത്തില്‍ എത്തുക എന്നത് ഒരു പക്ഷെ ഒരു ന്യൂനപക്ഷത്തിന്റെ ആവശ്യമായിരിക്കും. ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം, കുറഞ്ഞ ചെലവ്, കണക്റ്റിവിറ്റി ഇവയൊക്കെ സമയത്തോളം പ്രാധാന്യമുള്ളതാണ്. അതുപോലെ തന്നെ, പരി സ്ഥിതി പ്രത്യാഘാതങ്ങള്‍ മാറ്റി വച്ച്, കേരളത്തിന് ഒരു പദ്ധതിയുമായും മുന്നോട്ടു പോകാന്‍ സാധിക്കില്ല. സംസ്ഥാനത്തെ ഏറ്റവും ഗൗരവമായി ബാധിക്കുന്ന ഈ പദ്ധതിയെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകളും, വിലയിരുത്തലുകളും നാം അടിയന്തിരമായി നടത്തേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org