ഫാബ്രെഗയുടെ ആശയങ്ങള്‍

ഫാബ്രെഗയുടെ  ആശയങ്ങള്‍

കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ചരിത്രമെടുത്താല്‍ നമ്മുടെ ചുറ്റും കാണുന്ന ഒരുവിധം എല്ലാം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മാറിയിട്ടുണ്ട്. കാര്‍ഷിക/നിര്‍മ്മാണ രീതികള്‍, ഗതാഗതം, വിനോദം, ആശയവിനിമയം, അങ്ങനെ എല്ലാം. ഒരുപക്ഷെ ഇപ്പോഴും ഏറ്റവും വൈകി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സ്‌കൂളും, പരീക്ഷയും ഒക്കെ നടത്തുന്ന രീതിയില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കില്ല. സാങ്കേതിക വിദ്യയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോളും, നമ്മുടെ വിദ്യാഭ്യാസ രീതികളില്‍ കാലത്തിന് അനുസരിച്ചു മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കോവിഡ്, മനുഷ്യന്റെ ജീവിതങ്ങളെ, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയെ മാറ്റിമറിച്ച ഈ കാലഘട്ടത്തില്‍, നമ്മുടെ വിദ്യാഭ്യാസരംഗത്തു കാലത്തിനനുസരിച്ചു മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അനുയോജ്യമായ സമയം കൂടിയാണ്. മനുഷ്യര്‍ തങ്ങളുടെ സമയവും, വിഭവങ്ങളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു മേഖല എന്ന നിലയ്ക്ക്, വിദ്യാഭ്യാസത്തിന്റെ നല്ല ഭാവി പരമപ്രധാനമാണ്. അതോടൊപ്പം തന്നെ ഏതൊരു രാജ്യത്തിന്റെ ഭാവിയും അവിടുത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് ഇന്ന് കിട്ടുന്ന വിദ്യാഭ്യാസം അവരെ ജീവിതത്തെ നേരിടാന്‍ പ്രാപ്തര്‍ ആക്കുന്നുണ്ടോ എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.

വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ നൂതന ചിന്തകള്‍ പങ്കുവയ്ക്കുന്ന ഒരു എഴുത്തുകാരിയാണ് അന ലോറീന ഫാബ്രെഗ (Ana Lorena Fabrega). ഒരു അധ്യാപികയായി ജീവിതം തുടങ്ങിയ അന, ഇന്ന് അധ്യാപനം വിട്ടു, സമാന്തര വിദ്യാഭ്യാസ മേഖലയിലെ പുതിയ പരീക്ഷണങ്ങള്‍ക്കായി മുഴുവന്‍ സമയവും ചിലവഴിക്കുന്നു. എഴുത്ത്, വീഡിയോ, തുടങ്ങിയ എല്ലാ മാധ്യമങ്ങളിലൂടെയും അന തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസമേഖല പൊതുവിലും, പ്രത്യേകിച്ച് സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട ചിന്തകളാണ് ഫാബ്രെഗ പങ്കുവയ്ക്കുന്നത്. ലക്ഷത്തിലധികം ആളുകള്‍ ട്വിറ്ററില്‍ ഫാബ്രെഗയെ പിന്തുടരുന്നു. അതുപോലെ തന്നെ അവരുടെ ആഴ്ച്ചതോറുമുള്ള newsletter അനേകായിരം ആളുകളില്‍ എത്തുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്‍പ്പങ്ങളുടെ ഒരു പൊളിച്ചെഴുത്താണ് ഫാബ്രെഗ മുന്നോട്ടു വയ്ക്കുന്നത്. അനുനിമിഷം മാറി വരുന്ന സാങ്കേതിക/വിവരവിപ്ലവം, തൊഴില്‍ മേഖലകളില്‍ വരുന്ന മാറ്റങ്ങള്‍, എന്നിവയ്‌ക്കൊക്കെ അനുസൃതമായി നമ്മുടെ പാഠ്യസമ്പ്രദായങ്ങള്‍ മാറേണ്ടതുണ്ട്. ഇന്റര്‍നെറ്റ് നമ്മുടെ അധ്യയനത്തിന്റെ അവിഭാജ്യഘടകമായി മാറിയതു കൊണ്ടു, പഠനത്തെ ആരോഗ്യകരമായി, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കേണ്ടത് ഇന്ന് ഏറ്റവും മുന്‍ഗണന അര്‍ഹിക്കുന്ന ഒന്നാണ്. കുട്ടികളുടെ സ്‌ക്രീന്‍ സമയത്തിന്റെ കാര്യം തന്നെ എടുക്കുക. എന്തുകൊണ്ടാണ് ഇപ്പോള്‍ കുട്ടികള്‍ ഓണ്‍ലൈന്‍ കൂടുതല്‍ ആയി ഇഷ്ടപ്പെടുന്നത്? ഒരുപക്ഷെ സാധാരണ ക്ലാസ്‌റൂമില്‍ കിട്ടാത്ത പലതും ഇന്ന് അവര്‍ക്കു ഓണ്‍ലൈന്‍ ആയി കിട്ടുന്നു. ഒന്നാമതായി കഌസ്സ്‌റൂമിലേതു പോലെ നിയന്ത്രണങ്ങള്‍ ഇല്ല. രണ്ട് അവര്‍ക്കു ഇഷ്ടമുള്ളത് പരിധികളില്ലാതെ പഠിക്കാന്‍ സാധിക്കുന്നു. മൂന്നാമതായി ഓണ്‍ലൈന്‍ ആയി കൂടുതല്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ അറിയാതെ നമുക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. എല്ലാ കാര്യങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള ക്ലാസ്‌റൂമുകള്‍ ഒരുപക്ഷെ കുട്ടികളുടെ ക്രിയാത്മകതയെ ആണ് നശിപ്പിക്കുന്നത്. അതുപോലെ തന്നെ നമ്മുടെ ക്ലാസ്സ്മുറികള്‍, നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ അവരെ സഹായിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ആയി കിട്ടുന്നവ നിരന്തരമായി ഉപയോഗിക്കുന്നവര്‍ മാത്രം ആകാതെ, അത് സൃഷ്ടിക്കുന്നവര്‍ കൂടി ആകാന്‍ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. അതുപോലെ തന്നെ നമ്മുടെ വീടുകളില്‍ കുട്ടികള്‍ക്ക് ആകര്‍ഷകമായ അനുഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സദാസമയവും അവര്‍ സ്‌ക്രീന്‍ നോക്കി ഇരിക്കേണ്ട സാഹചര്യം ഉണ്ടാകില്ല.

ഒരുപക്ഷെ ഭാവിയില്‍ ഒരു തൊഴിലില്‍ മാത്രം തളച്ചിടേണ്ടവര്‍ അല്ല കുട്ടികള്‍ എന്നതാണ് സത്യം. ചിലപ്പോള്‍ അവര്‍ക്കു ശോഭിക്കാന്‍ പറ്റിയ തൊഴിലുകള്‍ ഇനിയും വന്നിട്ടുണ്ടാവണം എന്നുമില്ല. ഒരു പത്തു വര്‍ഷം മുമ്പ്, യൂട്യൂബ് വീഡിയോ ചെയ്തു ജീവിക്കാം എന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പല കാര്യങ്ങള്‍ പഠി ക്കാനും, വേണ്ടി വന്നാല്‍ പഠനമേഖല തന്നെ മാറാനും ഉള്ള ധൈര്യവും, ആത്മവിശ്വാസവും ആണ് ഇന്ന് കുട്ടികള്‍ സ്‌കൂളുകളില്‍നിന്നും ആര്‍ജ്ജിക്കേണ്ടത്. ശരിയായ ദിശയില്‍ അല്ലെങ്കില്‍, അവരവര്‍ തിരഞ്ഞെടുത്ത മേഖല തന്നെ വിട്ടു വേറെ ഒന്ന് ശ്രമിക്കാന്‍ ഉള്ള തന്റേടം കുട്ടികള്‍ക്ക് കിട്ടണം.

മറ്റൊന്ന് വീഡിയോ ഗെയിമുകള്‍ ആണ്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ഈ ഗെയിമുകള്‍ നന്നായി കളിക്കാന്‍ വേണ്ടി, മടുപ്പു കൂടാതെ എത്ര തവണ ശ്രമിക്കാനും അവര്‍ തയ്യാറാണ്. ഇതിനെ നമ്മുടെ പഠനവുമായി ഫാബ്രെഗ ബന്ധപ്പെടുത്തുന്നുണ്ട്. ഏതു കാര്യത്തിലുള്ള അറിവും, നിരന്തരമായി ശ്രമിച്ചു നേടാന്‍ സാധിക്കുന്ന ഒന്നാണ് എന്ന ബോധം ആണ് കുട്ടികള്‍ക്ക് വേണ്ടത്. പഠനത്തെ ഒരു ഓട്ടമത്സരം ആക്കേണ്ടതില്ല. എത്ര വേഗം പഠിക്കുക എന്നതിനേക്കാളും, പഠിക്കുക എന്ന ലക്ഷ്യം നടക്കുന്നുണ്ടോ എന്നതാണ് മുഖ്യം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ അധ്യയന രീതികള്‍ ഇപ്പോഴും ശിക്ഷയില്‍ ഊന്നിയുള്ളതാണ്. ആദ്യശ്രമത്തില്‍ മനസ്സിലായില്ലെങ്കില്‍, മാര്‍ക്ക് കുറഞ്ഞാല്‍, പഠിക്കാന്‍ കൂടുതല്‍ സമയം എടുത്താല്‍ ഒക്കെ തങ്ങള്‍ മോശക്കാര്‍ ആണെന്ന് കുട്ടികള്‍ക്ക് തോന്നുന്ന സാഹചര്യം നമ്മള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടു തന്നെ, പരീക്ഷയിലെ പരാജയം എന്നുള്ളത്, അനേകം കുട്ടികളെ ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഒന്നായി മാറുന്നു. അതുപോലെ തന്നെ നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു ചോദ്യമാണ്. കുട്ടികളോട് അവര്‍ ഭാവിയില്‍ ആരായിത്തീരാന്‍ ആഗ്രഹിക്കുന്നു എന്നുള്ളത്. ഒന്നാലോചിച്ചാല്‍ ഈ കാലഘട്ടത്തില്‍ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. ഒരുപക്ഷെ ഭാവിയില്‍ ഒരു തൊഴിലില്‍ മാത്രം തളച്ചിടേണ്ടവര്‍ അല്ല കുട്ടികള്‍ എന്നതാണ് സത്യം. ചിലപ്പോള്‍ അവര്‍ക്കു ശോഭിക്കാന്‍ പറ്റിയ തൊഴിലുകള്‍ ഇനിയും വന്നിട്ടുണ്ടാവണം എന്നുമില്ല. ഒരു പത്തു വര്‍ഷം മുമ്പ്, യൂട്യൂബ് വീഡിയോ ചെയ്തു ജീവിക്കാം എന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പല കാര്യങ്ങള്‍ പഠിക്കാനും, വേണ്ടി വന്നാല്‍ പഠനമേഖല തന്നെ മാറാനും ഉള്ള ധൈര്യവും, ആത്മവിശ്വാസവും ആണ് ഇന്ന് കുട്ടികള്‍ സ്‌കൂളുകളില്‍നിന്നും ആര്‍ജ്ജിക്കേണ്ടത്. ശരിയായ ദിശയില്‍ അല്ലെങ്കില്‍, അവരവര്‍ തിരഞ്ഞെടുത്ത മേഖല തന്നെ വിട്ടു വേറെ ഒന്ന് ശ്രമിക്കാന്‍ ഉള്ള തന്റേടം കുട്ടികള്‍ക്ക് കിട്ടണം.

കാതലായ മാറ്റങ്ങള്‍ ആവശ്യമുള്ള മറ്റൊരു മേഖല നമ്മുടെ പരീക്ഷ രീതികള്‍ ആണ്. വളരെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ടെസ്റ്റുകള്‍ മാത്രമാണ് ഇപ്പോഴും നാം പിന്തുടരുന്നത്. പലപ്പോഴും ഒരാള്‍ എന്ത് മനസ്സിലാക്കി, എന്തൊക്കെ ചെയ്യാന്‍ പഠിച്ചു എന്നതിനേക്കാളും, പരീക്ഷയില്‍ എങ്ങനെ നന്നായി പെര്‍ഫോം ചെയ്യാം എന്നതിന് ആണ് ഊന്നല്‍. ഓര്‍മ്മശക്തിക്കു വളരെ പ്രാധാന്യം കൊടുക്കുന്ന രീതിയില്‍ ആണ് ഇപ്പോഴും നമ്മുടെ പരീക്ഷകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ചിന്തിക്കാനും, ചോദ്യം ചെയ്യാനും, സര്‍ഗ്ഗാത്മകമായി ഒരു പ്രശ്‌നത്തെ സമീപിക്കാനും ഒക്കെയുള്ള കഴിവുകള്‍ ആണ് സ്‌കൂളില്‍ വളര്‍ത്തിയെടുക്കേണ്ടത്. നമുക്ക് വേണ്ട വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കിട്ടുന്ന ഡിജിറ്റല്‍ കാലത്തു കുട്ടികളുടെ കഴിവ് മുഴുവന്‍ ഓര്‍മ്മയ്ക്ക് വേണ്ടി മാറ്റി വയ്‌ക്കേണ്ട ആവശ്യമല്ല. ആശയങ്ങളെ ബന്ധിപ്പിക്കാനും, ശരിയായ അറിവുകളുടെ സ്രോതസ്സുകള്‍ കണ്ടെത്താനും ഉള്ള കഴിവാണ് കുട്ടികള്‍ നേടേണ്ടത്.

പരമ്പരാഗതമായ സമ്പ്രദായങ്ങളില്‍ നിന്നും പുറത്തുകടന്നു, കുട്ടികളുടെ സര്‍ഗ്ഗശേഷിയെ സ്വ തന്ത്രമാക്കുമ്പോള്‍ അദ്ഭുതങ്ങള്‍ സംഭവിക്കും. അന ഫാബ്രെഗ ഏറ്റവും കൂടുതല്‍ മുന്നോട്ടു വയ്ക്കുന്നത് ഇത്തരം പരീക്ഷണങ്ങള്‍ ആണ് . ആധുനിക കാലത്തിന്റെ പുതിയ പ്രശ്‌നങ്ങളെ പരിഹരി ക്കാനുള്ള ആശയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള വ്യക്തികളായി കുട്ടികളെ നമുക്കു വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. ഓരോ കുട്ടിയും അനന്തമായ സാദ്ധ്യതകള്‍ ഉള്ള ഒരു മനുഷ്യനാണ്. ഇന്നത്തെ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന ചിന്തകള്‍ മുന്നോട്ടുവയ്ക്കുന്ന അന ഫാബ്രെഗയെ നാം ഗൗരവമായി കാണുന്നത് നന്നായിരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org