
തീവ്രമായ മത നിലപാടുകളിലേക്ക് ഒരു സമൂഹം വരുന്നത് പടിപടിയായിട്ടാണ് എന്നതാണ്. ഒരിക്കല്‍ സമൂഹത്തിലെ ഭൂരിപക്ഷം അങ്ങനെ ആയിക്കഴിഞ്ഞാല്‍ പിന്നീട് ഒരു ചെറിയ പ്രകോപനം പോലും വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുക.
ഇപ്പോള്‍ നമ്മുടെ ചര്‍ച്ചകളിലും, മാധ്യമങ്ങളിലും ഏറ്റവും നിറയുന്ന ഒരു വിഷയം വര്‍ഗീയതയും, മതവും ഒക്കെയാണ്. മനുഷ്യന്റെ സ്വകാര്യതകളില്‍ നിന്നും മതം പൂര്‍ണ്ണമായും പൊതുഇടങ്ങളിലേക്ക് വന്നിരിക്കുന്നു. സാധാരണ മനുഷ്യന്‍ ഇത്രമാത്രം മതജീവിയാണോ? വര്‍ഗീയത എന്നുള്ളത് സ്വാഭാവികമായി എല്ലാവരിലും ഉള്ള ഒന്നാണോ? സമകാലിക ഇന്ത്യയിലേക്ക് നോക്കുമ്പോള്‍ നമ്മെ അലട്ടുന്ന ചില ചോദ്യങ്ങളാണ് ഇവ. ഒരു പ്രധാനപ്പെട്ട കാര്യം സാധാരണ മനുഷ്യന്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് മതത്തെക്കുറിച്ചല്ല, മറിച്ച് അവനവന്റെ ജീവിതത്തെക്കുറിച്ചാണ്. മനുഷ്യന്റെ ഏറ്റവും വലിയ ഉല്‍ക്കണ്ഠ അവന്റെ കുടുംബത്തിന്റെയും കുട്ടികളുടെയുമൊ ക്കെ ഭാവിയാണ്. പലപ്പോഴും ഒരു വന്റെ ജീവിതത്തിന് അര്‍ത്ഥം കൊടുക്കുന്ന, നിരാശയില്‍ പ്രത്യാശ കൊടുക്കുന്ന ഒരു ശക്തിയായിട്ടാണ് അവന്‍ മതത്തെയും ദൈവ ത്തെയും കാണുന്നത്. ഈയൊരവസ്ഥയില്‍ നിന്നാണ്, ഇന്ത്യന്‍ ജനാധിപത്യത്തെയും, മതേതരത്വത്തെയും വിഴുങ്ങുന്ന രീതിയില്‍ വര്‍ഗീയത ശക്തിയാര്‍ജിച്ചു വരുന്നത്. അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം, മുന്‍പെങ്ങും കാണാത്ത രീതിയില്‍, ഇവിടത്തെ രാഷ്ട്രീയം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു എന്നത് തന്നെയാണ്.
മതം എന്നുള്ളത് സാധാരണക്കാരന് ശരിയും, ജ്ഞാനികള്‍ക്കു തെറ്റും, ഭരണാധികാരിക്ക് പ്രയോജനപ്രദവും ആണെന്ന് പറഞ്ഞ ത് സ്റ്റോയിക് ചിന്തകനായിരുന്ന Seneca ആണ്. സാമ്പത്തികമാ യും, സാമൂഹ്യമായും, രാഷ്ട്രീയമായും ഒക്കെ ഉന്നത സ്ഥാനത്ത് ഉള്ളവര്‍ക്ക് പലപ്പോഴും മതവും, ജാതിയും, അവരുടെ വളര്‍ച്ചയുടെ ചവിട്ടുപടികളാണ്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പലപ്പോഴും ജീവന്‍ നഷ്ടപ്പെടുന്നത് സാധാരണക്കാര്‍ക്കാണ്. പലപ്പോഴും സമുദായത്തിനും മതത്തിനും വേണ്ടി ചാകാനും, കൊല്ലാനും നടക്കുന്നത്, അതിലെ ഏറ്റവും ദുര്‍ബലമായ ജനവിഭാഗമാണ്. സ്വന്തം സുരക്ഷിതത്വങ്ങളില്‍ ഇരുന്നു വെറുപ്പ് ഊതിക്കത്തിക്കുന്നവര്‍ക്കു പലപ്പോഴും ഒന്നും നഷ്ടപ്പെടാറില്ല. ഈ അടുത്തയിടെ കേട്ട ഉദാഹരണം ഉണ്ട്. കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തെരുവു നായ്ക്കളെ ഭയപ്പെടേണ്ട കാര്യമില്ല. നേരെ മറിച്ചു, കാല്‌നടക്കാര്‍ക്കു അവയെ ഭയന്നെ മതിയാകൂ. ഇതു തന്നെയാണ് തീവ്രമതവാദത്തിന്റെയും അവസ്ഥ. സമൂഹത്തിലെ ഉന്നതരെ ഈ സംഘര്‍ഷങ്ങള്‍ ചിലപ്പോള്‍ അലട്ടിയില്ല എന്ന് വരും. തങ്ങളെ ബാധിക്കാത്ത ഒന്നിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ പലരും മടിക്കും. പക്ഷെ കാലക്രമേണ, എല്ലാത്തരം മനുഷ്യരെയും വിഴുങ്ങുന്ന ഒന്നായിരിക്കും, മതത്തിന്റെ പേരിലുള്ള ഭിന്നതകള്‍.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുതന്നെ ചെയ്യാനും മടിക്കില്ല എന്നതാണ്. ലക്ഷ്യം വയ്ക്കുന്ന മതവിഭാഗത്തെ താറടിക്കാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കില്ല. ഇവിടെ ഭരണകൂടത്തിന്റെ നടപടികള്‍ വളരെ കൃത്യമായിരിക്കും. നിരന്തരമായി ഒരു പൊതുശത്രുവിനെ മുന്നില്‍ നിര്‍ത്തുക. ഭൂരിപക്ഷ സമുദായത്തിന്റെ രോഷവും വെറുപ്പും അതിനെതിരെ നിരന്തരമായി തിരിച്ചു വിട്ടുകൊണ്ടിരിക്കുക. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പുകളില്‍ നിന്നും മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. ഈയിടെ വലിയ വിവാദങ്ങള്‍ക്കു ഇടയായ കേരള സ്റ്റോറി എന്ന സിനിമ, കല എന്നതിലുപരിയായി, ഇസ്ലാം വിരോധം മുന്‍നിര്‍ത്തി ഇറങ്ങിയ ഒന്നായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു സംസ്ഥാനത്തെയോ ഒരു സമുദായത്തെയോ അപമാനിക്കുന്ന സിനിമ ഇറക്കുന്നത് വ്യക്തമായ ഉദ്ദേശങ്ങളോടെയാണ്. ഈയിടെ കര്‍ണ്ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ അതിനെ പ്രൊമോട്ട് ചെയ്യുന്ന രീതിയില്‍ സംസാരിക്കുകയുണ്ടായി. മതപരമായ ധ്രൂവീകരണം എത്ര കൃത്യമായിട്ടാണ് ഉന്നം വയ്ക്കുന്നത് എന്ന് നോക്കുക.
വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നിയന്ത്രിക്കേണ്ടതിനെപ്പറ്റി സുപ്രീം കോടതി പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിക്കഴി ഞ്ഞു. എങ്കിലും ഭരണകൂടത്തിന്റെ ഒത്താശയോടെ അവ നിര്‍ബാധം തുടരുന്നതായാണ് കാണുന്നത്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട വേറൊന്നുണ്ട്. അത് തീവ്രമായ മത നിലപാടുകളിലേക്ക് ഒരു സമൂഹം വരുന്നത് പടിപടിയായിട്ടാണ് എന്നതാണ്. ഒരിക്കല്‍ സമൂഹത്തിലെ ഭൂരിപക്ഷം അങ്ങനെ ആയിക്കഴിഞ്ഞാല്‍ പിന്നീട് ഒരു ചെറിയ പ്രകോപനം പോലും വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുക. ഇക്കാരണം കൊണ്ടുതന്നെ, മനുഷ്യനില്‍ വെറുപ്പ് പടര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്നവര്‍, ഹിംസാത്മകമായ പ്രവര്‍ത്തിയാണ് ചെയ്യുന്നത്. പക്ഷെ പലപ്പോഴും, അവര്‍ മാന്യതയുടെ ലേബലില്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആയിരിക്കും. ചരിത്രപരമായി നോക്കിയാല്‍, വിദ്വേഷപ്രചാരണങ്ങള്‍ക്ക്, പ്രത്യേകിച്ച് ഭരണം നടത്തുന്ന പാര്‍ട്ടിയുടെ ഒത്താശയോടെ നടക്കുന്നവര്‍ക്കു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. കഴിഞ്ഞ ദശകങ്ങളില്‍, പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ നിഷ്ഠൂമായ വംശഹത്യകളില്‍, അനേകം വര്‍ഷങ്ങളായി നടന്ന, വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന നാസി കൂട്ടക്കൊല മുതല്‍, ശ്രീലങ്കയിലും, ബോസ്‌നിയയിലും, മ്യാന്‍മറിലും ഒക്കെ നടന്ന മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച വംശീയ കൂട്ടക്കൊലകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഈ രാജ്യങ്ങളിലൊക്കെ നടന്ന വിദ്വേഷ പ്രചാരണങ്ങളുടെ പൊതുസ്വഭാവം ഒന്നായിരുന്നു. ഏതെങ്കിലും ഒരു ന്യൂനപക്ഷസമൂഹത്തിനെതിരെ എല്ലാത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ചും പ്രചാരണം അഴിച്ചുവിടുക. അവരെ എല്ലാത്തരത്തിലും ഒറ്റപ്പെടുത്തുക. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവരാണെന്ന് സ്ഥാപിക്കുക. ഭരണത്തില്‍നിന്നും അവരെ ഒഴിവാക്കുക. ഈ ധ്രുവീകരണത്തിലൂടെ സ്ഥിരമായി ഭരണം നിലനിര്‍ത്തുക. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന ഒന്നാണ് ഇത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു രാജ്യമൊട്ടാകെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നമ്മെയും കാത്തിരിക്കുന്നത് അത്ര നല്ല ഭാവി ആയിരിക്കില്ല. വെറുപ്പുകൊണ്ട് പോകാന്‍ കഴിയുന്ന ദൂരത്തിനു എക്കാലത്തും ഒരു പരിധിയുണ്ട്.
ലേഖകന്റെ ബ്ലോഗ് : www.bobygeorge.com