സൗജന്യവാഗ്ദാനം എന്ന എളുപ്പവഴി

The easy way is to offer freebies.
Published on

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം സ്ത്രീകൾക്ക് KSRTC ബസുകളിൽ സൗജന്യയാത്ര എന്ന അവരുടെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു. ഭരണത്തിൽ വന്നതിനുശേഷം ഏറ്റവും ആദ്യം നടപ്പിലാക്കിയ ഒരു വാഗ്ദാനവും അതായിരുന്നു. വാഗ്ദാനം നടപ്പിലാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, അതിനോടുള്ള എതിർപ്പുമായി, സ്വകാര്യ ബസ്സുടമകൾ രംഗത്ത് എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഈ വിഷയം കൂടുതൽ സജീവമായി സർക്കാരിന്റെയും, പൊതുജനങ്ങളുടെയും ശ്രദ്ധയിൽ നില്ക്കാനാണ് സാധ്യത. ഇതെഴുതുമ്പോൾ, സർക്കാർ സ്വകാര്യ ബസ് ഉടമകളുമായി ചർച്ചകൾ തുടങ്ങി കഴിഞ്ഞു. അവർക്ക് ആശ്വാസത്തിനായുള്ള ചില നടപടികൾ പ്രഖ്യാപിച്ചു എന്നാണ് അറിയുന്നത്.

കേവലം ഒരു ക്ഷേമപദ്ധതി എന്നതിന് അപ്പുറം, ഇതുപോലെ ഉള്ള സൗജന്യ നയങ്ങൾ, തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും, അതിന്റെ ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ചും നമ്മൾ ചിന്തിക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ സാഹചര്യത്തിൽ ഇതിനു പ്രത്യേക പ്രസക്തിയുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പലതരത്തിലുള്ള സൗജന്യവാഗ്ദാനങ്ങൾ, പല പാർട്ടികളും നടത്തുകയും അതിന്റെ ഫലമായി അധികാരത്തിൽ വരികയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു താരതമ്യേന ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന കേരളത്തിലും ഇപ്രകാരമുള്ള സൗജന്യങ്ങൾ വാഗ്ദാനങ്ങളായി അവതരിപ്പിക്കപ്പെടുകയും, അത് നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. കേരളം മുന്നിൽ കാണുന്ന വികസനസങ്കൽപ്പങ്ങളെ അഥവാ സാമ്പത്തിക ഭാവിയെ ഇതൊക്കെ എങ്ങനെയാണ് ബാധിക്കുക എന്ന ചർച്ചയ്ക്ക് തീർച്ചയായും പ്രാധാന്യമുണ്ട്. കേരളത്തിലും, സർക്കാരിന്റെ സഹായം പലതരത്തിൽ ആവശ്യമുള്ള ആളുകൾ ഉണ്ട് എന്ന യാഥാർഥ്യം മറന്നു കൊണ്ടല്ല ഇതു പറയുന്നത്. മറിച്ച് ഇതാണോ അതിനുള്ള ഏറ്റവും നല്ല മാർഗം എന്നാണ് നമ്മൾ പരിശോധിക്കേണ്ടത്. നമ്മുടെ രാഷ്ട്രീയത്തിന്റെ പ്രശ്നം പലപ്പോഴും എളുപ്പവഴികളാണ്. എന്തെങ്കിലും ഒരു കാര്യം സൗജന്യമായി കൊടുക്കാം എന്ന് പറയുന്നതാണ് ഏറ്റവും എളുപ്പമുള്ള ഒരു കാര്യം. സൗജന്യം പ്രഖ്യാപിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് കാര്യമായി മനസ്സിലാക്കുന്ന ഒരു രീതി പലപ്പോഴും നമുക്ക് അന്യമാണ്. വാഗ്ദാനം നടത്തി അത് ചെയ്യാൻ തുടങ്ങുമ്പോഴാണ് അതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. വേറെ ഒരർഥത്തിൽ, സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ പലപ്പോഴും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാതെ പോകുന്നു.

ഈ വിഷയത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം ഒരു നാടിന്റെ ഭരണരംഗത്തു സർക്കാരിന്റെ പങ്ക് എന്താണ് എന്നതാണ്. പൊതുജനങ്ങൾക്ക് ഏറ്റവും ആവശ്യം വേണ്ട മേഖലകളിൽ സ്വകാര്യ മേഖലയുടെ ചൂഷണം ഒഴിവാക്കാൻ സാധ്യമായത് ചെയ്യാൻ സർക്കാരുകൾ ശ്രദ്ധിക്കണം എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടു തന്നെയാണ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിൽ, സർക്കാർ നടത്തിയ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹ്യപുരോഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. ഏതു മേഖല ആണെങ്കിലും അത് ചൂഷണത്തിലേക്കു പോകാതെ, അതിനെ നിയന്ത്രിക്കാനാണ് സർക്കാരുകൾ ശ്രദ്ധിക്കേണ്ടത്. ഗതാഗതം, കമ്മ്യൂണിക്കേഷൻ തുടങ്ങിയ ഏതു മേഖലയിലും സർക്കാരുകൾ ഈ വഴിക്കാണ് ചിന്തിക്കേണ്ടത്. കേരളത്തിന്റെ ഗതാഗതമേഖല എടുത്താൽ തന്നെ, ഒരു പക്ഷെ സ്വകാര്യ ബസ് സർവീസുകളോടു ചേർന്ന് തന്നെ, സർക്കാർ മേഖലയിൽ KSRTC യും പ്രവർത്തിക്കുന്നു. പലപ്പോഴും സാമ്പത്തികമായി ലാഭകരമല്ലാത്ത റൂട്ടുകളിലും, അതുപോലെ തന്നെ അനേകം ദീർഘദൂര റൂട്ടുകളിലും KSRTC ഓടുന്നുമുണ്ട്. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, കേരളത്തിന്റെ ഗതാഗത മേഖലയിൽ ഭൂരിഭാഗവും കവർ ചെയ്യുന്നത് ഇന്നും സ്വകാര്യ ബസുകളാണ് എന്നുള്ളതാണ്.

കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക പുരോഗതിയിൽ നിർണ്ണായകമായ ഒരു പങ്കുവഹിച്ച, വഹിക്കുന്ന ഒന്നാണ് ഇവിടത്തെ സ്വകാര്യ ബസ് സംരംഭം. ഒരു പക്ഷെ സംസ്ഥാനം മുഴുവൻ കണക്ട് ചെയ്യുന്ന രീതിയിൽ അങ്ങനെ ഒരു നെറ്റ്‌വർക്ക് ഉള്ളതുകൊണ്ടാണ് ആളുകൾക്ക് ജോലിക്കു പോകാനും, വിദ്യാർത്ഥികൾക്ക് പഠിക്കാൻ പോകാനും ഒക്കെ എളുപ്പത്തിൽ സാധിച്ചത്.

അതുകൊണ്ടു തന്നെ സ്വകാര്യമേഖല ഈ രംഗത്ത് ആരോഗ്യകരമായി നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യം കൂടിയാണ്. സ്വകാര്യബസുകളെ മാത്രം ആശ്രയിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളും, അതുപോലെ തന്നെ ആ മേഖല തൊഴിൽ നൽകുന്ന വലിയൊരു വിഭാഗം തൊഴിലാളികളും നമുക്കുണ്ട്. ഈ സാഹചര്യത്തിലാണ്, സർക്കാരിന്റെ ഏതെങ്കിലും പദ്ധതി ആ മേഖലയെ കാര്യമായി ബാധിക്കുമ്പോൾ അത് ഗുരുതരമായ ഒരു വിഷയം ആകുന്നത്. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക പുരോഗതിയിൽ നിർണ്ണായക മായ ഒരു പങ്കു വഹിച്ച, വഹിക്കുന്ന ഒന്നാണ് ഇവിടത്തെ സ്വകാര്യ ബസ് സംരംഭം. ഒരു പക്ഷെ സംസ്ഥാനം മുഴുവൻ കണക്ട് ചെയ്യുന്ന രീതിയിൽ അങ്ങനെ ഒരു നെറ്റ്‌വർക്ക് ഉള്ളതുകൊണ്ടാണ് ആളുകൾക്ക് ജോലിക്കു പോകാനും, വിദ്യാർത്ഥികൾക്ക് പഠിക്കാൻ പോകാനും ഒക്കെ എളുപ്പത്തിൽ സാധിച്ചത്.

മറ്റൊരു കാര്യം, ഏതൊരു സമൂഹത്തിലും, സഹായം, അത് ആവശ്യമുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതുണ്ട് എന്നതാണ്. കേരളം പോലെ ഒരു സംസ്ഥാനത്ത്, യഥാർത്ഥമായി സൗജന്യങ്ങൾ വേണ്ടത് ആർക്കൊക്കെ എന്ന് തിട്ടപ്പെടുത്താൻ പൊതുവെ എളുപ്പമായ അവസ്ഥയിൽ, എല്ലാവർക്കും ഒരേ പോലെ പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾ അത്ര നല്ല ഒരു നയമല്ല എന്ന് തന്നെ പറയേണ്ടി വരും. പൊതുജനത്തിന് മുഴുവൻ ആയി പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾ ദുരുപയോഗം ചെയ്യുക സർവ സാധാരണമാണ്. കേരളത്തിന്റെ പരിമിതമായ സാമ്പത്തികശേഷിയെ, ഏറ്റവും അർഹരായവർക്ക്‌ ആനുകൂല്യങ്ങൾ എത്തിക്കുന്ന രീതിയിലാണ് പ്രയോജനപ്പെടുത്തേണ്ടത്. സേവനങ്ങൾക്കുവേണ്ട ചെലവ് വഹിക്കാൻ തയ്യാറുള്ളവരിൽ നിന്നും അത് വാങ്ങിക്കൊണ്ടാണ് കൂടുതൽ മെച്ചപ്പെട്ട ഒരു സേവനം കൊടുക്കേണ്ടത്. എല്ലാവർക്കും സൗജന്യം നടപ്പിലാക്കാൻ വളരെ എളുപ്പമാണ്. പക്ഷെ യഥാർത്ഥ ആവശ്യക്കാരനെ കണ്ടെത്തി അത് അവനു മാത്രം എത്തിക്കുക എന്നത് ശ്രമകരമാണ്. ആ ശ്രമം നടത്താനുള്ള ഇച്ഛാശക്തിയാണ് സർക്കാരുകൾക്ക് ഉണ്ടാവേണ്ടത്.

സൗജന്യപദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ, നാം ആവർത്തിച്ചു കേൾക്കുന്ന മറ്റൊരു വാദമാണ്, അത് ജനങ്ങളെ ശക്തീകരിക്കാനാണ് എന്നുള്ളത്. എത്ര മുന്നോട്ടു പോയാലും, സൗജന്യം മാത്രം കിട്ടാൻ അർഹത ഉള്ളവരാണ് ജനം എന്ന ധാരണയാണ് പ്രശ്നം. യാത്രയുടെ ചാർജ് കൊടുത്തു ബസിൽ പോകാൻ സാധിക്കുക എന്നതാണ് ശരിയായ ശക്തീകരണം. ആരോഗ്യവും, വിദ്യാഭ്യാസവും ഒക്കെ ഉള്ള ഒരു ജനസമൂഹത്തെ സൃഷ്ടിച്ചു, അവർക്കു തൊഴിലവസരങ്ങളും, നിലവാരമുള്ള ജീവിതവും ഉറപ്പു വരുത്തുക എന്നതാണ് ഏതൊരു സർക്കാരിന്റെയും പ്രാഥമിക ധർമ്മം. അതിനുള്ള ഭാവന ഇല്ലാതെ വരുമ്പോഴാണ്, പലപ്പോഴും സൗജന്യത്തിന്റെ വാഗ്ദാനങ്ങൾ മാത്രമായി ഭരണം ചുരുങ്ങുന്നത്. രാഷ്ട്രീയക്കാരൻ അടുത്ത തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടു ജീവിക്കുന്ന ഒരാളാണ്. അതുകൊണ്ടു തന്നെ എല്ലാ സൗജന്യങ്ങളും നാടിനെ രക്ഷിക്കാൻ ഉതകില്ല എന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിന്റെ കാര്യമെടുത്താൽ, മറ്റു ഒരു ഇന്ത്യൻ സംസ്‌ഥാനത്തിലും നടത്താത്ത പല ക്ഷേമപരിപാടികളും ഏറ്റെടുത്തു നടത്തിയ ഒരു ചരിത്രം നമുക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ഒരു പക്ഷെ ഇപ്പൊ കേരളം പരീക്ഷിക്കുന്ന ഈ സൗജന്യപദ്ധതിയെ ആളുകൾ അൽപ്പം ആശങ്കയോടെ കാണുന്നത്. അവരുടെ ആശങ്കകളെ ദൂരീകരിക്കാനുള്ള ബാധ്യതയും സർക്കാരിന് തന്നെയാണ്.

  • ലേഖകന്റെ ബ്ലോഗ് : www.bobygeorge.com

logo
Sathyadeepam Online
www.sathyadeepam.org