പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍
Published on
  • ബോബി ജോര്‍ജ്ജ്

പുതുവര്‍ഷത്തിന് അതിന്റേതായ ഒരു ഭംഗി ഉണ്ട്. പോയ വര്‍ഷത്തിന്റെ നഷ്ടബോധം ഒക്കെ മറന്നു, ഒരു പുതിയ തുടക്കത്തിന് ഏറ്റവും അനുയോജ്യം പുതുവര്‍ഷത്തിന്റെ തുടക്കം തന്നെ. പലപ്പോഴും ജീവിതം എന്താണ് എന്ന് മനസ്സിലാക്കുന്നത് പിറകോട്ടു നോക്കുമ്പോഴാണ്. പക്ഷെ ജീവിക്കുന്നത് മുന്നോട്ടും. ഇക്കാരണം കൊണ്ട് തന്നെ, നമുക്ക് മുന്നേ കടന്നു പോയ മനുഷ്യരുടെ അനുഭവങ്ങള്‍ ആയിരിക്കും, ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പാഠങ്ങള്‍. ഈയിടെ ശ്രദ്ധയില്‍പ്പെട്ട ചില മരണക്കുറിപ്പുകള്‍ ഒരു പക്ഷെ, ഈ പുതുവര്‍ഷത്തില്‍ ഏറെ പ്രസകതമാണ് എന്ന് തോന്നുന്നു. ഇത് രേഖപ്പെടുത്തി വച്ചതു ലോറ എന്ന് പേരുള്ള ഒരു നേഴ്‌സ് ആയിരുന്നു. തന്റെ സംരക്ഷണയില്‍, മരണം കാത്തു കിടന്ന, ഏകദേശം 300 പേരുടെ മരണമൊഴികള്‍, പതിനഞ്ചു വര്‍ഷക്കാലം കൊണ്ട് ലോറ ശേഖരിച്ചു. ജീവിതത്തിനും, മരണത്തിനും ഇടയില്‍ കിട്ടിയ ഇത്തിരി സമയം അവര്‍ പറഞ്ഞ കാര്യങ്ങള്‍. അതുകൊണ്ടു തന്നെ ഇത് സത്യസന്ധമായ ഒരു ഏറ്റുപറച്ചില്‍ ആയി എടുക്കാം. മുന്നൂറു പേരുടെ മൊഴികളില്‍ നിന്നും പൊതുവായി ഉരുത്തിരിഞ്ഞു വന്ന കുറച്ചു സത്യങ്ങള്‍ ഉണ്ട്. മരണത്തിലേക്ക് നടക്കുന്നതിനു തൊട്ടു മുമ്പ്, മനുഷ്യര്‍ രേഖപ്പെടുത്തിയ ചില ദുഃഖങ്ങള്‍. തിരിച്ചറിഞ്ഞ ചില യാഥാര്‍ഥ്യങ്ങള്‍.

ഒന്നാമതായി പങ്കുവച്ച കാര്യം, തങ്ങള്‍ക്കു കുറച്ചു കൂടി സ്‌നേഹിക്കാമായിരുന്നു എന്നതായിരുന്നു. വര്‍ഷങ്ങള്‍ ആയി സഹോദരങ്ങളോട് മിണ്ടാതെ ഇരുന്നവര്‍. ജീവിതത്തിന്റെ സായാഹ്നത്തില്‍, സ്‌നേഹിക്കാതെ നഷ്ടപ്പെടുത്തിയ വര്‍ഷങ്ങള്‍ അവരെ വേട്ടയാടി. കുറച്ചു കൂടി ദയയുള്ളവര്‍ ആയി ജീവിക്കാമായിരുന്നു, എന്ന് അവര്‍ സമ്മതിച്ചു. സ്‌നേഹം, ബാക്കി എല്ലാം തീര്‍ത്തിട്ട് ചെയ്യാന്‍ ഉള്ളതല്ല, മറിച്ചു അതാണ് ഒരുപക്ഷെ ജീവിതത്തെ ഏറ്റവും സൗന്ദര്യമുള്ളതാക്കുന്നതെന്നു അവര്‍ വൈകി മനസ്സിലാക്കി. മാറ്റി വച്ച സന്തോഷങ്ങളെക്കുറിച്ചു ആയിരുന്നു വേറെ കുറെ പേര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത്. മറ്റൊരവസരത്തിലേക്കു ഒരുപാടു കാര്യങ്ങള്‍ നീക്കി വയ്ക്കുന്നവര്‍ ആണ് നമ്മള്‍.

"നമ്മള്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന ഏറ്റവും മനോഹരമായ സമ്മാനം (gift) നമ്മുടെ ശ്രദ്ധയാണ് (attention). മറ്റുള്ളവര്‍ എന്ത് പറയും എന്ന് ഭയന്ന് പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നു. ജീവിതത്തില്‍ നാം എടുക്കുന്ന ഏറ്റവും വലിയ റിസ്‌ക്, യാതൊരു റിസ്‌കും എടുക്കുന്നില്ല എന്നതാവാം. അഭിനയങ്ങളില്ലാതെ സത്യസന്ധമായി സ്വന്തം വ്യക്തിത്വത്തോടെ ജീവിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം."

പക്ഷെ ആ അവസരം ഒരിക്കലും വന്നു എന്നിരിക്കില്ല. യാത്രയോ, ജീവിതത്തിലെ ഏതെങ്കിലും ആഗ്രഹങ്ങളോ എന്തുമാകട്ടെ, പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന അനുയോജ്യമായ സമയം അതിനായി കിട്ടണം എന്നില്ല. ഒരു വര്‍ഷം തുടങ്ങുമ്പോള്‍, എടുക്കാവുന്ന ഏറ്റവും നല്ല ഒരു തീരുമാനം കിട്ടുന്ന അവസരങ്ങളെ അപ്പോള്‍ തന്നെ ഫലപ്രദമായി ഉപയോഗിക്കുക എന്നത് ആയിരിക്കും. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍, ക്ഷമ നല്‍കിയ സമാധാനം ആയിരുന്നു കുറെ പേര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത്. പലപ്പോഴും മനുഷ്യന് ഏറ്റവും കഠിനമായ ഒന്നാണ് ക്ഷമിക്കുക എന്നുള്ളത്. എത്രയോ വര്‍ഷങ്ങള്‍ ആയി സംസാരം പോലുമില്ലാതിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരോട് മരണക്കിടക്കയില്‍ ക്ഷമിച്ചു, ആ സമാധാനത്തില്‍ ലോകം വിട്ടുപോയവരെ ലോറ കണ്ടുമുട്ടുന്നുണ്ട്. ക്ഷമിക്കാതെ ഇരിക്കുമ്പോള്‍ നമ്മള്‍ ശിക്ഷിക്കുന്നത് നമ്മെ തന്നെയാണ്.

ജോലിയുടെയും സമ്പത്തിന്റെയും ഒക്കെ പിറകെ ഭ്രാന്തമായി ഓടിയപ്പോള്‍ നഷ്ടമാക്കിയ മനോഹരമായ നിമിഷങ്ങള്‍ ആയിരുന്നു ഒരുപാടു പേരുടെ സങ്കടം. ഏറ്റവും പ്രിയപ്പെട്ടവരുടെ കൂടെ വേണ്ടത്ര സമയം ചിലവഴിക്കാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖം. എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍ നമുക്ക് നഷ്ടമാകുന്നത് എന്തൊക്കെ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ അവസാനം അടുക്കുന്തോറും മനുഷ്യനെ ഏറ്റവും അലട്ടുന്ന ഒരു ചിന്ത, നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ ആയിരിക്കും. മനസ്സിന് ആഗ്രഹം തോന്നിയ കാര്യങ്ങള്‍ക്കു വേണ്ടി ഒന്ന് ശ്രമിക്കാന്‍ പോലും സാധിച്ചില്ലല്ലോ എന്നത് അവനെ ദുഃഖത്തില്‍ ആഴ്ത്തും. പലപ്പോഴും, നമ്മെ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് നമ്മുടെ ഭീരുത്വം ആണ്. മറ്റുള്ളവര്‍ എന്ത് പറയും, നമ്മെക്കുറിച്ച് എന്ത് വിചാരിക്കും എന്നൊക്കെ വിചാരിച്ചു നമ്മള്‍ ഒന്നും ചെയ്യാതെ ഇരിക്കും. ജീവിതത്തില്‍ ഒരു പക്ഷെ നാം എടുക്കുന്ന ഏറ്റവും വലിയ റിസ്‌ക്, യാതൊരു റിസ്‌കും എടുക്കുന്നില്ല എന്നതാവും.

എന്താണ് വേറൊരാള്‍ക്ക് നാം കൊടുക്കുന്ന ഏറ്റവും മനോഹരമായ ഒരു സമ്മാനം (gift) ? അത് നാം കൊടുക്കുന്ന ശ്രദ്ധയാണ് (attention). അത് അയാളെ കേള്‍ക്കുന്നത് ആണ്, കാണുന്നതാണ്. എല്ലാ തരത്തിലും നമ്മുടെ ശ്രദ്ധ, നൂറുകണക്കിന് കാര്യങ്ങള്‍ക്കു ചിതറിപ്പോകുന്ന (distraction) ഈ കാലഘട്ടത്തില്‍, ഒരുപാടു പേര്‍ക്ക് തോന്നിയ ഒരു കാര്യം, അവര്‍ ഒരിടത്തും പൂര്‍ണമായും അവരെ കൊടുത്തില്ല എന്നുള്ളതായിരുന്നു. ഒരേ സമയം അവര്‍ പലതിന്റെയും പിറകെ ഓടിയപ്പോള്‍ അവര്‍ക്കു നഷ്ടപ്പെട്ടത് അതായിരുന്നു. ഇന്ന് നമ്മുടെ ശീലങ്ങള്‍ നോക്കുക. ഒരുപാടു പേര്‍ക്ക് ജീവിതം എന്നത് അവരുടെ ഫോണിന്റെ ചുറ്റും കറങ്ങുന്ന ഒന്നാണ്. എല്ലാ അനുഭവങ്ങളും സ്വന്തമാക്കാന്‍ ഉള്ള വ്യഗ്രതയില്‍, നമ്മള്‍ ഒന്നും ആഴമായി അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാതെ കടന്നു പോകുന്നു.

അവസാനത്തെ കാര്യമായി അവതരിപ്പിക്കപ്പെട്ട ഏറ്റുപറച്ചില്‍, യാതൊരു നാട്യങ്ങളുമില്ലാതെ ജീവിക്കാന്‍ സാധിച്ചില്ലല്ലോ എന്നതായിരുന്നു. പലപ്പോഴും നമ്മുടെ ജീവിതങ്ങള്‍ അഭിനയം ആയി മാറുന്നുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചു നമ്മുടെ വ്യക്തിത്വം നമ്മള്‍ രൂപപ്പെടുത്തുന്നു. സത്യസന്ധമായി നമ്മുടെ അഭിപ്രായങ്ങള്‍ പറയാന്‍ നമ്മള്‍ മടിക്കുന്നു. മറ്റുള്ളവര്‍ എന്ത് തന്നെ പറഞ്ഞാലും, നമുക്ക് നമ്മള്‍ ആകാന്‍ പറ്റുമ്പോള്‍ ആണ് ശരിയായ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ഒരു പക്ഷെ ഈ പുതുവര്‍ഷം, നമ്മള്‍ ധരിച്ചിരിക്കുന്ന മുഖം മൂടികള്‍ മാറ്റാന്‍ സാധിച്ചാല്‍ അതൊരു നേട്ടമാകും. ജീവിതത്തില്‍ സത്യസന്ധത തരുന്ന സമാധാനം എന്താണ് എന്ന് അപ്പോള്‍ നമ്മള്‍ മനസ്സിലാക്കും.

എല്ലാവര്‍ക്കും പുതുവര്‍ഷത്തിന്റെ മംഗളങ്ങള്‍ !

  • ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org