ചില വിദ്യാഭ്യാസചിന്തകള്‍

ചില വിദ്യാഭ്യാസചിന്തകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ദളിത് (SC/ST/OBCഇ) വിഭാഗത്തില്‍ പെട്ട ഏകദേശം 19000 കുട്ടികളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യസസ്ഥാപനങ്ങളായ IIT, IIM കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പാതിവഴിക്ക് പഠനം ഉപേക്ഷിച്ചു പുറത്തു വന്നത്.

കഴിഞ്ഞ ദിവസം ഒരു ഓഫീ സ് പ്യൂണ്‍ പങ്കുവച്ച അനുഭവം കുട്ടികള്‍ക്ക് ഫീസ് അടക്കാനുള്ള ബുദ്ധിമുട്ടാണ്. ഒരു സാധാരണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അയാളുടെ കുട്ടികള്‍ പഠിക്കുന്ന ത്. അവിടത്തെ ഫീസ് പോലും അദ്ദേഹത്തിന്റെ തുച്ഛ ശമ്പളത്തില്‍ താങ്ങാന്‍ പറ്റുന്ന ഒന്നല്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ സാധാരണക്കാര്‍ അവരുടെ വരുമാനത്തിന്റെ മുഖ്യപങ്കു ചെലവഴിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും, കുടുംബത്തിന്റെ ആരോഗ്യത്തിനുമാണ്. ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏതൊരു സര്‍ക്കാരും അവരുടെ പൗരന്മാര്‍ക്ക് സൗജന്യമായോ, തുച്ഛമായ ചെലവിലോ ലഭ്യമാക്കേണ്ട രണ്ടു കാര്യങ്ങളാണ് ഇവ. പക്ഷെ, സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ കഴിയുമ്പോഴും, പൊതുജനങ്ങള്‍ക്ക് സാര്‍വത്രികമായി ലഭ്യമാകുന്ന ആരോഗ്യവും, വിദ്യാഭ്യാസവും നമ്മുടെ രാജ്യത്ത് ഇനിയും അകലെയാണ്.

സ്വന്തം പൗരന്മാരെ വിദ്യാഭ്യാസമുള്ളവരാക്കി മാറ്റാന്‍ ഏറ്റവും കുറച്ചു വിഭവങ്ങളും, പ്രയത്‌നവും ചെലവഴിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കേരളവും മറ്റു കുറച്ചു സംസ്ഥാനങ്ങളും മാത്രമാണ് ഇതിന് അപവാദം. ഇന്ത്യയിലെ സാധാരണക്കാര്‍ തങ്ങളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്നും കരകയറാനുള്ള ഏക പോംവഴി ആയി കാണുന്നത് തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ്. ഉയര്‍ന്ന ജോലികളിലേക്കും, സാമൂഹ്യ അന്തസ്സിലേക്കുമുള്ള ചവിട്ടുപടിയായി ഇംഗ്ലീഷ് വന്നതോടുകൂടി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ വന്‍തോതിലുള്ള വളര്‍ച്ച ഉണ്ടാവുകയാണ് ചെയ്തത്. നഗരങ്ങളില്‍ പ്രത്യേകിച്ചും, ഇംഗ്ലീഷ് മീഡിയം എന്ന ലേബല്‍ മാത്രം മതിയായിരുന്നു കുട്ടികളെ ആകര്‍ഷിക്കാന്‍. സ്‌കൂളുകളുടെ സൗകര്യങ്ങളോ, അധ്യാപകരുടെ യോഗ്യതയോ കാര്യമായ മാനദണ്ഡം അല്ലാതെയായി. ഫീസ് നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അവകാശം മാനേജ്‌മെന്റുകള്‍ക്ക് കൈവന്നതോടു കൂടി, ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗം, ലാഭം മാത്രം മുന്നില്‍ കാണുന്ന വലിയ ഒരു പറ്റം മാനേജ്‌മെന്റുകളുടെ കുത്തകയായി എന്നും പറയാം. ഈ അടുത്ത കാലത്തു വൈറലായ ഒരു വാര്‍ത്തയുണ്ട്. അത് ഒരു പ്രീ പ്രൈമറി സ്‌കൂളില്‍ മാതാപിതാക്കള്‍ക്ക് orientation കൊടുക്കാന്‍ 8500 രൂപ ചാര്‍ജ് ചെയ്തതായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ അഭൂതപൂര്‍വമായ വര്‍ധനവോടു കൂടി, ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ മേഖലയിലുള്ള സ്‌കൂളുകള്‍ കടുത്ത അവഗണന നേരിട്ടുവെന്നതും യാഥാര്‍ഥ്യമാണ്. കേരളം അതിന്റെ പൊതുമേഖലയിലുള്ള വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചത് വലിയ നേട്ടമായി മാറുന്നത് ഇവിടെയാണ്.

കനത്ത ഫീസ് കൊടുത്തു കുട്ടികളെ വിടാന്‍ ആളുകള്‍ തിരഞ്ഞെടുത്ത അനേകം സ്‌കൂളുകളില്‍, ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകരുടെ ദൗര്‍ലഭ്യം ഒരു പ്രശ്‌നമാണ്. അതിന്റെ ഫലമായി പലപ്പോഴും ഇംഗ്ലീഷോ, മാതൃഭാഷയോ, മറ്റു വിഷയങ്ങളോ ശരിയായി പഠിക്കാത്ത ഒരു വലിയ ശതമാനം കുട്ടികള്‍ ഉണ്ടായി. ഇതിന് ഒരു മറുവശം കൂടിയുണ്ട്. ഒരു കാലത്തു നമ്മുടെ രാജ്യത്ത് ഉയര്‍ന്ന നിലയില്‍ എത്തിയ അനേകം പേര് മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടിയവര്‍ ആയിരുന്നു. മാതൃഭാഷ വിദ്യാലയങ്ങള്‍ കടുത്ത അവഗണന നേരിട്ടപ്പോള്‍, അത് നശിപ്പിച്ചത് പ്രതിഭാസമ്പന്നരായ അനേകം കുട്ടികളുടെ ഭാവി കൂടിയാണ്. ചുരുക്കത്തില്‍ നല്ല അധ്യാപകരും, വീട്ടില്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ മാതാപിതാക്കളും ഇല്ലാത്ത സാഹചര്യങ്ങളില്‍, പല കുട്ടികള്‍ക്കും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഗുണത്തേക്കാളും ദോഷമാണ് ചെയ്തത്. ബഹുഭൂരിപക്ഷം കുടുംബങ്ങളും സ്‌കൂള്‍ ഫീസ് കൂടാതെ, കനത്ത ട്യൂഷന്‍ ഫീസും കൊടുക്കാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെ ഒരു വലിയ വിഭാഗം സാധാരണക്കാര്‍, കുട്ടികളെ സ്‌കൂളില്‍ വിടാന്‍ മാത്രം കടക്കാരാവുന്ന അവസ്ഥയാണ് അതുമൂലമുണ്ടായത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസമേഖലയിലേക്കു വന്നാലും സ്ഥിതി ഭിന്നമല്ല. ഇന്ത്യയിലെ സര്‍വകലാശാലകളിലും കോളജുകളിലും നിലനില്‍ക്കുന്ന ആയിരക്കണക്കിന് അധ്യാപക ഒഴിവുകള്‍, താല്‍ക്കാലിക അധ്യാപകരെ വച്ച് നടത്തുന്ന കോഴ്‌സുകള്‍, ഫണ്ടിന്റെ അപര്യാപ്തത എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസരംഗം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. പ്രൊഫഷണല്‍ കോളജുകള്‍ അധികവും സ്വകാര്യമേഖലയിലു മാണ്. അവിടെയും യാതൊരു നിയന്ത്രണവുമില്ലാത്ത ഫീസ് ഘടനയാണുള്ളത്. നിലവാരമുള്ള പരിമിതമായ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഫീസ് കുത്തനെ കൂട്ടുന്ന പ്രവണതയും കൂടിവരുന്നുണ്ട്. പ്രൊഫഷണല്‍ കോളജുകളില്‍ അഡ്മിഷന് മുന്നോടിയായി, കോച്ചിങ് സ്ഥാപനങ്ങളിലേക്ക് ഒഴുകുന്ന കോടിക്കണക്കിനു രൂപയും കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ സാധാരണക്കാരുടെ സാമ്പത്തിക ഭാരം. സമൂഹത്തിലെ ജാതീയമായി പിന്നോക്കം നില്‍ക്കുന്ന വലിയ ഒരു ജനവിഭാഗത്തിന്റെ കാര്യം എടുത്താല്‍ ഈയിടെ വന്ന ഒരു കണക്കു ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ദളിത് (SC/ST/OBC) വിഭാഗത്തില്‍ പെട്ട ഏകദേശം 19000 കുട്ടികളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യസസ്ഥാപനങ്ങളായ IIT, IIM കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പാതിവഴിക്ക് പഠനം ഉപേക്ഷിച്ചു പുറത്തു വന്നത്.

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന വേറൊരു ട്രെന്‍ഡ്, സ്വകാര്യ സര്‍വകലാശാലകളുടെ കടന്നു വരവാണ്. ഡിഗ്രി പ്രോഗ്രാമുകള്‍ക്കു വരെ ലക്ഷക്കണക്കിനു രൂപ ചാര്‍ജ് ചെയ്യുന്ന രീതിയാണ് അവിടെ ഉള്ളത്. ഇന്ത്യയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടു പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍, അസിം പ്രേംജി യൂണിവേഴ്‌സിറ്റി (ബാംഗ്ലൂര്‍) ഒരു ഡിഗ്രി പ്രോഗ്രാമിന് ഒരു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം വരെ എല്ലാം ചേര്‍ത്ത് ചാര്‍ജ് ചെയ്യുമ്പോള്‍, അശോക യൂണിവേഴ്‌സിറ്റിയില്‍ (ഹരിയാന) അത് 12 ലക്ഷം വരെയാണ്. ഇന്ത്യയിലെ സമ്പന്നമായ ഒരു സമൂഹത്തെ തന്നെയാണ് ഈ സ്ഥാപനങ്ങളും ലക്ഷ്യം വയ്ക്കുന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ വലിയ രീതിയില്‍ കടന്നു വരുമ്പോള്‍, പതിനായിരക്കണക്കിന് കുട്ടികള്‍ ആശ്രയിക്കുന്ന സര്‍ ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ അവഗണന നേരിടാനുള്ള സാധ്യതയും ഉണ്ട്. ഒരു വശത്തു യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്‌കൂള്‍/കോളജുകള്‍ ഉള്ള രാജ്യത്തു തന്നെയാണ്, വര്‍ഷം ലക്ഷക്കണക്കിന് രൂപ കൊടുത്തു പഠിക്കാന്‍ ആളുകള്‍ തയ്യാറാകുന്ന സ്വകാര്യ സര്‍വകലാശാലകളും ഉള്ളത്. ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വത്തിന്റെ ഒരു പരിച്ഛേദം തന്നെയായി നമ്മുടെ വിദ്യാഭ്യാസരംഗവും മാറുകയാണ്.

ഇന്ത്യയിലെ സാധാരണ സ്‌കൂളുകളില്‍ പഠിച്ചു രാജ്യത്ത് ഉന്നത നിലയില്‍ എത്തിയ അനേകം പേരുടെ കഥകള്‍ കേട്ടാണ് നമ്മള്‍ വളര്‍ന്നത്. കെ ആര്‍ നാരായണന്‍ മുതല്‍ ഏ പി ജെ അബ്ദുള്‍ കലാം വരെയുള്ള പ്രസിഡന്റുമാര്‍ വരെ ഇക്കൂട്ടത്തില്‍ വരും. പക്ഷെ ഭാവിയിലേക്ക് നോക്കുമ്പോള്‍, ഇതിനൊക്കെയുള്ള സാധ്യതകള്‍ കുറയുന്നതാണ് കാണുന്നത്. നല്ല വിദ്യാഭ്യാസം സമ്പന്ന വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുന്നത് പുതിയൊരു ജാതി വ്യവസ്ഥ തന്നെ ആയിരിക്കും. നല്ല വിദ്യാഭ്യസം കിട്ടുന്ന ഒരു ന്യൂനപക്ഷവും, അതില്‍ നിന്നും പിന്തള്ളപ്പെടുന്ന വലിയ ഒരു സമൂഹവും.

  • ലേഖകന്റെ ബ്ലോഗ്:

  • www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org