സാക്ഷരത മാത്രമാകരുത് വിദ്യാഭ്യാസം

സാക്ഷരത മാത്രമാകരുത് വിദ്യാഭ്യാസം
കുട്ടികളെ പഠിപ്പിക്കേണ്ടത്, അറിവിനെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്. പല സ്രോതസ്സില്‍നിന്നും വരുന്ന അറിവുകളെ, ശരിയായ രീതിയില്‍ യോജിപ്പിച്ച് അവയില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് ഇന്നത്തെ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ടത്.

ഈ അടുത്ത കാലത്തു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്ത നരബലിയുടേതാണ്. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്, ഇലന്തൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാസമ്പന്നം എന്ന് അറിയപ്പെടുന്ന ഒരു സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു കൊണ്ട് ദേശീയതലത്തിലും മാധ്യമ ശ്രദ്ധ കിട്ടിയ ഒന്നായിരുന്നു ഈ വാര്‍ത്ത. നൂറു ശതമാനം സാക്ഷരത ഒക്കെ ഉള്ള ഒരു നാട്ടില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്നായിരുന്നു ഒരു ചോദ്യം. നരബലി മാറ്റി നിര്‍ത്തിയാല്‍ തന്നെ, യുക്തിക്കു നിരക്കാത്ത അനേകം വിശ്വാസങ്ങളും, ആചാരങ്ങളും ഇവിടെ ദിനംപ്രതി അരങ്ങേറുന്നുണ്ട്. ഇവിടെ പ്രസക്തമായ ചോദ്യം, മൂല്യബോധവും, വിവേകവും, ചിന്താശേഷിയും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതാണ്.

നൂറു ശതമാനം സാക്ഷരത നമ്മള്‍ അഭിമാനപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു വലിയ സാമൂഹ്യപുരോഗതി നമ്മള്‍ നേടിയിട്ടുണ്ട് എന്നതും വസ്തുതയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വിദ്യാഭ്യാസം എന്ന പേരില്‍ നമ്മള്‍ എന്താണ് കൊടുക്കുന്നത് എന്നതാണ്. ഒരു വലിയ ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസം എന്നത് എന്തെങ്കിലും ഒരു തൊഴില്‍ നേടുക എന്നതിന് അപ്പുറം ഒന്നുമല്ല. ഒരു തൊഴില്‍ നേടിക്കഴിഞ്ഞാല്‍ എല്ലാം ആയി എന്ന ഒരു ധാരണയിലേക്കു നമ്മള്‍ വരുന്നു. ഇന്ന് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യങ്ങളുടെ പേരില്‍ സാക്ഷരത പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, എന്ത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നമ്മള്‍ കുട്ടികള്‍ക്കു കൊടുക്കേണ്ടത് എന്ന സ്വാഭാവിക ചോദ്യം ഉയരുന്നു. കുട്ടികളെ ഈ ജീവിതത്തെക്കുറിച്ചും, ലോകത്തെക്കുറിച്ചും ഒക്കെ വിവേകപൂര്‍വ്വം ചിന്തിക്കാന്‍ കൂടി പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം ഉണ്ടായില്ലെങ്കില്‍ സാക്ഷരത കൊണ്ട് മാത്രം ഒരു കാര്യവുമില്ല. വിദ്യാഭ്യാസം എന്നത് തൊഴില്‍ നേടാനുള്ള ഉപാധി മാത്രമല്ല മറിച്ചു ഒരു പൂര്‍ണമനുഷ്യനെ നിര്‍മ്മിക്കുന്ന പ്രക്രിയയാണ്. സാങ്കേതിക വിദ്യ, വിദ്യാഭ്യാസം ഉള്‍പ്പടെ സര്‍വ്വ മേഖലകളെയും മാറ്റി മറിക്കുന്ന ഈ കാലഘട്ടത്തിലും, ചിന്താശേഷിയുള്ള, സഹജീവികളോട് അനുകമ്പയുള്ള മനുഷ്യനെ സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നമ്മള്‍ മറന്നു കൂടാ. മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, ആള്‍ദൈവങ്ങളുടെയും, സ്വാര്‍ത്ഥതയുടെയും അടിമയാവാതെ ലോകത്തിന്റെ നന്മയെപ്പറ്റി ചിന്തിക്കുന്ന ഒരു മനുഷ്യനെയാണ് വിദ്യാഭ്യാസം കൊണ്ട് നാം ലക്ഷ്യം വയ്‌ക്കേണ്ടത്.

ഒന്നാമതായി നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, വിദ്യാഭ്യാസം എന്നത് മറ്റുള്ളവരുടെ ആശയങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമല്ല, മറിച്ച് ആ ആശയങ്ങളില്‍ നിന്നും, സ്വന്തം നിഗമനങ്ങളില്‍ എത്താന്‍ ഒരുവനെ പ്രാപ്തനാക്കുന്ന ഒന്നാണ് എന്നതാണ്. ഇംഗ്ലീഷ് കവി W.B. Yeats പറഞ്ഞത് ഓര്‍ക്കുക. "Education is not the filling of a pail, but the lighting of a fire.' എത്ര നൂറ്റാണ്ടുകള്‍ പഴക്കം ചെന്നതാണെങ്കിലും ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കേണ്ട ഒന്നല്ല ഒരു ആശയവും. അതു കൊണ്ടു തന്നെ, നല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യമായി മാറുന്നു. നമ്മുടെ ചുറ്റും കാണുന്ന പുരോഗമനപരമായ പല മാറ്റങ്ങളും ഉണ്ടായത്, കുറെ പേര്‍ക്കെങ്കിലും ഭയം കൂടാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിച്ചതു കൊണ്ടാണ്. മതമായാലും, രാഷ്ട്രീയമായാലും, പ്രത്യയശാസ്ത്രങ്ങള്‍ ആയാലും, മനുഷ്യന്റെ സാമാന്യ ബുദ്ധിയെയും, മാനവിക മൂല്യങ്ങളെയും തള്ളി പറയുമ്പോള്‍ അവയെ ചോദ്യം ചെയ്യാന്‍ ഒരുവന് സാധിക്കണം.

ഈ കാലത്തും പലപ്പോഴും നമ്മുടെ വിദ്യാഭ്യാസം ഓര്‍മ്മശക്തിയുടെ മാത്രം പ്രകടനം ആവാറുണ്ട്. നമ്മുടെ പരീക്ഷകള്‍ പ്രത്യേകിച്ചും. ആധുനിക വിവര സാങ്കേതികവിദ്യ, വിദ്യാഭ്യാസത്തില്‍ ഓര്‍മ്മയുടെ പങ്കിനെ പൊളിച്ചെഴുതുന്നു. എല്ലാ കാര്യങ്ങളും, യാന്ത്രികമായി ഓര്‍ത്തു വയ്ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ അല്ല നമുക്കാവശ്യം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വിജ്ഞാനകോശങ്ങള്‍ ആകേണ്ടതുമില്ല. അറിവിനെ സമര്‍ത്ഥമായി സൂക്ഷിക്കാനും, തിരിച്ചെടുക്കാനും ഉള്ള അനന്ത സാധ്യത ടെക്‌നോളജി ഇന്ന് നമുക്ക് തരുന്നുണ്ട്. ഇവിടെ കുട്ടികളെ പഠിപ്പിക്കേണ്ടത്, അറിവിനെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്. പല സ്രോതസ്സില്‍നിന്നും വരുന്ന അറിവുകളെ, ശരിയായ രീതിയില്‍ യോജിപ്പിച്ച് അവയില്‍നിന്നും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് ഇന്നത്തെ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ടത്.

വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഇന്ന് പരമപ്രധാനമായിത്തീര്‍ന്നിട്ടുള്ള മറ്റൊരു സംഗതി, യാഥാര്‍ത്ഥ്യവും, കാപട്യവും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാവുക എന്നതാണ്. വ്യാജ വാര്‍ത്തകള്‍ അരങ്ങു തകര്‍ക്കുന്ന ഈ കാലത്തു നമ്മുടെ കുട്ടികളെ അവശ്യം പഠിപ്പിക്കേണ്ട ഒന്നാണ്, ശരിയായ വസ്തുത എങ്ങനെ അറിയാം എന്നത്. നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു, പൊതുബോധത്തെ തന്നെ മാറ്റിമറിക്കുന്ന സമകാലിക യാഥാര്‍ത്ഥ്യത്തിനു മുന്നിലാണ് നമ്മുടെ കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നത്.

ചുരുക്കത്തില്‍ കേവല സാക്ഷരതയില്‍നിന്നുമുള്ള ഒരു കുതിച്ചു ചാട്ടമാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. എന്താണ് ചിന്തിക്കേണ്ടത് എന്നല്ല, എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്നും, കിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായ നിഗമനങ്ങളില്‍ എങ്ങനെ എത്തിച്ചേരാം എന്നുമൊക്കെയാണ് നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത്. ഉന്നത ബിരുദങ്ങളോടൊപ്പം, നമ്മുടെ കുട്ടികള്‍ സ്വന്തമാക്കേണ്ടത്, മനുഷ്യനെ മനുഷ്യനായിക്കാണാനനും, സകല ജീവജാലങ്ങള്‍ക്കും അവകാശമുള്ളതാണ് ഈ ഭൂമി എന്നുമുള്ള തിരിച്ചറിവാണ്. അങ്ങ നനേ ഒരു സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ അവസാനിക്കൂ. ശാസ്ത്രബോധവും, ചരിത്രബോധനവും, ജനാധിപത്യചിന്തയും, എളിമയും ഇല്ലാത്ത അറിവുകൊണ്ട് ഒരു സമൂഹവും വിജയിക്കുന്നില്ല.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org