മലയാളം അറിയാത്ത മലയാളികള്‍

മലയാളം അറിയാത്ത മലയാളികള്‍

മലയാളത്തിലെ ആനുകാലികങ്ങള്‍ ഈയിടെ തുടങ്ങിവച്ച ശ്രദ്ധേയമായ ചര്‍ച്ചകളില്‍ ഒന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മലയാള ഭാഷ സംവാദം ആണ്. അക്ഷരം ശരിയായിട്ട് അറിയാത്തവര്‍ പോലും A+ നേടുന്നു എന്നുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമര്‍ശം ഈയിടെ വലിയ വിവാദം ആയിരുന്നല്ലോ. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചു, പ്രത്യേകിച്ചു സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചു വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാകേണ്ട ഉദ്യോഗസ്ഥനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അര്‍ഹിക്കുന്ന പരിഗണയോടെ സര്‍ക്കാരും, പൊതുസമൂഹവും ചര്‍ച്ച ചെയ്യേണ്ടതാണ് നിര്‍ഭാഗ്യവശാല്‍ അത് നടന്നോ എന്ന് സംശയമാണ്. ഇതുപോലുള്ള വിഷയങ്ങളില്‍ നിന്നും ആരും ഒളിച്ചോടിയിട്ടു കാര്യമില്ല. ഈ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തി ലാണ് മാതൃഭൂമി ഈ ഭാഷ സംവാദം തുടങ്ങി വച്ചത്.

ഒരു പക്ഷെ ഈ വിവാദം ഉയര്‍ത്തി വിട്ട പ്രധാനപ്പെട്ട ഒരു ചോദ്യം, മാതൃഭാഷ എന്ന നിലയില്‍ മലയാളം നേരിടുന്ന പ്രതിസന്ധിയാണ്. നമ്മുടെ കുട്ടികള്‍ ഈ കാലഘട്ടത്തില്‍ എത്രത്തോളം പ്രാവീണ്യം മാതൃഭാഷയില്‍ നേടുന്നുണ്ട്? ഒരു ഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ നിലനില്‍പ്പിനെ ഇത് എങ്ങനെ ഒക്കെ ബാധിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ വര്‍ധിച്ച പ്രചാരത്തോടു കൂടി, മലയാളം മീഡിയം സ്‌കൂളുകളില്‍ നിന്നും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് ഒരു വലിയ ഒഴുക്ക് ഉണ്ടായതു നമുക്ക് അറിവുള്ള കാര്യമാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഇംഗ്ലീഷില്‍ അധ്യയനം നടത്താന്‍ എത്രമാത്രം സജ്ജമാണ് എന്നുള്ളത് ആര്‍ക്കും അത്ര ഉല്‍ക്കണ്ഠ ആയിരുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് മികച്ച തൊഴിലുകളിലേക്കുള്ള വാതില്‍ എന്ന ഒരു ബോധ്യവും കൂടി വന്നപ്പോള്‍, മലയാളം കൂടുതലായി അവഗണിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായി. മലയാളം മീഡിയം സ്‌കൂളുകളില്‍ പോലും മലയാളം പഠനം അവഗണിക്കപ്പെട്ടു. അതോടൊപ്പം മൂല്യനിര്‍ണ്ണയത്തില്‍ വന്ന വിട്ടുവീഴ്ചകള്‍ കൂടി ആയപ്പോള്‍ ഭാഷാപഠനം ഒരു പ്രതിസന്ധി നേരിടുന്ന അവസ്ഥയില്‍ എത്തി. ഇതിനോടു ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. അത് ഈ കാലഘട്ടത്തില്‍ ഭാഷ, മാനവിക, ആര്‍ട്‌സ് വിഷയങ്ങള്‍ നേരിടുന്ന ഒരവഗണനയാണ്. ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നേടിയതോടു കൂടി, പഠനവിഷയങ്ങളെ തന്നെ പ്രയോജനം ഉള്ളതും ഇല്ലാത്തതും എന്നിങ്ങനെ ഒരു തരം തിരിക്കല്‍ നടക്കുന്നുണ്ട്. കല, സാഹിത്യം, ഭാഷ ഇവയൊക്കെ പഠിച്ചിട്ട് എന്തിന്, ശാസ്ത്രവും സാങ്കേതിക വിദ്യയും ഒക്കെ മാത്രം പഠിച്ചാല്‍ പോരെ എന്ന ചോദ്യം പലയിടത്തുനിന്നും ഉയര്‍ന്നു വരുന്നു. ഇത് ഇന്ന് ഇന്ത്യയില്‍ മാത്രം ഉള്ള ട്രെന്‍ഡ് അല്ല. ചരിത്രബോധവും, ജനാധിപത്യമൂല്യങ്ങളില്‍ ഒക്കെ വിശ്വാസവും ഉള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മാനവിക വിഷയങ്ങള്‍ക്ക് നിസ്തുലമായ ഒരു പങ്കുണ്ടെന്നുള്ളത് പലരും സൗകര്യപൂര്‍വം മറക്കുന്നു. കുറച്ചു ടെക്‌നിക്കല്‍ സ്‌കില്‍സ് കൊടുക്കുക എന്നതിലേക്ക് വിദ്യാഭ്യാസത്തെ ചിലര്‍ ചുരുക്കുന്നു.

മാതൃഭാഷ എന്ന വിഷയത്തിലേക്കു മടങ്ങി വരുമ്പോള്‍ നാം കാണുന്ന ഒരു പ്രവണത ഏതെങ്കിലും ഒരു ഭാഷയില്‍ എങ്കിലും നന്നായി ആശയ വിനിമയം നടത്താന്‍ ഒരു വലിയ ശതമാനം കുട്ടികള്‍ക്ക് പറ്റാത്ത അവസ്ഥയുണ്ട് എന്നതാണ്. കുറഞ്ഞ പക്ഷം എല്ലാവരും രണ്ടു ഭാഷകളില്‍ എങ്കിലും സാമര്‍ഥ്യമുള്ളവര്‍ ആവും എന്ന് പ്രതീക്ഷിച്ചിടത്താണ് ഇപ്പോള്‍ ഇംഗ്ലീഷും മലയാളവും കഷ്ടിയാവുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തു കൊണ്ട്, കേരള സെന്‍ട്രല്‍ യൂണിവേസിറ്റി അധ്യാപകനായ പ്രൊഫ. അമൃത് ജി. കുമാര്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, എണ്ണമറ്റ ശാസ്ത്രജ്ഞരും, ചിന്തകരും, എഴുത്തുകാരും തങ്ങളുടെ ചിന്തകള്‍ അവരവരുടെ മാതൃഭാഷകളില്‍ പങ്കു വച്ചെങ്കിലും തങ്ങളുടെ മാതൃഭാഷയെക്കുറിച്ചു ആത്മവിശ്വാസവും, അഭിമാനവും വളര്‍ത്തി എടുക്കുന്നതില്‍ മലയാളി പരാജയപ്പെട്ടു പോയി. ശ്രീനാരായണ ഗുരുവിനെ പോലും ശരിയായ രീതിയില്‍ ലോകസാഹിത്യത്തിലേക്ക് തര്‍ജമ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം മലയാളത്തിനും ഇംഗ്ലീഷിനും ഇടയിലുള്ള ഏതോ തുരുത്തുകളില്‍ മലയാളി പെട്ടുപോയതാണ് എന്ന് അദ്ദേഹം വാദിക്കുന്നു.

പ്രൊഫ. കുമാര്‍ തന്റെ വിശദമായ ലേഖനത്തില്‍ ഉദ്ധരിക്കുന്ന ചില ചിന്തകര്‍ എന്തുകൊണ്ട് മാതൃഭാഷയില്‍ ഉള്ള പ്രാവീണ്യം കുട്ടികളുടെ മൊത്തത്തിലുള്ള അക്കാഡമിക് മികവിനെ സ്വാധീനിക്കുന്നു എന്ന് സമര്‍ഥിക്കുന്നുണ്ട്. കുട്ടികള്‍ ഒരു പുതിയ ഭാഷ പഠിക്കുമ്പോള്‍ അവരുടെ മാതൃഭാഷയില്‍ ഉള്ള നിയമങ്ങളും ഘടനകളും ഒക്കെ പുതിയ ഭാഷ പഠിക്കുന്നതിനുവേണ്ടി അബോധമായി ഉപയോഗിക്കുന്നുണ്ട്. തന്മൂലം മാതൃഭാഷ ശരിയായി പഠിക്കാത്ത പല കുട്ടികള്‍ക്കും, പുതിയ ഒരു ഭാഷ പഠിക്കുന്നത് വെല്ലുവിളി ആകുന്നു. ചെറുപ്പത്തിലേ മുതല്‍ കിട്ടുന്ന മാതൃഭാഷയുമായുള്ള സമ്പര്‍ക്കം കുട്ടികള്‍ക്ക് പുതിയ ഭാഷകള്‍ പഠിക്കുന്നതിനും, എല്ലാറ്റിനെയും കൂടുതല്‍ അര്‍ഥപൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും സഹായിക്കും എന്ന് വിദഗ്ധര്‍ പറയുന്നു. മനുഷ്യന്റെ ചിന്താശേഷിയെ തന്നെ, മാതൃഭാഷയില്‍ ഉള്ള പ്രാവീണ്യം സ്വാധീനിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി ഇംഗ്ലീഷ് content കൂടുതല്‍ വായിക്കുകയും, മലയാളം തന്നെ ഇംഗ്ലീഷ് ഫോണ്ട് ഉപയോഗിച്ച് എഴുതുന്നതും ഒക്കെ, കുട്ടികളെ മാതൃഭാഷ സ്ഥിരമായി കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുണ്ട്. മലയാളം എഴുതുവാനുള്ള സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് തീര്‍ത്തും ഇല്ലാതാവുന്നു. അടുത്തിടെ രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഒരു കാര്യം, മലയാളം ആണ് അവര്‍ക്കു പഠിക്കാന്‍ ഏറ്റവും പ്രയാസം എന്നാണ്. അതുകൊണ്ടു തന്നെ മലയാളത്തില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടാന്‍ അവര്‍ കാത്തിരിക്കുന്നു. ഭൂമിശാസ്ത്രപരമായ ഒരു entity എന്നതിന് അപ്പുറം, മലയാളം മാതൃഭാഷ എന്ന നിലയില്‍ നന്നായി കൈകാര്യം ചെയ്യുന്നവരുടെ നാട് എന്ന നിലയില്‍ ആണ് നമ്മള്‍ കേരളത്തെ കാണുന്നത്. കേരളത്തില്‍ നിന്നും ഇപ്പോള്‍ വന്‍തോതില്‍ നടക്കുന്ന മൈഗ്രേഷന്‍ മൂലം വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ മലയാളത്തില്‍ നിന്നും സ്വാഭാവികമായി അകലുന്ന സാഹചര്യമാണുള്ളത്. ഒരു നാടിന്റെ ഭാഷയും സംസ്‌കാരവും കൂടി സമൂഹം അതിന്റെ സ്വന്തമാക്കുമ്പോള്‍ ആണ് അത് ജീവനുള്ള ഒരു സമൂഹമായി മാറുന്നത്. അങ്ങനെ നോക്കുമ്പോള്‍, തദ്ദേശീയരായ മലയാളികള്‍ക്കും, വിദേശമലയാളികള്‍ക്കും ഒരുപോലെ മലയാളം ക്രമേണ അന്യമാകുന്ന ഒരു അവസ്ഥയാണ് ഉണ്ടായി വരുന്നത്.

പല കാരണങ്ങളാല്‍ മലയാളം കുട്ടികള്‍ക്ക് അന്യമാകുമ്പോള്‍ മാതൃഭാഷയുടെ ശക്തമായ അടിത്തറ ഇല്ലാതെ പുതിയ ഭാഷ പഠിച്ചെടുക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുന്നു. അതുകൊണ്ടു തന്നെ പുതിയ ഭാഷയില്‍, അവരുടെ പ്രാവീണ്യവും പരിമിതമാകുന്നു. മറ്റൊരു കാതലായ പ്രശ്‌നം, മാതൃഭാഷയില്‍ അര്‍ത്ഥപൂര്‍ണ്ണമായ രീതിയില്‍ വൈദഗ്ധ്യം നേടാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം നടത്തി പുറത്തു വരാം എന്ന സ്ഥിതി വിശേഷമാണ് ഇത് മലയാളത്തെ സ്‌നേഹിക്കുന്ന, കേരളത്തെ സ്വന്തം നാടായി കാണുന്ന എല്ലാവരെയും ചിന്തിപ്പിക്കേണ്ട വിഷയമാണ്.

  • ലേഖകന്റെ ബ്ലോഗ്:

  • www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org