സത്യത്തിനുവേണ്ടി മരിക്കുന്നവര്‍

സത്യത്തിനുവേണ്ടി മരിക്കുന്നവര്‍
ലോകത്ത് ഇപ്പോള്‍ നിലവിലുള്ള സ്വച്ഛാധിപത്യഭരണകൂടങ്ങള്‍ക്കെതിരെ പോരാടുന്ന ഏതൊരു വ്യക്തിക്കും പ്രസ്ഥാനത്തിനും നവല്‍നിയോളം ആവേശമുണര്‍ത്തുന്ന ഒരു രക്തസാക്ഷി ഈ കാലഘട്ടത്തില്‍ വേറെ ഇല്ല തന്നെ.

റഷ്യ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സമയമാണ് ഇത്. ഈ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍, വ്‌ലാദിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ആറു വര്‍ഷത്തേക്കാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. തനിക്കു പ്രതികൂലമായ പ്രതിപക്ഷ പാര്‍ട്ടികളെയും, തന്നെ എതിര്‍ക്കുന്നവരെയും കൗശലപൂര്‍വം ഒഴിവാക്കി നടത്തിയ തിരഞ്ഞെടുപ്പിലാണ് പുടിന്‍ വീണ്ടും അധികാരത്തില്‍ കയറിയത്. അടുത്ത ആറുവര്‍ഷം കൂടി കഴിയുമ്പോള്‍, റഷ്യയുടെ ഭരണാധികാരിയായി പുടിന്‍ ഏകദേശം 30 വര്‍ഷം പൂര്‍ത്തിയാക്കും. അതെ സമയം തന്നെ, കഴിഞ്ഞ രണ്ടു വര്‍ഷമായി റഷ്യ ഉക്രെയ്‌നുമായി ത്രീവ്രമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ഒരു പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് വരെ, രണ്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഇങ്ങനെ ഒരു യുദ്ധം ഉണ്ടാകും എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല. ആധുനിക കാലത്തു യുദ്ധങ്ങള്‍ മിക്കവാറും സാംസ്‌കാരികമായി വളര്‍ച്ചയില്ലാത്ത ദരിദ്ര രാജ്യങ്ങള്‍ തമ്മില്‍ മാത്രമായിരിക്കും എന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചാണ് റഷ്യഉക്രെയ്ന്‍ യുദ്ധം മുന്നേറുന്നത്. അടുത്തെങ്ങും അത് അവസാനിക്കുന്ന സൂചനകള്‍ കാണുന്നുമില്ല. ഒരു വശത്തു പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‌ന് ആയുധങ്ങളും ധനസഹായവും കൊടുക്കുന്നുമുണ്ട്. യുദ്ധത്തില്‍ പുടിന്റെ വിജയം, യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീതിയോടെ യാണ് നോക്കിക്കാണുന്നത്.

ജനാധിപത്യത്തെയും, രാജ്യാന്തര നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന കുറെ ഭരണാധികാരികള്‍ ലോകത്തിനു തന്നെ തീ കൊളുത്തുമ്പോള്‍ സത്യത്തിനും, സ്വാതന്ത്ര്യത്തിനും ഒക്കെ വേണ്ടി പൊരുതി മരിക്കുന്ന ആളുകള്‍ ഉണ്ട്. അങ്ങനെ ഒരാളെക്കുറിച്ചാണ് ഈ കുറിപ്പ്. റഷ്യക്കാരനായിരുന്ന അലക്‌സി നവല്‍നി(Alexei Navalny)യാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് ആര്‍ട്ടിക് പ്രദേശത്തുള്ള ഒരു പക്ഷെ റഷ്യയിലെ ഏറ്റവും കഠിനമായ ഒരു ജയിലില്‍ വച്ച് നവല്‍നി മരിച്ചു. മരിക്കുമ്പോള്‍ 47 വയസ്സുണ്ടായിരുന്ന നവല്‍നി പുടിന്‍ ഭരണകൂടത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകനായിരുന്നു. അതുകൊണ്ടു തന്നെ ഒരു മരണം എന്നതിനേക്കാളും, റഷ്യന്‍ ഭരണകൂടം നടത്തിയ കൊലപാതകം എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. തന്റെ യൂട്യൂബ് ചാനലിലൂടെയും, എഴുത്തിലൂടെയും, പ്രസംഗങ്ങളിലൂടെയും നവല്‍നി പുടിന്‍ ഭരണകൂടത്തെ നിരന്തരമായി തുറന്നു കാണിച്ചു കൊണ്ടിരുന്നു. ലക്ഷക്കണക്കിന് ആളുകളാ ണ് അദ്ദേഹത്തിന്റെ ചാനല്‍ കണ്ടുകൊണ്ടിരുന്നത്. പുടിന്‍ ഭരണകാലം മുഴുവന്‍, വളരെ കൃത്യമായി എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഒന്നായിരുന്നു. ഒന്നുകില്‍ ജയില്‍, അല്ലെങ്കില്‍ നാട് കടത്തല്‍ അതുമല്ലെങ്കില്‍ കൊലപാതകങ്ങള്‍ അങ്ങനെ ഒന്നൊന്നായി തന്റെ എതിരാളികളെ പുടിന്‍ ഒഴിവാക്കി. അതുകൊണ്ടു, തന്നെ കാത്തിരിക്കുന്നത് എന്താണ് എന്നറിഞ്ഞു കൊണ്ടു തന്നെയാണ് നവല്‍നി തന്റെ രാഷ്ട്രീയം തുടര്‍ന്നിരുന്നത്. 2020 ആഗസ്റ്റില്‍ നവല്‍നിയെ വിഷം ഉപയോഗിച്ച് കൊല്ലാന്‍ ഒരു ശ്രമം ഉണ്ടായി. ജര്‍മ്മനിയില്‍ ചികിത്സയ്ക്കായി പോയ നവല്‍നി ഏകദേശം ഒരു മാസത്തോളം കോമ അവസ്ഥയില്‍ ആയിരുന്നു. പിന്നീട് സുഖമായി കഴിഞ്ഞപ്പോള്‍ നവല്‍നിയുടെ മുന്നില്‍ ഉണ്ടായിരുന്നത് രണ്ടു ചോയ്‌സായിരുന്നു. ഒന്നുകില്‍ വിദേശത്തിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുക. അല്ലെങ്കില്‍ പുടിനെ ഭയക്കാതെ റഷ്യയിലേക്ക് തിരിച്ചു വരിക. നവല്‍നി ഒന്നിനെയും ഭയപ്പെടുന്ന ആളല്ലായിരുന്നതുകൊണ്ട് അദ്ദേഹം റഷ്യയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു. തന്റെ നാട് എന്നും റഷ്യ ആയിരിക്കും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സത്യം കൂടെയുള്ളവരാണ് ലോകത്തിലെ ഏറ്റവും ശക്തര്‍ എന്നായിരുന്നു നവല്‍നിയുടെ ബോധ്യം. വേണ്ടിവന്നാല്‍ ജീവന്‍ കൊടുത്തും നാം സംരക്ഷിക്കേണ്ട ഒന്നാണ് സത്യം എന്ന ചിന്ത അദ്ദേഹത്തെ നിരന്തരം നയിച്ചു.

ജനുവരി 17, 2021 നു നവല്‍നി റഷ്യയിലേക്ക് തിരിച്ചുവന്നു. പ്രതീക്ഷിച്ചതുപോലെ, എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പുട്ടിന്റെ കോടതി അഴിമതി, ഭീകരപ്രവര്‍ത്തനം, തുടങ്ങിയ കുറ്റങ്ങള്‍ എല്ലാം ചുമത്തി 19 വര്‍ഷം തടവുശിക്ഷയ്ക്ക് നവല്‍നിയെ, രാജ്യത്തെ ഏറ്റവും ഭീകരമായ ആര്‍ട്ടിക് പ്രദേശത്തുള്ള ജയിലില്‍ അടച്ചു. അധികവും ഏകാന്തതടവിലായിരുന്നു നവല്‍നി. വായനയും എഴുത്തും വഴി പുറംലോകവുമായി ബന്ധം നിലനിര്‍ത്താനും, തന്റെ അനുയായികളെ ആവേശഭരിതരാക്കി നിര്‍ത്താനും നവല്‍നി മറന്നില്ല. ഒന്നിനെയും ഭയപ്പെടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മുന്‍ സോവിയറ്റ് വിമതനായിരുന്ന Natan Sharansky യുമായി (ഒമ്പതു വര്‍ഷം sharansky റഷ്യയില്‍ ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.) നടത്തിയ കത്തുകളിലൂടെ നവല്‍നി ജയിലിലെ ജീവിതത്തെക്കുറിച്ച് എഴുതുന്നുണ്ട്. ഇപ്പോള്‍ ഇസ്രായേലില്‍ ജീവിക്കുന്ന ഒരു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് Sharansky. അദ്ദേഹത്തിനുള്ള ഒരു കത്തില്‍ നവല്‍നി എഴുതി. 'ഈ സഹനങ്ങളിലൂടെ കടന്നുപോകുന്ന ആദ്യത്തെ ആളല്ല ഞാന്‍. പക്ഷെ അവസാനത്തെ ആളാകട്ടെ എന്ന് ആഗ്രഹിക്കുന്നു.' റഷ്യന്‍ ജനത തന്റെ വാക്കുകള്‍ ഏറ്റെടുക്കുമെന്നും ഒരു ദിവസം റഷ്യ ജനാധിപത്യത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും തിരിച്ചു നടക്കും എന്നും നവല്‍നി സ്വപ്‌നം കണ്ടു. പൊതുവെ സത്യത്തില്‍ നിന്ന് ഒളിച്ചോടാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. കാരണം സത്യം കഠിനമാണ്.

നവല്‍നി ഒരു പ്രതീകമാണ്. ഒരുപക്ഷെ ലോകത്ത് ഇപ്പോള്‍ നിലവിലുള്ള സ്വച്ഛാധിപത്യഭരണകൂടങ്ങള്‍ക്കെതിരെ പോരാടുന്ന ഏതൊരു വ്യക്തിക്കും പ്രസ്ഥാനത്തിനും നവല്‍നിയോളം ആവേശമുണര്‍ത്തുന്ന ഒരു രക്തസാക്ഷി ഈ കാലഘട്ടത്തില്‍ വേറെ ഇല്ല തന്നെ. ധീരന്‍ ഒരു വട്ടം മരിക്കുന്നു. ഭീരുക്കള്‍ പല പ്രാവശ്യവും എന്ന് നാം എത്രയോ കേട്ടിരിക്കുന്നു. നവല്‍നി എല്ലാ അര്‍ത്ഥത്തിലും ഒരു ധീരനായിരുന്നു. അതുകൊണ്ടു തന്നെ ധൈര്യത്തിന്റെ കത്തിജ്വലിക്കുന്ന ഒരു സാക്ഷിയായി അദ്ദേഹം എക്കാലവും മനുഷ്യമനസ്സുകളില്‍ ജീവിക്കും. മുരുകന്‍ കാട്ടാക്കട തന്റെ കവിതയില്‍ (രക്തസാക്ഷി) എഴുതിയതു പോലെ, അന്ധകാരത്തില്‍ ഇടയ്ക്കിടയ്‌ക്കെത്തുന്ന മറ്റൊരു കൊള്ളിയാന്‍ വെട്ടമായിരുന്നു അലക്‌സി നവല്‍നി.

  • ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org