

ഈ അടുത്ത ദിവസങ്ങളിൽ, ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ കടുത്ത വിഷമത്തിലാക്കിയ ഒന്നായിരുന്നു, NEET പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച. ഏകദേശം 24 ലക്ഷം കുട്ടികളായി രുന്നു ഇത്തവണ പരീക്ഷ എഴുതിയത്. ഇത് എഴുതുമ്പോൾ, ചോദ്യ പേപ്പർ ചോർച്ചയെക്കുറിച്ചുള്ള സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഒടുവിൽ ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തുകയും, എല്ലാവരും എല്ലാം മറക്കുകയും ചെയ്യും. ഈ പരീക്ഷയിൽ ക്രമക്കേട് ആദ്യമല്ല താനും. ഇതിനോടൊപ്പം തന്നെ നാം ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. അത് മത്സരപ്പരീക്ഷകളിൽ ജീവിതം ജീവിച്ചു തീർക്കുന്ന നമ്മുടെ കുട്ടികളുടെ കാര്യമാണത്.
ചിലപ്പോൾ ഓർത്തു പോകാറുണ്ട്. ഒരു വലിയ പങ്കു ഇന്ത്യൻ വിദ്യാർത്ഥികളുടെ ജീവിതം, അവർ ഒമ്പതാം ക്ലാസ് കഴിയുന്നതോടു കൂടി ആകെ മാറി മറിയുന്നു എന്ന്. ജീവിതം എന്നതിന്റെ നിർവചനം പെട്ടെന്ന് മത്സരം എന്ന് ആകുന്നപോലെ. ഒമ്പതുവരെ, സാധാരണ വിദ്യാർത്ഥി ജീവിതം നയിച്ചിരുന്ന കുട്ടി, പെട്ടെന്ന് പത്താം ക്ലാസ് ആകുമ്പോ, ഏതോ വലിയ പരീക്ഷ എഴുതാൻ താൻ തയ്യാറെടുക്കുന്നു എന്ന ബോധ ത്തിലേക്ക് വരുന്നു. നിരന്തരമായി പരീക്ഷകൾ എഴുതിച്ചു, കുട്ടിയെ നമ്മൾ ഒരുക്കുന്നു. പഠനം എന്നാൽ പരീക്ഷ മാത്രം എന്ന ചിന്തയിലേക്ക് കുട്ടി മാറുന്നു.
അങ്ങേയറ്റം ആഹ്ളാദത്തോടെ നടക്കേണ്ട ഒന്നാണ് അറിവ് നേടുക എന്നത്. ഓരോ പുതിയ പാഠങ്ങളും ആസ്വദിച്ചു, രുചിച്ചു മനസ്സിൽ ഉറപ്പിക്കേണ്ടതാണ്. അതിനു പകരം ഇപ്പൊ ഉള്ള മോഡൽ, എത്ര ആരോഗ്യകരമാണ് എന്ന ചോദ്യം എല്ലാവരും ചോദിച്ചു തുടങ്ങാൻ സമയം വൈകിയിരിക്കുന്നു.
പത്താം ക്ലാസിലെ പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്ന രീതികൾ കാണുമ്പോ, ഈ പരീക്ഷ യിലെ മാർക്കാണ് ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്നത് എന്ന ഒരു ധാരണയിലേക്ക് ഒരുപാടു കുട്ടികൾ കടന്നുവരുന്നു. റിസൾട്ട് വന്നു കഴിഞ്ഞു മാധ്യമങ്ങൾ ശ്രദ്ധിക്കുക. എല്ലാ വിഷയങ്ങൾക്കും തന്നെ നൂറു ശതമാനം മാർക്ക് വാങ്ങിയ കുട്ടികളുടെ ഫോട്ടോസ് ആയിരിക്കും എവിടെയും. ഫുൾ മാർക്ക് എന്ന പെർഫെക്ട് സ്കോർ വാങ്ങുന്ന കുട്ടികൾ എണ്ണത്തിൽ കൂടുമ്പോൾ, 90 ശതമാനം വാങ്ങുന്ന കുട്ടിക്ക് വരെ താൻ മോശക്കാരനാണ് എന്ന തോന്നൽ വന്നാൽ അതിശയിക്കാനില്ല. ഈ വർഷം, CBSE ബോർഡ്, മാർക്ക് കുറഞ്ഞുപോയവർക്ക്, പരമാവധി മൂന്നു വിഷയങ്ങൾ വീണ്ടും എഴുതാൻ അവസരം കൊടുത്തപ്പോൾ, 90 ശതമാനം വാങ്ങിയ ധാരാളം കുട്ടികൾ അത് 100 ആക്കാൻ വീണ്ടും എഴുതിയെന്നു കേൾക്കാൻ ഇടയായി.
ഇങ്ങനെ കഷ്ടപ്പെട്ടു പത്തു കഴിയുന്ന കുട്ടി അടുത്ത തായി കടക്കുന്നത് അതിലും വലിയ മത്സരങ്ങളുടെ ഒരു ലോകത്തേക്കാണ്. ഇന്ത്യ മുഴുവനുമുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് ഇപ്പോൾ പ്രവേശനം കൊടുക്കുന്നത്, അനേകം മത്സരപ്പരീക്ഷകൾ വഴിയാണ്. പ്ലസ് 1, പ്ലസ് 2 പഠനത്തിന്റെ അവസാനം എത്ര നന്നായി പരീക്ഷ എഴുതിയാലും, മാർക്ക് വാങ്ങിയാലും അതു വച്ച് കുട്ടികൾക്ക് നമ്മുടെ പ്രഫഷണൽ കോളേജുകൾ അഡ്മിഷൻ കൊടുക്കു ന്നില്ല എന്നിടത്താണ്, നമ്മുടെ വിദ്യാഭ്യാസരംഗത്തെ ആകെ ഗ്രസിച്ചിരിക്കുന്ന മത്സരപ്പരീക്ഷകളുടെ പങ്കു നാം മനസ്സിലാക്കുന്നത്. പലതരം സിലബസ് ഉപയോഗിക്കുന്നതും, നമ്മുടെ പരീക്ഷകൾക്കും, മാർക്കുകൾക്കും ഒക്കെ ഒരു മിനിമം സ്റ്റാൻഡേർഡ് നഷ്ടമായതുകൊണ്ടും, എത്ര കടുത്ത പഠനം നടത്തി കിട്ടുന്നതാണെങ്കിലും, കോളേജ് മാർക്കിന്, ഉപരി പഠനത്തിനുള്ള യോഗ്യത എന്ന നിലയിൽ പ്രസക്തി തീരെ കുറഞ്ഞു.
അതിന്റെ പരിണിതഫലമാണ് വിദ്യാഭ്യാസരംഗത്തിന്റെ മുഴുവൻ നിയന്ത്രണവും തന്നെ, വളരെ പ്രൊഫഷണലായി, കോർപ്പറേറ്റ് രീതിയിൽ നടത്തപ്പെടുന്ന വൻകിട കോച്ചിങ് സ്ഥാപനങ്ങളിൽ എത്തപ്പെട്ടത്. മുൻപ്, ഔപചാരികമായ കോളേജ് പഠനത്തിനു പുറത്തായി രുന്നു കുട്ടികൾ ഇതുപോലുള്ള കോച്ചിങ്ങിനൊക്കെ പോയിരുന്നതെങ്കിൽ, ഇന്ന് അത് ഫോർമൽ വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെയായി മാറിയിട്ടുണ്ട്. ഒരുപാടു കോളേജുകൾ / സ്‌കൂളുകൾ ഒക്കെ ഇന്ന് ഇങ്ങനെയുള്ള കോച്ചിങ് സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനങ്ങളിൽ തന്നെ പ്ലാറ്റ്ഫോം ഒരുക്കുന്ന അവസ്ഥയാണുള്ളത്. കുട്ടികൾ രണ്ടിടത്തും ഒരേ സമയം അഡ്മിഷൻ എടുക്കുന്നു. ഫീസ് അടയ്ക്കുന്നു. കോളേജിനെക്കാളും പല മടങ്ങാവും കോച്ചിങ് ഫീസ് എന്ന് പ്രത്യേകം പറയേണ്ടതില്ല.
മത്സരപ്പരീക്ഷകളുടെ കടുത്ത മത്സരത്തെപ്പറ്റി, നിരന്തരമായി കേൾക്കുന്നതുവഴി, കുട്ടികളുടെ ഫോക്കസ് മുഴുവൻ തന്നെ ഇതിലേക്ക് മാറുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഇങ്ങനെ കോച്ചിങ് ഉൾപ്പെടെ യുള്ള പഠനങ്ങളിലേക്കു കയറുന്ന വിദ്യാർത്ഥികൾ പലപ്പോഴും, മറ്റു സാധാരണ കുട്ടികളെ അപേക്ഷിച്ച് മറ്റു വിനോദപരിപാടികളൊക്കെ മിക്കവാറും ഉപേക്ഷിച്ചു പഠനത്തിൽ മാത്രം ഒതുങ്ങുന്നു. കോച്ചിങ്ങും, കോളേജ് പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നത് കൂടാതെ, ഒരു വർഷം ഒക്കെ ബ്രേക്ക് എടുത്തു, മത്സരപ്പരീക്ഷകൾക്കു പഠിക്കാൻ മാത്രമായി, അങ്ങനെയുള്ള സ്ഥാപനങ്ങളിൽ ചേരുന്നതും ഇന്ന് വ്യാപകമാണ്. അവിടെയൊക്കെ യുള്ള സമ്മർദം താങ്ങാനാവാതെ, അത് വിട്ടു തിരിച്ചു പോരുന്ന കുട്ടികളും ഉണ്ട് ധാരാളം. എല്ലാവരും ഇതിന്റെയൊക്കെ പിറകെ പോകുമ്പോ ആർക്കും മാറി നിൽക്കാനും പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു.
കോച്ചിങ്ങിന്റെ ആധിക്യവും, ഏതെങ്കിലും പ്രൊഫഷണൽ സീറ്റ് കിട്ടുമോ എന്നൊക്കെയുള്ള ആകുലതകളും ഒക്കെ ആയി, ഒരുപാടു കുട്ടികൾ കടുത്ത മാനസിക സമ്മർദം നേരിടുന്ന ഒരവസ്ഥ ഉണ്ടായി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, നമ്മൾ ആദ്യം കണ്ടതുപോലെയുള്ള ചോദ്യപേപ്പർ ചോർച്ച കുട്ടികളുടെ ആത്മവിശ്വാസം പാടെ തകർക്കുന്ന ഒന്നായി മാറുന്നത്. മാനസികമായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു വലിയ സമൂഹം കുട്ടികൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. കുട്ടികൾക്കുവേണ്ടി തീരുമാനങ്ങൾ എല്ലാം മുതിർ ന്നവർ എടുക്കുന്നു. അവർ കടന്നു പോകുന്ന മാനസിക സംഘർഷങ്ങൾ കാണുന്നവരും മനസ്സിലാക്കുന്നവരും കുറയുന്നു. ഇതുപോലെ ഒരു മത്സരത്തിന്റെ അന്തരീക്ഷമാണോ നമ്മുടെ കുട്ടികൾക്ക് ഒരുക്കേണ്ടത് എന്ന ഒരു ചിന്ത വരേണ്ടതാണ്. അങ്ങേയറ്റം ആഹ്ളാദത്തോടെ നടക്കേണ്ട ഒന്നാണ് അറിവ് നേടുക എന്നത്. ഓരോ പുതിയ പാഠങ്ങളും ആസ്വദിച്ചു, രുചിച്ചു മനസ്സിൽ ഉറപ്പിക്കേണ്ടതാണ്. അതിനു പകരം ഇപ്പൊ ഉള്ള മോഡൽ, എത്ര ആരോഗ്യകരമാണ് എന്ന ചോദ്യം എല്ലാവരും ചോദിച്ചു തുടങ്ങാൻ സമയം വൈകിയിരിക്കുന്നു.
ലേഖകന്റെ ബ്ലോഗ്: www.bobygeorge.com