സമ്പത്തിന്റെ കണക്കെടുപ്പുകള്‍

സമ്പത്തിന്റെ കണക്കെടുപ്പുകള്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ രണ്ടു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒന്ന് ഇന്ത്യയുടെ ജിഡിപി ബ്രിട്ടനെ മറികടന്നു ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്തിയെന്നതും വേറൊന്നു ഇന്ത്യക്കാരനായ, ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ധനികന്‍ ആയി എന്നതും ആയിരുന്നു. പ്രോപഗണ്ടകളില്‍ (Propaganda) അഭിരമിക്കുന്ന ഒരു രാജ്യത്തിന്, കുറച്ചു ദിവസത്തേക്ക് ആഘോഷിക്കാന്‍ ഈ വാര്‍ത്തകള്‍ ധാരാളം. ഒരു രാജ്യത്തിന്റെ ജിഡിപി കൂടുന്നത് തീര്‍ച്ചയായും കേള്‍ക്കാന്‍ സുഖമുള്ള ഒന്നാണ്. പക്ഷേ പലപ്പോഴും, ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ അളവു കോല്‍ ആളോഹരി പ്രതിശീര്‍ഷ വരുമാനം ആണ്. അതുകൊണ്ടാണ്, ജിഡിപി അഞ്ചാം സ്ഥാനത്ത് ഉണ്ടെങ്കിലും, 140 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ആളോഹരി വരുമാനം ഏകദേശം 2200 ഡോളര്‍ മാത്രമായി നില്‍ക്കുന്നത്. നേരെമറിച്ചു ആളോഹരി വരുമാനം അമേരിക്കയില്‍ ഏകദേശം 64,000 ഡോളറും, ഇംഗ്ലണ്ടില്‍ 47,000 ഡോളറും ആണ്. സ്വാതന്ത്ര്യം ലഭിച്ച കാലയളവില്‍, ഏകദേശം ഇന്ത്യയുടെ തുല്യം സാമ്പത്തിക നിലയില്‍ ഉണ്ടായിരുന്ന ചൈനയുടെ, ജിഡിപി ഇന്ന് ഇന്ത്യയുടെ ആറിരട്ടി എങ്കിലുമാണ് എന്നോര്‍ക്കുമ്പോളാണ്, നമുക്ക് ഇനി പോകാനുള്ള ദൂരം എത്രയാണ് എന്ന് അറിയുന്നത്. ദാരിദ്ര്യവും സമൃദ്ധിയും ഒരുമിച്ചു ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് ഇന്ത്യന്‍ സമ്പത്തു വ്യവസ്ഥയുടെ നേര്‍ക്കാഴ്ച. മനുഷ്യ വംശത്തിന്റെ അസമത്വത്തിന്റെ കഥയും കൂടി ചേര്‍ന്നതാണ് അത്.

സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കുന്ന അസമത്വം. ഓസ്‌ട്രേലിയന്‍ തത്വചിന്തകനായ, Kim Sterenly യുടെ അഭിപ്രായത്തില്‍, മാനവ ചരിത്രത്തിന്റെ ഏകദേശം 97 ശതമാനം കാലഘട്ടം മനുഷ്യസമൂഹം ഒരു വിധം തുല്യത അനുഭവിച്ചിരുന്ന ഒന്നായിരുന്നു. വേട്ടയാടി നടന്ന മനുഷ്യന്‍ കൂടുതല്‍ പങ്കുവയ്ക്കുകയും, തുല്യതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മനുഷ്യന്‍ കൃഷിയിലേക്കു കടന്നതോടു കൂടി, സമ്പത്തു മിച്ചം പിടിക്കാം എന്നും അത് വേണമെങ്കില്‍ അടുത്ത തല മുറയ്ക്ക് കൈമാറാം എന്ന് ഉള്ള അവസ്ഥ വന്നു. സ്വകാര്യസ്വത്തു കൈവശം വച്ച് കൈമാറാം എന്നുള്ളത് ജീവിവര്‍ഗ്ഗങ്ങളില്‍ മനുഷ്യന് മാത്രം സാധിക്കുന്ന ഒന്നാണ്. അസമത്വം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഒരു Species ആയി മനുഷ്യന്‍ മാറുന്നതിനും ഇതാണ് ഏറ്റവും പ്രധാന കാരണം. സമൂഹത്തെ ഒന്നടങ്കം ഉയര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നില്ല എങ്കില്‍, ഒരിക്കല്‍ അ സമത്വം വന്നു കഴിഞ്ഞാല്‍ കാല ക്രമേണ അത് കൂടി വരാനാണ് സാധ്യത.

മനുഷ്യകുലത്തിന്റെ അസമത്വത്തില്‍ നിന്നും, ഗൗതം അദാനിയുടെ സമ്പത്തിലേക്കു വരുമ്പോള്‍, നാം കാണുന്ന ഒരു പ്രവണത, പല മൂന്നാം ലോക രാ ജ്യങ്ങളിലും കാണുന്ന ഒന്നാണ്. രാജ്യത്തിന്റെ സമ്പത്തു കുറച്ചു വ്യക്തികളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഒരു അവസ്ഥയാണത്. കഴിഞ്ഞ മാസം ആണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചത്. ഓരോ സ്വാതന്ത്ര്യദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അത് ഒരേ സമയം നമുക്ക് ആഘോഷിക്കാനും നിരാശപ്പെടാനും വകയുണ്ട് എന്നതാണ്. ഇക്കാര്യത്തില്‍ കംബ്രിഡ്ജ് (Cambridge) എക്കണോമിസ്റ്റ് ആയിരുന്ന ജോന്‍ റോബിന്‍സണ്‍ന്റെ (Joan Robinson) ഒരു ഉദ്ധരണി ഉണ്ട്. 'What is frutsrating about India is that whatever you can rightly say of India, the opposite is also true'. 'ഇന്ത്യയെക്കുറിച്ച് എന്ത് ശരി ഉണ്ടോ, അതിന്റെ മറുവശവും സത്യമാണ്.' ഗൗതം അദാനിയുടെ 137 ബില്യണ്‍ ഡോളറിന്റെ ഇടയില്‍ ആണ് തുച്ഛമായ ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുന്ന അംഗന്‍വാടി ജീവനക്കാരും ജീവിക്കുന്നത്. ഏകദേശം നാലില്‍ ഒന്ന് ഇന്ത്യക്കാര്‍ ഔദ്യോഗികമായി തന്നെ ദരിദ്രര്‍ ആണ്. കഴിഞ്ഞ മൂന്നു ദശകങ്ങളില്‍, ഏറ്റവും മുന്നിലുള്ള ഒരു ശതമാനത്തിന്റെ സമ്പത്ത് ഇരട്ടി ആയപ്പോള്‍, പകുതി ജനസംഖ്യയുടെ സമ്പത്തു മൂന്നിലൊന്നായി കുറഞ്ഞു. അതോടൊപ്പം തന്നെ കണക്കുകള്‍ പ്രകാരം ദരിദ്രരായ ആറു പേരില്‍ അഞ്ചു പേര് എങ്കിലും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നാണ്.

ഇന്ത്യയുടെ അസമത്വത്തിന്റെ നേരെ കണ്ണടച്ചുകൊണ്ട്, ഒരു സാമ്പത്തികനേട്ടവും നമുക്ക് ആഘോഷിക്കാന്‍ സാധിക്കില്ല. സര്‍ക്കാരുകള്‍ കൂടുതലായി, ധനികരോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായി വരുന്നുണ്ട്. സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ ഉയര്‍ന്ന നിലയില്‍ ഉള്ള പലര്‍ക്കും, ചെറുപ്പം മുതല്‍ കിട്ടിയിട്ടുള്ള പ്രിവിലേജ് അവരെ സഹായിക്കുന്നുണ്ട്. ജാതി വ്യവസ്ഥകളോടും, ദാരിദ്ര്യത്തോടും ഒക്കെ പടവെട്ടിയാണ് വേറൊരു വിഭാഗം മുന്നോട്ടു വരാന്‍ ശ്രമിക്കുന്നത്. പുതിയ സാമ്പത്തിക നയങ്ങളും, സാങ്കേതിക മേഖലയിലെ കുതിച്ചു ചാട്ടങ്ങളും കൂടുതല്‍ സഹായിക്കുന്നതും, വരേണ്യ വര്‍ഗ്ഗത്തെയാണ്. അതുകൊണ്ടാണ്, ഒരു ക്ഷേമ രാഷ്ട്രസങ്കല്‍പ്പത്തില്‍ നിന്നും സര്‍ക്കാരുകള്‍ മാറി ചിന്തിക്കുമ്പോള്‍, നമ്മള്‍ കൂടുതല്‍ അസമത്വത്തിലേക്കും, ദാരിദ്ര്യത്തിലേക്കും പോകുന്നത്. നമ്മുടെ നികുതി വ്യവസ്ഥ ശ്രദ്ധിക്കുക. പ്രത്യക്ഷ നികുതിയുടെ പങ്കു കൂടി പരോക്ഷ നികുതി കുറയുന്നത് ആണ്, ആശാസ്യമെന്നിരിക്കെ, നാള്‍ക്കുനാള്‍ ജി എസ്ടി ഉള്‍പ്പടെയുള്ള പരോക്ഷ നികുതികള്‍ കൂടി വരുന്നു. പണക്കാരനെയും, പാവപ്പെട്ടവനെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ് അത്. അതുപോലെ തന്നെയാണ് ഓരോ വര്‍ഷവും സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് നികുതിക്ക് കൊടുക്കുന്ന ഇളവുകള്‍. ചെറിയ ക്രെഡിറ്റ് കിട്ടാന്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടുമ്പോഴാണ്, വന്‍തുകകള്‍ കിട്ടാക്കടങ്ങള്‍ ആയി ബാങ്കുകള്‍ എഴുതി തള്ളുന്നു. സര്‍ക്കാരുകളുടെ നയം മാറ്റങ്ങളോടൊപ്പം പാവങ്ങളോട് കരുണയുള്ള ഒരു ജനാധിപത്യ സമൂഹമായി നമുക്ക് മാറാന്‍ സാധിക്കുന്നില്ല എങ്കില്‍, നമ്മുടെ ഭാവി ഇരുളടഞ്ഞതാണ്. ശതകോടീശ്വരന്മാരുടെ എണ്ണത്തിന് അപ്പുറത്തേക്ക് നാം ചിന്തിക്കേണ്ടതുണ്ട്.

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org