പ്രളയം: പാഠങ്ങള്‍ പരീക്ഷകള്‍

പ്രളയം: പാഠങ്ങള്‍ പരീക്ഷകള്‍
Published on

ലിറ്റി ചാക്കോ

എല്ലാ മഴക്കാലത്തും സ്റ്റാറ്റസിടാനും ഷെയര്‍ ചെയ്യാനും നമുക്കു കിട്ടുന്ന ഒരു വെറും പോസ്റ്ററായി മാറിയിരിക്കുന്നു മാധവ് ഗാഡ്ഗില്‍. വെള്ളമിറങ്ങുന്നതോടെ, ഈ പേരും നമ്മുടെ മനസ്സില്‍ നിന്നിറങ്ങുന്നു. വീണ്ടും പഴയ കുപ്പായങ്ങള്‍, പഴയ രീതികള്‍ എല്ലാം പതിവു പോലെ വീണ്ടും.

ഏറ്റവും എളുപ്പത്തില്‍ പരിക്കേല്‍ക്കപ്പെടുന്നതാണ് പരിസ്ഥിതിയെന്നത് നമ്മള്‍ മുന്‍പുമോര്‍ത്തിട്ടുണ്ട്. അപ്പോഴെല്ലാം അതിന്റെ പരിക്കും പാടുകളും ബാക്കിയാക്കി അതങ്ങനെത്തന്നെ തിണര്‍ത്തു കിടക്കാറാണു പതിവ്.

വെള്ളക്കെട്ടിന്റെ തടസ്സങ്ങളോ ഡാം മാനേജ്‌മെന്റിലെ അപാകതകളോ ഒന്നും പരിഗണിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും നിരന്തരം.

പ്രതിസന്ധികളെ നമുക്കൊരിക്കലും കുരുക്ക ഴിച്ചെടുക്കാനാവാത്തതെന്താണ് എന്നത് അക്കാദമിക തലത്തില്‍ തന്നെ കൈകാര്യം ചെയ്യ പ്പെടേണ്ട വിഷയമാണ്. കുരുക്കഴിക്കുന്ന വിധത്തേക്കാള്‍, എന്തു കൊണ്ടത് അഴിക്കാനാവുന്നില്ല എന്നതു തന്നെയാണു നമ്മള്‍ ആദ്യം പഠിച്ചെടുക്കേണ്ടത്.

തെറ്റില്‍ നിന്നുപോലും പഠിക്കാതെയും അനുഭവങ്ങളെ അറി വാക്കാതെയും നാം വീണ്ടും പഴയ തെങ്ങുകളില്‍ തന്നെ കയറിയിറങ്ങുന്നു.

എന്നിട്ടോ, വെള്ളപ്പൊക്കത്തില്‍ നിന്നും കരയ്ക്കു കയറി നിന്ന് നമ്മള്‍ ഇറ്റു നീരില്ലാതെ വരള്‍ച്ചയില്‍ ഉണങ്ങുകയും.

നമ്മുടെ കരിക്കുലങ്ങളില്‍ പ്രായോഗികപാഠങ്ങളുടെ സാന്നിദ്ധ്യമില്ലെന്നതിന്റെ ദുരന്തങ്ങളാണു നാം അടിക്കടി നേരിടുന്നത്. ഔട്ട്‌ഡേറ്റഡ് സിലബസുകളില്‍ പരീക്ഷാപരമ്പരകള്‍ നടത്തി കുട്ടിക്കെത്ര അറിയായ്കകളുണ്ട് എന്നതാണു നമ്മുടെ സര്‍വ്വകലാശാലകളുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നത്. കിട്ടിയ അറിവുകളില്‍ പോലും A+B ദി ഹോള്‍ സ്‌ക്വയറിനെ ട്രോളിക്കൊണ്ട്, തങ്ങള്‍ക്കതിന്റെ എന്തുപയോഗമുണ്ടായെന്ന് പരിഹസിക്കാനാണു വിദ്യാര്‍ത്ഥിസമൂഹത്തിന്റെ തിടുക്കങ്ങളും.

നമ്മുടെ കരിക്കുലങ്ങളില്‍ പ്രായോഗികപാഠങ്ങളുടെ സാന്നിദ്ധ്യമില്ലെന്നതിന്റെ ദുരന്തങ്ങളാണു നാം അടിക്കടി നേരിടുന്നത്. ഔട്ട് ഡേറ്റഡ് സിലബസുകളില്‍ പരീക്ഷാ പരമ്പരകള്‍ നടത്തി കുട്ടിക്കെത്ര അറിയായ്കകളുണ്ട് എന്നതാണു നമ്മുടെ സര്‍വ്വകലാശാലകളുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നത്.

വേണ്ടേ നമുക്കൊരു മാസ്റ്റര്‍ പ്ലാന്‍?

ചരിഞ്ഞുകുത്തനെ അറബിക്കടലിലേക്കു കിടക്കുന്ന കൊച്ചുവീതിയുള്ള കേരളത്തിന് ഒരു വാട്ടര്‍ ഓഡിറ്റ്? ലഭിക്കുന്ന വെള്ളം, സംഭരിക്കപ്പെടുന്നത്, ഉപയോഗിക്കപ്പെടുന്നത്, പാഴാക്കപ്പെടുന്നത് എല്ലാം തുള്ളികളില്‍ കണക്കാക്കപ്പെടുന്ന ഒരു പ്ലാന്‍ വേണ്ടതില്ലേ?

'തുള്ളി'യില്‍ അതിശയിക്കേണ്ടതില്ല. വരള്‍ച്ചയുടെ കാലത്ത് പൈപ്പിന്‍ ചുവടുകളില്‍ നീളുന്ന പാത്രങ്ങളാണ് അതിന്റെ സാക്ഷിയാവുന്നത്.

എങ്ങനെ?

അതാതിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ എല്ലാ സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളെയും വീടുകളെയും മറ്റെല്ലാ സംവിധാനങ്ങളെയും അണിനിരത്തുന്ന ഒരു ബൃഹത്പദ്ധതിയാണത്. ജല്‍ശക്തി കാമ്പസ് എന്ന പേരില്‍ കേന്ദ്രതലത്തില്‍ സമാനമായ സംരംഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുമുണ്ട്. അവ ഏറ്റെടുക്കുകയും നടപ്പിലാക്കുകയുമാണ് ഇത്തരുണത്തില്‍ നാം അടിയന്തിരമായി ചെയ്യേണ്ടത്.

ഒരു സ്ഥാപനത്തിലെ മേലുകീഴ് വ്യത്യാസമില്ലാതെ എല്ലാവരും പങ്കു ചേരേണ്ട യജ്ഞമാണത്. നിലവിലെ ഏതെങ്കിലും പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റു ലഭിക്കുന്നതിന് പരിഗണിക്കേണ്ട clearance സര്‍ട്ടിഫിക്കറ്റായി ഇതിന്റെ അന്തിമഘട്ടത്തെ വിഭാവനം ചെയ്യാം. അതല്ലെങ്കില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളുള്‍പ്പെടുത്തി ഒരു സംസ്ഥാന തല അവാര്‍ഡായും ചിന്തിക്കാം. ഏതു വഴി വന്നാലും ലക്ഷ്യം വാട്ടര്‍ ഓഡിറ്റിംഗ് തന്നെയാവുന്ന വിധത്തില്‍ വേണം രൂപകല്‍പന.

അതിനായി വാട്ടര്‍ മാപ്പിംഗ് നടത്തുക അനിവാര്യമാണ്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും ഒരു ഘടകമായി കണ്ട്, അ വിടെയുള്ള NCC/NSS വഴി ഇത് എളുപ്പത്തില്‍ നടപ്പില്‍ വരുത്താം.

വേണ്ടത്, ഇഛാശക്തിയാണ്. ആരു മുന്നിട്ടിറങ്ങുമെന്നതാണു പ്രധാനം.

ഫലപ്രദമാവാന്‍ സര്‍ക്കാര്‍ തന്നെയാണു വേണ്ടത്.

അതു വരെയും ഈ ആശയത്തിലേയ്ക്കുള്ള വഴികള്‍ ഓരോ പൗരന്റേയും ഉത്തരവാദിത്തവും ബാദ്ധ്യതയുമാവട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org