ഒരാള്‍ എന്തിനാണ് ഓടുന്നത്?

നിര്‍മ്മല്‍
ഒരാള്‍ എന്തിനാണ് ഓടുന്നത്?

ഒറ്റയ്‌ക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത് എന്നത് യുകെ കുമാരന്റെ ഒരു കൃതിയുടെ പേരാണ്. ആ ഓട്ടം പോലെയായിരുന്നില്ല പരിശുദ്ധ അമ്മയുടെ ഓട്ടം. 'ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു' എന്നാണ് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

തിടുക്കത്തിലുള്ള യാത്രകള്‍ അധികം വൈകാതെ ചെറിയൊരു ഓട്ടമായി മാറാറുമുണ്ട്. സാഹചര്യവും ആവശ്യവും അനുസരിച്ചാണ് തിടുക്കം ഓട്ടമായി പരിണ മിക്കുന്നത്, ഓട്ടങ്ങളൊക്കെ പലതരം കാരണങ്ങള്‍ കൊണ്ടാവാം. ആരോഗ്യ സംരക്ഷണത്തിനായും മത്സരത്തിനായുമുള്ള ഓട്ടം മുതല്‍ ബസ് പിടിക്കാനുള്ള ഓട്ടം വരെ. എത്രയെത്ര ഓട്ടങ്ങളുടെ ലോകമാണ് നമ്മുടേത്. ഇതൊക്കെ നമുക്കുവേണ്ടി മാത്രമുള്ള ഓട്ടമാണ് എന്നതാണ് മറ്റൊരു കാര്യം. പക്ഷേ, മാതാവിനെ പോലെ തനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവരോടുള്ള കരുതലും പരിഗണനയും സ്‌നേഹവും മൂലം ഓടുന്ന വരുണ്ടോ? ഉണ്ടാവാം. അപൂര്‍വ്വം ചിലരില്‍ ഒരാള്‍.

തനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഓടുന്ന മനുഷ്യസ്‌നേഹിയും ഹോമിയോ ഡോക്ടറും എഴുത്തുകാരനുമായ പ്രിയദര്‍ശന്‍ കെ.യുടെ പ്രിയന്റെ ഓട്ടങ്ങളുടെ, അയാളുടെ നന്മയുടെ, പരസ്‌നേഹപ്രവൃത്തികളുടെ കഥയാണ് ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമ. കെയറോഫ് സൈറ ബാനുവിന് ശേഷമുള്ള ആന്റണിയുടെ ഈ സിനിമയില്‍ ഷറഫുദ്ദീനാണ് പ്രിയനായി അഭിനയിക്കുന്നത്.

ആദ്യസിനിമയില്‍ തന്നെ അന്യജീവനുതകി സ്വജീവിതം സ്വാര്‍ത്ഥകമാക്കിയ മനുഷ്യസ്‌നേഹത്തിന്റെ കഥ പറയാന്‍ സന്നദ്ധനായ ആന്റണി രണ്ടാം സിനിമയിലും അതേ പാതതന്നെയാണ് പിന്തുടരുന്നത്. ഫ്‌ളാറ്റിലെ വൃദ്ധയായ വീട്ടമ്മയ്ക്ക് ഗ്യാസ് സ്റ്റൗ ഓണാക്കി കൊടുത്തുകൊണ്ട് പ്രിയന്റെ ജീവിതത്തെ അടയാളപ്പെടുത്തി ആരംഭിക്കുന്ന സിനിമ അയാളുടെ ഓട്ടത്തിന്റെ പലവിധ കാരണങ്ങളും സംഭവങ്ങളും അവതരിപ്പിക്കുന്നുണ്ട്. എങ്കിലും അയാളുടെ ജീവിതത്തിലെ തന്നെ ഒരു സുപ്രധാന ദിവസത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും കണ്ടുമുട്ടലുകളുമാണ് സിനിമയില്‍ നിര്‍ണ്ണായകമായി മാറുന്നത്.

ഒരൊറ്റ ദിവസത്തെ സംഭവങ്ങള്‍ കോര്‍ത്തിണക്കി കഥ പറയുന്ന ഒരുപിടി സിനിമകള്‍ മലയാളത്തിലുണ്ട്. ഫ്രൈഡേയും പാസഞ്ചറുംപോലെയുള്ള സിനിമകള്‍ ഉദാഹരണം. ഇതില്‍ പാസഞ്ചര്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് പ്രിയന്‍ ഓടുന്നത്.

എന്നാല്‍ പാസഞ്ചറിലേതുപോലെ പ്രേക്ഷകന് പിരിമുറുക്കമോ ആകാംക്ഷയോ അനുഭവപ്പെടുന്നില്ല എന്നതാണ് ചിത്രത്തിന്റെ, തിരക്കഥയുടെ ന്യൂനത. ഒരു സാധാരണക്കാരന്റെ ജീവിതത്തിന്റെ സാധാരണമായ താളത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്. പ്രേക്ഷകനെ അത്ഭുതപ്പെടുത്തുകയോ അതിശയിപ്പിക്കുകയോ ചെയ്യുന്ന ഒന്നും ഈ സിനിമയിലില്ല എന്നത് പ്രത്യേകം പറയണം. പ്രേക്ഷകന്‍ കരുതുന്നതു പോലെതന്നെയാണ് സംഭവിക്കുന്നതെല്ലാം. പക്ഷേ ചിത്രം പരാമര്‍ശ വിധേയമാകുന്നത് ഇത്തരത്തിലുള്ള അനവധി കുറവുകള്‍ കൊണ്ടല്ല മറിച്ച് അത് മുന്നോട്ടുവയ്ക്കുന്ന നന്മയുടെ, നല്ല അയല്‍ക്കാരന്റെ ഭാവപൂര്‍ണ്ണിമയുടെ പേരിലാണ്.

നാരങ്ങ സ്പൂണ്‍ മത്സരം പോലെയാണ് പ്രിയന്‍ ജീവിതത്തെ കാണുന്നത്. ഒന്നാമതെത്തുന്നതിലല്ല അവസാനമെത്തുമ്പോഴും നാരങ്ങ സ്പൂണിലുണ്ടാവണമെന്നതാണ് അയാളുടെ ജീവിത വീക്ഷണം. ഒപ്പമുള്ളവരെ കൂടി പരിഗണിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അതിനിടയില്‍ തനിക്ക് നഷ്ടം വന്നാലും അയാള്‍ അത് ഗൗനിക്കുന്നില്ല.

എങ്ങനെയും വിജയിക്കണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറാവുകയും ചെയ്യുന്നവര്‍ക്കിടയിലാണ് പ്രിയന്‍ വ്യത്യസ്തനാകുന്നത്. ഒഴിവാക്കാവുന്ന, മുഖം തിരിക്കാവുന്ന എത്രയോ സംഭവങ്ങള്‍ അയാളുടെ ജീവിതത്തിലുണ്ടായിരുന്നു. എന്നിട്ട് എഴുത്തിലേക്കോ തന്റെ കുടുംബത്തിലേക്കോ മാത്രമായി അയാള്‍ക്ക് മുഖം പൂഴ്ത്താമായിരുന്നു.

പക്ഷേ അയാള്‍ ചെയ്യുന്നത് അതല്ല. അയാള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. മരണസമയത്ത് അമ്മാവന്‍ പറയുന്ന വാക്കിനെ മറ്റൊരു രീതിയില്‍ സ്വീകരിച്ച് പ്രശ്‌നക്കാരനായ കുട്ടേട്ടനെ വളരെ ഈസിയായി അയാള്‍ക്ക് തന്റെ ജീവിതത്തില്‍നിന്ന് മാറ്റി നിര്‍ത്താമായിരുന്നു. പക്ഷേ അയാളെയും പ്രിയന്‍ ജീവിതത്തോട് ചേര്‍ത്തു പിടിക്കുന്നു. തനിക്ക് അസ്വസ്ഥതയാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

പ്രിന്‍സ് എന്ന കുട്ടിയുടെ ഹാര്‍ട്ട് ഓപ്പറേഷനു വേണ്ടി അയാള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കുന്നു. താനാണ് പണം തന്നതെന്ന് പ്രിന്‍സിന്റെ മാതാ പിതാക്കളെ അറിയിക്കാതെ ആശുപത്രിയില്‍ പണം അടച്ച് മറ്റൊരു ദൗത്യവുമായി മുന്നോട്ടുപോകുകയാണ് പ്രിയന്‍.

ഇങ്ങനെ സര്‍വ്വവിധ നന്മകളുടെ സുഗന്ധം പ്രസരിപ്പിച്ചു, ഏതു പ്രശ്‌നത്തിനും തന്റേതായ പരിഹാരം കണ്ടെത്തി ആരോടും പരിഭവവും ദേഷ്യവും വെറുപ്പുമില്ലാതെ അയാള്‍ മുന്നോട്ടു പോകുകയാണ്. വെര്‍ജിന്‍ എന്നാലെന്താണ് എന്ന നേഴ്‌സറി വിദ്യാര്‍ത്ഥിനിയായ മകളുടെ ചോദ്യത്തിന് അയാള്‍ നല്കുന്ന ഉത്തരം മതി അയാളിലെ വിവേകത്തിനും ജ്ഞാനത്തിനും തെളിവ്. എതിരാളികളെ കായികമായി തോല്പിച്ച് തറ പറ്റിക്കുന്നതിലല്ല തനിക്ക് സ്വന്തമായുള്ള വാക്കുകളുടെ ശക്തി പ്രയോഗിച്ച് നിര്‍വീര്യമാക്കുന്നതിലാണ് തന്റെ കഴിവെന്ന് അയാള്‍ക്ക് തന്നെയറിയാം.

ഒന്നിനോടും നോ പറയാന്‍ കഴിയാത്ത വ്യക്തിത്വമാണ് പ്രിയദര്‍ശന്റേത് എന്നും നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നോ പറയേണ്ടിടത്ത് പറയേണ്ടതുപോലെ പറയാന്‍ അറിയാതെ പോകുന്നത് അയാളുടെ വലിയ കുറവ് തന്നെ. പ്രത്യേകിച്ച് മറ്റുളളവരുടെ കാര്യത്തില്‍.

ഭാര്യയുടെയോ മകളുടെയോ കാര്യത്തില്‍ ചില അനിവാര്യമായ ഒഴികഴിവുകള്‍ കണ്ടെത്തുമ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ അയാളാ വഴിയെ പോകുന്നില്ല. ആ പ്രത്യേക ദിവസത്തെ ഓരോ സംഭവ വികാസങ്ങളെയും നോക്കൂ. കടുപ്പിച്ച് പറഞ്ഞാല്‍ അയാള്‍ക്ക് അതില്‍ പലതില്‍നിന്നും ഒഴിവാകാമായിരുന്നു. പക്ഷേ അയാളത് ചെയ്യുന്നില്ല. തന്റെ കാര്യത്തില്‍ മാത്രം ഗതികേടുകൊണ്ട് ഉദാസീ നനാവുകയും അതുവഴി തന്റെ എക്കാലത്തെയും വലിയ സ്വപ്‌നം നഷ്ടമാകുകയും ചെയ്യുമ്പോഴും അയാളതില്‍ നിരാശനാകുന്നില്ല.

അവസാനമായി പറയട്ടെ അതിഗംഭീര സിനിമയൊന്നുമല്ല പ്രിയന്‍ ഓട്ടത്തിലാണ്. പക്ഷേ അത് പ്രകാശമുള്ള ഒരു സിനിമയാണ്. മറ്റുള്ളവരെകൂടി പരിഗണിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന, മറ്റുള്ളവരില്‍ നിന്ന് മുഖംതിരിക്കരുതെന്ന് പറയുന്ന, മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുന്ന ഉപകാരങ്ങളെല്ലാം നാളെ നമുക്ക്തന്നെ അനുഗ്രഹമായി മാറുമെന്ന് പഠിപ്പിക്കുന്ന ഒരു കൊച്ചുസിനിമ.

വലിയ നേട്ടങ്ങള്‍ക്കിടയിലും ഉയരങ്ങളിലും പ്രിയന് മാറ്റമുണ്ടാവുന്നില്ലെന്ന് അവതരിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. നേട്ടങ്ങളിലും ഉയര്‍ച്ചകളിലും പരജീവിസ്‌നേഹം നഷ്ടപ്പെടുത്താത്ത മനുഷ്യന്‍ വലിയവന്‍തന്നെ.

മമ്മൂട്ടി പ്രിയദര്‍ശന്‍ ടീമിന്റെ മേഘം സിനിമയുടെ നോട്ടീസ് കിട്ടാന്‍ വേണ്ടി വിനോദയാത്ര നഷ്ടപ്പെടുത്തുന്ന ചിത്രത്തിലെ നായകനായ പ്രിയന്, തന്റെ സ്വപ്‌ന നായകനായ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കാന്‍ അവസരം കിട്ടുന്നതുമായി ബന്ധിപ്പിക്കുന്നതിലാണ് കഥയുടെ രസച്ചരടുള്ളത്. ജയറാമും ദിലീപും പോലെയുള്ള നടന്മാര്‍ അവതരിപ്പിച്ച പരസ്‌നേഹികളായ നായകന്മാരുടെ തുടര്‍ച്ചയാണ് ഷറഫുദീന്റെ പ്രിയന്‍. വരത്തന്‍ പോലെയള്ള സിനിമകളില്‍ കണ്ട വ്യത്യസ്തനായ ഷറഫുദ്ദീനെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഒച്ചയും ബഹളുമില്ലാതെ തന്റെ പ്രൊഫഷന്റെ പ്രത്യേകത പോലെതന്നെ വളരെ മധുരമായും ശാന്തമായിട്ടുമാണ് അയാളുടെ വേഷപ്പകര്‍ച്ച.

മനുഷ്യനിലെ നന്മകളെ പ്രിയന്‍ ഇളംതെന്നല്‍ പോലെ തഴുകിയുണര്‍ത്തുകയും ചില തിരിച്ചറിവുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. സാധാരണ മനുഷ്യന്റെ ജീവിതം അതി സ്വാഭാവികമായി അവതരിപ്പിക്കുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയനെയും ഇഷ്ടത്തിലാവുമെന്ന് ഉറപ്പാണ്. കാരണം ഇതില്‍ നന്മയുടെ സുഗന്ധമുണ്ട്. പരജീവിസ്‌നേഹത്തിന്റെ നനുത്ത കാറ്റുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org