ജോസ്‌മോന്‍, ആലുവ
ചുറ്റുമുള്ള സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാ ണാന്‍ ശ്രമിക്കാതെ ആചാരാനുഷ്ഠാനങ്ങളിലും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളിലും മുങ്ങിപ്പോയ വിശ്വാസികള്‍ക്കും ശുശ്രൂഷകര്‍ക്കുമുള്ള താക്കീത് കൂടിയാണ് 'വരയന്‍'. 'മനഃശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച് വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റും സമ്പാദിച്ചു കൂട്ടിയ സഭയിലെ മഹാഭൂരിക്ഷത്തിനില്ലാത്ത 'എന്തോ ഒന്ന്' വരയനിലെ 'അഴിഞ്ഞാട്ടക്കാരന്‍' വൈദികന് ഉണ്ടെന്ന വരയനിലെ ബിഷപിന്റെ കഥാപാത്രം തുറന്നു പറയുന്നു. കാരണം നാട്ടിന്‍പുറത്തെ നിഷ്‌കളങ്കരായ കുട്ടികളും ചെറുപ്പക്കാരും രോഗദുരിതങ്ങള്‍ അനുഭവിക്കുന്ന സാധാരണ മനുഷ്യരുമായിട്ടാണ് ഈ ചെറുപ്പക്കാരന്‍ വൈദികന് കൂട്ട്. അതുകൊണ്ട് തന്നെ ഇടവകപ്രമാണിമാരും സ്തുതി പാടകരും ഈ 'അഴിഞ്ഞാട്ട'ക്കാരന്റെ (എബിച്ചന്റെ) ശത്രുക്കളായി മാറി.
ഇടവകവികാരി എന്ന നിലയില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുകയും പള്ളിമേട ഗുണ്ടകളുടെ ഒളിത്താവളാമാക്കുകയും ചെയ്യുന്ന പള്ളി പ്രമാണിയെയും ഗുണ്ടകളെയും എബി അച്ചന്‍ ധീരമായി നേരിടുന്നുണ്ട്. എന്നാല്‍ അവന്മാരുടെ നട്ടെല്ല് ഒടിച്ചു തകര്‍ത്തതും മൂക്ക് ഇടിച്ച് പരത്തിയതും അല്പം കടന്ന കൈ ആയിപ്പോയി. കുമ്പസാരകൂട്ടില്‍ ക്ഷമകൊടുത്തിട്ട് പള്ളിമുറ്റത്ത് പറന്നടിക്കുന്ന കാഴ്ച ആവേശമുണര്‍ത്തി. എന്നാല്‍ അസ്സീസിയിലെ ആ പഴയ ദരിദ്ര സന്യാസിയുടെ അനുയായികള്‍ക്ക് ഇത് ഇണങ്ങുമെന്ന് തോന്നുന്നില്ല. മാത്രമല്ല പള്ളിയില്‍ (സഭ) പ്രശ്‌നമുണ്ടാക്കിയാല്‍ ഇനിയും അടിക്കുമെന്ന കിടുക്കാച്ചി ഡയലോഗ്. എന്തായാലും സഭയിലെ വര്‍ഗ്ഗീയ വാദികള്‍ക്ക് സന്തോഷിക്കാനുള്ള വകയാണ്.
അപ്പനും അമ്മയ്ക്കും വെള്ളം കൊടുക്കാത്ത, കൂടപ്പിറപ്പിന്റെ ദുരിതത്തില്‍ തിരിഞ്ഞു നോക്കാത്ത പൊങ്ങച്ചക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വമ്പന്‍ പെരുന്നാളുകളും വെടിക്കെട്ട് വീരന്മാരുടെ ധൂര്‍ത്തും ചങ്കൂറ്റത്തോടെ എതിര്‍ക്കുകയും വഴി തിരിച്ച് വിടുകയും ചെയ്യുന്ന 'കലിപ്പക്കര വികാരിക്ക്' അഭിനന്ദനങ്ങള്‍!! വരയനിലെ എബിച്ചനെപ്പോലുള്ള വികാരിമാര്‍ സഭയിലുണ്ടാകട്ടെ!! ഇടവകയിലെ പാവങ്ങളെ സഹായിക്കാതിരിക്കാന്‍ 100 ന്യായങ്ങള്‍ നിരത്തുന്നവരോട് സഹായിക്കാനുള്ള ഒരേ ഒരു കാരണം 'സ്‌നേഹം' മാത്രമാണെന്ന ക്രിസ്തുമൊഴി എബിച്ചന്‍ തന്റെ പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.
പ്രഭുകുമാരിയായ 'ക്ലാര' എന്ന സുന്ദരിപ്പെണ്ണിന് തോന്നിയ അനുരാഗത്തെ (പ്രണയം) അതിനേക്കാള്‍ സുന്ദരമായി അതിജീവിക്കുന്ന കസന്ദ് സാക്കീസ് പറയുന്ന അസ്സീസിയിലെ ഫ്രാന്‍സീസിനെപ്പോലെ എബി എന്ന ചെറുപ്പക്കാരന്‍ വൈദികനിലൂടെ വരയനിലും ആവര്‍ത്തിക്കുന്നു. സമര്‍പ്പിതരോട് സാധാരണ മനുഷ്യരോട് തോന്നാവുന്ന പ്രണയത്തെ എങ്ങനെ നേരിടാമെന്ന് അതീവ ഹൃദ്യമായി അവതരിപ്പിച്ച ഡാനിയച്ചനും ടീമിനും അഭിന്ദനങ്ങള്‍!!!
എങ്ങനെയെങ്കിലും ദേവാലയത്തില്‍ ആളെ കൂട്ടാന്‍ കൃത്രിമവും കുത്സിതവുമായ വഴികളിലൂടെ (വിവിധ ഇനം നൊവേനകള്‍, ഊട്ടുസദ്യകള്‍, വെടിക്കെട്ടുകള്‍ ചങ്കന്‍ പ്രദക്ഷിണങ്ങള്‍, തിരുശേഷിപ്പ് വണക്കം, ദേവാലയം തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തല്‍, 'വിളിച്ച് വിളികേട്ട്' വിശുദ്ധന്റെ വിവിധതരം പരസ്യങ്ങള്‍) പാഴ് വേല ചെയ്യുന്നവരെ വരയന്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. ജനകീയനാകാനും, വ്യത്യസ്തനാകാനുമല്ല വിളിച്ചവനോട് വിശ്വസ്തനാകാനാണ് ദൈവവിളി എന്ന് വരയനിലെ വികാരി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും, ക്ഷമയും എളിമയും സ്വന്തം പ്രവൃത്തികകളിലൂടെ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ഒഴുകിയാല്‍ ആ ക്രിസ്തുവിനെ ആരാധിക്കാന്‍ ജനം താനെ പള്ളിയിലേക്ക് ഒഴുകിയെത്തും. നമ്മളാരും മല മറിക്കണ്ട കാര്യമില്ല.
ദൈവത്തെ ആരാധിക്കാനും അതുവഴി ജീവിതവിശുദ്ധീകരണത്തിനും വേണ്ടി ജനം കഷ്ടപെട്ടുണ്ടാക്കിയ ദേവാലയത്തെ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്താനും കൂടുതല്‍ കാശ് വാരാനും അത്യാര്‍ത്തി പൂണ്ട പള്ളി പ്രമാണിയെ ബിഷപ്പിന്റെ അശീര്‍വാദത്തോടെ അടിച്ച് അവന്റെ മുഖത്തിന്റെ ഷേയ്പ് മാറ്റുന്നതോടെ 'വരയന്' വിരാമമാകുന്നു. ഒടുവില്‍ ബിഷപ്പിന്റെ ഒരു പൊളി ഡയലോഗും ''അവന്റെ അമ്മേടെ ഒരു തീര്‍ത്ഥാടനകേന്ദ്രം!'' പ്രിയമുള്ളവരെ, സീറോ മലബാര്‍ സഭയുടെ സമസ്ത മേഖലകളിലും സംഭവിക്കേണ്ട ശുദ്ധീകരണത്തിന് ഉപകരിക്കുന്ന ഒരു നല്ല സിനിമയാണ് വരയന്‍. അടിയും കുടിയുമൊഴിച്ചാല്‍...
''പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തു കാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്? പുറമേയുള്ളവരെ ദൈവം വിധിച്ചുകൊള്ളും.'' (1 കൊറി. 5:12-13).